Showing posts with label സാറ. Show all posts
Showing posts with label സാറ. Show all posts

Saturday, July 23, 2011

ഒരു പുക കൂടിയെടുത്തിട്ട് പിരിയാം നമുക്കോമനേ



 **
എവിടെയാണ് നീയിപ്പോള്‍?/എഴുപത് വയസ്സായിക്കാണണം/നിനക്കിപ്പോളെങ്കില്‍
എവിടെയാണ്/എവിടെയാണെഴുപഴുതുകള്‍/തിരഞ്ഞ് നീ  ഇപ്പോള്‍?
 
അയച്ച കത്തുകള്‍ക്കുള്ള മറുപടികള്‍/ നിരോധിച്ചിരിക്കുന്നയിടങ്ങളിലെവിടെയോ
ആണ് നീയെന്ന് കരുതുന്നു/ എങ്കിലും/ ഏത് വണ്ടിയില്‍
ഏത് വേഷത്തില്‍/ ഏത് ലിംഗത്തില്‍/ നീയിപ്പോള്‍
അറുപതിലറുവറുതിയിലാണ്/ നീയെങ്കിലും
കാത്തിരിക്കുന്നു
നാല്‍പതിനു മുമ്പ്/ നീ മറന്നുപോയ/ നിന്റെ ഇരുപത് വര്‍ഷങ്ങള്‍


തിരിച്ചുവരുമ്പോഴെങ്കിലും/ മറക്കാതിരിക്കുക/ മരിക്കുന്നതിനുമുമ്പ്
മറന്നുവച്ച മതിഭ്രമത്തെ


 **


വളരെക്കാലം അകലെയേതോ കൊമ്പിലിരുന്ന/
കറുപ്പും മഞ്ഞയും വരകളുള്ള/
വളരെച്ചെറിയൊരു പക്ഷി/ ഏറെക്കാലത്തെ നോക്കിയിരിപ്പില്‍ അലിഞ്ഞ് /
പറന്നടുത്തേക്കു വരുമ്പോള്‍/
നമ്മളതിനെ പെട്ടന്ന് വായിച്ചു തീര്‍ത്തുകളഞ്ഞാല്‍/
കയ്യിലൂടൂര്‍ന്നൊരാള്‍ മരിച്ചതിന്റെ നിരാശ/
ചുറ്റിപ്പറ്റി നില്‍ക്കാറുണ്ടായിരുന്ന/
പഴയകാലങ്ങളില്‍ നിന്ന്
ഇരുപതു വര്‍ഷങ്ങള്‍
മറന്നുപോയൊരു ബാങ്ക് അക്കൗണ്ടില്‍ നിന്ന്
വളരെവലിയൊരു തുക
പെ/ട്ട/ന്ന്/ക/ണ്ടു/കി/ട്ടു/ന്ന/തു/പോ/ലെ


എങ്കില്‍ പോലും


ഒരു പുക, ഒരു പുകകൂടിയെടുക്കാതെ
എങ്ങനെ നമ്മളോമനേ :)

Monday, June 22, 2009

പച്ചപ്പ്പച്ചപ്പ്പച്ചപ്പ്പടരുന്നടിവേരുകളില്‍

ഒരുമുറിയിലൊരുപാടുനാള്‍
ഇരുന്നുപോയതിനുശേഷം
ഇറങ്ങിനോക്കുമ്പോള്‍
തണുത്തുവിറച്ച്‌
പച്ചപൊടിച്ചുനില്‍ക്കുന്നു,മുറ്റം

നീന്തിനോക്കുന്നുനീന്തിനീന്തിനോക്കുന്നു
തൊട്ടുനോക്കുന്നുതൊട്ടുമ്മവയ്ക്കുന്നു
ഉമ്മവച്ചുമ്മവച്ചുനോക്കുന്നു
നിന്റെഉമ്മിനീരെന്റെതന്നെയല്ലേ
എന്റെഉമ്മിനീരുനിന്റെതന്നെയല്ലേ
തുള്ളിച്ചാടുന്നുപുല്‍ച്ചാടിപുളയുന്നു
പുല്ലില്‍പൂത്തുനില്‍ക്കുംതുള്ളിയോടിടയുന്നു
തുളുമ്പുന്നു

നീന്തിനീന്തിപ്പോകുന്നു
എത്രകടലുകളൊരാളിലേക്കെന്ന്‌
നീന്തിനീന്തിപ്പോകുമ്പോള്‍
നീങ്ങിനീങ്ങിപ്പോകുന്ന
എത്രകടലുകളൊരാളിലേക്കെന്ന്‌
നീന്തിനീന്തിപ്പോകുന്നു

ഒരുമുറിയിലൊരുപാടുനാള്‍
ഇരുന്നുപോയതിനുശേഷം
ഇറങ്ങിനോക്കുമ്പോള്‍
തണുത്തുവിറച്ച്‌
പച്ചപൊടിച്ചുനില്‍ക്കുന്നു
നൃത്തംചെയ്യുന്നു
നീങ്ങിനീങ്ങിപ്പോകുന്നു
ഉണക്കാനിട്ട്
മറന്നുപോയ
നിന്റെപാവാട
ഞാനെടുത്തുവെക്കുന്നു
നീതിരിച്ചുവരുമ്പോള്‍
നീപെയ്തുനിറഞ്ഞ
പൂപ്പല്‍പടര്‍ന്ന
എല്ലാമരങ്ങളുംനിറഞ്ഞപാവാട

ഒരറ്റത്തുനിന്ന്
വലിച്ചുകെട്ടിയഅതിരുകളായിരുന്നു
നിറയെവൃത്തിവിരിച്ചിട്ട,മുറ്റം
പച്ചപ്പിത്രയുംവന്നുനിറയുമ്പോള്‍
ഇരുന്നുപോയവന്റെമറവിയില്‍
ഇല്ലാതാകുന്നതിരുകള്‍
അതിരുകളില്‍തളിരിലകള്‍മുളയ്ക്കുന്നു
മൂളിപ്പോകുംതുമ്പികള്‍പ്പൂക്കുന്നു
അതിരുകളതിരുകളടര്‍ന്നുപോകുന്നു
അടര്‍ന്നടര്‍ന്നടര്‍ന്നുപോകുന്നതിരുകള്‍
പച്ചപ്പ്‌
പച്ചപ്പ്‌
പച്ചപ്പ്‌
പടരുന്നടിവേരുകളില്‍