Tuesday, May 13, 2008

പാര്‍ക്ക്‌

തെരുവിലേക്ക്‌ കരിയിലകളും
പൂക്കളും വാരിവാരിയിട്ട്‌
ഒരു ചാരുകസേര പതിയെ
കാലുകൊണ്ട്‌ മുന്നോട്ടു നീട്ടിനീട്ടിയിട്ട്‌
നിങ്ങളിരീക്കൂ നിങ്ങള്‍ മാത്രമിരിക്കൂ
എന്നൊരു തണല്‍മരം
വളരെക്കാലമായി
ഒറ്റയ്ക്കു പതിവായി
നടന്നു പോകുന്ന ഒരാളെ
കളിയാക്കുകയോ
എല്ലാം മനസ്സിലാകുന്നുണ്ട്‌
എന്ന്‌ ആശ്വസിപ്പിക്കുകയോ
ചെയ്യുന്നുണ്ട്‌

അയാള്‍ നടക്കുന്നത്‌
ഇരുന്നിരുന്ന്‌ ക്ഷീണിച്ചിട്ടാണെന്ന്‌
മരമറിയുമോ
അയാളുടെ നടപ്പിലെ
മടുപ്പറിയുമോ
നടന്നില്ലെങ്കില്‍ മടുക്കുമെന്നറിയുമോ

തിരിച്ചുചെന്ന്‌,
രണ്ടുപേര്‍ ചാരിനില്‍ക്കുന്ന
ഒരു മരത്തിന്റെ ചിത്രം
അയാള്‍ വീണ്ടുമെടുത്തു
നോക്കുമ്പോള്‍
വര്‍ഷങ്ങളായി നിന്നുപോയ
ഒരു കാക്കയുടെ പറക്കല്‍
മരത്തിന്റെ മുകളില്‍
ചിറകടിക്കുന്നു

വരൂ ഇരിക്കൂ എന്ന്‌ പറയുന്നുണ്ടാവണം
നിന്നനില്‍പില്‍ മരം
അറിയുന്നുണ്ടാവണം

എന്നും കാണുന്നതിന്റെ
പരിചയത്തില്‍
കൊരുത്തെടുക്കുന്നുണ്ടാവണം
കാലും ചിറകുമില്ലാത്ത
ഉടലറിയാത്ത
ഓര്‍മയില്‍ രക്തമോടാത്ത

ശീലങ്ങള്‍

9 comments:

ഫസല്‍ ബിനാലി.. said...

കൊള്ളാം, ചില വരികള്‍ ഫീല്‍ ചെയ്യുന്നുണ്ട്,ആശംസകള്‍

vadavosky said...

ഈ കവിത മനസ്സില്‍ തൊട്ടു ലതീഷ്‌.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അസ്സല്‍ കവിത!

ഗുപ്തന്‍ said...

തകര്‍ത്തു... ചൂളമടിക്കുന്ന ഒരുത്തിയെ മുന്‍പു കണ്ടിട്ടുപോയ അതേ സന്തോഷം.

പഴയത് എന്ന ലേബലില്ലാത്തതില്‍ അതിലും സന്തോഷം. :)

നിറകണ്‍ചിരി.. said...

ഈ മരത്തില്‍
തൂങ്ങി കാലംചെയ്യാനുള്ള
സംവിധാനമുണ്ടോ?

(ഞാന്‍ ഹരിയാണ്‌..
കവിത അനുഭവിച്ചു)

Dinkan-ഡിങ്കന്‍ said...

Park-in-son !!!

Sanal Kumar Sasidharan said...

ഇരിക്കരുത് സുഹൃത്തേ ‘മരം ഒരുപക്ഷേ തണല്‍ തിരികെചോദിച്ചേക്കാം‘.

Latheesh Mohan said...

എല്ലാവര്‍ക്കും നന്ദി..

വഡവോസ്കിയും ഗുപ്തനും തിരിച്ചെത്തിയതില്‍ സന്തോഷം.

sree said...

തണല്‍ ഇങ്ങനെയുമോ..? ഇവിടെ നിന്നു..പോയി...