Wednesday, September 14, 2011

വിചാരമാതൃകകളില്‍ രഹസ്യാന്വേഷകര്‍

'അമ്മയെക്കാണാന്‍ കുന്നുകളിറങ്ങി നടന്നുവന്നിരുന്ന വൈകുന്നേരങ്ങള്‍' എന്ന വരിയിലെവിടെയോ വച്ചാണ് സുജാത നഷ്ടപ്പെട്ടത്. കണ്ണെത്താവുന്ന ദുരത്ത് മാത്രമുണ്ടായിരുന്ന നഗരം വായുവില്‍ നിന്ന് ചുഴഞ്ഞിറങ്ങുന്നൊരു പുള്ളുവന്‍ പരുന്തിന്റെ വേഗതയില്‍, ക്രോസ്ബാറിനിടയിലൂടെ കാലിട്ട് ചവുട്ടി ചരല്‍ക്കുന്നുകളിറങ്ങി വന്നിരുന്ന തന്റെ പഴയ ഗ്രാമത്തെ റാഞ്ചിയതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ്, തലയ്ക്കുമീതേ പറന്നിറങ്ങുന്ന കൂറ്റന്‍ വിമാനങ്ങളുടെ ഇരമ്പലില്‍ 'അമ്മയെക്കാണാന്‍ കുന്നുകളിറങ്ങി നടന്നുവന്നിരുന്ന വൈകുന്നേരങ്ങള്‍' എന്ന വരി ഒരു വഴിയായി വളഞ്ഞുപുളഞ്ഞ് തന്റെ മുന്നിലോടൊഴുകിയിറങ്ങിപ്പോകുന്നതിനിടെയിലെവിടെയോ സുജാത നഷ്ടപ്പെട്ടത്.  തടഞ്ഞു തടഞ്ഞൊഴുകുന്നൊരു അരുവിയില്‍ ഒഴുക്കിനൊത്ത് കിടന്നുകൊടുക്കുന്ന കാട്ടുതാറാവിന്‍ കൂട്ടത്തില്‍ നിന്ന് വേര്‍പെട്ടുപോയവരായിരിക്കണം  താനും ഈ വഴിയുമെന്നവള്‍.


ഞങ്ങളവളെ തിരഞ്ഞു പോകുന്നു

ഞാന്‍
മഞ്ഞ നിറം
അവധൂതന്‍ എന്ന പട്ടിക്കുട്ടി

ഒരുറപ്പിന്, സ്റ്റാലിനെ ഞാനെടുക്കുന്നു. മഞ്ഞനിറത്തില്‍ നിന്ന് ചുരണ്ടിയെടുത്ത നാരുകളിലേക്ക് കൊരുക്കുന്നു. എന്റെ കഴുത്ത് എന്റെ നിറങ്ങള്‍ എന്റെ മാല എത്ര അത്യാഗ്രഹമുള്ള ലോക്കറ്റ്: സ്റ്റാലിനെ, സ്റ്റാലിനെ മാത്രം ഞാനെടുക്കുന്നു

മനുഷ്യരില്‍ നിന്ന് ആരെയുമെടുക്കാന്‍ എത്രശ്രമിച്ചിട്ടും അവധുതന്‍ തയ്യാറാകുന്നില്ല. വളരെപ്പഴക്കം തോന്നിക്കുന്ന മനുഷ്യരുമായി കുന്നിറങ്ങുന്ന ചെമ്മരിയാടുകളുടെ വേഗതയില്ലായ്മയില്‍ ഉറങ്ങിക്കിടക്കുന്ന നിനക്ക് ബുദ്ധനെയെങ്കിലും എടുക്കാവുന്നതാണ്, മനുഷ്യരില്‍ നിന്നല്ലെന്ന് കരുതാവുന്നതാണ്

കൊയ്തുകഴിഞ്ഞ്  പെണ്ണുങ്ങള്‍ പോകുമ്പോള്‍
പാടത്തേക്ക് പാളിവീഴുന്ന
തത്തക്കൂട്ടത്തിന്റെ നിഴല്‍ 
അവനെടുക്കുന്നു
ഇലകളുടെ അടിയില്‍
കൂട്ടത്തോടെഇണചേരുന്ന
കുഞ്ഞുജീവികളില്‍ നിന്ന്
'ചെത്ത്' എന്ന വാക്കിനെയെടുക്കുന്നു
കുരുത്തക്കേടുകള്‍ എല്ലാമെടുക്കുന്നു

തണുത്തുവിറച്ച പച്ചിലകളിലൂടെ
ഒച്ചുകള്‍
അനന്തതയിലേക്ക് വലിഞ്ഞുണ്ടായ
വഴികളില്‍ നിന്നുപോലും
ഒന്നുമെടുക്കുന്നില്ല
പെട്ടന്നുള്ള പ്രതികരണങ്ങള്‍
ഭീതിനിറഞ്ഞ സന്ദര്‍ഭങ്ങളെ
സൃഷ്ടിക്കുമെന്ന തിരിച്ചറിവിനാല്‍
മഞ്ഞനിറം

ഞങ്ങളവളെ തിരഞ്ഞു പോകുന്നു

ഉടനടി പെണ്‍കുട്ടികളെ ഓര്‍മിപ്പിക്കുന്നത്ര വൃത്തിയുള്ളൊരു  കൂറ്റന്‍ കുളിമുറിയുടെ ഒത്തനടുക്ക്, കാലുകളിലേക്ക് കുനിഞ്ഞിരിക്കുന്ന ഒരാളെന്നപോലെ പിങ്ക് നിറമുള്ള ഒരു യൂറോപ്യന്‍ ക്ലോസറ്റ് എന്നന്നേക്കുമായി ഉപേക്ഷിക്കപ്പെട്ടതിനെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള ദൃശ്യങ്ങള്‍. ഒന്നുകൂടി തലപൊക്കി നോക്കി കേള്‍വിക്കാരുടെ അഭാവത്തെ ഗൗനിച്ച് സുജാത തുടര്‍ന്നു: ഇന്ത്യയില്‍ ഉപയോഗിക്കുന്ന വിധത്തിലുള്ള ക്ലോസറ്റുകളില്‍ അരഭാഗംവച്ച് മുറിച്ചു മാറ്റപ്പെട്ട ഒരാള്‍ ഇരിക്കുന്നതുപോലെ. 

 : (സ്വപ്നങ്ങളെക്കുറിച്ചുള്ള ഒരു പ്രധാനപ്പെട്ട കണ്ടുപിടുത്തം 1989ല്‍ സുജാത നടത്തിയിരുന്നു. ഒരു മേഖലയിലുള്ള മൂന്ന് വീടുകളിലെ വിവിധ മുറികളില്‍ മാറിമാറിയിരുന്ന് ഏറെക്കുറെ നാല് മാസത്തോളം സമയമെടുത്താണ് 1989 തന്നെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു വര്‍ഷമായി സുജാത മാറ്റിയെടുത്തത്. സുജാതയുടെ സിദ്ധാന്തപ്രകാരം, സ്വപ്നങ്ങള്‍ അന്തരീക്ഷത്തില്‍ ഉണ്ട്. കിടപ്പുമുറി, വരാന്ത, കുളിമുറി എന്നിങ്ങനെ മുറികളെ വിഭജിക്കുകയാണെങ്കില്‍ മൂന്ന് വീടുകളിലേയും കിടപ്പുമുറികള്‍ ഒരേദിവസം കാണുന്ന സ്വപ്നങ്ങള്‍ ഏറെക്കുറെ ഒരുപോലെയായിരിക്കും. വരാന്തകളില്‍ സ്വപ്നങ്ങള്‍ കുറവാണെങ്കിലും കുളിമുറികളെപ്പോലെ തന്നെ അവയിലും ഏറെക്കുറെ ഒരേ സ്വപ്നങ്ങളാണ് ഓടുന്നത് : ) 

അങ്ങനെ നോക്കുമ്പോള്‍, സുജാത തുടര്‍ന്നു, 'ഉപേക്ഷിക്കപ്പെട്ട ക്ലോസറ്റ്'  എന്ന അതീവ വൃത്തിയുള്ള സ്വപ്നം തന്നെക്കൂടാതെ ഈ മേഖലയിലെ നിരവധി ആളുകള്‍ കണ്ടിരിക്കണം. 1989ലെ ഒരു സിദ്ധാന്തം, അത് തന്റേതാണെങ്കില്‍ കൂടി, കാലഹരണപ്പെട്ടിരിക്കാതിരിക്കാനുള്ള ഒഴിവുകഴിവുകള്‍ തിരയുന്നതിനിടയില്‍, സുജാത, അമ്മയെക്കാണാന്‍ കുന്നുകളിറങ്ങി നടന്നുവന്നിരുന്ന വൈകുന്നേരങ്ങളില്‍ പരിചയമില്ലാത്ത കൈവഴികള്‍ എവിടേക്കാണ് പോകുന്നത് എന്നന്വേഷിച്ചു പോകാനുള്ള കൗതുകം പഴയതോ പുതിയതോ അല്ലാത്ത കൂറ്റന്‍ ഹോട്ടലുകളുടെ കുളിമുറികളെന്നപോലെ തന്നെ പ്രലോഭിപ്പിക്കുമായിരുന്നുവെന്ന് കൈകള്‍ വായുവിലേക്കെറിഞ്ഞ് എണീറ്റുനിന്നു. വിഷക്കൂണുകള്‍ കൂട്ടത്തോടെ വളര്‍ന്നു നില്‍ക്കുന്ന പൊത്തുകളില്‍ നിന്ന് പുറത്തേക്ക് തലയെത്തിച്ചു നോക്കുന്ന മെലിഞ്ഞ പാമ്പുകളെപ്പോലെ വായുവിലേക്ക്  പകച്ചുനില്‍ക്കുന്ന ഞരമ്പുകള്‍. വരികള്‍ വഴിതെറ്റിയ വരികള്‍. സുജാത പിറുപിറുക്കുന്നു: അതേ മറ്റു മൂന്നുപേര്‍കൂടി. ഇതേ ഞരമ്പുകള്‍ക്കിടയില്‍ വഴിതെറ്റിയ മൂന്നുപേര്‍ കൂടി.

അടവുകള്‍ തെറ്റിത്തുടങ്ങിയ മാന്ത്രികര്‍ക്ക് മുയല്‍ക്കൂട്ടങ്ങളെ വിറ്റ് ജീവിച്ചിരുന്ന ഒരാള്‍ ഇലപ്പടര്‍പ്പുകള്‍ക്കിടയിലൂടൊരു ഇരട്ടക്കുഴല്‍ തോക്കിന്റെ തുഞ്ചത്ത് തന്നെ കണ്ടുരസിക്കുന്നുണ്ടിപ്പോള്‍ എന്ന് സുജാത ഓര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉന്നം തെറ്റിയ ഒരു  വെടിയുണ്ട, പാദസരങ്ങളുടെ ശബ്ദത്തില്‍ ചിലച്ച് രണ്ടു തൂവലുകള്‍ തെറിപ്പിച്ച് മൂളിപ്പോകുന്നൊരു വണ്ടുപോലെ അവളെയൊഴിഞ്ഞ് ആഴമില്ലാത്ത അരുവിയിലെ പാറക്കല്ലുകളില്‍ തട്ടിച്ചിതറുന്നു.   അതീവ വൃത്തിയുള്ള ഒരു പടിഞ്ഞാറന്‍ ക്ലോസറ്റില്‍ പെട്ടുപോയ  കാട്ടുതാറാവിന്‍ കൂട്ടത്തില്‍ നിന്ന് വേര്‍പെട്ടുപോയവരായിരിക്കണം  താനും ഈ വഴിയുമെന്നവള്‍. 

അവളെ തിരഞ്ഞു പോകുന്നതിനിടയില്‍ ഞങ്ങള്‍ 
മറ്റു വിനോദങ്ങളിലേക്ക് പിന്മാറുന്നു

വീടുകളെക്കാള്‍ വലിപ്പമുള്ള കുളിമുറികള്‍ എന്തുകൊണ്ട് വീടുകളെക്കാള്‍ വലിപ്പമുള്ള കുളിമുറികള്‍ എന്ന ആശയത്തോളം തന്നെ എണ്ണത്തില്‍ കുറഞ്ഞ് കാണപ്പെടുന്നു എന്ന് തര്‍ക്കിക്കുന്നു.

ഞാന്‍ സ്റ്റാലിന്‍
അവധൂതന്‍ എന്ന ചെത്ത് പട്ടിക്കുട്ടിയുടെ നിഴല്‍
മഞ്ഞ നിറം

മറ്റു വിനോദങ്ങളില്‍ ഞങ്ങള്‍ അവളെത്തിരയുന്നു

4 comments:

Unknown said...

ലതീഷ് ...നിന്നെ മലയാളം വീണ്ടും വിണ്ടും കാത്തിരിക്കുന്നു...

ഹാരിസ് said...
This comment has been removed by the author.
The Prophet Of Frivolity said...
This comment has been removed by the author.
The Prophet Of Frivolity said...

Dude, keep writing something. Anything.