സസ്യശാസ്ത്രമായിരുന്നു
ഖദീജയുടെ വിഷയം
എന്റേതും അതു തന്നെ
ഒറ്റത്തണ്ടും
മൊട്ടുപോലത്തെ പൂവുമുള്ള
ആടുന്ന ചെടികളിലായിരുന്നു
ആദ്യകാലങ്ങളില്‍
എന്റെ താല്‍പര്യം
പൂവുകള്‍ ചൂടിയ പെണ്‍കുട്ടികള്‍
നായികമാരായ അടിപ്പടങ്ങളില്‍
അമ്പരന്നു നില്‍ക്കുന്ന
കൂറ്റന്‍ മരങ്ങളിലായിരുന്നു
ഖദീജ;
മുകളിലേക്കു കയറിയൊളിക്കാന്‍
മച്ചുംപുറം പോലത്തെ ചില്ലകള്‍
കൂറ്റന്‍ കുതിരപ്പടയ്ക്കു
വെയില്‍ കായാന്‍
നീട്ടിവിരിച്ച തണല്‍
പില്‍ക്കാലം ഞങ്ങളിരുവരും
സൂര്യനെതിരെ നടന്ന്
ആളൊഴിഞ്ഞ
ഒരു മലയോര ഗ്രാമത്തില്‍ നിന്ന്
രണ്ടു കുതിരകളെ
വാടകയ്‌ക്കെടുത്ത്
മണ്ണെണ്ണയും
അരിയും ഗോതമ്പും
വലിയൊരു സഞ്ചിയിലാക്കി
സൂര്യനെതിരെ പോകുന്ന
വഴിയുടെ അറ്റത്ത്
തുണികൊണ്ടുണ്ടാക്കിയ
ചെറിയ ചായ്പ്പില്‍
ചേര്‍ന്നു കിടക്കുമ്പോള്‍
ഇലയടരാന്‍ മടിക്കുന്ന മഞ്ഞില്‍
ഇരുട്ടില്‍ നിന്നുമൊരു ഇളക്കം
കരിയിലയില്‍ തെന്നിനീങ്ങുന്ന
വലിയ പൂച്ചയുടെ കാലുകള്‍
എന്തോ പെറ്റുവീണ,തിന്റെ
തൊണ്ടയില്‍ നിന്നും
മിന്നല്‍പോലെ നീളത്തില്‍ നിലവിളി
'പുലി പ്രസവിക്കുന്നതിന്റെ ഒച്ച'
എന്ന് ഖദീജ കണ്ണിലേക്ക്
കുറേനേരം തുറിച്ചുനോക്കി
'അതേ' എന്നു ഞാനും
വരാലില്‍ നിന്നും കുഞ്ഞുങ്ങളുടെ നദി
പൊട്ടിയിറങ്ങുന്നത് മനക്കണ്ണില്‍കണ്ട്
രാത്രിവൈകുവോളം ഉറങ്ങാതിരുന്ന ഭയം
കണ്ണുതുറന്ന് നോക്കുമ്പോള്‍
പുലിയില്ല;
പൂവുകള്‍ പൊഴിയുന്ന പുലരികളില്‍
ഇടവഴിയിലെ കാറ്റുപോലെ
ഒന്നുമറിയാത്തപോലെ
സൂര്യന്‍
അവര്‍ക്കു മീതേ
2.
'ആടുന്ന മരങ്ങളുടെ നിഴലുകള്‍
വേരുകള്‍ പോലും എത്താത്ത ഇടങ്ങളെ തൊടും',
ഖദീജ ഇടയ്ക്കിടെ പറയും
'അതെ, അവ നില്‍ക്കുന്ന ഇടങ്ങളെക്കാള്‍
വലുതാണ് മരങ്ങള്‍',
ഞാന്‍ ശരിവയ്ക്കും
മരക്കൊമ്പത്തെ ഊഞ്ഞാല്‍
ആയത്തിലാടുന്ന സുന്ദരന്‍
നീട്ടിയെറിഞ്ഞ വെളിച്ചം
എന്നിങ്ങനെ ഖദീജ തുടരും
മലയ്ക്കുകുറുകേ വീണുകിടക്കുന്നു
കുതിരമേല്‍ കടന്നുപോകുന്ന
രണ്ടുപേരുടെ നിഴല്‍
എത്രപോയിട്ടും പോകാതെ
കിളികള്‍ ഏതോ കൊമ്പില്‍
മഴ ഒന്നുനിന്നതിന്റെ ആനന്ദം
അവയില്‍ ചിലയ്ക്കുന്നു
പറ്റില്ല എന്നു പറയാനാകാതെ
ഈ പെരുംകാടിന്റെ മുഴക്കം,
അടയ്ക്കാന്‍ കഴിയാത്ത ചെവിയില്‍
കാണാന്‍ കഴിയാത്ത ഒച്ച,
വായുവില്‍ നിന്നും പൂതമാര്‍ഗത്തില്‍
'അടയ്ക്കാന്‍ കഴിയുക എന്ന ആശയം
ചെവിയുടെ സ്വപ്‌നങ്ങളില്‍ നിറയെ',
ഖദീജ പറയുന്നു
'കൗമാരക്കാരുടെ സ്വപ്‌നങ്ങളില്‍
ശരീരം എന്ന പോലെ',
പതിവുതെറ്റാതെ ഞാനും
വഴിയരികില്‍ നിന്നും
ഞങ്ങളെ നോക്കുന്നു
ആയിരം ചുണ്ടുകളില്‍ കിളികളായി
നിര്‍ത്താതുരുവിടും മരങ്ങള്‍.
....
(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2017 ഡിസംബര്‍)
1 comment:
കൊള്ളാം
Post a Comment