Showing posts with label :). Show all posts
Showing posts with label :). Show all posts

Monday, February 13, 2012

കപ്പത്തോട്ടത്തില്‍ വഴിതെറ്റിയവരുടെ ന്യായങ്ങള്‍


 / വിഷം തീണ്ടുക എന്നതാണിപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം

: പൊഴിഞ്ഞതിനു ശേഷം കൈതത്തലപ്പില്‍ തൂങ്ങിക്കിടക്കുന്ന പടത്തില്‍ നിന്ന്, വെളിച്ചംമങ്ങിയതിന് ശേഷം മടങ്ങിവരുമ്പോള്‍ ഉപ്പൂറ്റിയില്‍ പിടിച്ച പല്ലുകളില്‍ നിന്ന്, മഞ്ഞപ്പൊടിപ്പൊതികള്‍ തുറന്ന് വായുവിലേക്ക് വീശിവീശിയെറിയുന്ന തീരെച്ചെറിയ കൈകളില്‍ നിന്ന്,  വായിലേക്ക് കിനിഞ്ഞിറങ്ങിപ്പോകുന്ന പച്ചിലകളുടെ കയ്പ്പില്‍ നിന്ന്, നല്ലചൂടുള്ള ദിവസം ചെറിയ കാറ്റുള്ള കപ്പത്തോട്ടത്തിലൂടെ ദൂരേക്ക് നടന്നു പോകുമ്പോള്‍ ആരുമില്ലാത്ത ഒരിടത്ത് എത്തിപ്പെട്ടതിന്റെ തോന്നലില്‍ നിന്ന് :

പ്രതീതികള്‍ ഫലിച്ചില്ലെങ്കിലൊടുവില്‍
പൊടിതിന്നിഴയുന്ന പാമ്പില്‍ നിന്ന് /

എല്ലാവരില്‍ നിന്നും പിണങ്ങുക എന്നതായിരുന്നു കുറച്ചു മുമ്പുവരെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. മനുഷ്യരില്‍ നിന്നും  നായ്ക്കളില്‍ നിന്നും പൂച്ചകളില്‍ നിന്നും പൂവുകളില്‍ നിന്നും ഉപ്പിലിട്ട ഉണ്ണിമാങ്ങയില്‍ നിന്നും രുചിയില്‍ നിന്നും ലഹരിയില്‍ നിന്നും കണ്ണുകൊണ്ടും ഭാഷകൊണ്ടും കാണാവുന്ന എല്ലാത്തില്‍ നിന്നും പിണങ്ങിയതിന് ശേഷമാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായി അത് വളര്‍ന്നു വന്നത്. പുല്ലിലോ പുഴുവിലോ മനുഷ്യനിലോ കൊള്ളാതെ ഭാഷയിലോ ചിത്രത്തിലോ പാട്ടുകളിലോ ഏറ്റവും പ്രീയപ്പെട്ടവയുടെ വിവരണങ്ങളിലോ ഒതുങ്ങാതെ ഏതാണെന്നറിയാതെ ഒന്നിലും ഒതുങ്ങാതെ വീണ്ടും എല്ലാവരില്‍ നിന്നും തിരിച്ചിറങ്ങാന്‍ തുടങ്ങുമ്പോള്‍ പിണക്കത്തിനോ ഇണക്കത്തിനോ വഴങ്ങാതെ ഒന്നിനെയും കൂസാതെ ആരാണ് ആരിലാണ് എന്നറിയാതെ ഞാന്‍ എന്ന നിഴല്‍ വീണ്ടും. കടുത്ത ശാഠ്യക്കാരെ ആര്‍ക്കാണ് അധികകാലം സഹിക്കാന്‍ കഴിയുക?

അതിനാല്‍ വിഷം തീണ്ടുക
മറ്റ് വഴികളില്ലാത്തതിനാല്‍, ഇനി

ഭൂമിയില്‍ സാധ്യമല്ലാത്ത ചിലതിന്റെ ഭാഷയിലെ നിലനില്‍പ്പ് എല്ലായ്‌പ്പോഴും ചിണുങ്ങുന്നതിനിടയിലും നമ്മുടെ ശാഠ്യക്കാരനെ രസിപ്പിച്ചിരുന്നു. ഉദാഹരണത്തിന്, കൈതത്തുമ്പത്ത് പടം പോലെ പാറുന്ന ഉറയൊഴിഞ്ഞുപോയ പാമ്പില്‍ നിന്ന് എന്താണ് സാധ്യമാകുക, ഭാഷയിലെ തീണ്ടലുകള്‍ അല്ലാതെ ? ഇത്രത്തോളം വന്ന സ്ഥിതിക്ക് പിണങ്ങാതെ തിരിച്ചുപോകാന്‍ കഴിയില്ല എന്നിരിക്കെ ഭാഷയിലെ മാളങ്ങളിലെല്ലാം കയ്യിട്ടു നോക്കി

നീല : നീല : നീല : നീലയാകും നീ
ഇന്നു തീരും നിന്റെ ശാഠ്യജീവിതം

എന്ന് കണ്ണടച്ചിരിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല - കണ്ണു തുറക്കുമ്പോള്‍ പറഞ്ഞു പറ്റിക്കപ്പെട്ടതിന്റെ ജാള്യതയോടൊപ്പം എന്തുകൊണ്ടാണ് ഇത്രകാലം ശ്രമിച്ചിട്ടും പിണങ്ങാന്‍ പറ്റാത്തത് എന്നതിന്റെ വിശദീകരണം ഓര്‍മ്മവരികയും ചെയ്യും എന്നിരിക്കെ ഒരു കാര്യവുമില്ല.

കാര്യത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു എന്നത് വലിയ ആശ്വാസമുള്ള കാര്യമാണ്. ഇനിയാണ്, നടപടിക്രമങ്ങള്‍... ഏറ്റവും അടുത്തെത്തിയ ശ്രമത്തെ ഓര്‍ത്തെടുക്കുക എന്നതാണ്  നടപടിയുള്ള ആദ്യത്തെ ക്രമം. ഓര്‍ത്തെടുക്കുക എന്നാല്‍ ഭാഷയിലെ മാളത്തിലേക്ക് വലതു കൈപ്പത്തി വീണ്ടും തിരികെ കേറ്റുക എന്നാണര്‍ഥമെന്ന് താങ്കള്‍ പറയുന്നത് ശരിയായിരിക്കാന്‍ ഇടയുണ്ട്. പക്ഷേ, അങ്ങനെയല്ലാതെയും ഉണ്ട് എന്ന ന്യായത്തില്‍ അവിടുന്നു തന്നെ തുടങ്ങാം

ആദ്യത്തെ പാമ്പ് വൃത്തിയായി പതിഞ്ഞിട്ടുണ്ട്. സന്ധ്യയ്ക്ക് കലുങ്കില്‍ നിന്ന് താഴേക്ക് പോകുന്ന സൂര്യനെ കാത്തുനിന്ന് തോട്ടിലേക്ക് തലകുത്തി വീണ വെളിച്ചം തീര്‍ന്നു പോകുന്നതിനു മുമ്പ്  മണ്ണെണ്ണവിളക്ക് പിടിക്കാന്‍ പാഞ്ഞു പോകുന്നതിനിടയിലാണ്, ആദ്യത്തെ പാമ്പ്, അണലിയോളം സുന്ദരന്‍.

അവനെ പ്രതീക്ഷിച്ച് നമ്മള്‍ ഭാഷയില്‍ നിന്ന് പറത്തു കടക്കുന്നു.   ഇവിടെ ഇപ്പോഴാരുമില്ലാത്ത ഈ വിശാലമായ പാടത്ത് സൂര്യനെപ്പോലെ ഒറ്റയ്ക്ക് കാത്തു നില്‍ക്കുന്നു. നൈരാശ്യത്തിന്റെ സായന്തനങ്ങളില്‍ എന്തൊരു സുഖമുള്ള കുളിരായിരുന്നു എന്ന് വിരസത വിരിച്ചിട്ട ആവര്‍ത്തനങ്ങളില്‍ കുളിച്ച്  തലതോര്‍ത്തി പോരുന്നതിനിടയില്‍ വെറുതേ കുസൃതി കുതിച്ചു കയറിവരുന്നതു പോലെ അതിസുന്ദരാ നിന്നെ പ്രതീക്ഷിച്ചിവിടെ,  ഭാഷയില്‍ നിന്നെ മലര്‍ത്തിയടിച്ചതിന് പ്രതികാരമര്‍ഹിച്ച് കുറ്റബോധത്തിന്റെ കുടുസുമുറികളില്‍ നിന്നിറങ്ങി നേരിട്ട്.

ആദ്യത്തെ വിമതയെ സ്ത്രീലിംഗത്തിലേക്കും ആദ്യത്തെ ഒറ്റുകാരനെ ആണിലേക്കും നിര്‍ബന്ധിച്ചതിനു ശേഷം കെട്ടുകഥകളുടെ ഭാണ്ഡവുമായി ആട്ടിന്‍പറ്റങ്ങള്‍ക്കു പിന്നാലെ പായുന്നവര്‍ പോലും കാണാനിടയില്ല, അകലെയീ പാടത്ത് ആഞ്ഞൊന്നു പിണങ്ങാന്‍ കൊതിച്ച് പരസ്പരമറിയാത്ത എല്ലാ ജീവികള്‍ക്കുമിടയില്‍, അപ്രസക്തതയുടെ പ്രകടനങ്ങള്‍.

അല്‍പം വിഷം പോലും വേണ്ട സമയത്ത്
കൈമാറാന്‍ കഴിയാത്തതിനാല്‍ മാത്രമുള്ള പിന്‍വാങ്ങലുകള്‍

Saturday, August 28, 2010

ദൂരെനിന്ന് നോക്കുമ്പോള്‍

ആരിലും ആകമാനം ഉണ്ടായിരിക്കാന്‍
ഇടയുള്ള ആസക്തികളെക്കുറിച്ച്,
ആരിലൂടെയും ആകമാനം നിറയാനുള്ള
ആസക്തികളുടെ അശക്തതയെക്കുറിച്ചാലോചിച്ച്
നടുവിന് കൈകൊടുത്ത്
ബീഡിവലിച്ച് നില്‍ക്കുകയായിരുന്നു
വഴിയരികില്‍ മറ്റൊരാള്‍

തുണിമറന്നുറങ്ങിപ്പോയ
ഏതോ മഴക്കാലരാത്രിയില്‍
വീടിറങ്ങിപ്പോന്നതാണ് താനെന്നും
ആകാശത്തിന് താഴെ വീടുകള്‍ക്കു പുറത്ത്
നഗ്നനായൊരാള്‍ ബീഡിവലിച്ചു നില്‍ക്കുന്നതിന്റെ
ചിത്രങ്ങള്‍,
തെരുവ് ഒരാഴ്ചപ്പതിപ്പാണെങ്കില്‍
അതിലച്ചടിക്കാറില്ലെന്നും
പഴയൊരു സുസ്വപ്നത്തിന്റെ നാനാര്‍ത്ഥങ്ങളില്‍
വഴിപിഴച്ചുപോയ അയാള്‍
ഓര്‍ത്തുകൊണ്ടേയിരുന്നു

ഭൂമിയിലേക്ക് തൂങ്ങിക്കിടക്കുന്ന
ലിംഗത്തിന്റെ ഭയാനകമായ കാഴ്ച
ഇതാ ഈ തെരുവിനെ ചിതറിക്കുന്നു

കട്ടിക്കണ്ണടവെച്ച പെണ്ണുങ്ങള്‍
കട്ടിമീശവച്ച ആണുങ്ങള്‍
കൗതുകം കച്ചവടമാക്കിയ
ആണ്‍പെണ്‍കുട്ടികള്‍
സോക്രട്ടീസിനും ഫ്രഞ്ച് വിപ്ലവത്തിനും ഇടയിലെ
പലതരം മുദ്രാവാക്യങ്ങള്‍,
ചിതറിയോടുന്നു

തൊണ്ടും കയറും കൊണ്ടുപോകുന്ന വള്ളങ്ങളും
ആളുകളെ കൊണ്ടുപോകുന്ന ബോട്ടുകളും
അങ്ങോട്ടുമിങ്ങോട്ടും പോകുമ്പോള്‍
വെള്ളത്തില്‍ പൊങ്ങിക്കിടന്ന്
കൈവീശിയ
ജലാശയഭൂതകാലത്തെയോര്‍ക്കുന്നു
ആസക്തന്‍, അപ്പോള്‍

ബീഡിയേന്തിയ വലതുകൈപ്പത്തി
വായുവില്‍ അലര്‍മേല്‍വല്ലിയെ വരയ്ക്കുന്നു
നഗ്നമായ ഇടുപ്പ് ഇളകുന്നു
രണ്ടുകാലുകള്‍ക്കിടയില്‍
വായുവില്‍ പടര്‍ന്നുപോകുന്നു
ചെറുതായി ഇളകുന്നതിന്റെ ഉന്മാദം

ദൂരെനിന്ന് നോക്കുമ്പോള്‍
നൃത്തംചെയ്യുന്ന നിരവധിപ്പേര്‍ക്കിടയില്‍
ഒരാള്‍ ഓടുന്നു,
ചിതറിച്ചിതറിയോടുന്നു

Sunday, March 21, 2010

ഒളിവുകാലങ്ങളില്‍ നിന്ന് ഒളിവുകാലങ്ങള്‍ വന്നുപോകുന്നു

വസന്തം തുടങ്ങുന്നു

അടച്ചു തുറക്കുമ്പോള്‍ എല്ലായ്പ്പോഴും കൃത്യമായ സമയം കാണിക്കുന്ന ഈ കമ്പ്യൂട്ടര്‍ ആരെയും ഭയപ്പെടുത്തേണ്ടതാണ്. ഒരേയളവില്‍ ഒരേ കാര്യത്തെക്കുറിച്ചു മാത്രം ചിന്തിച്ച് കഴിച്ചുകൂട്ടുന്നവ പലപ്പോഴും ഭയപ്പെടുത്തുന്ന പലതിനെയും കുറിച്ചുള്ള ഭയമാണ് എന്ന ആമുഖം അടച്ചു തുറക്കുമ്പോള്‍ എല്ലാവരുടെയും സമയം കാണിക്കുന്ന എല്ലാ ഉപകരണങ്ങളിലും ഉണ്ട് എന്നത് രാത്രിപോലെ അവ്യക്തമായി തുടരേണ്ട കാര്യമെന്താണ്? ഇത്രവിശാലമായ ഭാവനയുടെ സഹായത്തോടെ ജീവിച്ചിരിക്കുന്ന നമുക്കെല്ലാം നമ്മുടേതു മാത്രമായ സമയങ്ങള്‍ ഇല്ല എന്നത് ക്രൂരമാണ്. ഉത്സവപ്പറമ്പുകളില്‍ നിന്ന് വാങ്ങിയിരുന്ന കളിവാച്ചുകള്‍ നമ്മുടെ പലരുടേയും കുട്ടിക്കാലത്തെ മഞ്ഞയിലും കടും പച്ചയിലും രസിപ്പിച്ചത് അത്രവേഗം മറക്കുന്നതെന്തിനാണ്? സുജാതയുടെ വാച്ചില്‍ എല്ലായ്പ്പോഴും നാലരയായിരുന്നു. എന്റെതില്‍ അര്‍ധരാത്രിയും. ഇരുസമാന്തര രേഖകള്‍ എന്നൊരിക്കലും ഞങ്ങള്‍ക്ക് കള്ളം പറയേണ്ടി വന്നിരുന്നില്ല.

ബോംബയില്‍ നിന്നും റയ്ബാന്‍ ഗ്ലാസിലൊളിച്ചിരുന്ന് അവധിക്കാലങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങുന്ന അമ്മാവന്മാരോ കഷണ്ടി കയറിയ മറ്റ് ബന്ധുക്കളോ അയല്‍വാസികളോ ഉണ്ടായിരുന്നിരിക്കണമെല്ലോ നമുക്കെല്ലാം. അവരിലൊരാള്‍ ആദ്യമായി, സ്റ്റീലിന്റെ കെട്ടുവള്ളിയുള്ള ആ വാച്ച് കയ്യില്‍ കെട്ടിത്തന്ന ദിവസം ഓര്‍മയുണ്ടോ? കളിയിടങ്ങളിലേക്കും പൊന്തക്കാടുകളുടെ പിന്‍വശത്തേക്കും കൃത്യസമയമുള്ള കൈത്തണ്ടയുമായി നമ്മളില്‍ നിന്നെല്ലാവരില്‍ നിന്നും ഓടിയിറങ്ങിപ്പോയ സുജാതയെയും എന്നെയും ഓര്‍മയുണ്ടോ? ആദ്യത്തെ ഒറ്റുകാര്‍ അവരാണ്, സുജാതയും ഞാനും. അത്ര ഗൂഢമായ ഒരാലോചന കൂട്ടുകാരെകാട്ടി ആളായത് ഞങ്ങളാണ്. കൃത്യസമയത്ത് തിരിച്ചു പോകാന്‍ തിരുവല്ലയിലോ, ആലുവയിലോ കൊച്ചുവേളിയിലോ തിവണ്ടികാത്തു നില്‍ക്കുന്ന ആ അമ്മാവന്‍ ഇല്ലാത്ത ഒന്നിന്റെ പേരില്‍ അഹങ്കാരപ്പെടുവാന്‍ നടത്തുന്ന ദൈന്യശ്രമം, അന്നുമുതല്‍ നമ്മുടെയെല്ലാം കൈത്തണ്ടയില്‍.

ഉറക്കത്തില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് തലകുടയുന്നു. ഇല്ല ഇല്ല ഇല്ല ഉണരാതിരിക്കില്ല

വസന്തം

ഒളിച്ചിരുന്നാണ് ഇതെഴുതുന്നത്. രാത്രികളിലേക്ക് പകലുകളും പകലുകളിലേക്ക് രാത്രികളും വരുന്നു, പോകുന്നു. നിറയെ വള്ളിപ്പടര്‍പ്പുകളുള്ള കുറ്റിക്കാടുകളില്‍ നിന്നും അണ്ണാന്‍പൊത്തുകളില്‍ നിന്നും ആത്മഹത്യാശ്രമങ്ങളില്‍ നിന്നും വരുന്നു, പോകുന്നു. പെട്ടന്ന് ഒരു മഴ ചാറുന്നു. ചെറുവെയിലില പൊഴിയുന്നു. നിന്നെ കാണാന്‍ തോന്നുന്നു എന്നെഴുതി വയ്ക്കുന്നു. ഏത് സമയത്ത്, എവിടെ വരും എന്ന ചോദ്യത്തിന് പിറകിലൊളിക്കുന്നു. ഒളിച്ചിരുന്നാണ് നമ്മളെല്ലാവരും ഇതെഴുതുന്നത്.

ടെറസുകളില്‍ ക്രിക്കറ്റു കളിക്കുന്നവരെ നോക്കിയിരിക്കുന്നു, സായന്തനങ്ങളില്‍ നമ്മുടെ ആകാശം. പെട്ടന്ന് ആരിലോ പഴയ ഉത്സവപ്പറമ്പുകള്‍ ഉണരുന്നു. പട്ടച്ചാരായത്തിന്റെ രൂക്ഷഗന്ധമുള്ള അര്‍ഥരാത്രിയില്‍ ഗാനമേള കേള്‍ക്കാന്‍ കുന്തിച്ചിരുന്നവരില്‍ നിന്നൊരാള്‍ എല്ലാവരെയും മറന്ന് കാലുകളില്‍ നിന്ന് മുകളിലേക്ക് ഇളകുന്നു. ടെറസുകളുടെ വിശാലതയ്ക്കുമേലേ ഒരു പന്ത് പറന്നു പോകുന്നു. നമ്മുടെ സൂര്യന്‍ താണുതാണു പോകുന്നു. കടലിലാരോ ഒരു പന്ത് തിരയുന്നു. പല നിറങ്ങളില്‍ ഉലയുന്നു നിന്റെ പാവാട. പഴയ മുറികളില്‍ നിന്നിഴഞ്ഞിറങ്ങി വരുന്നു ടാറുപാകിയ നിരത്തുകളിലേക്ക് പല്ലികള്‍, പഴുതാരകള്‍, കാട്ടുപൂവിന്‍ പാട്ടുകള്‍. നമ്മളെ മണത്തു നോക്കുന്നു. നമ്മളില്‍ നിന്ന് നമ്മളിലേക്ക് വരുന്നു, പോകുന്നു.

എല്ലാം ശരിയാകുമെന്ന് തോന്നിത്തുടങ്ങുന്നു. അതിനിടയില്‍ നിന്നെയോര്‍ക്കുന്നു. നിന്നെ കാണാന്‍ തോന്നുന്നു. നീ, മറ്റൊരു കാലം. ചലിക്കാത്ത രഹസ്യം. ആരിലും ഒരിക്കലും വളര്‍ന്നിട്ടേയില്ലാത്ത ആറ്റിറമ്പിന്റെ നീല. നിന്നെ കാണാന്‍ തോന്നുന്നു. നിന്നിലൂടെ കാണാന്‍ തോന്നുന്നു. ഹോ, രോമാഞ്ചം തുടങ്ങുന്നു.

വസന്തത്തിന് ദേഷ്യം വരുന്നു

ജനലിലൂടെ നോക്കുമ്പോള്‍, ദൂരെയേതോ കുന്ന്, രാത്രിയില്‍ തീ പിടിച്ച ശരീരവുമായി കുതറിയോടുന്നു. പന്തംകൊളുത്തി നൃത്തംചെയുന്ന നാടോടികള്‍ ജനലിലൂടെ കടന്നു വരുന്നു. അടഞ്ഞു കിടക്കുന്ന മറ്റൊരു ജനല് തുറന്നു നോക്കുമ്പോള്‍ വേറേതോ സിനിമ, തെങ്ങിന്‍ തുഞ്ചത്ത് കാറ്റിനൊപ്പം ചിറകിളക്കുന്ന പരുന്തുകള്‍ എന്നൊമറ്റോ പതിഞ്ഞ താളത്തില്‍‍. കാറ്റ് വെള്ളം പോലെ നിറയുന്നു. മുറി ഒഴുകി നീങ്ങുന്നു. നീന്തല്‍ പഠിക്കുന്നു. വേരുകളിലൊരു പന്ത് തടയുന്നു.

ഇത്ര തിരക്കിട്ട് ഏത് യുദ്ധകാലത്തിലേക്കാണ് എന്ന ചോദ്യം എത്രകാലമായി ചോദിക്കുന്നു, മറ്റെന്തെങ്കിലും ചെയ്തുകൂടേ എന്നു ചോദിക്കുന്നു. ജനാലകളിലൊരു പരുന്ത് ചിറകുചിക്കുന്നു. കുറേനേരമായി അവിടെത്തന്നെയിരിക്കുന്നു. തിരിഞ്ഞും മറിഞ്ഞും നോക്കുന്നു. വെയിലിലകള്‍ പെറുക്കിക്കൂട്ടി അനേകായിരം മഞ്ഞപ്പാവാടകള്‍ കുന്നിന്‍മുകളിലൂടെ നടന്നു പോകുന്നു.

പഴയ വാച്ചുകള്‍ റിപ്പയറു ചെയ്യുന്ന കടയടച്ച് സുജാതയും ഞാനും ഞങ്ങളിലേക്ക് മടങ്ങുന്നു.

Wednesday, December 16, 2009

കാര്‍ണിവല്‍

രാത്രിയിലിടവഴിയിലൂളിയിട്ടു നീങ്ങും
ഇരുട്ടില്‍ നിന്ന്, വെളുപ്പിന്റെ,
കറുപ്പല്ലാത്ത മറ്റനേകം നിറങ്ങളുടെ
വെളുപ്പുമാത്രമായ മറ്റനേകം നിറങ്ങളുടെ
ഭാവിജീവിതത്തിലേക്ക്

ഒരാള്‍ വഴുതിവീഴുന്നു

അയാള്‍ക്കുചുറ്റിലും അപരിചിതം ലോകം
വെളുപ്പിലാരോ വരച്ചുവെച്ച ആള്‍ക്കൂട്ടങ്ങള്‍
പശുക്കള്‍, കശുമാവിന്‍ തോട്ടങ്ങള്‍
അയാള്‍ക്കുള്ളിലപ്പോള്‍ ഇരുട്ടുപരക്കുന്നു
ഉള്ളിലെ തിരശ്ശീലയില്‍ നിന്ന്
പാവനാടകം മാഞ്ഞു പോകുന്നു

ചുറ്റിലും ചുറ്റിപ്പിണയുന്ന ആള്‍വൃത്തം
പെരുത്തുപെരുത്ത് മൈതാനങ്ങളെക്കാള്‍
വലുതാകുമ്പോളയാള്‍
കൈകാലുകള്‍ വിടര്‍ത്തി
മറ്റൊരേകാംഗനൃത്തനാടകം തുടങ്ങുന്നു
ഇരുട്ടിനെ അഭിനയിച്ചു കാട്ടിയവന്‍
വെളുപ്പിനെ വെളുത്ത് പല്ലുതേക്കാതിരുന്നവന്‍

കള്ളന്‍, കൊടുവാളിന്റെ കാമുകന്‍

ആള്‍വൃത്തത്തിന് വാല്‍ പെരുകുന്ന,തിലേറെ
തെരുവുകള്‍ മുറിച്ച് കടന്നുപോകുന്നു
പഴയ ഗുണനപ്പട്ടിക
പഴയ ക്ലാസിലെ പിന്‍ബഞ്ചില്‍
കുനിച്ചിരിക്കുന്നു തല

ദൂരെ, ദൂരെനിന്ന് നോക്കുമ്പോള്‍
പൊട്ടുപോലെയിരുട്ട് ഇളകുന്നു

വളരെവൈകിയാണെത്തിയത്
വളരെ ദൂരെയാണ്, ചലിക്കാറുണ്ട്
എന്നൊക്കെ കേട്ടറിവേയുള്ളുവെങ്കിലും

വെളിച്ചത്തിലിടവഴിയിലൂളിയിട്ടുനീങ്ങും
പകലില്‍ നിന്ന് ഇപ്പോള്‍
തെറിച്ചുവീണ ആരുടേയോ പകപ്പല്ലേ
കാടുകള്‍, കൊള്ളക്കാര്‍?

Thursday, October 22, 2009

ധ്വനിപ്പിച്ചില്ല എന്നുമാത്രം പറയരുത്‌

ഉള്ളിലൊരു വെരുക്‌ പെട്ടുപോയി
എന്നു പറയുമ്പോള്‍
ആവര്‍ത്തനം കൊണ്ട്‌,
സൂചിപ്പിക്കാനുള്ള കഴിവ്‌ നഷ്ടപ്പെട്ട
ഒരു പ്രയോഗം
എപ്പോഴും ചുറ്റിലുമുണ്ട്‌

അതിനിടയില്‍ നിന്ന്‌,
പ്രയോഗങ്ങളെ
അര്‍ഥങ്ങളായി ചിത്രീകരിക്കുന്നതിന്‌
ചില ഒറ്റമൂലികളാണ്‌
ഞാന്‍ ചിന്തിക്കുന്നത്‌

മൃഗശാലയില്‍,
വന്യതയാര്‍ന്ന കാട്‌ ഉള്ളില്‍പ്പേറുന്ന
കാട്ടുപൂച്ചകളെ ചുമക്കുന്ന
കൂടിനെയോര്‍ത്തു നോക്കൂ

പുറത്തേക്ക്‌ പുറത്തേക്ക്‌
എന്നയസ്വസ്ഥത
നഖങ്ങളില്‍ നാരകമുള്ളു പോലെ
പൊള്ളുമ്പോള്‍
ശരീരത്തിന്റെ ഭിത്തികളിലേക്ക്‌
തിരമാല പോലെ വന്നടിച്ച്‌
ചിതറുന്ന കാട്ടുപൂച്ചകള്‍,
അവയുടെ കൂട്‌

ആ പ്രയോഗം ഫലിച്ചാലും
ഇല്ലെങ്കിലും ഒന്നുറപ്പ്‌ : -
വാക്കുകളെ കഥാപാത്രങ്ങളായി കരുതിയാല്‍
പല പ്രയോഗങ്ങളിലേക്കും
രസത്തെയും ധ്വനിയെയും തിരിച്ചെത്തിക്കാം

ഉദാഹരണത്തിന്‌
വെരുക്‌ - പി രാമകൃഷ്ണന്‍
കൂട്‌ - മറിയാമ്മ ജോസഫ്‌
അല്ലെങ്കില്‍ വെരുക്‌ - മറിയാമ്മ ജോസഫ്‌
കൂട്‌ - പി രാമകൃഷ്ണന്‍

കൂട്ടില്‍ കിടക്കുന്ന കൂടിന്റെ കാടെവിടെ
മുറിയോളം മുറിയില്ല മറ്റൊരു മുറിവും
എന്നിവ ഞാനുണ്ടാക്കിയ പ്രയോഗങ്ങളാണ്‌

കഥാപാത്രങ്ങളെ
നിങ്ങള്‍ തീരുമാനിച്ചു കൊള്ളുക

Thursday, July 30, 2009

മണികണ്ഠന്‍ എന്ന പൂവന്‍ കോഴി

ഒരു ക്ലാസിക്
മലയാള കവിതയുടെ
തലക്കെട്ടിലേക്ക്
ഒരു കോഴി
ഒറ്റുകൊടുക്കപ്പെടുന്നതിന്
സാക്ഷ്യം വഹിച്ചിട്ടാണ്
ഏഴാം വരിയില്‍
നിങ്ങളെത്തിയിരിക്കുന്നത്

അരുതുനിഷാദ
എന്നു പറയാന്‍ പോലും
ഹൃദയവിശാലത ഇല്ലാത്തവരോ
തീവണ്ടികളിലും
നടപ്പാതകളിലുമിരിക്കുന്ന
വായനക്കാര്‍

പുലരും മുമ്പ്
മൂന്നുവട്ടം കൂവുന്ന
മണികണ്ഠനെ
മനോരോഗികള്‍ക്ക്
വിട്ടുകൊടുക്കാന്‍ മാത്രം
എന്തു തെറ്റാണ്
കോഴികള്‍
സിവില്‍ സൊസൈറ്റിയോട്
ചെയ്തത് ?