Thursday, July 8, 2010

ശശിധരനും ഞാനും തമ്മിലില്ലാത്തത് എന്താണ്?

മൂഴിക്കലിനും കോഴിക്കോടിനും ഇടയില്‍
അങ്ങോട്ടുമിങ്ങോട്ടുമെല്ലാ ദിവസവും
വന്നുപോകുന്ന പലതരക്കാ‍രായ
അപരിചിതരെ
മൂഴിക്കലിനും കോഴിക്കോടിനും ഇടയില്‍
അങ്ങോട്ടുമിങ്ങോട്ടുമെല്ലാ ദിവസവും
വന്നുപോകുന്ന മറ്റൊരാള്‍ എന്ന നിലയില്‍
വലിയ ഇഷ്ടമായിരുന്നു ശശിധരന്,
സ്വവര്‍ഗാനുരാഗിയായി തെറ്റിദ്ധരിക്കപ്പെടാനിടയുള്ള
ഈ പ്രത്യേക സാഹചര്യത്തില്‍
മാനാഞ്ചിറ മൈതാനത്തിനു സമീപം
എത്തിപ്പെടുന്നതുവരെ

ആരുടേയോ വേലിയരികില്‍ നിന്ന്
എല്ലാവരുടേതുമായ റോഡിലേക്ക്
വളഞ്ഞുവളര്‍ന്നു നില്‍ക്കുന്ന
കൊന്നക്കമ്പ്
സൈഡ്സീറ്റിലിരിക്കുന്ന ഒരാളുടെ
മുഖത്ത് പെട്ടന്നുവന്നടിക്കുകയും
അയാള്‍
‘ഏതുമൈരനാണെടാ വേലിക്കപ്പുറത്ത്’
എന്നുണര്‍ന്നലറുകയും ചെയ്യുന്നതു പോലെ
‘സ്വവര്‍ഗാനുരാഗിയായി തെറ്റിദ്ധരിക്കപ്പെടാനിടയുള്ള
പ്രത്യേക സാഹചര്യം‘
എന്ന ബോധത്തിലേക്ക്
കണ്ണുചിമ്മി തുറക്കുന്നതുവരെ
ഒരുമാതിരിപ്പെട്ട എല്ലാവരെയും
ശശിധരന് വലിയ ഇഷ്ടമായിരുന്നു

അതിനുമുമ്പുവരെ പക്ഷേ

മൂഴിക്കലിനും കോഴിക്കോടിനും ഇടയില്‍
അങ്ങോട്ടുമിങ്ങോട്ടുമെല്ലാ ദിവസവും
വന്നു പോകുന്ന പലതരക്കാരായ
എല്ലാ അപരിചിതര്‍ക്കും
ശശിധരനെയും
വലിയ ഇഷ്ടമായിരുന്നു

2

മറ്റെല്ലാ അപരിചിതര്‍ക്കും അതിനുമുമ്പ്
തന്നെയും ഇഷ്ടമായിരുന്നു
എന്ന രണ്ടുവരി
തെളിവുകളുടെ അടിസ്ഥാനമില്ലാതെ
എഴുതാന്‍ കഴിയുന്നത്
കവിതയില്‍ മാത്രമാണെന്നും
കണ്ട കള്ളനും കൊലപാതകിക്കും
വെയിലുകായാനുള്ള
ചായ്പ്പാണ്
ഈ കൊതുമ്പുവള്ളമെന്നും
ശശിധരന്‍ തര്‍ക്കിക്കുന്നു
ഉദാഹരണമായി
ഭാഷയിലെ അപ്രതീക്ഷിത അപകടങ്ങള്‍
എന്ന സ്വന്തം കവിത ഹാജരാക്കുന്നു -

പെട്ടന്ന് ചില വാക്കുകള്‍
അപ്രതീഷിത അര്‍ഥങ്ങളെ
ഉല്പാദിപ്പിച്ചു തുടങ്ങുമെന്ന്
അതിനുമുമ്പ്
അറിയാത്തതിനാല്‍,
ലളിത,
'ആരെങ്കിലും ചായയിടുമോ'
എന്ന സ്വാഭാവിക ചോദ്യം
എന്തുകൊണ്ടാണ് എല്ലാവരെയും
ചിരിപ്പിക്കുന്നത് എന്ന്
ആലോചിച്ചു തുടങ്ങി

ഇപ്പോള്‍ ആരും ആരോടും
ഒന്നും ആവശ്യപ്പെടാറില്ലെന്നും
എല്ലാവരും അവര്‍ക്കു വേണ്ടത്
സ്വയം ചെയ്യുകയാണെന്നും
സന്തോഷം തോന്നിയതിനാല്‍,
ലളിത,
സ്വയമെഴുന്നേറ്റ് ചായ ഉണ്ടാക്കുവാന്‍
ആരംഭിച്ചു

അര്‍ഥങ്ങളില്‍ നിന്ന് അംഗചലനങ്ങളിലേക്ക്
എത്രയനായാസമാണ്
കാര്യങ്ങള്‍ സഞ്ചരിക്കുന്നത്
എന്ന സന്തോഷത്തില്‍
ചിരിച്ചു കൊണ്ടിരുന്നവര്‍
കൂടുതല്‍ ഉച്ചത്തില്‍ ചിരിക്കുകയും,
ചായയിടുന്നത് നിര്‍ത്തി
ലളിത,
ചിരിക്കുന്നവരെക്കുറേനേരം
നോക്കിനില്‍ക്കുകയും
ചിരിക്കുന്നവര്‍ പിന്നെക്കുറേനേരം
ലളിതയെ നോക്കിനില്‍ക്കുകയും...

നിര്‍ത്ത് നിര്‍ത്ത്
വെറുതേ മൂഴിക്കലിനും കോഴിക്കോടിനും ഇടയില്‍
അങ്ങോട്ടുമിങ്ങോട്ടുമെല്ലാ ദിവസവും
വന്നുപോകുന്ന
മണകൊണാപ്പാ നിന്റെ അതിഭാഷണം
എന്നു നിങ്ങളുടെ പ്രിയപ്പെട്ട
ആഖ്യാതാവ് ഇടപെടാതിരിക്കുന്നത്
എങ്ങനെയാണ്
ഈ സന്ദര്‍ഭത്തില്‍?
എത്ര ദിവസമെന്നു വെച്ചാണ്
റോഡിലേക്ക് ഈ കൊന്നക്കമ്പ്
നീണ്ടുകിടക്കുന്നത് സഹിക്കുക?

അതിനാല്‍,
നിങ്ങളുടെയേവരുടെയും
അനുവാദത്തോടുകൂടി

നിര്‍ത്ത് നിര്‍ത്ത്
മാ‍നാഞ്ചിറ മൈതാനമേ
മനുഷ്യര്‍ക്കു ചുറ്റുമുള്ള
പതിയിരിപ്പുകള്‍
നിര്‍ത്ത് നിര്‍ത്ത്
തൊപ്പിയില്‍ നിന്നൊരായിരം
കവിത പാറിക്കും
നിന്റെ
നാട്ടുപൊയ്പേച്ചുകള്‍

നിര്‍ത്ത് നിര്‍ത്ത് ശശിധരാ
കൊതുമ്പുവള്ളമുപേക്ഷിക്ക

നടക്ക്

9 comments:

Pramod.KM said...

"മറ്റെല്ലാ അപരിചിതര്‍ക്കും അതിനുമുമ്പ്
തന്നെയും ഇഷ്ടമായിരുന്നു
എന്ന രണ്ടുവരി
തെളിവുകളുടെ അടിസ്ഥാനമില്ലാതെ
എഴുതാന്‍ കഴിയുന്നത്
കവിതയില്‍ മാത്രമാണെന്നും
കണ്ട കള്ളനും കൊലപാതകിക്കും
വെയിലുകായാനുള്ള
ചായ്പ്പാണ്
ഈ കൊതുമ്പുവള്ളമെന്നും"
തര്‍ക്കിക്കുന്ന ശശിധരന് അഭിവാദ്യങ്ങള്‍ :)

d said...

രസം പിടിച്ച് അങ്ങനെ വരുകാരുന്നു. അപ്പോളല്ലേ രസം കൊല്ലിയായി ആഖ്യാതാവ് വന്നു കയറിയത്!
പക്ഷെ, ശശിധരന്‍ :) അത്രയെളുപ്പം വിട്ടുപോകുമെന്ന് തോന്നുന്നില്ല.

ഇഷ്ടമായി കവിത.

Harold said...

ചായയിടാന്‍ പോയ ലളിത
കാപ്പിയിടുന്നത് നിറുത്തി ഇല്ലേ
:)

Latheesh Mohan said...

ഓഹ് :( അതില്‍ എനിക്കു വലിയ പങ്കില്ല :)

naakila said...

Ha Ha
Rasamundu Vaayikan

വികടശിരോമണി said...

അതിഭാഷണം ലതീഷിനെ വിഴുങ്ങുന്നുവോ?

Pranavam Ravikumar said...

:-)

Visala Manaskan said...

മിടുക്കന്‍!

Anonymous said...

എന്റെ ലതീഷേ.. താനിങ്ങനെ മാനാഞ്ചിറ മാത്രം കറങ്ങാതെ ആ മറൈൻ ഡ്രൈവ് വരെ ഒന്നു പോ.. സ്വവർഗാനുരാഗിയായ് തെറ്റ്ധരിക്കാനിടയുള്ള പ്രത്യേക സാഹചര്യത്തിൽ മാനാഞ്ചിറക്കറക്കം ഇനി നിർത്തണം ഞാൻ എന്നാണോ നീ പറഞ്ഞ് വരുന്നത്?