Wednesday, January 14, 2009

തെരുവ്‌ ഒരു നീലച്ചിത്രം നിര്‍മിക്കുന്നു

സെറ്റ്‌

ഈ രാത്രിക്ക്‌ നശിച്ച പനിയാണ്‌
നല്ലപോലെ തണുക്കുന്നുണ്ട്‌:
നെറ്റിയില്‍ കൈവച്ചുനോക്കി
പിറുപിറുത്തിരിക്കുന്നു,
പാതിമയക്കത്തില്‍ മുല്ലപ്പൂ
വില്‍ക്കുന്ന പെണ്ണുങ്ങള്‍

വീടുകളില്‍ നിന്ന്‌
പതുങ്ങിയിറങ്ങിവന്ന്‌
കടത്തിണ്ണകളില്‍
കണ്ണടച്ചു കിടക്കുന്നു
ദാമ്പത്യ വിരസത

വളരെ പഴകിയ ഒരു ആംഗിളിലൂടെ
ഒളിഞ്ഞു നോക്കുന്നുണ്ട്‌,
ഒന്നും ചലിക്കുന്നില്ലല്ലോ
എന്നുറപ്പിക്കുന്നുണ്ട്‌
ദൈവത്തിന്റെ ഡ്യൂപ്പ്‌

കഥാപാത്രങ്ങള്‍

കാമുകിയോടൊത്ത്‌ പ്രവേശിക്കുന്നു ഉന്തുവണ്ടി

നിക്കറിട്ട ചെറുപ്പക്കാരികള്‍ നൃത്തം തുടങ്ങുന്നു
പശ്ചാത്തലത്തിലാകെ
മഴത്തോര്‍ച്ചയുടെ അടയാളങ്ങള്‍

ഉന്തുവണ്ടി ചുറ്റുംനോക്കുന്നു
അതുവരെ കണ്ടുകൂട്ടിയ സിനിമകള്‍
കൈകാലിളക്കുന്നു
നൃത്തം, നൃത്തം, നൃത്തമാണിനി വേണ്ടതെന്ന്‌
കാമുകി ശഠിക്കുന്നു

ഇനിയുണരില്ല എന്ന തോന്നലില്‍
ഉറങ്ങിപ്പോയ രതിവ്യഗ്രത
ഞെട്ടിയുണര്‍ന്നു ചുറ്റും നോക്കുന്നു:
ആരാണ്‌ ഞരങ്ങിയത്‌?

6 comments:

Anonymous said...

എന്നുമെപ്പോഴും പോലെ കണ്ട കാഴ്ചകളെ തലകീഴായ് മറിക്കുന്ന ഒരു ഐറണി. ആര‍ാ‍വാം ഞരങ്ങിയത് !

Mahi said...

അയുക്തിയുടെ അപഹാസ്യമാര്‍ന്ന ഒരു കാലത്തിനെ അപഥ സഞ്ചാരങ്ങളുടെ വിചിത്ര ഭാവന കൊണ്ട്‌ അടയാളപ്പെടുത്തുന്നു നിന്റെ കവിതകള്‍.ഉപഭോഗാസക്തികളും വിധേയത്വങ്ങളും കപടതകളും നിറഞ്ഞ വര്‍ത്തമാനത്തിനോട്‌ സവിശേഷമായൊരു ഘടനകൊണ്ടും ഭാഷയുടെ വിധ്വംസക മൂല്യങ്ങളാലും ഇത്രയധികം സംവദിക്കുകകയും കലഹിക്കുകയും ചെയ്യുന്ന കവിതകള്‍ വിരളം.സ്വയം തലോടാനുള്ള വ്യഗ്രതകളില്‍ നൊസ്റ്റാള്‍ജിയയുടെ പൊക്കണവും താങ്ങി നടക്കുന്ന കവികള്‍ക്ക്‌ തിരിച്ചറിവിന്റെ പാഠപുസ്തകത്തില്‍ നിന്റെ കവിതകള്‍ക്ക്‌ താഴെ അടിവരയിടേണ്ടി വരും ഉറപ്പ്‌

ടി.പി.വിനോദ് said...

ഒന്നും ചലിക്കുന്നില്ലല്ലോ എന്നുറപ്പിക്കുന്ന ദൈവത്തിന്റെ ഡ്യൂപ്പ്‌...

കിടിലം..:)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ശംഭോ...മഹാദേവാ.......

peter ivan said...

thakarnnuuu!!!!!!

വികടശിരോമണി said...

ഭാഷയുടെ പുതിയ തെളിച്ചം.ഇപ്പോൾ വായിക്കുന്ന കവിതകളിൽ മിക്കതും തനിയാവർത്തനങ്ങളായതുകൊണ്ട് വലിയ സന്തോഷമുണ്ട്,ഇങ്ങനെയൊന്ന് കാണാനായതിൽ.