ചലിക്കുന്ന തീവണ്ടി
ഓടുന്ന നഗരങ്ങളുടെ നിഴല്‍വീണ
കണ്ണാടി
ഉള്ളിലിരുന്ന് താഴേക്ക് നോക്കുമ്പോള്‍
ഓടിപ്പോകുന്ന നിഴലിനൊപ്പം
സ്വയം കണ്ടു കണ്ട്
ഭയന്ന ജീവന്റെ പലായനം
വിദൂരതയില്‍ ഒറ്റയ്ക്കു നില്ക്കുന്ന മരങ്ങളെ
കൂടുതല്‍ തണലിനായി
നിര്‍ബന്ധിക്കുന്ന ആട്ടിന്പറ്റങ്ങള്,
ചലിക്കുന്ന തീവണ്ടി
മഞ്ഞുവീണ മലകളിലേക്ക്
പൂത്തുലഞ്ഞ വഴികള്‍
വേച്ചുവേച്ച് കയറിപ്പോകുമ്പോള്‍
തീവണ്ടിയോടൊപ്പം ഓടുന്ന നഗരങ്ങളും
അല്പനേരം വീണുകിടക്കുന്നു
പരസ്പരം വീണുകിടക്കുന്ന നിഴലുകള്‍
തീവണ്ടിയും നഗരവും, അപ്പോള്‍
മലകയറിപ്പോകുന്ന വഴികള്‍
തോളിലെ ഭാണ്ഡത്തില്‍ നിന്ന്
ചെമ്മരിയാടുകളെ പുറത്തെടുത്ത്
വിതറുന്നു, കൊന്നു പുതയ്ക്കുന്നു
അത്രയധികം മരണങ്ങളില്‍
മഞ്ഞുകാലത്തിന്റെ കുറ്റബോധം
തീവണ്ടി നോക്കിക്കിടക്കുന്നു
ദൂരെ നിന്ന് നോക്കുമ്പോള്‍
അപ്പോള്‍ പൂത്ത നിലയില്‍
ചെമ്മരിയാടുകളുടെ ഉദ്യാനം,
കുന്നിന്‍പുറം
നിരോധിക്കപ്പെട്ട ചെടികള്‍
മുകളിലും താഴെയും
ഒളിച്ചും പാത്തും വളരുന്നുണ്ട്,
പൊട്ടിയ കണ്ണാടി ചിത്രസംയോജനം ചെയ്ത
അസംബന്ധതയുടെ കുന്നിന്പുറങ്ങളില്
എല്ലാവരും തിരിച്ചെത്തുകയോ
ഒരുപ്പോക്ക് പോവുകയോ ചെയ്യുമ്പോള്‍
ഉള്ളില്‍ നിന്നിറങ്ങി
കുന്നിന് മുകളിലും കടലിറക്കങ്ങളിലും
പൂത്തുലഞ്ഞ പച്ച
എന്റെയുള്ളിലെ താഴ്വരകളാണെന്ന്
എന്റെ ഉള്ളിലൂടെയാണ്
മഞ്ഞുകാലത്തിന്റെ
നിഴല്‍പരാതികള്‍ തിരക്കി
തീവണ്ടികള്‍ കുന്നുകയറുന്നതെന്ന്
പറയാന്‍ കാത്തിരിക്കുന്നു
നിരോധിക്കപ്പെട്ട ഒരു മനുഷ്യന്
അയാളുടെ ഉള്ളിലാണ്
നമ്മളെല്ലാവരും ഇപ്പോള്‍
അവധിക്കാല കാഴ്ചകള്‍ക്കായി
ആത്മഹത്യാ മുനമ്പുകളില് നിന്ന്
നമ്മളേന്തിവലിഞ്ഞ് നോക്കുന്നത്
അയാളില്‍ നിന്ന് പുറത്തേക്കാണ്
അതുവരെ കാണാത്ത പൂവിനെക്കാണുമ്പോള്‍
നമ്മളില്‍ പൂക്കൂന്ന
സന്തോഷത്തിന്റെ കാടുകള്‍
അയാളെയറിയില്ല,
അയാളിലൂടെയാണ് ചെടികള്‍
പൂവിടലിന്റെ ഋതുവിനെ
വരച്ചുചേര്‍ക്കുന്നതെങ്കിലും
അയാളുണ്ടാക്കിയ മാറ്റം വിവരിക്കുക എളുപ്പമല്ല,
മനുഷ്യനെക്കുറിച്ചുള്ള
അറിവുകള്‍വെച്ചാണ്
നമ്മള് പരതുന്നത് എന്നിരിക്കെ
ഒരിക്കലും
അകന്നകന്നു പോകുന്ന തീവണ്ടികള്‍ക്കു
പിന്നിലേക്ക്
ചെറുതായി ചെറുതായി
ഇല്ലാതാകുന്ന ഏതവധാനതയാണ്
അയാളുടെ ചിത്രകാരന്?
10 comments:
ha!!
യാത്രാവിവരണ എഴുതുന്ന ആളുടെ താല്പര്യം പോലെ, കാണേണ്ടത് കാണാം, ഇഷ്ടമില്ലാത്തത് മൂടിവെക്കാം, ശുദ്ധവിവരക്കേടുകൾ എഴുന്നള്ളിക്കാം.
രണ്ട് കൈയും രണ്ട് മൂക്കും ഉള്ളവർ അങ്ങോരുടെ ചിത്രം വർച്ചാൽ അങ്ങിനിരിക്കും..
വല്ല പശുവോ മറ്റോ ആരുന്നെങ്കിൽ മിനിമം നാലു കാലുണ്ടാർന്നേനെ...
ലതീഷ്മാജിക് വീണ്ടും...:)
(ഈ കവിത യാത്രയില്‍നിന്ന് കിട്ടിയതെങ്കില് യാത്രപോയതുകൊണ്ട് മലയാളകവിതയ്ക്കു തന്നെ നേട്ടം...)
ശരിയാണ് മാഷെ.
കവിതയെഴുത്തു നിര്‍ത്തി നിന്നെയിങ്ങനെ വായിച്ചു കൊണ്ടേയിരുന്നാലൊ എന്നലോചിക്കുകയാണ്അതു തന്നെ വലിയൊരെഴുത്തല്ലെ
തകര്‍ത്തൂടാ.. ആ കന്നിമാസ നായ്ക്കൂട്ടം മാത്രം കാലംതെറ്റി വന്നുകയറിയതുപോലെ
ദീര്ഘയാത്രപോയി വന്നിട്ട്
നിന്റെ വര്ത്തമാനത്തില്പ്പോലും
ഒരു മഞ്ഞുകട്ടയോ
ഒരു കുന്നിന്പുറമോ
ഒരു താഴ്വരയോ ഇല്ലല്ലോ
എന്ന ഖിന്നത മാറിക്കിട്ടി
പലലോകങ്ങളിലെ പലകാലങ്ങളില്‍ എടുത്ത കുറേ ചിത്രങ്ങള്‍ ഇങ്ങനെ അടുക്കിയടുക്കി വെച്ചതു പോലെ.
കുന്നിന്‍പുറങ്ങളിലൂടെ തീവണ്ടിയുടെ നഗരവിവരണം.
(അയാളുണ്ടാക്കിയ മാറ്റം വിവരിക്കുക എളുപ്പമല്ല,
ഇതില്പരം വലുതായൊരു സത്യവും പറയാനില്ല:)
നല്ല കവിത.
മലകയറിപ്പോകുന്ന വഴികള്‍
തോളിലെ ഭാണ്ഡത്തില്‍ നിന്ന്
ചെമ്മരിയാടുകളെ പുറത്തെടുത്ത്
വിതറുന്നു, കൊന്നു പുതയ്ക്കുന്നു
അത്രയധികം മരണങ്ങളില്‍
മഞ്ഞുകാലത്തിന്റെ കുറ്റബോധം
തീവണ്ടി നോക്കിക്കിടക്കുന്നു
ദൂരെ നിന്ന് നോക്കുമ്പോള്‍
അപ്പോള്‍ പൂത്ത നിലയില്‍
ചെമ്മരിയാടുകളുടെ ഉദ്യാനം,
കുന്നിന്‍പുറം
Picturesque!
Where were you?
ഗ്രാഫിക് ഡിസൈനിൽ/ചിത്രകലയിൽ ചേറ്ച്ച എന്ന സാമാന്യബോധത്തെ വെല്ലുവിളിയ്ക്കുന്ന വറ്ണ്ണങ്ങളോ ആകൃതികളോ റ്റെക്സ്ച്വറുകളോ ഒക്കെ ഒന്നിച്ചുവന്നാൽ വല്ലാത്ത ചലനം അനുഭവപ്പെടുമെന്നാൺ തിയറി. അമ്മാതിരി ഒരു ചലനാത്മകത ധാരാളമായുണ്ട് ലതീഷ്മോഹന്റെ കവിതകളിൽ. വേറൊരുരീതിയിൽ ഭാഷാപരമായി ആശത്തിന്റെ പ്രസ്താവന-വിശദീകരണം എന്ന സമീപനത്തെ ബ്രേക് ചെയ്ത് പ്രസ്താവനകളിൽനിന്ന് പ്രസ്താവനകളിലേയ്ക്ക് കുതിയ്ക്കുന്നത് ഒരു അതിവേഗത്തിന്റെ ഇഫക്റ്റ് ഉണ്ടാക്കുന്നുണ്ട്. ആധുനികവും നാഗരികവുമായ ഒരു ജീവിതതാളമാണതിന്റെയൊക്കെ ധ്വനിയിൽ.
ഫാസ്റ്റ് പെയ്സ്ഡ്, ആക്ഷൻ-പാക്ഡ് എന്ന വിശേഷണങ്ങളൊക്കെ എന്താ കച്ചവടസിനിമയുടെ കുത്തകയാണോ?
Post a Comment