പാതിരാത്രിക്ക്
പുല്ലുതിന്നാനിറങ്ങിയ
കുതിരകള്‍
അവയ്ക്കുമേല്‍
സിഗരറ്റ് വലിച്ചിരിക്കുന്ന
പടയാളികള്‍
ചത്തകാലത്തിനു പുറത്ത്
സിഗരറ്റ് പുകയുന്നുവെന്നും പ്രഭാതത്തിന്റെ
കുളമ്പടിയൊച്ച ആസന്നമെന്നും
ഒരാള്‍ കവിതയിലെഴുതുന്നു
എഴുത്തുകാരെ മാത്രം ധിക്കരിക്കാറില്ല
കുതിരകളുടെ ശീലം
പ്രഭാതത്തിനു മുമ്പെത്താന്‍ കുതിരകള്‍
ഇരുട്ടിന് വിപരീത ദിശയിലോടുന്നു
2
ഉറവപോലുരുണ്ട്
ഉള്ളിലുള്ളതെല്ലാം ഉരഞ്ഞ്
ഉരഗമായലയും ഉറക്കമേ
ഉണര്‍ച്ചയില്‍നിന്നേ,തൂയലില്‍
ഉയിര്‍വെച്ചുയരും നിന്റെ
ഉള്ളി ജീവിതമൊ,ളിപ്പിച്ചുവയ്ക്കും
സുപ്രഭാതങ്ങളുടെ സ്വപ്നാന്തര നടനം?
എന്ന താളത്തില്‍ വേറൊരു
കവിതകൂടെഴുതി
എഴുത്തുകാരന് ഉറങ്ങാന്‍ കിടക്കുന്നു
3
കുതിരകള്‍ ആഞ്ഞോടുന്നു
വ്യാകുലമാതാവ് മുകളില്‍ നിന്ന് നോക്കുന്നു
15 comments:
മൊത്തം അമൂര്‍ത്തതയുടെ ശിഥില ചിത്രങ്ങള്‍ കൊണ്ടൊരു ശില്‍പ്പമാണല്ലോ ഉള്ളി ജീവിതം.
പാതിരാത്രിയ്ക്കു പുല്ലു തിന്നാനിറങ്ങുന്ന കുതിരകളെ നേരിട്ടു കണ്ടിട്ടുണ്ട്. ആസന്നമായ പ്രഭാതത്തിന്റെ കുളമ്പൊച്ചകേള്പ്പിക്കാനാണ് അവ പുകഞ്ഞോടുന്നതെന്ന് ഇപ്പോള്‍ തിരിഞ്ഞു. പാവം കവികള്‍.
എന്റെ വിഷമം അതല്ല, കുതിരകളെയും നോക്കി അലിഞ്ഞു നില്ക്കുന്ന മാതാവ് വ്യാകുലപ്പെട്ട് വ്യാകുലപ്പെട്ട് ഒടുവില്‍ എന്താവും എന്നോര്‍ത്താണ്...
നിന്റെ വി/ജനത വായിച്ചതിന്റെ
വിജനതയിലാണ് ഞാനിപ്പോഴും...
മറ്റൊന്ന് എനിക്കിപ്പോള്‍ വേണ്ട.
എഴുത്തുകാരെ മാത്രം ധിക്കരിക്കുന്നില്ല പലതും. അതാണ് കൊസ്രാക്കൊള്ളി..:)
വെള്ളെഴുത്തേ,
എഴുതിയവന്റെ കലാപരമല്ലാത്ത (ദു)ശിലങ്ങള്‍ കൊണ്ട് തെറ്റി വായിക്കപ്പെട്ട ഒരു കവിതയുടെ പേരില്‍ എനിക്ക് കുറ്റബോധം തോന്നുന്നു. ‘പുല്ല്’ ശരിക്കും പുല്ലു തന്നെയാണ്. കുതിര കുതിര തന്നെയും. മറ്റെ പുല്ലിന്റെ പേരില്‍ കവിതയിലെ കുതിര രൂപകമാക്കപ്പെട്ടത് എന്റെ പിഴ :(
വ്യാകുലമാതാവിലാണ് ശരിക്കും പെട്ടത്. ആ മാതാവ് ഏതു മാതാവാണെന്ന് ഇപ്പോള്‍ കുതിരകള്‍ക്കു പോലും കണ്ഫ്യൂഷന് :) എന്തായാലും നമുക്കിടയില്‍ മാത്രമിരിക്കട്ടെ പുല്ലുതിന്നാനിറങ്ങിയിട്ട് പൂട തിന്നേണ്ടി വന്ന കുതിരയുടെ വ്യാകുലത :)
ലാപു: :) :)
ചിത്രകാരന്, നസീര്‍: നന്ദി.
ലതീഷിന്റെ മിക്ക രചനകളും ഞാന്‍ മനസ്സിലാക്കാറുള്ളത് അത് വായിച്ച് മനസ്സിലാക്കിയവരുടെ കമന്റുകള്‍ വായിച്ചാണ്. ഇത്തവണയും സ്ഥിതി വേറെയല്ല.... ലതീഷ്.. കുഴപ്പം എനിക്കു തന്നെ ആയിരിക്കും
പുല്ല്, പുല്ലെന്നും കുതിരകളെ കുതിരകളെന്നും മാത്രമേ ഞാന്‍ അര്ത്ഥമാക്കിയുള്ളല്ലോ. സ്വന്തം പാടു നോക്കി മേയുന്ന കുതിരകളുടെ കുളമ്പടിയൊച്ചകളാല് മുഖരമാവാന് വലിയ താമസമില്ല പ്രഭാതത്തിന് എന്നെഴുതുന്ന കവികളെയോര്ത്താണ് പാവം വച്ചത്. എഴുത്തുകാരെ ധിക്കരിക്കാത്ത കുതിരകളെക്കണ്ട് പാവം വയ്ക്കാന്‍ മുകളില്‍ വ്യാകുലപ്പെടുന്ന മാതാവുണ്ട്..
എന്റെ പിഴ വെള്ളെഴുത്തേ..
അവനവനില്‍ തന്നെ ഉറപ്പില്ലാത്തതിന്റെ കുഴപ്പം
ശരിയാണ് എഴുത്തുകാര്‍ സഹതാപം അര്‍ഹിക്കുന്നുണ്ട് :(
@ഗ്രാമത്ത്: കുറേക്കൂടി വ്യക്തതയുള്ള ഭാഷ എന്റെ ആഗ്രഹമാണ്...നടക്കുമായിരിക്കും :(
താങ്ക്സ് ഫോര്‍ കമിംഗ് എനിവേ
ഞാനും ഒരളവുവരെ ഗ്രാമത്തിന്റെ പക്ഷത്താണ്...
എങ്കിലും അപരിചിതമായ ഇടവഴികളിലൂടെ നടക്കാന്‍ ഒരു സുഖം...
കവിത
ലതീഷ്.. വ്യക്തതയുള്ള ഭാഷ ഉണ്ടാകുന്നത് പറയുന്ന ആശയം വ്യക്തമായി മനസ്സിലുണ്ടാകുമ്പോഴാണെന്ന് തോന്നുന്നു ( തെറ്റിപ്പോയെങ്കില് ക്ഷമിക്കുക, പാമരനാണ് ജന്മനാ) ഏതോ ഒരു വെളിപാടിന്റെ പേരില്‍ വാക്കുകള്‍ അടുക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് ദുര് ഗ്രാഹ്യത കയറി വരുന്നത്.ലതീഷിന്റെ " പല ഉപമകളില്‍ മഞ്ഞുകാലം " ഒക്കെ എത്ര ഒഴുക്കോടെ സം വദിക്കുന്നു. പക്ഷേ അത് മിക്കപ്പോഴും സം ഭവിക്കുന്നില്ലെന്ന് മാത്രം
ചുമ്മാ എഴുതിയതു പോലെ.
ഇഷ്ടപ്പെട്ടില്ല.
വി/ജനത മാധ്യമത്തില്‍ വായിച്ചു.
നന്നായിരിക്കുന്നു
ചെല്ലു താളത്തില്‍ കള്ളു മോന്തി വെളുവെളുത്തൊരുള്ളിനെ നോക്കിയിള്ളോളം വാളു വയ്ക്കാന്‍ വെള്ളി വെളുപ്പിനു ചുറ്റുമിത്രക്കിത്ര കിനാവു പകുത്തു നല്കി പണ്ടാറമടങ്ങുമുജ്ജ്വലാ.. വര്‍ഗ്ഗ വഞ്ചകാ.. കരിം കിങ്കരാ..മഹാ വിസ്മയാ. അര്‍ത്ഥ ഗോപുരാ... ഇന്നലെപ്പെയ്ത വൃശ്ചികക്കാറ്റിന് ഒച്ചക്കൊത്തിത്ര മാത്രമുച്ചരിക്കാം
ഒരു വസ്തുവെനിക്കു മനസ്സിലായില്ല :)
മുകളിലെഴുതിയതൊക്കെ ഒരു പ്രാസത്തിനെഴുതിയതാ.. തെറ്റിദ്ധരിക്കല്ലേ
Post a Comment