Saturday, September 20, 2008

ചെവികള്‍ ചെമ്പരത്തികള്‍ :-

Love is like chess: Any fool can go and make the first move
But only experience makes the player
(Zvonimir Berkovicന്റെ Rondo എന്ന ചിത്രത്തിന്റെ സബ് ടൈറ്റിലില്‍ നിന്നും)
.
.
വിചിത്രവും വിരൂപവുമായ രൂപങ്ങളില്‍ കൌതുകത്തിന്‌ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്‌
ചെവികളിലാണെന്ന്‌ തെളിയിക്കാനായാണ്‌, കണ്ണട (കണ്ണട, വൈചിത്രത്തിന്റെ പരമ്പരകള്‍) താഴ്ത്തിവച്ച്‌ പഴയൊരു പാട്ടുകാരന്റെ വിചിത്രശീലങ്ങളെക്കുറിച്ച്‌ അയാളുടെ ഭാര്യ
ചെറുപ്പക്കാരനായ ഒരുവനോട്‌ സംസാരിച്ചു തുടങ്ങിയത്‌

:- അപ്പോഴാണ്‌ പഴയ ഫോട്ടോകള്‍

ആ മുറിയുടെ തെക്കേകോണിലുള്ള ഫോട്ടോ എന്തിനാണ്‌
ഈ മുറിയുടേയും തെക്കേകോണില്‍ തന്നെ തൂക്കിയിരിക്കുന്നത്‌?
അല്ല, വരാന്തയിലുമുണ്ടല്ലോ തെക്കേ കോണില്‍. എന്തിനാണ്‌ എന്താണ്‌ എന്തുകൊണ്ടാണ്‌?

കേള്‍ക്കാന്‍ വന്നവന്‍ ചോദ്യങ്ങളില്‍ ആസക്തനാകുന്നത്‌ തീര്‍ച്ഛയായും തെറ്റാണ്‌. നിരുപദ്രവങ്ങളായ അന്ധവിശ്വാസങ്ങളല്ല; കൂട്ടംതെറ്റി നില്‍‍ക്കുന്ന വിചിത്രശീലങ്ങളാണ്‌ നാഗരികതയുടെ പോരായ്മയെന്ന്‌ പാട്ടുകാരന്റെ ഭാര്യ.

ചെമ്പരത്തിപ്പൂ ചെമ്പരത്തിപ്പൂ :-

ചെവിയില്‍ ചെമ്പരത്തിപ്പൂ ചൂടി നില്‍ക്കുന്ന ഒരുവന്റെ ഫോട്ടോയില്‍ നിന്നുമാണ്‌ എന്റെ വാദങ്ങള്‍ തുടങ്ങുന്നത്‌.
സുമംഗലികളുടെ നെറ്റിവേര്‍പാടിലെ സിന്ദൂരക്കുറിപോലെ പ്രത്യക്ഷത്തില്‍ ഒരാഭരണം എന്ന നിലയിലല്ലാതെ ചെവിയിലെ
ചെമ്പരത്തിക്ക്‌ മറ്റ്‌ അര്‍ഥങ്ങളൊന്നുമില്ല, അപരിചിതനായ ഒരാളില്‍. പരിചിതനായ ഒരാളാണ്‌,എല്ലായ്പ്പോഴുമെന്നപോലെ,
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌. ചെവി, ചെമ്പരത്തി, സിന്ദൂരം, സുമംഗലി എന്നിങ്ങനെ അയാള്‍ പെട്ടന്ന്‌ ഭയന്നുമാറുന്നു.

അപായത്തിന്റെ ഈ സൂചനകള്‍ എല്ലാ തെക്കേകോണുകളിലും
ചിലന്തിവലകള്‍ പോലെയുണ്ട്‌ എന്നിരിക്കെ,
ചെവികള്‍ മാത്രമെങ്ങനെ മാറിനില്‍ക്കും എന്നല്ലേ?

:- അതേ, അതുതന്നെയാണ്‌

ചിലന്തിവലകളെ അനുസ്മരിപ്പിക്കുന്ന ആകൃതി‍ മാത്രമല്ല അതിനെ
പിടിതരാത്ത ഒരു വിചിത്രജന്തു ആക്കുന്നത്‌.
ഏറ്റവുമടുത്ത ഒരാളെ എല്ലായ്പ്പോഴും ആദ്യമറിയുന്നത്‌ ചെവികളാണ്‌. അപരിചിതരായവരെ ആഴങ്ങളില്‍
പരിചിതരാക്കുന്നത്‌ ചെവികളാണ്‌. അടുത്തടുത്തുവരുന്ന നിശ്വാസം, ചെറിയ ചെറിയ പിടച്ചിലുകള്‍,
ചുംബനം പോലെ അപകടകരമായ ഒരു സന്ദേശം. ചെവി ഒരു കുമ്പസാരക്കൂട്‌:
അത്രമേല്‍ ഗാഢമായ തിരിച്ചറിവ്‌:
ഞാന്‍ ചിലപ്പോള്‍ നിന്നെ സ്നേഹിച്ചുപോയേക്കും എന്ന്‌ അപ്പുറത്തുനിന്ന്‌ ഒരു കുറ്റസമ്മതം. ആദ്യത്തെ സ്പര്‍ശനം.
അവിടെ മാത്രം ഉമ്മവയ്ക്കല്ലേ,
അവിടെ മാത്രം ഉമ്മവയ്ക്കല്ലേ എന്ന്‌ നീട്ടിത്തരുന്ന ഉന്‍മാദം.

പക്ഷേ ഫോട്ടോകള്‍ :-

പഴയൊരു പാട്ടുകാരന്റെ പഴയ ചിത്രങ്ങളല്ലേ
തെക്കേമൂലകളില്‍. അല്ലേ?
അല്ല, അയാളുടെ ചെവികള്‍ ചെമ്പരത്തിപ്പൂവുകള്‍ തന്നെയാണെല്ലോ?
അയാള്‍ക്ക്‌ എന്തായിരുന്നു?
എവിടെയാണ്‌ അയാളിപ്പോള്‍?

പാട്ടുകാരന്റെ ഭാര്യക്ക്‌ ബോറടിക്കുന്നു.
ഈ ചെറുപ്പക്കാരുടെ ഒരു കാര്യം.
അവര്‍ക്കെല്ലാം അറിയണം

6 comments:

അനില്‍@ബ്ലോഗ് // anil said...

പരിചിതനായ ഒരാളാണ്‌,എല്ലായ്പ്പോഴുമെന്നപോലെ,
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌. ചെവി, ചെമ്പരത്തി, സിന്ദൂരം, സുമംഗലി എന്നിങ്ങനെ അയാള്‍ പെട്ടന്ന്‌ ഭയന്നുമാറുന്നു.


അധികം വഴുക്കലില്ലെന്നു തോന്നുന്നു ലതീഷ്.

Mahi said...

വെളിപാടുകളുടെ ഉന്‍മാദങ്ങള്‍ ഈ കവിതയില്‍ തിരിച്ചു വരുന്നുണ്ട്‌.........

അനിലൻ said...

ഒരേ സമയം പല അളവുകളില്‍ തോന്നുന്ന മുറിയില്‍ കടന്നതുപോലെ
ഒരേസമയം പലനിറങ്ങളില്‍ കാണപ്പെടുന്ന ആകാശം കണ്ടിരിക്കുന്നതുപോലെ
വിഭ്രമം ആഹ്ലാദം ഉന്മാദം

ദാലീ എന്ന് നിന്നെ ഉറക്കെ വിളിക്കാന്‍ തോന്നുന്നു.

മനോജ് കാട്ടാമ്പള്ളി said...

ഈ വരച്ചിടലുകള്‍ക്ക് വല്ലാത്ത ആഴമുണ്ട്...

gi. said...

ഈ ചെറുപ്പക്കാരുടെ ഒരു കാര്യം!

ഒരു കൂറ്റന്‍ ഊഞ്ഞാലിലാടിയതു പോലെ.

ലേഖാവിജയ് said...

.. അതേ അതു തന്നെയാണ് ;)