മൂഴിക്കലിനും കോഴിക്കോടിനും ഇടയില്‍
അങ്ങോട്ടുമിങ്ങോട്ടുമെല്ലാ ദിവസവും
വന്നുപോകുന്ന പലതരക്കാരായ
അപരിചിതരെ
മൂഴിക്കലിനും കോഴിക്കോടിനും ഇടയില്‍
അങ്ങോട്ടുമിങ്ങോട്ടുമെല്ലാ ദിവസവും
വന്നുപോകുന്ന മറ്റൊരാള്‍ എന്ന നിലയില്‍
വലിയ ഇഷ്ടമായിരുന്നു ശശിധരന്,
സ്വവര്‍ഗാനുരാഗിയായി തെറ്റിദ്ധരിക്കപ്പെടാനിടയുള്ള
ഈ പ്രത്യേക സാഹചര്യത്തില്‍
മാനാഞ്ചിറ മൈതാനത്തിനു സമീപം
എത്തിപ്പെടുന്നതുവരെ
ആരുടേയോ വേലിയരികില്‍ നിന്ന്
എല്ലാവരുടേതുമായ റോഡിലേക്ക്
വളഞ്ഞുവളര്‍ന്നു നില്‍ക്കുന്ന
കൊന്നക്കമ്പ്
സൈഡ്സീറ്റിലിരിക്കുന്ന ഒരാളുടെ
മുഖത്ത് പെട്ടന്നുവന്നടിക്കുകയും
അയാള്‍
‘ഏതുമൈരനാണെടാ വേലിക്കപ്പുറത്ത്’
എന്നുണര്‍ന്നലറുകയും ചെയ്യുന്നതു പോലെ
‘സ്വവര്‍ഗാനുരാഗിയായി തെറ്റിദ്ധരിക്കപ്പെടാനിടയുള്ള
പ്രത്യേക സാഹചര്യം‘
എന്ന ബോധത്തിലേക്ക്
കണ്ണുചിമ്മി തുറക്കുന്നതുവരെ
ഒരുമാതിരിപ്പെട്ട എല്ലാവരെയും
ശശിധരന് വലിയ ഇഷ്ടമായിരുന്നു
അതിനുമുമ്പുവരെ പക്ഷേ
മൂഴിക്കലിനും കോഴിക്കോടിനും ഇടയില്‍
അങ്ങോട്ടുമിങ്ങോട്ടുമെല്ലാ ദിവസവും
വന്നു പോകുന്ന പലതരക്കാരായ
എല്ലാ അപരിചിതര്‍ക്കും
ശശിധരനെയും
വലിയ ഇഷ്ടമായിരുന്നു
2
മറ്റെല്ലാ അപരിചിതര്‍ക്കും അതിനുമുമ്പ്
തന്നെയും ഇഷ്ടമായിരുന്നു
എന്ന രണ്ടുവരി
തെളിവുകളുടെ അടിസ്ഥാനമില്ലാതെ
എഴുതാന്‍ കഴിയുന്നത്
കവിതയില്‍ മാത്രമാണെന്നും
കണ്ട കള്ളനും കൊലപാതകിക്കും
വെയിലുകായാനുള്ള
ചായ്പ്പാണ്
ഈ കൊതുമ്പുവള്ളമെന്നും
ശശിധരന്‍ തര്‍ക്കിക്കുന്നു
ഉദാഹരണമായി
ഭാഷയിലെ അപ്രതീക്ഷിത അപകടങ്ങള്‍
എന്ന സ്വന്തം കവിത ഹാജരാക്കുന്നു -
പെട്ടന്ന് ചില വാക്കുകള്‍
അപ്രതീഷിത അര്‍ഥങ്ങളെ
ഉല്പാദിപ്പിച്ചു തുടങ്ങുമെന്ന്
അതിനുമുമ്പ്
അറിയാത്തതിനാല്‍,
ലളിത,
'ആരെങ്കിലും ചായയിടുമോ'
എന്ന സ്വാഭാവിക ചോദ്യം
എന്തുകൊണ്ടാണ് എല്ലാവരെയും
ചിരിപ്പിക്കുന്നത് എന്ന്
ആലോചിച്ചു തുടങ്ങി
ഇപ്പോള്‍ ആരും ആരോടും
ഒന്നും ആവശ്യപ്പെടാറില്ലെന്നും
എല്ലാവരും അവര്‍ക്കു വേണ്ടത്
സ്വയം ചെയ്യുകയാണെന്നും
സന്തോഷം തോന്നിയതിനാല്‍,
ലളിത,
സ്വയമെഴുന്നേറ്റ് ചായ ഉണ്ടാക്കുവാന്‍
ആരംഭിച്ചു
അര്‍ഥങ്ങളില്‍ നിന്ന് അംഗചലനങ്ങളിലേക്ക്
എത്രയനായാസമാണ്
കാര്യങ്ങള്‍ സഞ്ചരിക്കുന്നത്
എന്ന സന്തോഷത്തില്‍
ചിരിച്ചു കൊണ്ടിരുന്നവര്‍
കൂടുതല്‍ ഉച്ചത്തില്‍ ചിരിക്കുകയും,
ചായയിടുന്നത് നിര്‍ത്തി
ലളിത,
ചിരിക്കുന്നവരെക്കുറേനേരം
നോക്കിനില്‍ക്കുകയും
ചിരിക്കുന്നവര്‍ പിന്നെക്കുറേനേരം
ലളിതയെ നോക്കിനില്‍ക്കുകയും...
നിര്‍ത്ത് നിര്‍ത്ത്
വെറുതേ മൂഴിക്കലിനും കോഴിക്കോടിനും ഇടയില്‍
അങ്ങോട്ടുമിങ്ങോട്ടുമെല്ലാ ദിവസവും
വന്നുപോകുന്ന
മണകൊണാപ്പാ നിന്റെ അതിഭാഷണം
എന്നു നിങ്ങളുടെ പ്രിയപ്പെട്ട
ആഖ്യാതാവ് ഇടപെടാതിരിക്കുന്നത്
എങ്ങനെയാണ്
ഈ സന്ദര്‍ഭത്തില്‍?
എത്ര ദിവസമെന്നു വെച്ചാണ്
റോഡിലേക്ക് ഈ കൊന്നക്കമ്പ്
നീണ്ടുകിടക്കുന്നത് സഹിക്കുക?
അതിനാല്‍,
നിങ്ങളുടെയേവരുടെയും
അനുവാദത്തോടുകൂടി
നിര്‍ത്ത് നിര്‍ത്ത്
മാനാഞ്ചിറ മൈതാനമേ
മനുഷ്യര്‍ക്കു ചുറ്റുമുള്ള
പതിയിരിപ്പുകള്‍
നിര്‍ത്ത് നിര്‍ത്ത്
തൊപ്പിയില്‍ നിന്നൊരായിരം
കവിത പാറിക്കും
നിന്റെ
നാട്ടുപൊയ്പേച്ചുകള്‍
നിര്‍ത്ത് നിര്‍ത്ത് ശശിധരാ
കൊതുമ്പുവള്ളമുപേക്ഷിക്ക
നടക്ക്
Showing posts with label പോസ്റ്റ് ചെയ്യാത്ത കത്തുകള്‍. Show all posts
Showing posts with label പോസ്റ്റ് ചെയ്യാത്ത കത്തുകള്‍. Show all posts
Thursday, July 8, 2010
Wednesday, March 26, 2008
ട്രോപ്പിക്കല്‍ മോണോലോഗ്
നിന്റെ ഏകാന്തത
എന്റേതു പോലെയല്ലാത്തതില്‍
ഞാനെത്രയ്ക്കു സന്തോഷിക്കുന്നുണ്ട്
എന്ന് നീയറിയുമോ, സാദീ?
നിന്റെ ചരിത്രം എന്റെ ചരിത്രം പോലെ
അല്ലാത്തതില്‍ എന്തോരം
സങ്കടമുണ്ട് എന്നറിയുമോ
(വെച്ചുമാറാന്‍ കഴിയാത്ത
ഒന്നിന്റെ സ്ഥായീഭാവം
നിന്നിലെയും എന്നിലെയും
സഞ്ചാരികളെ കളിയാക്കുകയാവണം)
മഞ്ഞുമൂടിക്കിടക്കുന്ന
നിന്റെ പട്ടാളക്കാരുടെ
ഞരമ്പുകളില്‍
അതിശൈത്യത്തിന്റെ
കപ്പലുകള്‍
ഓടിമറയുന്നത്
എന്റെ വൃദ്ധന്‍ കാണുന്നേയില്ല.
(ഉപേക്ഷിക്കപ്പെട്ട നഗരം
ഗിറ്റാറില്‍ ഒളിപ്പിച്ചു കടത്തിയ ഒപ്പിയം
എനിക്കുവേണ്ടി നീ ഓര്‍ഡര്‍ ചെയ്ത
അമേരിക്കന്‍ വിസ്കി
ഇന്ദ്രാപുരി ബാറിന്റെ റൂഫ്ടോപ്പില്‍
എന്റെ കൈതട്ടി മറിഞ്ഞ നിന്റെ വോഡ്ക:
നമ്മുടെ രൂപകങ്ങള്‍ക്ക്
മഞ്ഞുമലകളുടെ പഴക്കം)
മയക്കോവ്സ്കിയെ മറക്കൂ പെണ്ണേ
മരിച്ച ഞരമ്പിനെ ഉണര്‍ത്താതിരിക്കൂ
ജീവിതം ശീലമാക്കൂ
(നീ എന്തു സുന്ദരിയാണ്?
ഞാന്‍ എന്തു സുന്ദരനാണ്?)
ശംഖുമുഖം കടപ്പുറം
നിന്നെ കാത്തിരിക്കുന്നു.
എന്റേതു പോലെയല്ലാത്തതില്‍
ഞാനെത്രയ്ക്കു സന്തോഷിക്കുന്നുണ്ട്
എന്ന് നീയറിയുമോ, സാദീ?
നിന്റെ ചരിത്രം എന്റെ ചരിത്രം പോലെ
അല്ലാത്തതില്‍ എന്തോരം
സങ്കടമുണ്ട് എന്നറിയുമോ
(വെച്ചുമാറാന്‍ കഴിയാത്ത
ഒന്നിന്റെ സ്ഥായീഭാവം
നിന്നിലെയും എന്നിലെയും
സഞ്ചാരികളെ കളിയാക്കുകയാവണം)
മഞ്ഞുമൂടിക്കിടക്കുന്ന
നിന്റെ പട്ടാളക്കാരുടെ
ഞരമ്പുകളില്‍
അതിശൈത്യത്തിന്റെ
കപ്പലുകള്‍
ഓടിമറയുന്നത്
എന്റെ വൃദ്ധന്‍ കാണുന്നേയില്ല.
(ഉപേക്ഷിക്കപ്പെട്ട നഗരം
ഗിറ്റാറില്‍ ഒളിപ്പിച്ചു കടത്തിയ ഒപ്പിയം
എനിക്കുവേണ്ടി നീ ഓര്‍ഡര്‍ ചെയ്ത
അമേരിക്കന്‍ വിസ്കി
ഇന്ദ്രാപുരി ബാറിന്റെ റൂഫ്ടോപ്പില്‍
എന്റെ കൈതട്ടി മറിഞ്ഞ നിന്റെ വോഡ്ക:
നമ്മുടെ രൂപകങ്ങള്‍ക്ക്
മഞ്ഞുമലകളുടെ പഴക്കം)
മയക്കോവ്സ്കിയെ മറക്കൂ പെണ്ണേ
മരിച്ച ഞരമ്പിനെ ഉണര്‍ത്താതിരിക്കൂ
ജീവിതം ശീലമാക്കൂ
(നീ എന്തു സുന്ദരിയാണ്?
ഞാന്‍ എന്തു സുന്ദരനാണ്?)
ശംഖുമുഖം കടപ്പുറം
നിന്നെ കാത്തിരിക്കുന്നു.
Subscribe to:
Posts (Atom)