Monday, August 3, 2015

അറിയുവാനുള്ള ആഗ്രഹംരംഗം 1


നട്ടുച്ചക്ക് പാട്ടുപെട്ടി
വല്യവായില്‍ പാടുമ്പോള്‍

പ്രാവുകള്‍ ചിതറും
കുഞ്ഞുജനാലയിലൂട-
കത്തേയ്ക്കുവരും
വെളിച്ചം
പഴയ മുറിയുടെ
നടുവില്‍
വെളുത്തവട്ടമായി
വീണുകിടക്കുന്നതില്‍

വലിയ പാവാട
ഉലച്ചുകൊണ്ടായത്തില്‍
ആടിയിറങ്ങുന്നു,
സരോജം

മാറിനിന്നവളെ
ചിത്രമായും പാട്ടായും ഭാഷയായും
മാറ്റിയെടുക്കുന്നു
ഉള്ളുലച്ചിലാല്‍
രാത്രിയിലുറങ്ങാതെ
എന്തെന്തെന്നന്വേഷിച്ച് പായും
പരാക്രമി

അയാളോടു ചോദിച്ചാല്‍
എല്ലാത്തിനും ഉത്തരം
അവളെക്കൊണ്ടാകും
പാതിചരിച്ചു കെട്ടിയ
ആകാശത്ത്
പൊയ്‌വെട്ടം
വീഴിച്ചവളെ പ്രദര്‍ശിപ്പിക്കണം
എന്ന് സ്വരം താഴ്ത്തിപ്പറയും
ആണാണ് അതിനാലാണെന്നറിയാതെ
സരോജം, സരോജം
എന്നു കുതറും,
തിരക്കില്ലാത്തപ്പോള്‍ അലകടലുമായി
കുതിരപ്പോരിനുപോകും
പരാക്രമി

അതിനാല്‍
അയാളോടു ചോദിക്കാതിരിക്കുക

സരോജം
ഇതൊന്നും അറിയാതിരിക്കുന്നില്ല
ആട്ടത്തില്‍ നിന്നിറങ്ങുന്നുമില്ല
എത്രനോക്കിയിട്ടും പക്ഷേ
ഇതാണു സൗന്ദര്യം
ഇതാണദ്ഭുതം
എന്നൊന്നും അവള്‍ക്ക് തോന്നുന്നില്ല

അവളോടും ചോദിക്കാതിരിക്കുക


രംഗം 2 (അശരീരി)


ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി
താങ്കളെന്നെത്തേടി വരിക
സരോജമോ പരാക്രമിയോ
ആരുമാകട്ടെ
കുതികാലൊടിഞ്ഞ കുതിരയോ
അലകടലുമോ പോലുമാകട്ടെ
എന്നെത്തേടി വരിക

അര്‍ധരാത്രിയില്‍ നിലാവുനട്ട്
നട്ടുച്ചയ്ക്ക് വെയില്‍ കിളിര്‍പ്പിക്കുന്ന വൃദ്ധന്‍
ജോലികഴിഞ്ഞ് സൈക്കിളില്‍ മടങ്ങുമ്പോള്‍
അയാളെ പിന്തുടരുക


രംഗം 3


ഫോണില്‍ ആരോ എന്തോ എഴുതിഅയച്ചതിന്റെ
ശബ്ദത്തില്‍ കുരുങ്ങി വൃദ്ധന്‍ നില്‍ക്കുന്നു

വലിയൊരു മരത്തിന്റെ ചുവട്ടില്‍
സൈക്കിള്‍ ചാരിവച്ച്
വെളിച്ചത്തിലേക്ക് മാറിനിന്ന്
അദ്ദേഹമത് വായിക്കുന്നു

ഫോണ്‍ തിരിച്ചു പോക്കറ്റിലിട്ട്
ചെറിയൊരു ചിരിയോടെ
അദ്ദേഹത്തെയും കൊണ്ട് പോകുന്നു
അതേ മഞ്ഞ നിറമുള്ള സൈക്കിള്‍


രംഗം 4


മരത്തിന് ചുവട്ടില്‍ ചാരിയിരുന്ന്
എന്തോ* വായിക്കുകയായിരുന്ന യുവാവ്
തലയുയര്‍ത്തി നോക്കി
അറിയാനുള്ള കൗതുകത്തില്‍
മറ്റൊരു സൈക്കിളില്‍
അദ്ദേഹത്തിന്റെ പിന്നാലെ

ആഞ്ഞുവീശുന്ന കാറ്റിനിടയിലൂടെ
ഒരുകയ്യ് ആയത്തില്‍ വീശി
യുവാവ് എന്തോ ചോദിക്കുന്നു
വളരെ വളരെ ഉച്ചത്തില്‍

നേരത്തെ വന്ന സന്ദേശം
വൃദ്ധന്റെ മുഖത്തിപ്പോഴും
പിന്നില്‍ നടക്കുന്നതു കാണാന്‍
മുന്നില്‍ പിടിപ്പിച്ച കണ്ണാടികളോ
ദ്രവിച്ച ചെവിയില്‍
ശബ്ദമടിപ്പിക്കുന്ന ഉപകരണങ്ങളോ
അദ്ദേഹത്തിനില്ല

എന്നെത്തേടിവരൂ
എന്നാരോ പറഞ്ഞതിന്‍ പിന്നാലെ
സൈക്കിളും പായിച്ചൊരാള്‍
വരുന്നുണ്ടെന്നും
കോടക്കാറ്റിനെക്കാള്‍ ഒച്ചയില്‍
അയാള്‍ വിളിച്ചു ചോദിക്കുന്നതൊന്നും
താന്‍ കേള്‍ക്കുന്നില്ലെന്നും
അദ്ദേഹമറിയുന്നില്ല

അയാള്‍ക്കു പിന്നാലെ
പായുന്നു പരാക്രമി
ആരാണ് വിളിച്ചതെന്നോ
എവിടെ നിന്നാണെന്നോ
അറിയാതെ


രംഗം 5


വൃദ്ധന്റെ മുഖത്തിപ്പോഴും
ചെറിയ ചിരി മാത്രം
പിന്നാലെയാരെങ്കിലും വരുമെന്ന
തോന്നല്‍പോലും
അയാളില്‍ മുളയ്ക്കുന്നില്ല

തോക്കോ കവണയോ
പോക്കറ്റില്‍ തിരുകാഞ്ഞതില്‍
പരാക്രമിയിപ്പോള്‍
കഠിനമായി ഖേദിക്കുന്നു
അരക്കെട്ടിലെ കത്തിയില്‍
ഇടംകൈകൊണ്ട് മുറുക്കിപ്പിടിക്കുന്നു

എപ്പോഴെങ്കിലും നില്‍ക്കുമല്ലോ
എന്നുച്ചത്തില്‍ അലറുന്നു

...............


*   കൃത്യമായി പറയുകയാണെങ്കില്‍ ഈശാവാസ്യം (നാരായണഗുരുവിന്റെ പരിഭാഷ) പതിനെട്ടാം** മന്ത്രം.
**  പിറന്നാദിയില്‍ നിന്നേക-
    നായി വന്നിങ്ങു സൃഷ്ടിയും
    സ്ഥിതിയും നാശവും ചെയ്യും
    സൂര്യ! മാറ്റുക രശ്മിയെ.


(സമകാലീന മലയാളം വാരിക)

2 comments:

ajith said...

അറിയാനുള്ള ആഗ്രഹം!!!
സൂപ്പര്‍

Ranjith Kannankattil said...


ആത്മീയവ്യാപാരങ്ങൾക്കും മറ്റും എതിരെ ശ്രീനാരായണഗുരു എന്ന ചൈതന്യവത്തായ ബിംബത്തെ വച്ച് പരിഹാസത്തിന്റേതു കൂടിയായ ഗൗരവതരമായ കൂരമ്പുകൾ എയ്യുകയാണ് കവി. നിലാവ് നട്ട് വെയിൽ കിളിർപ്പിച്ച മഞ്ഞ സൈക്കിൾ യാത്രികനായ വൃദ്ധൻ മറ്റാരാണ്. ദൈവങ്ങളുടേതു പോലെ ഉച്ചഭാഷിണികളോ മണിഘോഷങ്ങളോ ഒന്നും ആ വയോവൃദ്ധനില്ല. കണ്ണാടി പ്രതിഷ്ഠ നടത്തിയ ഗുരുദേവന്റെ സൈക്കിളിൽ കണ്ണാടിയില്ല. പുറകിലുള്ളത് കാണാനോ, മുങ്കരുതൽ എടുക്കാനോ അല്ല ഗുരുദേവൻ ആവശ്യപ്പെട്ടത്, കണ്ണാടിയിലൂടെ തന്നെ ത്തന്നെ കാണാനാണ്. സരോജവും പുരുഷനും രണ്ട് വ്യക്തികളല്ല. ഒരു മനുഷ്യന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്ന പരാക്രമിയായ പൗരുഷത്തെയും ജ്ഞാനദീപമായ സ്ത്രൈണതയെയും ചേർത്ത് വച്ചിരിക്കുന്നു. വ്യക്തികൾ എന്നതിലുപരി സഹജമായ മനുഷ്യചോദനകളെ പേരിട്ടോ മുഖം ചേർത്തോ വച്ചിരിക്കുന്നു എന്നും കരുതാം. സമകാലികനായ, സങ്കുചിതചിന്താഗതിക്കാരനായ, ജ്ഞാനത്തെ അക്രമവാസന തോൽപ്പിച്ചവനായ, പ്രതീക്ഷയുടെ സ്വപ്നങ്ങളുടെ കുതി ഞരമ്പുകൾ മുറിക്കപ്പെട്ടവനായ ഒരു മനുഷ്യനാണ്, ശക്തമായ ആത്മീയ ദർശനങ്ങളെ ആക്രമിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ആ മഹത്തായ വ്യക്തിപ്രഭാവത്തിന്റെ ജീവസ്സ് എവിടെ നിന്നും ഉദ്ഭവിക്കുന്നു എന്ന് പഠിച്ചു കണ്ടത്താനല്ല, ആ രഹസ്യത്തെ മറ്റൊരാളെ കീഴ്പ്പെടുത്തി സ്വന്തമാക്കാനുള്ള ഒരു നിസ്സാര മനുഷ്യന്റെ അസൂയയും ഒളിഞ്ഞുനോട്ട ത്വരയും കവിതയിൽ പ്രതിഫലിക്കുന്നുണ്ട്. ജിജ്ഞാസ എന്നതിനെ പകിട്ടു കയറ്റി പറയുന്നതിൽ യാതൊരു പ്രസക്തിയും ഇല്ലായ്കയാൽ, ഒളിച്ച് നോട്ടം എന്ന വാക്ക് തന്നെയാണ് ചേരുക.

തോക്കും കവണയും കരുതാത്തതിൽ ആകുലനാണ് പരാക്രമി. കൊലപ്പെടുന്ന ആളെ ഒന്നു സ്പർശിക്കുക പോലും വേണ്ടാത്ത ഉപകരണങ്ങളാണവ. ലക്ഷ്യത്തിലേക്ക് ഉന്നമുള്ളൊരുവന് നിഷ്പ്രയാസം എറിഞ്ഞ് കൊള്ളിക്കാവുന്നവ. ജന്മസിദ്ധം എന്നതിലുപരി പരിശീലനത്തിലൂടെ നേടിയെടുക്കുന്ന ശേഷി. ഭൗതികവ്യായാമത്തിലൂടെയും ലക്ഷ്യമല്ലാത്ത സകലതിനെയും കാഴ്ചയിൽ നിന്നും റദ്ദ് ചെയ്യുന്നതിലൂടെയും മാത്രം ഒരാൾക്ക് പ്രാപ്യമാകുന്നതാണ് 'കൃത്യമായ ഉന്നം'. ഇവിടെ ആത്മീയത എന്നതിന്റെ കണിക പോലുമില്ല. ഉന്നം ഒരു ഭൗതിക പ്രക്രിയയുടെ ഉപോൽപ്പന്നമോ മുഖ്യോൽപ്പന്നമോ ആണ്. ഗുരുവിനു നേരെ തൊടുക്കാൻ വച്ചിരിക്കുന്ന ആയുധം ഇതിലൊന്നല്ലെങ്കിൽ, അക്രമിയുടെ പരാക്രമനീതി ഒരുപക്ഷേ സംശയിക്കപ്പെട്ടേക്കാം. അതാണ് മറന്ന് പോയ തോക്കും കവണയും ഓർമ്നപ്പെടുത്തുന്നത്.

എളുപ്പം സ്വാംശീകരിക്കാനാകാത്ത ശക്തമായ ബിംബങ്ങളുടെയും സംഭവങ്ങളുടെയും സങ്കലനമാണ് ലതീഷ് മോഹന്റെ അറിയാനുള്ള ആഗ്രഹം എന്ന കവിത.