കാറ്റിനെത്തിരക്കി നടക്കുകയാണ്
കാറ്റിവിടെയെത്തിയോ എന്നു ചോദിച്ച്
കാറ്റെത്താനിടയുള്ള
ഇടങ്ങളില്‍ നിന്നിടങ്ങളിലേക്ക്
കാറ്റിനെത്തിരക്കി
കയ്യിലൊരോല കാറ്റാടിയുമായി
കാലങ്ങളായൊരൊഴിഞ്ഞ കോണില്‍
കാറ്റിനെകാത്തുനില്‍ക്കുന്ന കുട്ടി
അയാളോടുതന്നെ ചോദിച്ചു : -
കണ്ടോ കാറ്റിനെ?
ഒഴിഞ്ഞൊഴിഞ്ഞൊന്നുമില്ലാത്ത
പാത്രം പോലെ ശുദ്ധശൂന്യം ഈ കുട്ടി
അവനുചുറ്റും നിശ്ചലതപസ്സില്‍ ഇലകള്‍
അവനുപിന്നില്‍
കയ്യിലോല കാറ്റാടിയേന്തിയ ഒരു കുട്ടിയുടെ ചിത്രം
മേല്‍ക്കൂരകളില്ലാത്ത ഭിത്തികള്‍
- : മണ്ണുതേച്ച് ഏതോ യുദ്ധകാലത്തിനു മുമ്പ്
നാണമില്ലാതെ ശരീരത്തിലേക്ക്
കൂപ്പുകുത്തുവാന്‍
ആണും പെണ്ണും കെട്ടിപ്പൊക്കിയ ഭിത്തികള്‍ : -
വെറും ഭിത്തികള്‍
ജീവനെയും ജീവജാലങ്ങളേയും
തിരിച്ചെടുത്ത്
എല്ലാം നന്നായിരിക്കുന്നെന്നു കണ്ട്
ജൂതരുടെ ജാലവിദ്യക്കാരന്‍ ദൈവം
ഏഴാം വരിയിലൊരു പായ്ക്കപ്പലില്‍
വിശ്രമിക്കാന്‍ പോയതിനുശേഷം
ബാക്കിയായ ഭിത്തികള്‍
ബാക്കിയായ കുട്ടി, ബാക്കിയായ കാറ്റാടി
അവരോടാണ് തത്വവിചാരം
: - ആണിയടിച്ചുറപ്പിച്ച ചിത്രമേ
ആടാതെപാടില്ലേ നിനക്ക്
കാറ്റിലെന്തിരിക്കുന്നു
കാറ്റുണ്ടെങ്കിലുണ്ടോ ഇരിക്കപ്പൊറുതി?
അല്ലെങ്കില്‍ വേണ്ട, നിങ്ങളിരിക്കൂ
ഹെലികോപ്റ്ററുകളുടെ കഥ കേള്‍ക്കൂ
ഹെലികോപ്റ്ററോളം
ഭ്രമിച്ചുപോയൊരാളുടെ കഥ
കേള്‍ക്കൂ
രണ്ട് ചിതല്‍പ്പുറ്റുകളിലൊന്നിന്റെ നട്ടുച്ചയില്‍ നിന്ന്
താഴേക്ക് ചാടുവാന്‍
തയ്യാറെടുത്തു നില്‍ക്കുന്നൊരാള്‍
വളരെവളരെ പഴയ ഒരാള്‍
അയാളുടെ കഥ
രൂപകാതിശയോക്തി അയാള്‍ക്ക് ജീവിതം
രണ്ട് ഉയര്‍ച്ചകള്‍ക്കിടയിലെപ്പോഴും
ആഴത്തിലയാളെ പ്രലോഭിപ്പിച്ച്
കണ്ണെത്താത്ത താഴ്ച
താഴ്ചയിലേക്ക്
ശ്ര്‍ര്‍ എന്നൊരുകുട്ടി എയ്തുവിട്ട
കടലാസ്‌റോക്കറ്റുകള്‍ക്കു പിന്നാലെ
ആര്‍ത്തിയോടെ പായുന്ന കാറ്റ്
രണ്ട് ചിതല്‍പ്പുറ്റുകള്‍ക്കിടയില്‍
അക്കരെയിക്കരെ ഒഴുകിപ്പോകുന്ന
ഇരിക്കപ്പൊറുതിയില്ലായ്മ അയാള്‍ക്കു നിമിഷങ്ങള്‍
നായകന്മാരുടെ രക്തം കുതറിയൊഴുകുന്ന
ഞരമ്പുകള്‍ അയാളുടെ പ്രതലം
ഒരു തുമ്പില്‍ നിന്ന് അങ്ങേത്തുമ്പിലേക്ക്
പറക്കാനയാളില്‍ വെമ്പുന്നു ഹെലികോപ്റ്ററുകള്‍
ഒരു കാല്‍ കൂടുതല്‍ ശക്തിയായി ഊന്നി
ഒരു കൈ ഇടുപ്പില്‍ കുത്തി
ആകാശത്തേക്ക് നോക്കി
അയാളാജ്ഞാപിക്കുന്നു
വരട്ടെ രണ്ട് തുമ്പുകള്‍ക്കിടയ്ക്ക്
കണ്ണെത്താത്ത കഞ്ചാവുതോട്ടം
വരട്ടെ കൂര്‍ത്ത പാദുകങ്ങള്‍
ഇരട്ടക്കുഴല്‍ തോക്കുകള്‍
പടരട്ടെ ഞാന്‍, എന്നില്‍നിന്നനവധി
നായകന്മാരുടെ ഞരമ്പുകള്‍
കുതന്ത്രങ്ങളില്‍ കാറ്റ് അയാളെ നോക്കിയിരുന്നു
എന്റെ കുട്ടീ, ഇപ്പോള്‍ നിന്നെയെന്നപോലെ
മറ്റൊരു മരത്തിന്റെ പിന്നില്‍
ചുണ്ടിലൊരു പുകക്കുഴലുമായി
കാറ്റ് അയാളെത്തന്നെ നോക്കിയിരുന്നു
രണ്ട് ചിതല്‍പ്പുറ്റുകള്‍ക്കിടയില്‍,
കഞ്ചാവിലകളില്‍ പതുങ്ങിയിരിക്കുന്ന ഒച്ചുകളില്‍
അയാളുടെ ഹെലികോപ്റ്റര്‍ പറന്നിറങ്ങി വരുമ്പോഴെല്ലാം
അയാളെത്തന്നെ നോക്കിയിരുന്നു
കയ്യിലൊരോല കാറ്റാടിയുമായി കാറ്റ്
ചുണ്ടില്‍ നിന്ന് ബീഡികളഞ്ഞ് പിന്നെയൊരു ദിവസം
കാറ്റ് എണീറ്റുവന്നു
കൂര്‍ത്ത പാദുകവും ഇരട്ടക്കുഴല്‍ തോക്കും
പ്ലാവിലത്തൊപ്പിയില്‍ പക്ഷിത്തൂവലും ധരിച്ചു
പറക്കുന്നവയിലെല്ലാം കാറ്റ്
താഴ്ചയിലുമുയര്‍ച്ചയിലും കാറ്റ്
ചില ചെരുവുകള്‍ ചെത്തിയെടുക്കുമ്പോള്‍
അയാളുടെ ഹെലികോപ്റ്റര്‍
ഹൂറേ ഹൂറേ എന്നാര്‍ത്തു വിളിച്ചു
അനേകായിരം തുമ്പികളില്‍
കാറ്റ് പിന്നാലെ പറന്നു
മറ്റൊരു ചെരിവില്‍വച്ച്
കാറ്റ് അയാളെ പണിതു
കാറ്റിനുമാത്രമറിയാവുന്ന
ഭൂമിയിലെ മാളങ്ങളില്‍ നിന്നെലികള്‍
അയാളിലേക്കിറങ്ങി വന്നു
അയാള്‍ക്കു പിറകില്‍
കഞ്ചാവുതോട്ടങ്ങള്‍ക്കു മുകളില്‍ പാറുന്ന
ഹെലികോപ്റ്ററിന്റെ ചിത്രം
തൂക്കിയിട്ട്
വീഴ്ത്തിക്കളഞ്ഞവയുടെ ചിത്രങ്ങള്‍
മറ്റിടങ്ങളില്‍ തൂക്കാന്‍ കാറ്റുപോയി
കാറ്റിനെത്തിരക്കി നടക്കുകയാണ്, അന്നുമുതല്‍
കാറ്റിവിടെയെത്തിയോ എന്നു ചോദിച്ച്
കാറ്റെത്താനിടയുള്ള
ഇടങ്ങളില്‍ നിന്നിടങ്ങളിലേക്ക്
കാറ്റിനെത്തിരക്കി
- : കണ്ടുകിട്ടിയാല്‍ തീര്‍ത്തുകളയും
പൊടിക്കാറ്റുകൊണ്ടുപോയ മേല്‍ക്കൂരകള്‍
കൂട്ടത്തോടലറുന്നത്
കഥതീരുമ്പോളയാള്‍ക്കു കേള്‍ക്കാം
നിറഞ്ഞ സദസ്സിന് നടുവില്‍
മുകളിലേക്ക് കൈവിരിച്ചയാള്‍ നില്‍ക്കുമ്പോള്‍
മുഴങ്ങുന്ന ആരവം കേള്‍ക്കാം
ജാലവിദ്യക്കാരുടെ ദൈവം
ഞരമ്പുകളിലേക്ക് തിരിച്ചുവരുന്നതിന്റെ
ഒച്ച കേള്‍ക്കാം
അതേ നിമിഷത്തില്‍
അതേ ചിത്രത്തില്‍ നിന്ന്
ഇടങ്കണ്ണിട്ടു നോക്കി
കുട്ടി
അയാളോടു തന്നെ ചോദിച്ചു
: - കണ്ടോ കാറ്റിനെ?
1 comment:
കാറ്റിനെ കാത്ത് കാറ്റാടിയുമായി ആകുട്ടി!
Post a Comment