Tuesday, July 14, 2009

നടന്നു പോകുന്നു :)

ഒരുവളും അവളുടെ ആകാ‍ശവും
നടന്നു പോകുന്നു
ചിലപ്പോള്‍ ഏറെനേരം പരസ്പരമറിയാതെ
ചിലപ്പോള്‍ ആരാണ് ആദ്യമോടിയെത്തുക
എന്ന് പന്തയംവച്ച്
ചിലപ്പോള്‍ എതിരേവരുന്ന ആകാശത്തെയും
അതു തിരയുന്ന ഉടലിനെയും
‘ഒന്നുമില്ലല്ലോ അല്ലേ’ എന്നു പരിഗണിച്ച്
മഴവില്ലുപോലെ വിജനമായ ഒരരികിലൂടെ
ഒരുവളും അവളുടെ ആകാശവും
നടന്നുപോകുന്നു

നമ്മളവളെ കാണുന്നു
അവളുടെ ആകാശം കാണുന്നു
നൂറുവാര അകലെനിന്ന്

പിന്നീട്
കുറേക്കൂടി പിന്നില്‍ നിന്ന്
ആയിരക്കണക്കിന് വാര അകലെനിന്ന്
കുറേക്കൂടി കുറേക്കൂടി
പിന്നിലേക്ക് നമ്മളിറങ്ങുന്നു
നമ്മുടെ അളവുകളില്‍ നിന്ന്
ദൂരം ജയില്‍ചാടി രക്ഷപ്പെടുന്നു
കൊഞ്ഞനംകുത്തുന്നു

നമ്മളിലെ കുട്ടികള്‍
‘ദൂരെ അങ്ങുദൂരെ’ എന്ന്
വിരലിന്റെ തുഞ്ചത്ത്
അവളെ വരച്ചുകാട്ടുന്നു
നമ്മള്‍ കുട്ടികളിലേക്ക് നോക്കുന്നു
അവളിപ്പോഴും ഉണ്ടെല്ലോ
എന്നു പേടിക്കുന്നു പെടുക്കുന്നു
അയ്യേ എന്ന് നമ്മളിലെ കുട്ടികള്‍
മൂക്കിന്‍ തുമ്പത്ത് അവളെ തൊട്ടുകാണിക്കുന്നു

നമ്മളില്‍ നിന്ന് നാലു പോലീസ് ജീപ്പുകള്‍
പുറപ്പെടുന്നു
നാലായിരം ജീപ്പുകള്‍ പുറപ്പെടുന്നു
നാല്പതുലക്ഷം ജീപ്പുകള്‍ പുറപ്പെടുന്നു
ജീപ്പുകള്‍ തീര്‍ന്നു പോകുന്നു
കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള
സൈക്കിളെടുത്തിറങ്ങുന്നു
എല്ലാവരും ഉറക്കംവിട്ടിറങ്ങുന്നു
സൈക്കിളുകള്‍ തീര്‍ന്നുപോകുന്നു
കുട്ടന്‍പിള്ളമാര്‍ തീര്‍ന്നുപോകുന്നു
ഉറക്കം തീര്‍ന്നുപോകുന്നു
നമ്മള്‍, നമ്മളില്‍നിന്ന്, നമ്മള്‍
തീര്‍ന്നു പോകുന്നു

മഴവില്ലുപോലെ വിജനമായ ഒരരികിലൂടെ
ഒരുവളും അവളുടെ ആകാശവും
നടന്നുപോകുന്നു

14 comments:

Inji Pennu said...

ഈ കവിതയെ എങ്ങിനെ സ്നേഹിക്കാതിരിക്കും?

ഗി said...

നിന്റെ മൂക്കിന്റെ തുമ്പത്തുതന്നെയുണ്ട്,
നോക്ക്!

Jayesh/ജയേഷ് said...

കുട്ടന്‍പിള്ളമാര്‍ തീര്‍ന്നുപോകുന്നു...ഹ..ഹാ

സെറീന said...

അതെ, ഈ കവിതയെ ഞാന്‍
എങ്ങനെ സ്നേഹിയ്ക്കാതിരിയ്ക്കും?
(അവളെ സ്നേഹിക്കാത്തതിന്‍റെ
പാപമോ?ആ.. അതങ്ങനെ കിടക്കട്ടെ)

tradeink said...

you are on money, man.
sky, girl, police and rainbow.
and you.
you needs to clear your
routine masturbation.
now,
just dance.
dance me to the end of love.

നസീര്‍ കടിക്കാട്‌ said...

എങ്ങനെ സ്നേഹിക്കാതിരിക്കും,
അവളേ
ആകാശമേ....

Faizal Kondotty said...

വായിച്ചു... കൊള്ളാം !

വിഷ്ണു പ്രസാദ് said...

സര്‍റിയല്‍....

Latheesh Mohan said...

സെറീന, അതങ്ങനെ കിടക്കട്ടെ എന്നു കരുതിയിരുന്നിരുന്നാണ് നമ്മളൊക്കെ കിടപ്പായത് :)

എല്ലാവര്‍ക്കും നന്ദി.

Kuzhur Wilson said...

ഒരു ലാത്തിച്ചാര്‍ജ്ജിനുള്ള എല്ലാ സാധ്യതകളും നീ ഇല്ലാതാക്കി / എന്നെപ്പോലെ /

സ്വയംഭോഗത്തെക്കുറിച്ചുള്ള ഒരു നോവെല്‍ തന്നെ എഴുതണം

lost rain said...

ഇതിനേക്കാള്‍ എന്ത് സാധ്യതയുണ്ട് നിന്റെ ജലത്തിനു :)

വയനാടന്‍ said...

നമ്മള്‍, നമ്മളില്‍നിന്ന്, നമ്മള്‍
തീര്‍ന്നു പോകുന്നു...

ഇനിയും തീർന്നു പോയിട്ടില്ലാത്ത എഴുത്ത്‌

Mahi said...

മഴവില്ലു പോലെ വിജനമായ ഒരരികിലൂടെ ഒരാള്‍ നടന്നു പോകുന്നു.നമ്മുടെ അളവുകളില്‍ നിന്ന്‌ ജയില്‍ ചാടി രക്ഷപ്പെടുന്നു

നിദര്‍ശ് രാജ് said...

മഴവില്ലുപോലെ വിജനമായ ഒരരികിലൂടെ ഒരുവളും അവളുടെ ആകാശവും നടന്നുകൊണ്ടേയിരിക്കുന്നു.