Tuesday, April 15, 2008

എങ്കിലും എനിക്കോര്‍ക്കാന്‍ എന്റെ മാത്രം ഓര്‍മയല്ലേയുള്ളൂ

കടല്‍പാലം
പറന്നുപോകുന്നതിന്റെ ചിറകടി
കാതോര്‍ക്കാതെ കേള്‍ക്കാം
(ചെവിയോര്‍ക്കാതെയും കേള്‍ക്കാം).
ഒന്നും ഓര്‍ത്തില്ലെങ്കിലും കേള്‍ക്കാം;
പറന്നുപോകുന്നത്‌ എന്റെമാത്രം
ഓര്‍മയല്ലല്ലോ.

'അധികം ദൂരേക്ക്‌ ഓര്‍ക്കേണ്ട
ഞങ്ങള്‍ വന്ന അന്നുമുതല്‍ മതി ഓര്‍മ'
എന്ന്‌ പെട്ടന്നവര്‍ ക്ഷുഭിതരാകുന്നു.

മഴ പെയ്യുന്നുണ്ടായിരുന്നല്ലോ
നിങ്ങള്‍ക്കു മുമ്പേയും
എന്നൊന്നും തര്‍ക്കിച്ചിട്ട്‌
കാര്യമില്ല.
(അവര്‍ വന്നതിനു ശേഷം
നിലച്ചുവോ മഴ!
നാളെ ഇടവഴി കടന്നുനോക്കണം
മരംപെയ്യുന്നുണ്ടാവണം ചിലപ്പോള്‍).

എന്തിനായിരുന്നു പണ്ട്‌
കടല്‍പ്പാലങ്ങള്‍?
കടല്‍ കയറിയെത്തിയതെത്ര
ജാരമണ്ഡൂകങ്ങള്‍?
'അത്രയാഴത്തിലൊന്നും
വേണ്ടാ ചോദ്യങ്ങള്‍
നമ്മളിവിടെ
കടലകൊറിച്ചിരുന്നത്‌ ഓര്‍ക്കുന്നുവോ'
എന്ന്‌ അവരിലൊരാള്‍.

മിണ്ടാതിരിക്കാം
മിണ്ടാതെ കേള്‍ക്കാം
ചെവിയറിയാതെ
സ്വയംമുറിയാം
പറന്നുപോകുന്നിതെത്രയോ
കടല്‍പ്പാലങ്ങള്‍.

8 comments:

വിഷ്ണു പ്രസാദ് said...

വായിച്ച് നന്നായി എന്നു പറയാന്‍ തുടങ്ങുമ്പോഴാ ലേബല്‍ വായിച്ചത്.എങ്കിലും കേള്‍ക്കുന്നുണ്ട് കടല്‍പ്പാലം പറന്നുപോകുന്ന ചിറകടി..

vadavosky said...

ഇടവഴി കടന്ന് ചെന്ന് മരം പെയ്യുന്നത്‌ കാണുന്നത്‌ എന്റെ ഓര്‍മയിലുണ്ട്‌. അത്‌ എനിക്കോര്‍ക്കാന്‍ എന്റെ ഓര്‍മയില്‌.......

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പറന്നുപോകുന്നിതെത്രയോ
കടല്‍പ്പാലങ്ങള്‍...

അങ്ങനെതന്നെ

Siji vyloppilly said...

എനിക്കോര്‍ക്കാന്‍ എന്റെ ഓര്‍മ്മകള്‍കൂടിയില്ലെങ്കില്‍ പിന്നെ ഞാന്‍ ആരാണ്‌?

Latheesh Mohan said...

വിഷ്ണു,
പഴയതായിരുന്നു ഭേദം അല്ലേ? എനിക്കും തോന്നുന്നുണ്ട്.
വഡവോസ്കി,
താങ്കളോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ലാ, എല്ലായ്പ്പോഴും ഇങ്ങനെ വന്നു പോകുന്നതിന്
പ്രിയയ്ക്കും, സിജിക്കും നന്ദി

വെള്ളെഴുത്ത് said...

അപ്പോള്‍ പറന്നു പോകുന്നത് ഓര്‍മ്മകളാണ് കടല്‍പ്പാലങ്ങളല്ല. എതെങ്കിലും ഓര്‍മ്മയ്ക്കുണ്ടോ അത്രയ്ക്കു കനം. പക്ഷേ അവ കടലിലേയ്ക്ക് ഇറങ്ങി നില്‍ക്കും. എങ്കിലും പറന്നു പോകുമോ? എനിക് എന്റെ കാര്യമല്ലേ അറിയാവൂ മറ്റുള്ളവരുടെ അനുഭവങ്ങളിലേയ്ക്ക് കൂടു മാറുന്നതെങ്ങനെ, പാലങ്ങളില്ലെങ്കില്‍?

ushakumari said...

കവിതകള്‍ ഇപ്പോഴാണ് വായിക്കുന്നത്‌,ഇഷ്ടമായി, ഇനി വായിച്ചോളാം...ലാപുടയുടെ ഏതോ കവിത ഓര്‍മിപ്പിച്ചു.. ആശംസകള്‍!

ശ്രീ said...

നന്നായിട്ടുണ്ട്.
:)