Friday, January 23, 2009

ഷേക്സ്പിയര്‍ ഇന്‍ ടൌണ്‍

അര്‍ധരാത്രിയില്‍ അമേരിക്ക കപ്പലുകയറി
ഇന്ത്യയിലെ നരച്ച നഗരങ്ങളില്‍
കോള്‍ സെന്റെറുകളായി രൂപാന്തരപ്പെട്ടു തുടങ്ങുമ്പോള്‍
മധുരയിലെ ഒരു ഉള്‍നാടന്‍ കരിമ്പനയ്ക്കുതാഴെ
കുടുംബക്ഷേത്രം പൊളിച്ച്‌ അതിരിക്കുന്ന സ്ഥലം
അയിരു ഖനനത്തിന്‌ വിട്ടുകൊടുക്കുന്നതു പോലെയുള്ള
വിപ്ലവാത്മക ചിന്തകളില്‍ മുഴുകി ഇരിക്കുകയും
കിടക്കുകയും ഉറങ്ങുകയുമായിരുന്നു
ജെ പി ശെല്‍വകുമാര്‍

ക്ഷേത്രം കുടുംബത്തിന്റേതാണോ നാട്ടുകാരുടേതാണോ
എന്ന തര്‍ക്കത്തില്‍ നിന്നൊരു ചീളുതെറിച്ച്‌
മദ്രാസ്‌ ഹൈക്കോടതിയില്‍ എത്തിയതിന്റെ
വാലില്‍ തൂങ്ങി
നഗരം കണ്ടു നോക്കുമ്പോഴാണ്‌
മധുരയേയും ചെന്നൈയേയും ഇപ്പോള്‍ കൂട്ടിയിണക്കുന്നത്‌
എം ജി ആര്‍ അല്ല എന്ന്‌ ശെല്‍വന്‌ പിടുത്തം കിട്ടിയത്‌

കേസുകെട്ട്‌ അവിടെവിട്ടു

ട്രിപ്ളിക്കനിലെ ഇരുണ്ട തെരുവില്‍ നിന്നൊരു മുറി കണ്ടെടുത്തു
തെരുവിലാദ്യം കണ്ട കോള്‍സെന്റെര്‍ സായിപ്പിന്‌
ഐ ആം ശെല്‍വകുമാര്‍ ജെ പി എന്ന്‌ കൈകൊടുത്തു

ആറുമാസങ്ങള്‍ക്കുശേഷം ഒരു മുടിഞ്ഞ പ്രഭാതത്തില്‍

ഇംഗ്ളീഷ്‌ ഗ്രാമറുമായി തട്ടിച്ചു നോക്കുമ്പോള്‍
ഇന്ത്യന്‍ നിയമ വ്യവസ്ഥ അത്രയൊന്നും
നൂലാമാല പിടിച്ചതല്ലെന്ന്‌ പ്രസ്താവിച്ചുകൊണ്ട്‌
ജെ പി എസ്‌ സ്പോക്കണ്‍ ഇംഗ്ളീഷ്‌ സെന്റെറിന്റെ
പരസ്യത്തില്‍ നിന്ന്‌ പുറത്തേക്ക്‌
തലയിട്ടു നോക്കുമ്പോഴാണ്‌

കുടുംബക്ഷേത്രത്തിനു മേല്‍ തനിക്കല്ലാതെ മറ്റാര്‍ക്കുമവകാശമില്ല
എന്ന വിധിയെക്കുറിച്ചുള്ള വാര്‍ത്ത ശെല്‍വന്‍ കാണുന്നത്‌

'ഒരു ഇടത്തരം ഇന്ത്യന്‍ ഹിന്ദുവിന്റെ ആശയക്കുഴപ്പങ്ങള്‍'
എന്നതല്ല ഈ കവിതയുടെ തലക്കെട്ട്‌ എന്നത്‌
ഇപ്പോള്‍ നിങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി, ഇല്ലേ?

ശെല്‍വന്റെ ആശയങ്ങള്‍
അപ്പോഴെന്തുമാത്രം കുഴപ്പത്തിലായിരിക്കണം

10 comments:

വിഷ്ണു പ്രസാദ് said...

വലിയ പ്രതീക്ഷയിലാണ് വായിച്ചു വന്നത്.ഒടുക്കമെത്തിയപ്പോള്‍ എന്തൊക്കെയോ കാണിച്ചുകൂട്ടിയ പോലെ തോന്നി.ഇനി അങ്ങനെ തന്നെയാണോ വേണ്ടത് എന്ന സംശയത്തില്‍ വീണ്ടും വായിച്ചു നോക്കി...ബ്ലെസ്സിയുടെ ഒരു പടം ഓര്‍മ വന്നു...(എന്റെ കുഴപ്പം/എന്റെ പരിമിതി എന്ന് ഈ കമന്റ് തള്ളിക്കളഞ്ഞേക്കൂ)

Soha Shameel said...

കാലഹരണപ്പെട്ട ഫ്യൂഡല്‍ ഹിന്ദു ഭാവുകത്തിന്റെ ശത്രു കൊളോണിയലിസമാണെന്ന ധ്വനി വേണ്ട!

Latheesh Mohan said...

വിഷ്ണൂ, :( :( ബ്ലെസിയുടെ പടം??
റീഡ്: ആ ധ്വനി എവിടെയാണുള്ളതെന്ന് ഒന്നു വിശദീകരിച്ചു തന്നാല്‍ വലിയ ഉപകാരമായിരിക്കും.

വികടശിരോമണി said...

കവിതയാണോ ഉദ്ദേശിച്ചത്?
സംവേദനശേഷി പരിമിതമായ ഒരാസ്വാദകൻ.

പകല്‍കിനാവന്‍ | daYdreaMer said...

വിപ്ലവം ജയിക്കട്ടെ....!

Anonymous said...

ശെരിക്കും ആശയക്കുഴപ്പത്തില്‍..!!?

അയല്‍ക്കാരന്‍ said...

കോള്‍മധ്യബോയിപ്പണിക്കു പോവുന്നത് ഇടത്തരം ഇന്‍ഡ്യന്‍
സ്വന്തമായി കുടുംബക്ഷേത്രങ്ങളൊക്കെ ഉള്ളത് മേല്‍ത്തരം ഹിന്ദു

Mahi said...

ഇംഗ്ളീഷ്‌ ഗ്രാമറുമായി തട്ടിച്ചു നോക്കുമ്പോള്‍
ഇന്ത്യന്‍ നിയമ വ്യവസ്ഥ അത്രയൊന്നും
നൂലാമാല പിടിച്ചതല്ലെന്ന്‌ പ്രസ്താവിച്ചുകൊണ്ട്‌
ജെ പി എസ്‌ സ്പോക്കണ്‍ ഇംഗ്ളീഷ്‌ സെന്റെറിന്റെ
പരസ്യത്തില്‍ നിന്ന്‌ പുറത്തേക്ക്‌
ഇത് തകര്‍ത്തിട്ടുണ്ട്‌

ഉപ ബുദ്ധന്‍ said...

അമേരിക്കന്‍ സായിപ് ട്രിപ്ളിക്കനില്‍ :(

Dinkan-ഡിങ്കന്‍ said...

നീ കഥയെഴുത്താരുടേയും കഞ്ഞികുടി മുട്ടിക്കും, ദുഷ്ടാ.