നട്ടുച്ചയ്ക്കുണര്‍ന്ന് ചുറ്റും നോക്കുമ്പോള്‍
ഞെട്ടിത്തരിച്ചു വരുന്നു, വെളിച്ചം
കാട്ടുതീയ്ക്കു മുന്നിലോടുന്ന
എലികളും മുയലുകളും പോലെ
ഇരച്ചിരച്ച്
എല്ലാ ജനലുകളിലൂടെയും വെളിച്ചം
പെട്ടന്നേതോ വാതിലിലൂടെ നാലുപേര്‍
നീളമുള്ള ഒരു ചിത്രം താങ്ങിപ്പിടിച്ചു കൊണ്ട്
പ്രവേശിക്കുന്നു,
ഞാനല്ലാതെ വേറൊന്നുമില്ലാത്ത
ഈ മുറിയിലേക്ക്
അവരെത്തുന്നതിനുമുമ്പ്
നട്ടുച്ചവേനല്‍ എന്നെയുണര്‍ത്തുന്നതിനും മുമ്പ്
മാധവന്‍ എന്നൊരു പല്ലി
ചുമരിലിരുന്നൊരു പറക്കുന്ന പ്രാണിയെ
പിടിക്കാന്‍ ശ്രമിക്കുകയും
ചിറകുമാത്രം പിടിച്ചെടുക്കുകയും ചെയ്തതിനാല്‍
ഒറ്റച്ചിറകനായി ചുരുങ്ങിയ അജയന്‍ എന്നൊരു കറുത്ത പ്രാണി
മിനുമിനുത്ത നിലത്ത് വെളിച്ചത്തിലേക്ക്
കണ്ണുതുറന്നിരിക്കുന്നു,
പെട്രോമാക്സിന് മുന്നില്‍പെട്ട തവള എന്നൊരു
സാദൃശ്യവിവരണം കൂട്ടിരിക്കുന്നു
അങ്ങ് മുകളിലൊരു പടുകൂറ്റന്‍ പരുന്ത്
മഴയ്ക്കു തൊട്ടുതാഴെയുള്ള ആകാശത്തെ
കഠിനമായി ഭയന്ന്
ജീവനുംകൊണ്ട് പറക്കുന്നു
ചിറകുകളില്‍നിന്ന് ചെതുമ്പലുകളിലേക്ക്
അരിച്ചരിച്ചൊറ്റനൂല്പോലിടതൂര്‍ന്നു നില്‍ക്കും വെളിച്ചം
ഭയന്ന് ഭയന്നു പിന്മാറുന്നു
മഴയ്ക്കു തൊട്ടുതാഴെയുള്ള ആകാശം
താഴേക്കുതാഴേക്കു ഞാലുന്നു
ചിത്രവുമായി പ്രവേശിച്ചവര്‍ക്കിരിപ്പിടങ്ങള്‍
തിരയുന്നു
നിങ്ങള്‍ വരുന്നതിനു മുമ്പ്
അനന്തതയെക്കുറിച്ചുള്ള ഉപന്യാസം
മാത്രമെന്നു വിനീതനാകുന്നു
അരികിലരികിലേക്ക് ചുരുങ്ങുന്നു
പഞ്ചപുച്ഛനാകുന്നു
തോര്‍ത്തു കുടഞ്ഞ് തോളത്തിടുന്നു
അമ്മയമ്മുമ്മമാരില്‍ നിന്ന്
മരണാനന്തരം കിട്ടിയ
ഈ മുറിയുടെ പരിഭ്രമം
9 comments:
അനന്തതയെക്കുറിച്ചുള്ള ഉപന്യാസം
മാത്രമെന്നു വിനീതനാകുന്നു
അരികിലരികിലേക്ക് ചുരുങ്ങുന്നു
പഞ്ചപുച്ഛനാകുന്നു
പരിരംഭണം ചെയ്യല്‍ അനുവദനീയമാണോ ഈ വെളിച്ചത്തില്‍ തിളങ്ങുന്ന ഈ മുറിയില്‍?
(എങ്കില്‍ ചെയ്തിരിക്കുന്നു)
മനസ്സിന്റെ ചിന്തകൾ വരികളിൽ വരച്ചിടുന്നത് എന്തെല്ലാം കാഴ്ച്ചകളാണ്.
നിങ്ങള്‍ വരുന്നതിനു മുമ്പ്
അനന്തതയെക്കുറിച്ചുള്ള ഉപന്യാസം
മാത്രമെന്നു വിനീതനാകുന്നു
ഇത് മഴയ്ക്കു തൊട്ടുതാഴെയുള്ള ആകാശം തന്നെ,
എന്റമ്മേ...!!
കാട്ടുതീയ്ക്കു മുന്നിലോടുന്ന
എലികളും മുയലുകളും പോലെ
ഇരച്ചിരച്ച്
എല്ലാ ജനലുകളിലൂടെയും വെളിച്ചം
-മനോഹരമായിട്ടുണ്ട്
:)
എല്ലാവര്‍ക്കും നന്ദി
Post a Comment