Saturday, October 4, 2008

കൈത്തൊടിനുമീതേ കടലൊഴുകുന്നു - 1

ഓടിക്കിതച്ച്‌ പടിഞ്ഞാറുവശത്തെത്തുമ്പോള്‍ ആ നിമിഷത്തിന്റ്റെ ഏറ്റവും വലിയ എതിരാളിയായി കൈത്തോടു പോലെ ഒരു പെണ്‍കുട്ടി. മൈതാനത്തിനും കളിക്കാര്‍ക്കും മേലെ പൂര്‍ണ്ണ ആധിപത്യമുള്ള റഫറിയായാണ്‌ അവളുടെ നില്‍പ്പ്‌.

എന്നെ ഒളിക്കുക അസാധ്യം എന്ന്‌ അവള്‍ പ്രഖ്യാപിക്കുന്നുണ്ട്‌. മറവുകള്‍ക്ക്‌ സാധ്യതകളുള്ള ഇഞ്ചക്കാട്ടിലേക്കും മുളങ്കൂട്ടത്തിന്‌ പിന്‍വശത്തേക്കും അവള്‍ നില്‍ക്കുന്നിടത്തു നിന്ന്‌ നേര്‍രേഖാദൂരം മാത്രം. അവളിതുവരെ എന്നെക്കണ്ടിട്ടില്ലെങ്കിലും പുല്ലുതിന്നുന്ന പശുവിന്റ്റെ ചലനത്തിനൊപ്പം അവളുടെ കയ്യിലെ കയര്‍തലപ്പ്‌ തിരിയുമ്പോള്‍ തീര്‍ച്ചയായും എനിക്ക്‌ ഒളിക്കാന്‍ സ്ഥലമില്ല.

പക്ഷേ അകത്തുനിന്ന്‌ തടയാനാകാത്തവിധം വന്ന ഒരാന്തലില്‍ ഞാനവളെ മറന്നു. ശബ്ദമുണ്ടാക്കിക്കൊണ്ടു തന്നെ ഇഞ്ചക്കാടിന്റ്റെ മറവിലേക്ക്‌ കുന്തിച്ചിരുന്നു. ആശ്വാസം എന്ന വാക്കിനെ അറിയുന്നതിനിടയില്‍ അവളെ മറന്നേപോയി. പതിയെ കണ്ണുതുറന്ന്‌ നോക്കുമ്പോള്‍ അവളില്ല. അവള്‍ കണ്ടിരിക്കും എന്നുറപ്പാണ്‌. എന്റെ സ്വകാര്യത ഇതിനേക്കാള്‍ നിര്‍ലജ്ജമാകാനില്ല. പക്ഷേ പ്രശ്നം ഇപ്പോള്‍ അതല്ല. അവളെവിടെ? ചാരപ്പുള്ളികളുള്ള ആ കറുമ്പിപ്പയ്യെവിടെ? തെങ്ങിന്‍തോട്ടം മുഴുവന്‍ തിരഞ്ഞു. അവിടവിടെ തൈത്തെങ്ങിന്‍ തലപ്പ്‌ കടിക്കുന്ന പശുക്ടാങ്ങളെ കണ്ടു. പശുക്ടാങ്ങളെ മാത്രം.

വൈകുന്നേരം എന്നെ ചായ്പ്പില്‍ കണ്ടതിന്റെ അമ്പരപ്പുമായി അമ്മ പുറത്തിറങ്ങി നോക്കി. ജീവനുള്ളവയൊന്നും മലന്നുപറക്കുന്നില്ല എന്നുറപ്പിച്ച്‌ അടുക്കളയില്‍ പോയി കാപ്പിയിട്ടു തന്നു. കാപ്പി കുടിച്ച്‌ മലര്‍ന്നുകിടക്കുന്നതിനിടയില്‍ മോന്തായം ഒരു കൈത്തോടാണെന്ന്‌ ഞാനറിഞ്ഞു. അമ്മയോടപ്പോള്‍ അത്‌ വിളിച്ചുപറയണം എന്ന്‌ തോന്നിയപ്പോളാണ്‌ അമ്മയും അച്ഛനും വിട്ടുപോയിട്ട്‌ എത്രനാളായിരിക്കുന്നു എന്നോര്‍ത്തത്‌. അതുകൊണ്ട്‌ സ്വയം വിശ്വസിപ്പിച്ചു. മറ്റൊരാളെ വിശ്വസിപ്പിക്കാന്‍ കഴിയാത്തിടത്തോളം കണ്ടെത്തലുകള്‍ക്ക്‌ പ്രസക്തിയില്ല എന്ന്‌ അറിയാന്‍ വയ്യാഞ്ഞിട്ടല്ല. പക്ഷേ അത്‌ സത്യമായിരുന്നു. മോന്തായം ഒരു കൈത്തോട്‌ തന്നെയായിരുന്നു, ഇഴഞ്ഞിറങ്ങി വരുന്ന പല്ലികളെ പരല്‍മീനുകളായി കാണാന്‍ കൂടി കഴിഞ്ഞാല്‍ തീര്‍ച്ഛയായും.

എനിക്ക്‌ മീതെ ഒരു കൈത്തോട്‌ ഒഴുകിത്തുടങ്ങിയിരിക്കുന്നു എന്നതാകും കൂടുതല്‍ സത്യസന്ധമാവുക. വൈകുന്നേരം പണികഴിഞ്ഞെത്തിയ അച്ഛന്‍ വീട്ടിലെന്നെക്കണ്ട്‌ ഞെട്ടി. 'അവന്‌ അസുഖമെന്തെങ്കിലുമാണോ' എന്ന്‌ അമ്മയോട്‌ പതിഞ്ഞ ശബ്ദത്തില്‍ ചോദിക്കുന്നത്‌ കേട്ടു. ചാണകം മെഴുകിയ നിലത്ത്‌ അത്താഴം കഴിച്ചിരിക്കുമ്പോള്‍ വീട്ടിലെല്ലാവരും എന്തോ അത്യാഹിതത്തെ പ്രതീക്ഷിക്കുന്നതിന്റ്റെ മൌനം സൂക്ഷിച്ചു. രാവേറെച്ചെന്നിട്ടും എല്ലാ മുറികളില്‍ നിന്നും അശാന്തമായ നെടുവീര്‍പ്പുകള്‍ ഉയരുന്നുണ്ടായിരുന്നു.

പലവട്ടം സാധാരണ അവസ്ഥയില്‍ ചെന്നിട്ടും അവളെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ്‌ രാവിലെ മുതല്‍ പിടിച്ചു നിര്‍ത്തിയ ആന്തലുമായി പടിഞ്ഞാറു വശത്തേക്കോടിയത്‌. ആന്തല്‍ ആവിയാക്കുന്ന വിധത്തില്‍ അവളുടെ അസാന്നിധ്യം മുഴച്ചു നിന്നു. ഇനിയിപ്പോള്‍ വിട്ടുപോകലുകളല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ല എന്ന്‌ ഉറപ്പുപറയുന്ന തരത്തില്‍ പശുക്ടാങ്ങള്‍ നിരാലംബമായി തലയാട്ടി.

അതുവരെ അനുഭവിച്ചതില്‍ വെച്ചേറ്റവും വലിയ
അത്യാഹിതത്തിന്റ്റെ ഞെട്ടലില്‍ എന്റ്റെ വീട്‌ മരവിച്ചു
പലമുറികളില്‍ നിന്ന് പല അസാന്നിധ്യങ്ങള്‍ ഇറങ്ങിവന്ന്
നിനക്കിനിയെന്താണിവിടെ എന്ന് കുശലം ചോദിച്ചു

2

പുരാവൃത്തങ്ങളെ അസംബന്ധമാക്കുന്ന
ഇരുട്ടിനെക്കുറിച്ച് തര്‍ക്കിച്ച്
അമ്മയുടെ ഫോണ്‍കോള്‍ വന്നിരുന്നു ഇന്നലെ
കൈത്തോടുകള്‍ ഇപ്പോഴും കടലില്‍ തന്നെയല്ലേ ചേരുന്നത് എന്ന്
ഒരു പതിഞ്ഞ ചിരിയും

11 comments:

Radhika Nallayam said...

extremely gloomy!!

ഭൂമിപുത്രി said...

ലതീഷിന്റെ അട്ടിമറികൾ തുടരുക

അനില്‍@ബ്ലോഗ് // anil said...

“അതുവരെ അനുഭവിച്ചതില്‍ വെച്ചേറ്റവും വലിയ
അത്യാഹിതത്തിന്റ്റെ ഞെട്ടലില്‍ എന്റ്റെ വീട്‌ മരവിച്ചു
പലമുറികളില്‍ നിന്ന് പല അസാന്നിധ്യങ്ങള്‍ ഇറങ്ങിവന്ന്
നിനക്കിനിയെന്താണിവിടെ എന്ന് കുശലം ചോദിച്ചു“


ഞാനും ആ ചോദ്യം ആവര്‍ത്തിക്കട്ടെ, ലതീഷ്?

Sanal Kumar Sasidharan said...

കട്ടിലിന്നടിയിലെ ഇരുട്ടിൽ കാമുകിയുടെ അസ്ഥികൾ പ്രകാശിക്കുന്നത്കണ്ട് ഞെട്ടി നിലവിളിച്ച രാത്രിയോർമ്മിച്ചു

അനിലൻ said...

പുറത്ത് മുറിവുകളുണ്ടാക്കാതെ അകം വെട്ടിമുറിക്കുന്ന ഈ ആയുധം എവിടെനിന്നാണ് നിനക്ക് കിട്ടിയത്?
പ്രിയപ്പെട്ട കശാപ്പുകാരാ,
ഒഴുക്കുന്ന ചോരയ്ക്ക് ഒരിക്കലെങ്കിലും ഉത്തരം തരേണ്ടി വരുമെന്ന് മറക്കണ്ട.

Mahi said...

കൈത്തോട്‌ പോലുള്ള പെണ്‍കുട്ടി, വീട്‌, അമ്മ എല്ലാം ഗൃഹാതുരത്വങ്ങളായി നിറയുന്നു.കാഴ്ചയുടെ സ്ഥല രാശിയില്‍ വല്ലാത്തൊരു മിസ്റ്റിക്‌ സാന്നിദ്ധ്യമാവുന്നു അവള്‍.അവളുടെ അസാന്നിദ്ധ്യങ്ങളില്‍ എല്ലാ രൂപകങ്ങളും തകിടം മറയുന്നു.എല്ലാത്തിനേയും വലയം ചെയ്തുകൊണ്ട്‌ ഇരുട്ട്‌.പുരാവൃത്തങ്ങളെ അസംബന്ധമാക്കുന്ന ഇരുട്ട്‌.............

Dinkan-ഡിങ്കന്‍ said...

ചിലപ്പോഴെല്ലാം നീ മടിയനായത് എത്ര നന്നായി എന്ന് കരുതും. അതിന്റെ തീർച്ചകളിലൊന്നാണിത്.
!

Kuzhur Wilson said...

നിന്റെ ബ്ലോഗിന്റെ കമന്റുകളില്‍ ഒരു പെണ്‍കുട്ടിയെ കാണുന്നത് തന്നെ അസഹ്യമാണ്.

ഇത് പോലെ പുരുഷനെയെഴുതാന്‍ അധികമാരുമില്ല.

ഒരാണ്‍കുട്ടിയെ ഞാന്‍ പ്രേമിക്കുന്നു എന്ന് വിളിച്ച് പറയണമെന്നുണ്ട്.

വെള്ളെഴുത്ത് said...

ഇങ്ങനെ അസ്ഥിരമായ കഥാപാത്രങ്ങളോ? ചുമ്മാതല്ല വിജനതയായി ഒഴുകുകയും അതില്‍ അലിയുകയും ചെയ്യുന്ന ശരീരികളെ മുന്‍പൊരിക്കല്‍ തിരിച്ചറിഞ്ഞത്. നോക്കട്ടേ ചുറ്റും .. ആര്‍ക്കറിയാം.. ചുറ്റുമുള്ളതുകളില്‍ ഏത്, എപ്പോള്‍ അപ്രത്യക്ഷമാവുമെന്ന്.....അശാന്തമായൊരു നെടുവീര്‍പ്പായി ആര്‍ക്കൊക്കെ മുന്നില്‍ നിന്ന് ആവിയായി പോയിട്ടുണ്ടാവുമെന്ന്..എല്ലാം ഇനി ആദ്യം മുതല്‍ തുടങ്ങണം.
ലതീഷേ, ജലമാണ് താങ്കളുടെ പദാര്‍ത്ഥം.. ഉഷ്ണകാലത്തെ.

Latheesh Mohan said...

@ രാധിക: ആകാതെ പോകില്ലല്ലോ :(
@ഭൂമിപുത്രി: അട്ടിമറിയോളം ആയോ? അങ്ങനെ കേട്ടതില്‍ സന്തോഷമുണ്ട്. നന്ദി
‌@ അനില്‍, സനല്‍: നന്ദി.

അനിലോ, ഉത്തരം ഇതിനിടയില്‍ എന്നെക്കൊണ്ട് പറയിപ്പിക്കുന്നുണ്ടല്ലോ :)
മഹീ, ഈ പരിഗണനയ്ക്ക് നന്ദി.
ഡിങ്ക്സ്: വിശദീകരണം വേണം :(
വിത്സ്: അയ്യോ, പുരുഷനെയാണോ ഞാന്‍ കുത്തിയിരുന്ന് എഴുതിക്കൊണ്ടിരിക്കുന്നത്? അതിലെന്തോ പന്തികേട് ഉണ്ട് :(
വെള്ളെഴുത്തേ, മൊത്തം മലയാളികളുടെയും പദാര്‍ഥം ജലം ആകണം. അതുകൊണ്ടാണെല്ലോ മരുഭൂമിയിലേക്ക് അവര്‍ ഒറ്റു കൊടുക്കപ്പെടുന്നത്.

തമാശന്‍ said...

എന്നെ ഒളിക്കുക അസാധ്യം എന്ന്‌ അവള്‍ പ്രഖ്യാപിക്കുന്നുണ്ട്‌.....