Sunday, December 21, 2008

പെണ്‍മക്കള്‍ അച്ഛന്‍മാര്‍ക്കയച്ച കത്തുകള്‍

പറയേണ്ടിയിരുന്നതൊന്നും അതിലുണ്ടായിരുന്നില്ല

തലയിലെടുത്തുവച്ച്‌
പൂക്കൊമ്പത്തേക്ക്‌
കൈ എത്തിച്ചു തരുമ്പോള്‍
നിങ്ങളായിരുന്നു
എന്റെ നായകന്‍ എന്ന്‌
അതൊരിക്കലും
വെളിപ്പെടുത്തിയില്ല

ഇപ്പോള്‍ നിന്റെ കൂടെയുള്ളവന്റെ
വളര്‍ച്ചയില്ലായ്മയെക്കുറിച്ച്‌
ഞാനിപ്പോള്‍ വിളിച്ചുപറയുമെന്ന്‌
ഒരു വാക്കുപോലും
കത്തുകള്‍ക്കുള്ളിലെ
പേടിപ്പിക്കുന്ന അച്ചടക്കം ലംഘിച്ചില്ല

അമ്മയ്ക്കു സുഖമാണോ എന്ന്‌
മുറിഞ്ഞുമുറിയുന്ന കൌതുകം
ആരിലും ഒന്നും ജനിപ്പിച്ചില്ല

അതുകൊണ്ടാണ്‌ അച്ഛന്‍മാര്‍
ഒന്നും മനസ്സിലാക്കാത്തത്‌
എന്നു കരുതരുത്‌:
അവര്‍ക്കെല്ലാം അറിയാം

പെണ്‍മക്കള്‍ അച്ഛന്‍മാര്‍ക്കയച്ച കത്തുകള്‍ പോലെ
പറയാതെ അറിയുമ്പോഴാണ്‌,
പറയുന്നത്‌ അറിയിക്കാന്‍ വേണ്ടി
അല്ലാതാകുമ്പോഴാണ്‌

ജീവിതം അച്ഛന്‍മാരുടെ കലയല്ലാതാകുന്നത്‌
ആണ്‍മക്കള്‍
കത്തുകള്‍ വെറുത്തു തുടങ്ങുന്നത്‌

അച്ഛന്‍മാരെപ്പോലെ
നടിച്ചു തുടങ്ങുന്നത്‌

7 comments:

ഉപ ബുദ്ധന്‍ said...

എല്ലാ പെണ്‍മക്കളും
കലയില്ലാത്ത കത്തുകളും
കലയില്ലാത്തതു വായിക്കുന്ന അച്ഛന്‍മാരും
കലയില്ലാത്തതു കൊണ്ടാണോ
അവര്‍ക്കെല്ലാം അറിയാം എന്ന്
നടിച്ചു തുടങ്ങുന്നത്‌

Ranjith chemmad / ചെമ്മാടൻ said...

എന്തെല്ലാമോ കിടന്നു തിരിയുന്നു മാഷേ....

പകല്‍കിനാവന്‍ | daYdreaMer said...

അതുകൊണ്ടാണ്‌ അച്ഛന്‍മാര്‍
ഒന്നും മനസ്സിലാക്കാത്തത്‌
എന്നു കരുതരുത്‌:
അവര്‍ക്കെല്ലാം അറിയാം

........ :)
എന്തിനായിരുന്നു ഈ കത്തുകള്‍....??

chithrakaran ചിത്രകാരന്‍ said...

ഇതുകൊള്ളാമല്ലോ.എഴുത്തും പടവും.

Anonymous said...

ശരിയല്ല, കൂടെയുള്ള ഒരെണ്ണവും ശരിയല്ല.

-അച്‌ഛന് ഇതു വരെ കത്തയച്ചിട്ടില്ലാത്ത മകള്‍-

മാണിക്യം said...

ശാന്തിയുടെയും സമാധാനത്തിന്റെയും
സന്ദേശം മനസ്സില്‍‌ ഏറ്റി കൊണ്ട്
സന്തോഷം എല്ലാ മനസ്സിലും നിലനിര്‍ത്തി!
ഈ ക്രിസ്‌മസ്സ് ആഘോഷിക്കുവാന്‍‌ സാധിക്കട്ടെ.
എല്ലാവര്‍ക്കും നന്മ വരട്ടെ !
"ഹൃദയം നിറഞ്ഞ കൃസ്തുമസ് ആശംസകൾ":
☆☆☆മാണിക്യം☆☆☆

Cartoonist said...

കവിതയിലെ വിത വിളഞ്ഞുവന്നാല്‍വന്നാലായാല്‍ ശാപ്പിടാം എന്നാശയുള്ള ഈ ആശാന്റെ കൌതുകം, പരിഭ്രമം ഒരു ‘:)‘ -യിലൊതുക്കുന്നു.
എന്ന്,
കവിഊണേശ്വരന്‍