Monday, July 21, 2008

ഒരേ സമയത്ത്‌ നടന്ന മൂന്ന്‌ സാമാന്യ സംഭവങ്ങളുടെ അത്ഭുത വിവക്ഷകള്‍

അനിതാ ദേശ്പാണ്ഡേ

ആറാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും
ഒരു കാക്ക മുകളിലേക്ക്‌ പറന്നുപോകുന്നു

അടുക്കളയില്‍ പാല്‍ തിളച്ചു തൂവുന്നു

അവിവിവാഹിതയും മൗനിയുമായ ഒരുവളുടെ
കിടക്കയില്‍ നിന്നും അറ്റംപൊട്ടിയ ഒരു കോണ്ടം
വേലക്കാരന്‍ കണ്ടെടുക്കുന്നു

ദാമോദരന്‍ വി വി

ഏഴാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റിന്റെ
അല്‍പമുയര്‍ത്തിവച്ച കണ്ണാടിച്ചില്ലിനിടയിലൂടെ
പുകഞ്ഞുതീര്‍ന്ന ഗോള്‍ഡ്‌ ഫ്ലേക്ക്‌ താഴേക്ക്‌ പോകുന്നു

അടുക്കളയില്‍ പാല്‍ തിളച്ചു തൂവുന്നു

വിവാഹിതനും ചെയിന്‍ സ്മോക്കറുമായ ഒരുവന്റെ
കിടക്കയില്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ തയാറായി
വേലക്കാരി കാലുകള്‍ അകത്തിവയ്ക്കുന്നു

അനിതാ ദേശ്പാണ്ഡെ

ഏഴാം നിലയിലെ മൂന്നാം ഫ്ലാറ്റില്‍ നിന്നും
താഴേക്ക്‌ വീണ ഒരു പെണ്‍ലമ്പടന്‍
സ്വിമ്മിംഗ്‌ പൂളില്‍ കിടന്ന്‌ ആറാം നിലയിലെ
മൂന്നാം ഫ്ലാറ്റിലേക്ക്‌ നോക്കുന്നു

തിളച്ചു തൂവുന്ന പാല്‍ അടുക്കളയില്‍ നിന്നും
താഴേക്ക്‌ ഒഴുകുന്നു

ആറാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും
തൂവിയൊഴുകുന്ന പാലില്‍ ഏഴാം നിലയിലെ
മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും വന്ന പാല്‍ കൂട്ടിമുട്ടുന്നു

ദാമോദരന്‍ വി വി

എല്ലാ ദിവസവും രാവിലെയുണര്‍ന്ന്‌ പൂന്തോട്ടം നനയ്ക്കുന്ന
ഒരുവന്റെ നിസംഗതയോടെ ഇലവേറ്റര്‍
മുകളിലേക്കു പോകുന്നു

അഞ്ചാമത്തെ നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍
പാല്‍ തിളച്ചു തൂവുന്നതു കേട്ട്‌
പൂന്തോട്ടം നനയ്ക്കുന്നതു നിര്‍ത്തി ഒരാള്‍
സ്കൂളിലേക്കു പോകുന്ന കുട്ടികളെ കൈവീശുന്നു

മറ്റൊരു സിഗരറ്റിന്‌ തീകൊളുത്തുന്നു

--- സ്ഥലകാലങ്ങളുടെയും മുന്‍ധാരണകളുടേയും ഉടയാടകളില്‍ ഞാനിനി എത്രകാലം ഒളിച്ചിരിക്കുമെന്ന്‌, പുറകോട്ട്‌ പറക്കുന്ന മുടിയിഴകള്‍ വകഞ്ഞൊതുക്കിക്കൊണ്ട്‌ ചിന്തിക്കാനായി, കുട്ടികള്‍ സ്കൂളിലേക്ക്‌ പോയതിനു ശേഷമുള്ള സമയം മാറ്റിവയ്ക്കാം എന്ന്‌ ആലോചിച്ചുകൊണ്ട്‌, അടുക്കളയിലേക്ക്‌ നടന്നു വരികയായിരുന്നു ഇതേ സമയം മൈഥിലി. കാണ്ഡങ്ങളിലും കാനനങ്ങളിലും ഇനിയെത്ര നാള്‍ ബാക്കിയുണ്ട്‌ എന്നറിയാന്‍ അവള്‍ അതിനിടയില്‍ കലണ്ടറില്‍ ഒളിഞ്ഞു നോക്കുകയും ചെയ്തു. ഉള്ളിലെന്തോ ചലിക്കുന്നതിന്റെ അലോസരത്തില്‍ 'കുസൃതി നിര്‍ത്തുക മഹാമുനേ' എന്ന്‌, അവളൊരായിരം പുംബീജങ്ങളെ ശാസിച്ചു ---

നാലാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ തിളച്ചുകൊണ്ടിരിക്കുന്ന പാല്‍
അഞ്ചാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും പാലെത്തിയില്ലല്ലോ
എന്നയക്ഷമയില്‍ പുറത്തേക്ക്‌ തലതല്ലിത്തെറിച്ചത്‌,
കോണ്ടം പൊട്ടിയ കാണ്ഡത്തിലേക്ക്‌ അപ്പോള്‍ പ്രവേശിച്ച
അവള്‍ അറിഞ്ഞില്ല

അതിനാല്‍, മൂന്നാം നിലയിലെ മൂന്നാം ഫ്ലാറ്റില്‍...

14 comments:

വിഷ്ണു പ്രസാദ് said...

ലതീഷേ,കവിത ഇഷ്ടമായി.പ്രത്യേകിച്ച്,അതിന്റെ ക്രാഫ്റ്റ്.

Manoj | മനോജ്‌ said...

അതു ശരി, അപ്പോള്‍ അങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ കിടപ്പ്... കവിത പുരോഗമിക്കട്ടെ!

Dinkan-ഡിങ്കന്‍ said...

Life: A User's Manual ന് മലയാളം കവിതാ ഭാഷ്യം?
കൊള്ളാം!

Dinkan-ഡിങ്കന്‍ said...

After a second reading, I am able to visualize Anitha, Dhamodharan , Mythili etc. there in "11 rue Simon-Crubellier"
Bingo!

ഹാരിസ് said...

ക്രാഫ്റ്റ്....ആദിത്യനും രാധയും മറ്റുചിലരും ഓര്‍മ്മിപ്പിച്ചു;യുക്തിസഹമായ കാര്യകാരണങ്ങിളില്ലാതെ തന്നെ...

Roby said...

ലീനിയറും നോണ്‍ലീനിയറും എല്ലാം വായിച്ചിട്ടുണ്ട്. മള്‍ട്ടിലീനിയര്‍ എന്നൊരു ആഖ്യാനസാധ്യതയെക്കുറിച്ച് ആലോചിച്ചിരുന്നു...ഏതായാലും ഇത് രസകരമായി.

ലതീഷ് താര്‍സെന്‍ സിങിന്റെ സിനിമകള്‍ കണ്ടിട്ടുണ്ടോ? ഉണ്ടാവണം...:)

(ഏതെങ്കിലും അലവലാതികളുടെ തെറി കേള്‍ക്കേണ്ടിവരുമോ എന്നോര്‍ത്ത് ഇപ്പോള്‍ കവിതയ്ക്ക് കമന്റെഴുതാന്‍ പേടിയാ)

അയല്‍ക്കാരന്‍ said...

യുദ്ധകാണ്ഡം തുടങ്ങുമ്പോള്‍ വരാം മൈഥിലിയെ രക്ഷിക്കാന്‍....., കര്‍ക്കിടകം തുടങ്ങിയതല്ലേ ഉള്ളൂ :)

അനിലൻ said...

ഉള്ളിലെന്തോ ചലിക്കുന്നതിന്റെ അലോസരത്തില്‍ 'കുസൃതി നിര്‍ത്തുക മഹാമുനേ' എന്ന്‌, അവളൊരായിരം പുംബീജങ്ങളെ ശാസിച്ചു

കവിത പുതിയ ഇടങ്ങളിലെത്തുന്നു. നല്ല ചലനാത്മകത.

നല്ല പരീക്ഷണം ലതീഷ്.

**അല്ലെങ്കില്‍ത്തന്നെ അക്കങ്ങളോട് കലിയാണ്. മനുഷ്യന്‍ നിലകളെണ്ണി വിഷമിക്കുമല്ലോ!

Tomz said...

എഴുത്ത് നന്നാവുന്നുണ്ട്

Latheesh Mohan said...

വിഷ്ണൂ, സ്വപ്നാടകന്‍, അയല്‍ക്കാരന്‍, ടോംസ്: നന്ദി. വീണ്ടും വരിക
ഡിങ്ക്സ്: നീ സി ഐ ഡി പണി തുടങ്ങിയോ? നോവലുകളില്‍ നീ എത്തിപ്പെട്ടതെങ്ങനെ? അതല്ല, അതല്ല :)
ഹരീസ്: ആദിത്യനും രാ‍ധയും???
റോബീ, തര്‍സിം സിംഗിനെയാണോ ഉദ്ദേശിച്ചത്? എങ്കില്‍, ആര്‍ ഇ എം വീഡിയോകള്‍ മാത്രമേ ഞാ‍ന്‍ കണ്ടിട്ടുള്ളൂ. സെല്ലിനെ കുറിച്ച് ഒരു സുഹൃത്ത് അടുത്തിടെ ഘോരഘോരം സംസാരിച്ചിരുന്നു. ലൂസിംഗ് മൈ റിലിജിയന്‍ വെച്ചു നോക്കുമ്പോള്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആകാതെ തരമില്ല. ഞാന്‍ ഡി വി ഡി തപ്പിയിരുന്നു. കിട്ടിയില്ല :(
അനില്‍, അക്കങ്ങളെക്കുറിച്ച് ചിലതു പറയാനുണ്ട്. അതു പിറകെ :)

Mahi said...

ഉള്ളില്‍ ക്രമം തെറ്റി നടക്കാന്‍ കഴിയുന്ന ഒരാള്‍ക്ക്‌ മാത്രം പോകാന്‍ കഴിയുന്ന ദൂരങ്ങളുടെ ഒരു പുതിയ സാധ്യതയാണീ കവിത

poor-me/പാവം-ഞാന്‍ said...

aake confuscious aayi

Kuzhur Wilson said...

മദ്യവും ആസക്തിയും ഇല്ലാത്ത , ഉറക്കം വരുന്ന ഈ രാത്രിയെ നിനക്ക് തന്ന് ഞാന്‍ ഉറങ്ങാന്‍ കിടക്കുന്നു.

എന്തും വരെട്ടെ

ഏത് നിലയില്‍ എന്നില്ല. പാലൊട്ടുമില്ല. ആ ടൈപ്പ് അല്ലെങ്കിലും ഇന്ന് നിന്നെ കെട്ടിപ്പിടിച്ച് കിടക്കണം എന്ന ഒരു തോന്നല്‍.

ഉണരുമ്പോള്‍ മാറുമായിരിക്കും

Latheesh Mohan said...

വിത്സാ, ഇനിയിപ്പോള്‍ നീ ആ ടൈപ് ആണെങ്കിലും ഞാന്‍ റെഡി :)

നന്ദി, നീ തന്ന രാത്രികള്‍ക്ക്