Wednesday, April 2, 2008

അവനവനിലേക്കുള്ള വഴികള്‍

രാത്രി ഏറെ വൈകിയതിനു ശേഷം,
മേലേക്ക്‌ നോക്കിക്കിടക്കുമ്പോള്‍
കടലുപോലത്തെ തട്ടിന്‍പുറവും
തിമിംഗലങ്ങളെപ്പോലെ
ഇഴഞ്ഞിറങ്ങിവരുന്ന പല്ലികളുമുള്ള
ഒരു മുറി എനിക്കുണ്ടായിരുന്നല്ലോ
അതെവിടെയാണ്‌
എന്ന്‌ തലപുകഞ്ഞുകൊണ്ട്‌,
മറ്റൊരാളുടെ കൂടാരത്തിലേക്ക്‌
കയറിച്ചെന്നു എന്നിരിക്കുക

അവസാനത്തെ ലാര്‍ജില്‍
വിരസതയ്ക്കെതിരെ
ഗൂഢാലോചന നടത്തി
അവസാനത്തെ സിഗരറ്റിന്റെ
ഫില്‍റ്ററില്‍ തീ കൊളുത്തി
'നിന്റെ നഗരത്തിന്റെ മണമെന്ത്‌
അവസാനത്തെ ബസ്‌ ഏതു
കൊക്കയിലേക്കാണ്‌ മറിഞ്ഞത്‌?'
എന്ന പതിഞ്ഞ ചോദ്യത്തോടെ
തലകുനിച്ചിരിക്കുന്ന
ഏറ്റവും വലിയ ആതിഥേയനെ
അവിടെ കണ്ടുമുട്ടി
എന്നുകരുതുക

അയാളുടെ ഭാര്യ അകത്തെവിടെയോ
കിടന്ന്‌ സ്വയംഭോഗം
ചെയ്യുകയാണെന്നും
അയാളുടെ മകള്‍ ഇന്നലെ ഏതോ
പാട്ടുകാരന്റെ കൂടെ
ഒളിച്ചോടിപ്പോയെന്നും
അയാളുടെ അച്ഛനാണ്‌
ജോണ്‍ ലെനനെ കൊന്നത്‌ എന്നും
അയാള്‍ പറഞ്ഞാല്‍

അയാളുടെ കമണ്ഠലുവിലെ
റിവോള്‍വറിനെ സ്തുതിച്ച്‌,
പാട്ടില്‍ നിന്നും പാട്ടിലേക്ക്‌
പെടാപ്പാടുപെട്ട്‌ ജീവിക്കുന്ന
പാട്ടുകാരനല്ലാത്ത താങ്കള്‍
ഏതുഗാനം മൂളും?

നന്നായി നന്നായി
കണ്ണാടിയായിപ്പോയ
ചങ്ങാതിയാണ്‌
അയാളെന്ന്‌ തോന്നുകില്‍
കാള്‍ ലൂയിസിന്റെ കാലുകള്‍
നിങ്ങള്‍ക്കാര്‌ കടംതരും?

അതിനാലാണ്‌ സഹോദരാ
എന്റെ മുറിയിലേക്കുള്ള വഴിയറിയുന്ന
തെരുവുനായയെ
ഞാന്‍ കൂടെക്കൊണ്ടു നടക്കുന്നത്‌

10 comments:

Latheesh Mohan said...

വിരസതയ്ക്കെതിരെ
ഗൂഢാലോചന :(

vadavosky said...
This comment has been removed by the author.
vadavosky said...

Insomnia തന്നെ.
ഹൊ.

വിഷ്ണു പ്രസാദ് said...

ഏകാന്തത,വിരസത,സാര്‍വത്രികമായ ദുരന്ത ബോധം ഇതെല്ലാം ഈ കവിതയിലുമുണ്ട്.
ലതീഷ്,ഈ മട്ടില്‍ നീ എഴുതിയ കവിതകള്‍ കുറച്ച് വായിച്ചതിനാല്‍ പുതുമ തോന്നുന്നില്ല.ഈ ശൈലിയില്‍ നിന്ന് ഒന്ന് പുറത്തുചാടാന്‍ സമയമായെന്ന് തോന്നുന്നു.

420 said...

നന്നായി നന്നായി
കണ്ണാടിയായിപ്പോയ
ചങ്ങാതിയാണ്‌..

Dinkan-ഡിങ്കന്‍ said...

തോക്കിനെന്താണ് സംഭവിച്ചത് എന്ന് പകച്ചു നോക്കിനിന്ന്, സുഹൃത്ത് ജോസിന്റെ പലായനത്തിനുള്ള അപേക്ഷ നിരസിച്ച ചാപ്‌മാന്‍ പുത്രനാണോ ആഥിതേയന്‍? കൊള്ളാം!

- said...

വിഷ്ണുപ്രസാദ് തെറ്റു തിരുത്തുവാണോ ? അതോ “ മാഷ്” ആയതോ :)

Siji vyloppilly said...

ലതീഷിന്റെ ബ്ലോഗില്‍ കയറിയിറങ്ങി മൊത്തം വായിച്ചതിനു ശേഷം ഞാന്‍ ഏകാകിയും,ദുഖിതയും,മൗനിയുമായി ..ഇടവഴിയിലേക്കിറങ്ങി.

Latheesh Mohan said...

സിജി,

ഇടവഴികളിലാണ് ജീവിതം. അതിന്റെ കുഴപ്പമാണ്. ഇവിടെ വന്നതിന് നന്ദി..

yousufpa said...

എന്തിനീ ഈ നിരാശയെന്‍ സോദരാ..,
ആസ്വദിച്ചീടുക ജീവിതം,ഉന്മാദമരുതേ.