Sunday, June 7, 2009

ആലീസ്‌ ആര്‍ട്‌ കഫെ

ചുവരുകളിലെ
ചത്തുപോയവരുടെ ചിത്രങ്ങളിലേക്ക്‌
ഉറുമ്പുകള്‍ അരിമണികളുമായി
സുഖവാസത്തിന്‌ പോകുമ്പോള്‍
ആലീസ്‌,
ഉപേക്ഷിക്കപ്പെട്ട വീടുകളിലേക്ക്‌
സ്ഥിരതാമസത്തിനു
പോകുന്നവരുടെ കൈപ്പുസ്തകം
തയ്യാറാക്കുന്നതിന്റെ തിരക്കുവിട്ട്‌
ചുവരുകളുടെ വളരെ അടുത്തേക്ക്‌
നടന്നുവന്ന്‌
ഇതേ വീട്ടിലേക്ക്‌
ഒരുകുട്ട സാധനങ്ങളുമായി
താന്‍ ആദ്യമായി വന്ന
ദിവസത്തെയോര്‍ത്തു മുറിഞ്ഞ്‌
പതിയെ പതിയെ
അരിമണിയുമായി
ചത്തുപോയവരുടെ ചിത്രങ്ങളിലേക്ക്‌
കയറിപ്പോകുന്ന
മറ്റൊരു ഉറുമ്പായി
സ്വയം സങ്കല്‍പിച്ച്‌
ഉള്ളുപൊള്ളയായ മരത്തില്‍ നിന്ന്‌
ചിറകടിച്ചു പോകുന്ന കിളികളെ
താനിനിയെന്ന്‌ വരയ്ക്കുമെന്ന്‌
ആലോചിച്ച്‌
ആര്‍ക്കു വേണ്ടിയാണ്‌
ഇനിയും വരച്ചുകൂട്ടുന്നതെന്ന്‌ ഗദ്ഗദപ്പെട്ട്‌
വീടിന്റെ പേര്‌
ആലീസ്‌ ആര്‍ട്‌ കഫെ
എന്നു മാറ്റുവാനുള്ള
ഒരുക്കങ്ങളിലേക്ക്‌
സ്വയം പിന്‍മാറുന്നു

മറ്റൊരു കസേരയില്‍
ആലീസ്‌
തനിച്ചിരുന്ന്‌
നീളന്‍ പലകമേല്‍
ചായം മുക്കി എഴുതിത്തുടങ്ങുന്നു
ഒരു വലിയ അമ്പടയാളം
വരച്ചു ചേര്‍ക്കുന്നു

വീടിന്റെ മുന്നില്‍
കയ്യിലൊരു ചൂണ്ടുപലകയുമായി
നില്‍ക്കുമ്പോള്‍
ആലീസ്‌
പെട്ടന്ന്‌ വളരെപ്പെട്ടന്ന്‌
ഉള്ളുപൊള്ളയായ
മരത്തില്‍ നിന്ന്‌
പറന്നുപോകുന്ന കിളികളെ
തിരിഞ്ഞു നോക്കുന്നു
പറന്നുപോകുന്ന
കിളികളുടെ പേരുകള്‍
ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു ശ്രമിച്ച്‌
ആലീസ്‌
ചായമുണങ്ങാത്ത ബോര്‍ഡ്‌
സ്വന്തം കഴുത്തില്‍ തൂക്കുന്നു

വിത്തുകളില്‍ വിരല്‍നുണഞ്ഞു കിടക്കുന്ന
പച്ചപ്പടര്‍പ്പുകളിലൊന്നിന്റെ-
യാദ്യത്തെയില പുറത്തേക്ക്‌
തലനീട്ടി
ഹാ! എന്തു മനോഹരമെന്ന്‌
അവളിലേക്ക്‌

പടര്‍ന്ന്‌ പോകുന്നു

11 comments:

aneeshanjali said...

ചുമരിലെ അഴിഞ്ഞ ഒരു ആണി,
കുരിശില്‍, തറച്ച ആണിയോടു പറഞ്ഞു
നീയും ഞാനും തമ്മില്‍ ,
നൂറ്റാണ്ടിന്റെ അകലം ...........
ചുമര്‍ നമ്മെ , പള്ളിയായും ,
ആര്‍ട്ട്‌ കഫെ ആയും മാറ്റുന്നു .
ഈ ബാധകള്‍ക്കു ഇന്‍ങ്ക്വിലാബ്‌ ............
അനീഷ്‌ അഞ്ജലി

ഗുപ്തന്‍ said...

വളരെ പെട്ടെന്ന്... അതാണ്!!!

ഇരുലോകങ്ങള്‍ക്കിടയ്ക്ക് വഴുക്കുന്ന ആ നിമിഷം മതി സ്വയം വിറ്റുതീര്‍ക്കാനുള്ള ഏതുപ്രലോഭനത്തില്‍ നിന്നും കരകയറാന്‍ :)

നീ പിന്നെയും നീയായിവരുന്നുണ്ട്.. അല്ല ഇതു നീതന്നെയോ എന്ന് പിന്നെയും.. :))

പാവപ്പെട്ടവൻ said...

മറ്റൊരു കസേരയില്‍
ആലീസ്‌
തനിച്ചിരുന്ന്‌
നീളന്‍ പലകമേല്‍
ചായം മുക്കി എഴുതിത്തുടങ്ങുന്നു

Melethil said...

ഇഷ്ടമായി നൂറു വട്ടം !

ഹന്‍ല്ലലത്ത് Hanllalath said...

..വ്യത്യസ്ഥമായ ബിംബങ്ങളുള്ള നല്ലൊരു കവിത...

Rejeesh Sanathanan said...

എനിക്ക് ഒന്നും ഒരു സാധ്യതയുമില്ലാത്ത മേഖലയാണ് കവിത എന്നു മനസ്സിലായി............:)

Anonymous said...

സങ്കീര്‍ണ്ണമായ ഏതോ ഗെയിം കളിക്കും പോലെ വായന!
കവിയെ വായിക്കും പോലെ വായന!

അനില്‍@ബ്ലോഗ് // anil said...

മനസ്സിലുള്ളത് അനോണി പറഞ്ഞല്ലോ.
:)

Dinkan said...

ലൂസി ഇന്‍ ദി സ്കൈ വിത് ഡൈമണ്ട്സ്
ആലീസ് @ കഫെ വിത് സൈന്‍‌ബോര്‍ഡ്

ലതീഷ് said...

എല്ലാവര്‍ക്കും നന്ദി.

ഒറ്റയ്ക്കാകും നേരങ്ങളില്‍ said...

വിത്തുകളില്‍ വിരല്‍നുണഞ്ഞു കിടക്കുന്ന
പച്ചപ്പടര്‍പ്പുകളിലൊന്നിന്റെ-
യാദ്യത്തെയില പുറത്തേക്ക്‌
തലനീട്ടി
ഹാ! എന്തു മനോഹരമെന്ന്‌
അവളിലേക്ക്‌

പടര്‍ന്ന്‌ പോകുന്നു