Saturday, February 28, 2009

നല്ല സുന്ദരന്‍ സലീം കുമാര്‍ പ്രഭാതം

കണ്ണുതിരുമി ചുറ്റും നോക്കുമ്പോള്‍
നല്ല സുന്ദരന്‍ പ്രഭാതം
ജനലിലൂടെ പുറത്തേക്ക്‌ നോക്കിയപ്പോള്‍
പുഴയ്ക്കുമേലെ ആരോ തെന്നിച്ചുവിട്ട
ചില്ലുചീളുപോലെ
വഴിയരികിലെ മഴവെള്ളത്തില്‍
ഒരു പെണ്‍പാദം

നല്ല സുന്ദരന്‍ പെണ്‍പ്രഭാതം
ഉമ്മവയ്ക്കാന്‍ തോന്നി
മേല്‍ത്തരം മടിതോന്നി
ഇന്നിനി ഒന്നും ചെയ്യേണ്ട
എന്നു തീരുമാനിച്ചു

ടി വിയില്‍ നസീര്‍ ഷീലയ്ക്കു പിറകേ പോകുന്നു
ഷീല ദേഷ്യം പിടിക്കുന്നു
നസീര്‍ വീണ്ടും പിറകേ പോകുന്നു
ഈ സിനിമയില്‍ ഷീലയുടെ പേര്‌ എന്തായിരിക്കും
നസീര്‍ ഏതു മതത്തിലായിരിക്കും
ഞാനതാലോചിക്കുമ്പോള്‍
നസീര്‍ ഷീലയെ കളിയാക്കുന്നു
ഷീലയുടെ നെഞ്ച്‌ ഉയര്‍ന്നു താഴുന്നു
ഷീലയുടെ മുല കൊള്ളാം മനസ്സില്‍ കിടക്കട്ടെ,
എപ്പോഴെങ്കിലും ഉപകരിക്കും

വരാന്തയിലേക്കിറങ്ങി നോക്കി കൊള്ളാം നല്ല കാറ്റ്‌
സുന്ദരന്‍ പ്രഭാതം
മുറ്റത്തേക്ക്‌ പാളി നോക്കിയപ്പോള്‍
ബീഡിവലിച്ച്‌ ഒരരുകില്‍
കുത്തിയിരിക്കുന്നു സലീം കുമാര്‍
മൊത്തത്തില്‍ മുഷിഞ്ഞിട്ടുണ്ട്‌
ഉള്ളിലേക്കു വിളിച്ചാലോ
കട്ടന്‍കാപ്പി കൊടുത്താലോ
കുറേ നേരം അയാളെത്തന്നെ നോക്കിയിരുന്നു
ഒന്നും മിണ്ടിയില്ല

മുറിയിലെത്തി നോക്കുമ്പോള്‍
സലീം കുമാര്‍ ഷീലയ്ക്കു പിറകേ പോകുന്നു
നസീര്‍ സലീം കുമാറിനു പിറകേ പായുന്നു

ബീഡികളഞ്ഞ്‌ ഉള്ളില്‍ വന്നിരിക്കൂ
ഷീലയെ പിന്നീട്‌ പിടിക്കാം
നസീറിനെപ്പോലെ ഒരു മണ്ടനെ ആരെങ്കിലും പേടിക്കുമോ
സലീം കുമാര്‍ ആണത്രെ സലീം കുമാര്‍
എന്നൊക്കെ പുറത്തുചെന്ന്‌ പറയണം എന്നുതോന്നി

അപ്പോള്‍ വേറൊരു പാട്ടില്‍ നസീര്‍
വേറെയൊരു പെണ്ണിനു പിറകേ പോകുന്നു
ഈ സിനിമയില്‍ നസീറിന്റെ ജാതി എന്തായിരിക്കും
പുറത്തിരിക്കുന്ന സലീം കുമാറിന്റെ
ഇപ്പോഴത്തെ പേരെന്തായിരിക്കും

അപ്പോള്‍ അവളുടെ മെസേജ് വന്നു
ടി വിയില്‍ കാണുന്നതു പോലെയല്ല
കാര്യങ്ങള്‍ എന്ന്
മടിയന്മാരോടൊത്തുള്ള ജീവിതം
ദുസ്സഹമാണെന്ന്

പുറത്തിറങ്ങി നോക്കിയപ്പോള്‍
സലിം കുമാര്‍ ഇല്ല
ടി വിയില്‍ കാണുന്നതുപോലെയായിരിക്കില്ല
കാര്യങ്ങള്‍
ഷീലയും നസീറും
ഒന്നുമായിരിക്കില്ല ജീവിതം

ബീഡിവലിച്ച് മറ്റൊരു പ്രഭാതത്തില്‍
ജീവിതം ഇതുവഴി വീണ്ടും
വന്നേക്കും

13 comments:

Anonymous said...

നല്ല കവിത....
തീക്ഷ്ണമായ കവിത...

അനില്‍@ബ്ലൊഗ് said...

ഷീലയും നസീറും
ഒന്നുമായിരിക്കില്ല ജീവിതം


goog one.
:)

അയല്‍ക്കാരന്‍ said...

മനോഹരം ലതീഷ്...

ഉപ ബുദ്ധന്‍ said...

ഒന്നും മനസ്സിലാകില്ലെങ്കിലും ഞാന്‍ അണ്ണന്റെ എല്ലാ കവിതകളും വായിക്കാറുണ്ട്....................................
ഇത് എനിക്കിഷ്ടമായി...
ചില കാര്യങള് മനസ്സിലായി..
“ആ പിന്നീട് ഉപകരിക്കും എന്ന് പറഞ്ഞത്” ഉദ്ധേശിച്ചത് എന്താണെന്ന്!!!!!

പകല്‍കിനാവന്‍ | daYdreaMer said...

ബീഡി വലിക്കാതെയും മുല ചുരത്താതെയും ജീവിതങ്ങള്‍ വരാം.. !

നസീര്‍ കടിക്കാട്‌ said...

ടാ

സഞ്ചാരി said...

ഇതൊന്നുമായിരിക്കില്ല ജീവിതം...
എന്താണാവോ അങ്ങനെ?
നമ്മള്‍ ആഗ്രഹിക്ക്മ്പോലൊന്നും ഈ ജീവിതം ഒഴുകില്ല. പ്രത്യേകിച്ചും ജീവിതപങ്കാളിയുടെ കാര്യത്തില്‍!

എന്നും തണുപ്പില്ലാത്ത പുറം കാട്ടി ഉള്ളിലെ കുളിര്‍മ്മ പോലും തൂത്ത്‌ കളയുന്നതാണി ജീവിതം എനിക്ക്‌!

420 said...

സലീം കുമാര്‍ ആണത്രെ സലീം കുമാര്‍!!

Jayesh/ജയേഷ് said...

തോറ്റു

വെള്ളെഴുത്ത് said...

മേല്‍ത്തരം മടിതോന്നി
ഇതില്‍ കിടന്നാണ് സാധാരണ പകലും രാത്രിയും മയക്കം. അപ്പോള്‍ നസീറും ഷീലയും “എന്റെ ഭാസ്കരന്‍ കൊച്ചേട്ടാ ‘ എന്ന് അലമുറയോടെ നിലവിളിക്കുന്ന മുലകളും..
കൈലിയും മുറിബീഡിയുമായി സലീം കുമാര്‍ വന്ന് വീട്ടിനു നടയില്‍ കുത്തിയിരുന്നതു കണ്ടാണ് ഞാന്‍ തകര്‍ന്നു പോയത്..
നസീറിനെ പേടിക്കേണ്ടതുണ്ടോ? സലീം കുമാര്‍ അത്രവലിയ തെറ്റാണോ?
ടി വിയില്‍ കാണുന്നതുപോലെയായിരിക്കില്ല ജീവിതം പക്ഷേ ചിലപ്പോഴൊക്കെ കവിതയില്‍ കാണുന്നതുപോലെയാണു ജീവിതം. അതിനി തോന്നുന്നതാണോ?

ഗുപ്തന്‍ said...

ദാ ... ലവന്‍ പഴയ കവിത എഴുതിയേക്കുന്നു.

ഇവിടെ ജയസൂര്യയും കാവ്യാമാധവനും റ്റിവിയില്‍ ഡാന്‍സ് കളിക്കുന്നതു കണ്ടിരുന്നിട്ട് പുറത്തിറങ്ങുമ്പോള്‍ തിക്കുറിശ്ശി നെറ്റിയില്‍ കുറി തൊട്ട് ബീഡിയും പുകച്ചിരുന്നു വെടിപറയുന്നു. അയലത്തെ മുട്ടയില്‍ നിന്ന് വിരിഞ്ഞിട്ടില്ലാത്ത പയ്യനോട് വയ്യുന്നേരം അപ്പൂപ്പനും വാങ്ങിക്കൊണ്ടുവാടാ ഒരു ഡസന്‍ വയാഗ്ര എന്ന് തിളങ്ങുന്ന കണ്ണോടെ പ്രലോഭിപ്പിക്കുന്നു....

തിക്കുറിശ്ശിസായാഹ്നങ്ങള്‍...

yousufpa said...

കവിതയിലെ പ്രദിപാധ്യം എന്നെയും ചൊടിപ്പിച്ചിട്ടുണ്ട് പലപ്പോഴും.
കവിത അതീവ ഹൃദ്യം.

Rammohan Paliyath said...

ഇന്നലത്തെ നല്ല സലിംകുമാര്‍ സുപ്രഭാതത്തില്‍ അനു പ്രതാപിന്റെ ലാപ്റ്റോപ്പില്‍ ഇത് സലിംകുമാറിന് കാട്ടിക്കൊടുത്തു. കുറച്ചു കഴിഞ്ഞപ്പോള്‍ വിത്സണ്‍ വിളിച്ച് ഫോണിലൂടെ വായിച്ചും കേള്‍പ്പിച്ചു. മഹാരാജാസിലെ ബി. എ. മലയാളംകാരനായതുകൊണ്ടല്ല, സിനിമാ‍നടനായതുകൊണ്ടല്ല, മനസ്സിലും കണ്ണുകളുള്ള ഒരാളാണെന്നതുകൊണ്ട്.