Sunday, May 18, 2014
ഖേദം, അതുപ്രകടിപ്പിക്കുവാനല്ലെങ്കില്‍
ഒരാളില്‍ പലരുണ്ടെന്ന് പറഞ്ഞതിന് മാപ്പുചോദിക്കാന്‍ എത്തിയതാണ് ദിവാകരന്‍. സ്വയം പെരുപ്പിച്ചുകാട്ടാനുള്ള വാസനയാല്‍ ചതിക്കപ്പെട്ട് മരത്തേക്കാള്‍ കൂടുതല്‍ വേരുകള്‍, മരിച്ചവരേക്കാള്‍ കൂടുതല്‍ ആരാധകര്‍, ആകാശത്തെക്കാള്‍ കൂടുതല്‍ നിഴലുകള്‍ ഒരാള്‍ എന്നു പറഞ്ഞതിന് പ്രായം ചെറുതായിരുന്നു എന്ന അടിക്കുറിപ്പോടെ എഴുതിയ ചരമക്കുറിപ്പ് കയ്യില്‍. ഖേദം കൊണ്ട് കുനിഞ്ഞുപോയ അഹങ്കാരം തൊട്ടടുത്ത്.
പാതിതുറന്ന ജനലിലൂടെ പുറത്തേക്ക് തലയിട്ട് ഉള്ളില്‍ നിന്നു വന്നു ചോദ്യം
ആരാ ?
ഞാനാ ദിവാകരന്‍
ആഹാ, വന്നോ. ഖേദം ആയിരിക്കും.
അതേ, എങ്ങനെ മനസ്സിലായി ?
കല്യാണക്കുറി കിട്ടിയായിരുന്നു
എന്നാലും ചില വിശദീകരണങ്ങള്‍ വേണ്ടേ ?
വേണ്ട, പഴയ സിദ്ധാന്തം തോറ്റുതൊപ്പിയിട്ടതിനെക്കുറിച്ച് പുതിയ സിദ്ധാന്തമല്ലേ, വേണ്ട
അമ്പലങ്ങള്‍, പള്ളികള്‍, പാര്‍ടി ഓഫീസുകള്‍ എന്നിങ്ങനെ മാപ്പു പറയേണ്ടവര്‍ക്കായി എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ ചെന്നുപറയാതെ പഴയ കാമുകിമാരുടെ വീടുകള്‍ തേടിപ്പോകുന്നതില്‍ മൊട്ടില്‍ പൂവെന്നപോലെയിരിക്കും അബദ്ധം ആ നിമിഷത്തില്‍ വിരിഞ്ഞിറങ്ങി ദിവാകരനില്‍
അതിനാല്‍ നേരെ പള്ളിയില്‍ പോയി പറഞ്ഞു : ഇല്ല ഇല്ലേയില്ല / ഒരാളിലില്ല / ഒന്നിലധികം ആളുകള്‍. തൊട്ടുപിന്നാലെ ഒരു നീണ്ട പ്രബന്ധം വായിച്ചുകേള്‍പ്പിച്ചു. എന്തുകൊണ്ടില്ല ഒരാളില്‍ ഒന്നിലധികം എന്നതിനാദികാലം തൊട്ട് അതിതല്‍പരര്‍ പറഞ്ഞ ന്യായങ്ങള്‍ വിസ്തരിച്ചു. എന്തൊരു സുഖമെന്ന് സ്വയം പറഞ്ഞു.
കാണിക്കയായിട്ട അഞ്ചുരൂപാത്തുട്ട് വഞ്ചിയുടെ അടിത്തട്ടില്‍ പോയി വീണു മുഴങ്ങി. ഞാനിനി വരില്ലെന്നു പറഞ്ഞിറങ്ങി. നേരെ പഴയ കാമുകിയുടെ വീട്ടിലേക്കുപോയി. ജനലും വാതിലും തുറന്നിട്ട് പടിയിന്മേലിരിക്കുന്നു ഭൂതകാലം. അവള്‍ പറഞ്ഞു : ഇതൊന്നും വലിയ കണ്ടുപിടുത്തമല്ല. ഒരാളെക്കൊണ്ടിത്രയൊക്കയേ പറ്റൂ എന്ന് ചെറിയ പെമ്പിള്ളേര്‍ക്കു വരെ അറിയാം. അതൊന്നും വലിയ കാര്യമല്ലെന്ന് തെളിയിക്കാന്‍ സിദ്ധാന്തം ഉണ്ടാക്കി കക്ഷത്തില്‍ വെച്ചുനടന്നാല്‍ ചെവിപ്പുറകില്‍ ഇരുന്നു തുരുമ്പിക്കുന്ന ഓട്ടക്കാലണ പിന്നെയെപ്പോഴെങ്കിലും പള്ളിയില്‍ കൊണ്ടുചെന്നിടേണ്ടിവരും. എന്നാലും പറയൂ, കേള്‍ക്കട്ടെ വിശദീകരണം
വിശദീകരണമോ എന്ന് പെട്ടന്നുത്സാഹിയായി ദിവാകരന്‍. കീശയില്‍ തപ്പി പുറത്തെടുത്ത കുറിമാനം മേലോട്ടു നോക്കിനിന്ന് വായിച്ചു. പട്ടിയില്‍ വാലെന്നപോലെ താഴേക്കുകിടക്കും ലിംഗം താളത്തിലാട്ടി തിരിഞ്ഞു നോക്കാതെ പടികളിറങ്ങി വേഗത്തില്‍ നടന്നുപോന്നു. പറഞ്ഞുകഴിയുമ്പോള്‍ എന്തൊരു സുഖമെന്ന് സ്വയം പറഞ്ഞു.
ഞാനിനിവരില്ല എന്നു പറയാന്‍ അതിനിടയില്‍ മറന്നു. അതിങ്ങനെ മറക്കുന്നതിനെക്കുറിച്ച് ഖേദവും വിശദീകരണവുമായി വീണ്ടും വരുമായിരിക്കും എന്നോര്‍ത്ത് അവളെണീറ്റ് വാതിലും ജനലും കുറ്റിയിട്ടു. അപ്പോള്‍ വീണ്ടും വാതില്‍ക്കല്‍ നിന്നാരോ വിളിക്കുന്നു.
പകുതിതുറന്ന ജനലിലൂടെ ചോദിച്ചു
ദിവാകരന്‍ ആയിരിക്കും ?
അതേ
ഇനിവരില്ല എന്നു പറയാന്‍ വന്നതായിരിക്കും ?
എങ്ങനെ മനസ്സിലായി ?
തിരക്കുള്ള ബസ്സില്‍ എത്രപേര്‍ തിങ്ങിഞെരുങ്ങിപ്പോകുന്നു.
പിന്നെവരാം എന്നു പറയുന്നു ദിവാകരന്‍.
Saturday, December 7, 2013
രണ്ടു പോലീസുകാര്‍ പാടം മുറിച്ചു കടന്നുപോകുമ്പോള്‍, മറഞ്ഞിരുന്നു ഞാന്‍ കൊറ്റികളെക്കുറിച്ച് പാടുന്നു
- - - ഇന്നീ വരമ്പത്ത് പൂത്തേ
കൊറ്റികള്‍ രണ്ടെണ്ണം പൂത്തേ
കാറ്റിലുലഞ്ഞ് നിരന്നേ
അവരവരോടു മാത്രം കയര്‍ത്തേ - - -
സത്യം പറയാമെല്ലോ ഒച്ചയെക്കുറിച്ചാണ് ശങ്ക
താളത്തിലായാലുള്ള കുഴപ്പമിതാണ്
ഒച്ചയെവിടെയെന്ന് അറിയാനാവാതെപോകും
ആസക്തിയാല്‍
ആരെങ്കിലും കേട്ടുവന്നാല്‍
എന്തിനാണ് ഒളിച്ചിരുന്നു പാടുന്നത്
ഒന്നുമെടുക്കാതിരുന്നിട്ടും
എന്തിനാണ് പോലീസുകാരെ പേടിക്കുന്നത്
എന്നൊക്കെ വിശദീകരിക്കേണ്ടി വരും
ആരും വരാതെ പോയാല്‍
ഒന്നും ചോദിക്കാതിരുന്നാല്‍
തവളയ്ക്കു തുല്യമാകും നില :
വെറും പാട്ട് - കേള്‍വിക്ക് ഭൂമി
- കേട്ടുവരുന്നവര്‍ക്ക് വേട്ട
ഒച്ച കുറയ്ക്കാനാവില്ല അതിനാല്‍
കൂട്ടാനുമാവില്ല അതിനാല്‍ തന്നെ
Friday, December 6, 2013
സൂര്യനും മറ്റ് യാത്രികരും
മുപ്പതിനും നാല്‍പ്പതിനും ഇടയില്‍
ഒരു നദിയൊഴുകുന്നു
നദിക്കുമീതെ നിറയെപ്പേര്‍
ചേര്‍ന്നു പണിയുന്നു തടിപ്പാലം
പാലത്തിനു മുകളില്‍ വളഞ്ഞു നില്‍ക്കുന്നു
ആകാശത്തിനക്കരെയിക്കരെ പോകുന്ന
സൂര്യനോടനുതാപമുള്ളവര്‍
പണിഞ്ഞ മഴവില്ലു പാലം
അതിനെല്ലാം താഴെ
വളരെപ്പഴക്കമുള്ള ഒഴുക്കുനീറ്റില്‍
ചെറിയ തോണികള്‍ തുഴയുന്ന
കുട്ടികള്‍, വൃദ്ധര്‍
അതിലൊരു തോണിയില്‍
മുപ്പതില്‍നിന്നും ഭീതികൊണ്ട്
നാല്‍പ്പതിലേക്കു നടക്കുന്നു
നമ്മുടെ നായകന്‍, ദിവാകരന്‍
അദ്ദഹമെല്ലാക്കാലവും
കട്ടിയുള്ള കാലുറകള്‍ക്കുള്ളിലും
തന്നെക്കാള്‍ വലിപ്പമുള്ള
ഉടുപ്പുകള്‍ക്കുള്ളിലും
കൃത്യമായി വെട്ടിയ മുടിക്കു താഴെയും
കട്ടിക്കണ്ണടയ്ക്കു പിറകിലും
മടിയിലൊരു തുണിസഞ്ചിയുമായി
വെറുതേയിരുന്നു
ഒരരികില്‍ നിന്നും മറ്റേ അരികിലേക്ക്
അദ്ദേഹത്തെയും കൊണ്ടുപോകുന്നു
ചെറിയ തണുപ്പുള്ള ഈ നദി
സൂര്യനും മറ്റുയാത്രികരും
എന്നദ്ദേഹം പറയുന്നു
അയച്ച അമ്പുകള്‍
നിങ്ങളെന്നാളുകളെ
പറഞ്ഞു പറ്റിക്കുന്നു
തറഞ്ഞു നില്‍ക്കുമ്പോഴെങ്കിലും ഓര്‍ക്കണേ
പൊട്ടിത്തെറിയുടെ ഈശനെ
അടങ്ങിയിരിക്കുന്നവരില്‍
നിന്നടര്‍ന്നു പോരുന്ന
നാലുകാല്‍ ചാട്ടങ്ങളെ
എന്നു പോലും പറയുന്നു
പഴയ കാമുകിയെ അദ്ദേഹം പക്ഷേ
മറന്നിരിക്കുന്നു
/ എന്തൊരു തീരാത്ത തീരാത്ത ശോകം /
എന്ന പാട്ടുപോലും
മറന്നിരിക്കുന്നു
Friday, November 29, 2013
എന്താണു നിറം എന്നാരെങ്കിലും ചോദിച്ചാല്‍
1
അഴിഞ്ഞസാരിപോല്‍
പതിയെ വീഴുന്ന
ഇളംനീല
ഏതും തിരിയാതെയീ
സന്ധ്യയ്ക്കുറപ്പില്ലാത്ത
രാത്രിയെ
തുരുതുരായെറിയുന്നു
നേര്‍ത്ത തൂവലാല്‍
കേള്‍ക്കാത്ത പാട്ടിനാല്‍
ചുറ്റിപ്പിണഞ്ഞുള്ളില്‍
പടരുന്ന പാമ്പിനാല്‍
2
നിന്നനില്‍പ്പില്‍
മഷിപോലെ പടരുന്നു
നിറയെ കുരങ്ങന്മാര്‍
തൂങ്ങുമീ ആല്‍മരം
പാഞ്ഞെത്തും പക്ഷികള്‍
കുഴങ്ങുന്നു
വരൂ വന്നിരിക്കൂ
എല്ലാം പഴയപോലെയാക്കൂ
ഒരടര് തെറ്റിയാല്‍ പിന്നെ
തുരുതുരാഅടരുമതിനാല്‍
തിരിച്ചുവന്നിരിക്കൂ
ഉള്ളില്‍ പടരുന്ന പാമ്പിനേയും
നീ പിടിക്കൂ
ദൂരെമാറിയിരിക്കൂ
പാമ്പാട്ടിയാകൂ
3
എങ്ങോട്ടാണ് ഈ വഴികളെ
കണ്ണുകാണിച്ചു മയക്കി കൊണ്ടുപോകുന്നത്
നില്‍ക്കൂ,
ഞാന്‍ പറയുന്നതുകൂടി കേള്‍ക്കൂ
പാമ്പുകളിലേക്ക് തിരിച്ചുപോകൂ
അഴിഞ്ഞസാരിപോല്‍
പതിയെ വീഴുന്ന
ഇളംനീല
ഏതും തിരിയാതെയീ
സന്ധ്യയ്ക്കുറപ്പില്ലാത്ത
രാത്രിയെ
തുരുതുരായെറിയുന്നു
നേര്‍ത്ത തൂവലാല്‍
കേള്‍ക്കാത്ത പാട്ടിനാല്‍
ചുറ്റിപ്പിണഞ്ഞുള്ളില്‍
പടരുന്ന പാമ്പിനാല്‍
2
നിന്നനില്‍പ്പില്‍
മഷിപോലെ പടരുന്നു
നിറയെ കുരങ്ങന്മാര്‍
തൂങ്ങുമീ ആല്‍മരം
പാഞ്ഞെത്തും പക്ഷികള്‍
കുഴങ്ങുന്നു
വരൂ വന്നിരിക്കൂ
എല്ലാം പഴയപോലെയാക്കൂ
ഒരടര് തെറ്റിയാല്‍ പിന്നെ
തുരുതുരാഅടരുമതിനാല്‍
തിരിച്ചുവന്നിരിക്കൂ
ഉള്ളില്‍ പടരുന്ന പാമ്പിനേയും
നീ പിടിക്കൂ
ദൂരെമാറിയിരിക്കൂ
പാമ്പാട്ടിയാകൂ
3
എങ്ങോട്ടാണ് ഈ വഴികളെ
കണ്ണുകാണിച്ചു മയക്കി കൊണ്ടുപോകുന്നത്
നില്‍ക്കൂ,
ഞാന്‍ പറയുന്നതുകൂടി കേള്‍ക്കൂ
പാമ്പുകളിലേക്ക് തിരിച്ചുപോകൂ
Saturday, July 13, 2013
ആരോ വീശുന്നു കാറ്റ്
കാലമേറെപ്പോയീ നമുക്കിടയില്‍
ഇപ്പോള്‍ അനക്കമറ്റ കാറ്റ്
നീന്തിപ്പഠിച്ചതിനാല്‍
വെള്ളത്തിനുമീതേ പൊങ്ങിക്കിടക്കും
സ്വസ്ഥകാലത്തെ തോണികള്‍
ഇരിപ്പുറയ്‌ക്കാതിളകും
ജലത്തിനുമീതേ പാഞ്ഞെത്ര
കാലം പോയി
ഇടനെഞ്ചിലെ കുരുവി
കുറുകിക്കുറുകിയെത്ര
പുകക്കുഴലുകള്‍ നമ്മളൂതി
പുലര്‍ക്കാലത്തലര്‍ച്ച സ്വപ്‌നം
പേടിച്ചെത്രകാലം
നേരംവെളുത്തതിനു ശേഷം
മാത്രമുറങ്ങി
അക്കാലം പോയി
ഭിത്തിയില്‍
ചിത്രമായി തൂങ്ങി
അതിവേഗത്തില്‍ നമുക്കുചുറ്റം
പാഞ്ഞ വെളിച്ചം
നിന്ന മാത്രയില്‍ നില്‍ക്കുന്നു
സ്വസ്ഥകാലം വന്നുനില്‍ക്കുന്നു
നീളത്തില്‍ വീഴുന്ന നിഴലുകള്‍
ഇനി വളരാത്ത അറിവുകള്‍
കണ്ണിറുക്കിച്ചിരികള്‍
ഇനി വരും
സ്വപ്‌നങ്ങളൊക്കെയും
നേര്‍ത്ത ശബ്ദത്തിലായിരിക്കും
കാഴ്‌ചകണ്ടേ കിടക്കും
നമ്മളിലുറക്കത്തില്‍
പൂത്തു നില്‍ക്കും
പുതിയ മരുന്നുകള്‍ പേറുന്ന ചെടികള്‍
അവയിലോര്‍ത്തിരിക്കുന്ന
പക്ഷികള്‍
പതുക്കെത്തുടങ്ങീ നമ്മളില്‍
നോക്കിയിരുപ്പ്
മിന്നല്‍ മിന്നലെന്നോടുന്ന
ചെക്കനെ, പെണ്ണിനെ -
കാത്തുകാത്തിരിക്കുന്ന സന്ധ്യയെ -
പതിയെ പതിയെ
പുല്ലില്‍ ചാടുന്ന ജീവിയെ
വെള്ളയും പച്ചയും
കുതിരയായി
വലുതിലും ചെറുതിലും
ചെത്തിത്തേച്ചെടുക്കുന്ന -
കാറ്റനക്കത്തെ
Tuesday, June 4, 2013
ഞാനവള്‍ മരം
ഞാവല്‍മരം ഞാന്‍
നീല രാത്രികള്‍ നീ
കടിച്ചുകറപ്പിച്ച
വയലറ്റ് ചുണ്ടുകള്‍
നമ്മുടെ വിത്തുകള്‍
.
നീല രാത്രികള്‍ നീ
കടിച്ചുകറപ്പിച്ച
വയലറ്റ് ചുണ്ടുകള്‍
നമ്മുടെ വിത്തുകള്‍
.
Sunday, April 14, 2013
സിംഹത്തിനോട് രണ്ടു ചോദ്യങ്ങള്‍
1 : ആരാണ് കാട്ടിലെ രാജാവ് ?
ഉ : മനുഷ്യരിലെ ആണ്
2 : എന്താണ് കാട് ?
ഉ : ചിത്രകഥകള്‍, മൃഗശാലകള്‍
പൂച്ചയുടെ പുലരികള്‍
എലികളുടെ സായന്തനങ്ങള്‍ **
നിന്നിലെ കുട്ടി ചവുട്ടിത്താഴ്ത്തിയ
ഭൂമിയും ആകാശവും പാതാളവും
........................
** എലികളുടെ സായന്തനങ്ങളെ
പുച്ചയുടെ നിഴല്‍ വിഴുങ്ങുന്നു
പൂച്ചയുടെ പുലരികള്‍
എലികളുടെ തുഷാരഗീതകങ്ങള്‍-
തൂത്തെറിയുന്നു
( രാജാക്കന്മാരും പ്രഭുക്കളും / ഡി വിനയചന്ദ്രന്‍ )
Subscribe to:
Posts (Atom)