Wednesday, March 18, 2009

ഭീരുത്വത്തെക്കുറിച്ച് രഹസ്യത്തിന്റെ ഭാഷയില്‍

ആഹാ നീ വന്നുവോ
കാത്തിരിക്കുകയായിരുന്നു
അകത്തേക്ക്‌ വരേണ്ട
പുറത്തുതന്നെ നില്‍ക്കൂ
ഈ മുറിയില്‍ നിറയെ രഹസ്യങ്ങളാണ്‌
പലതരം മനോരോഗങ്ങളില്‍ ഒന്നല്ല
ഈ മുറിയും അതിന്റെ രഹസ്യ സഞ്ചാരങ്ങളും
എന്നൊക്കെ പിന്നീട് തര്‍ക്കിക്കാം
നീ വന്നതിനെക്കുറിച്ച് ആലോചിച്ചിട്ടാകാം

പുറത്തേക്കൊരു കസേര എടുത്തിട്ടാല്‍
തീരുന്ന പ്രശ്നങ്ങളേയുള്ളൂ എന്നൊക്കെയാണെങ്കില്‍
നീ വന്നതു തന്നെ ഒരു രഹസ്യമല്ലേ
അധികനേരം പുറത്തുനിന്നാല്‍
പുറത്തായിപ്പോകില്ലേ
അകത്തുള്ള മുറി പോലും

ഇങ്ങനെയൊന്നുമായിരുന്നില്ല
എല്ലാം തീരുമാനിക്കപ്പെട്ടിരുന്നത്‌
പഴയ കഥകള്‍ വീണ്ടും പറയുകയാണെങ്കില്‍

- - - 11 മണിക്ക്‌ നമ്മുടെ ആര്‍ എക്സ്‌-100ല്‍ ആല്‍ത്തറ ജംഗ്ഷനില്‍ നിന്ന്‌ ജോണ്‍ പുറപ്പെടുന്നു. 11.10ന് ആന്‍ഡ്രിയ ബാറില്‍ നിന്നും ചിറിതുടച്ച്‌ പുറത്തേക്കു വരുന്ന വനജ ബൈക്കിന്‌ കൈകാട്ടുന്നു. 11.20ന്‌ ജോണും വനജയും തെക്കുനിന്നു വന്ന ഏതോ ട്രക്കുമായി കൂട്ടിയിടിക്കുന്നു. ട്രക്കില്‍ നിന്ന്‌ പുറത്തിറങ്ങിയ ലാസര്‍ ആര്‍ എക്സ്‌ 100ല്‍ രക്ഷപ്പെടുന്നു. രണ്ട്‌ പേരെ ഇടിച്ചുകൊന്ന്‌ ബൈക്കുമായി കടന്നവന്റെ പിന്നാലെ പൊലീസ്‌ പായുമ്പോള്‍ യഥാര്‍ഥ നമ്മള്‍ രംഗത്തുവരുന്നു - - -

പക്ഷേ, രഹസ്യങ്ങളുടെ
ഒരു കുഴപ്പമെന്താണെന്നു ചോദിച്ചാല്‍
വെളിച്ചത്തിലേക്ക്‌ പെട്ടന്ന്‌ പൊട്ടിവീഴുമ്പോള്‍
അവയൊന്ന്‌ പകയ്ക്കും
കുറച്ചു നേരം ചുറ്റും നോക്കും
അഞ്ചു മിനുറ്റ്‌ ചിലപ്പോള്‍
അഞ്ചു മിനുറ്റ്‌ വൈകിയേ എത്തുകയുള്ളൂ

അഞ്ചു മിനുറ്റിന്റെ വ്യത്യാസത്തില്‍
എല്ലാം ഇപ്പോഴും
അതേപോലെ തന്നെ നിലനില്‍ക്കുന്നു
യഥാര്‍ഥ നമ്മളിപ്പോഴും
ജോണും വനജയും ലാസറും
ആന്‍ഡ്രിയ ബാറുമൊക്കെയായി ഒളിവിലാണ്‌,
ഈ മുറി നിറയെ വേഷം മാറിയ
നമ്മുടെ മനോരോഗങ്ങളാണ്‌

വൈകിയോടുന്ന രഹസ്യങ്ങളുടെ ഈ മുറി
യാത്രക്കാരില്ലാത്ത രാത്രിവണ്ടിപോലെ
ശുദ്ധശൂന്യമാകുന്ന അന്ന്‌
മറ്റെന്തിലേക്കോ തെറ്റിദ്ധരിപ്പിക്കപ്പെട്ട്‌
എല്ലാവരും എല്ലാവരുടേയും പിറകേ പായുമ്പോള്‍
യഥാര്‍ഥ നമ്മള്‍ വീണ്ടും വരും

അതുവരെ നീ തിരിച്ചു പൊയ്ക്കൊണ്ടേ ഇരിക്കുക

8 comments:

ഗുപ്തന്‍ said...

Fear to kill is the secret of social life :)

പകല്‍കിനാവന്‍ | daYdreaMer said...

ഹെന്റമ്മോ.. തല.. തല.. !! കൃത്യ സമയത്ത് തന്നെ പിറവി... !
:)

Anonymous said...

nice sketchs...

Jayesh/ജയേഷ് said...

നീ കുറച്ച് നാളായി കാഫ്കയുടെ നിഴലിലാണല്ലോ...എന്താ സം ഭവം ? കവിത ഇഷ്ടമായി

vadavosky said...

രഹസ്യത്തെ ഇങ്ങനെ നിസ്സാരവല്‍ക്കരിക്കരുത്‌ ലതീഷേ. വെറുതെ യഥാര്‍ഥ നമ്മളാവാന്‍ വയ്യ.

Mahi said...

ഇല്ല ഇല്ല തിരിച്ചു പോകുന്നില്ല ഇവിടെ തന്നെയുണ്ട്‌.അവസാനത്തെ വരിയില്‍ ചിറിയ അക്ഷരപിശകില്ലെ ലതീഷെ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

യഥാര്‍ഥ നമ്മളായാല്‍ ഒരുപാട് പ്രശ്നങ്ങളാണല്ലോ?

Anonymous said...

എല്ലാവര്‍ക്കും നന്ദി,
മഹിക്ക് പ്രത്യേകിച്ചും.