Wednesday, November 19, 2008

കന്യകയും സുന്ദരിയുമായ മറിയമേ, നിന്റെ സംഘകാല സാധ്യതകള്‍

അവസാനത്തെ കാമുകിയും
പ്ലാറ്റ്ഫോം വിട്ടുപോയതിനു
ശേഷമുള്ള
ആനന്ദപങ്കിലമായ നിമിഷത്തിലാണ്‌
രാധയുടെ മകന്‌
ആറ്റിറമ്പിലേക്ക്‌ ചാഞ്ഞുനില്‍ക്കുന്ന
ഒരു കുരിശടിയുടെ സൌന്ദര്യാത്മക സാധ്യതകളെക്കുറിച്ച്‌
വെളിപാടുണ്ടാകുന്നത്‌

ദിവ്യഗര്‍ഭത്തിന്റെ ത്രസിപ്പിക്കുന്ന വിരസത
തന്നിലേക്ക്‌ മടങ്ങിവരുന്നതിന്റെ അന്തിച്ചോപ്പ്‌
ആറ്റിലേക്ക്‌ വീണുകിടക്കുന്ന തെങ്ങോലയുടെ
നിഴലിനിടയിലൂടെ നോക്കി നില്‍ക്കുകയായിരുന്നു
കന്യകയും വിശുദ്ധയും സുന്ദരിയുമായ മറിയ

മറിയയുടെ കണ്ണാടിച്ചില്‍ ഏകാന്തതയെ
വടിവാളുകൊണ്ട്‌ സംഘപരിവാറുകാരനൊരുത്തന്‍
പരിഗണിച്ചിട്ടു പോയ ഇടവേളയില്‍
രാധയുടെ മകന്‍ വിദ്ഗ്ധമായി സ്ഥലം കാലിയാക്കി

അതിനുശേഷം,

സ്കൂള്‍ വിട്ട പട്ടങ്ങള്‍ കുരിശടിയുടെ തുമ്പത്ത്‌
കണ്ണുടക്കി കിടക്കുകയും
അതിലൊരു കാമുകന്‍ പട്ടം
അവന്റെ പെണ്ണ്‌ പൊട്ടിപ്പോയ വഴിയിലേക്കു നോക്കി

നീപോയ വഴികളില്‍ നിന്ന്‌
തിരിച്ചുവരുന്നെന്നിലേക്ക്‌
ഇന്നുമുതല്‍ മാത്രം
ആരുമില്ലാത്തവരുടേയും
ഇന്നലെവരെ മാത്രം
എല്ലാവരും ഉണ്ടായിരുന്നവരുടേയും
നാളെമുതലുള്ള ഒറ്റയാള്‍ ഉറക്കങ്ങള്‍


എന്നൊരു തകര്‍പ്പന്‍ പ്രേമലേഖനം
വിരഹത്തിന്റെ തപാല്‍പെട്ടിയില്‍
നിക്ഷേപിക്കുകയും ചെയ്തു

പതിവുപോലെ ആറ്റിലേക്ക്‌
ആകാശം മയങ്ങിവീണു,
തൊട്ടുപിന്നിലൂടെ പതുങ്ങിക്കയറിവന്ന
നിമിഷത്തില്‍

കന്യകയും വിശുദ്ധയും സുന്ദരിയുമായ മറിയത്തിന്‌
വേറെയാരെയും പ്രതീക്ഷിക്കാനില്ല ഈ രാത്രിയിലും

12 comments:

വിഷ്ണു പ്രസാദ് said...
This comment has been removed by the author.
lost world said...

ഭാഷ കൊണ്ട് നിനക്ക് മാത്രം കഴിയുന്നത്
സമകാലീനമായ അതിന്റെ ഇടം കണ്ടെത്തുന്നു.

കന്യകയും വിശുദ്ധയും സുന്ദരിയുമായ മറിയത്തിന്‌
വേറെയാരെയും പ്രതീക്ഷിക്കാനില്ല ഈ രാത്രിയിലും



തകര്‍ന്നു...

അനില്‍@ബ്ലോഗ് // anil said...

ലതീഷ്,

ഒരു ദിവസം ഞാനും ഇതൊക്കെ വായിക്കാന്‍ പഠിക്കും.

അതു വരെ, ഈ വരികള്‍ പിറവിയെടുക്കുന്ന തലച്ചോറിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ആലോചിച്ച് കണ്ണുമിഴിച്ചു നോക്കി നില്‍ക്കും.

പാമരന്‍ said...

വെളിച്ചമധികമില്ലാത്ത ഒരു മുറിയിലെ സുന്ദര രൂപങ്ങളെ അത്ര വ്യക്തമല്ലാതെ ഞാന്‍ കാണുന്നുണ്ട്‌.

അയല്‍ക്കാരന്‍ said...

കണ്ണാടിമുറികളില്ലാത്ത രാധയുടെ പ്രതീക്ഷകള്‍ സംഘകാലത്തെങ്കിലും സാധ്യമാവുമോ?

Mahi said...

വെറുതെയല്ല വെള്ളെഴുത്ത്‌ അസംബന്ധതയുടെ തച്ചന്‍ എന്ന്‌ വിളിച്ചത്‌.അതിന്റെ ഏറ്റവും സുന്ദരമായ ദൃശ്യം ദേ ഇവിടെ വീണു കിടക്കുന്നു.ദിവ്യഗര്‍ഭത്തിന്റെ ത്രസിപ്പിക്കുന്ന വിരസത
തന്നിലേക്ക്‌ മടങ്ങിവരുന്നതിന്റെ അന്തിച്ചോപ്പ്‌
ആറ്റിലേക്ക്‌ വീണുകിടക്കുന്ന തെങ്ങോലയുടെ
നിഴലിനിടയിലൂടെ നോക്കി നില്‍ക്കുകയായിരുന്നു
കന്യകയും വിശുദ്ധയും സുന്ദരിയുമായ മറിയ

Anonymous said...

നീ പോയ വഴികളില്‍ നിന്ന്‌
തിരിച്ചുവരുന്നെന്നിലേക്ക്‌
ഇന്നുമുതല്‍ മാത്രം
ആരുമില്ലാത്തവരുടേയും
ഇന്നലെവരെ മാത്രം
എല്ലാവരും ഉണ്ടായിരുന്നവരുടേയും
നാളെമുതലുള്ള ഒറ്റയാള്‍ ഉറക്കങ്ങള്‍.

ഇന്നലെ, ഇന്ന്, നാളെയും ആരുമില്ലാതെപോയ മറിയയുടെ ഉറക്കമില്ലാത്ത രാത്രികളെയോര്‍ത്ത് രാധയുടെ മകന് കുറഞ്ഞ പക്ഷം ഒരു പ്രേമലേഖനമെങ്കിലും എഴുതാരുന്നു :(

Anonymous said...

"മറിയയുടെ കണ്ണാടിച്ചില്‍ ഏകാന്തതയെ
വടിവാളുകൊണ്ട്‌ സംഘപരിവാറുകാരനൊരുത്തന്‍
പരിഗണിച്ചിട്ടു പോയ ഇടവേളയില്‍"

ചെറ്റ കവിത എക്ഴുതിയാലും ചെറ്റത്തരം തന്നെയേ എഴുതൂ.

മറിയയുടെ കണ്ണാടിച്ചില്‍ ഏകാന്തതയെ
വടിവാളുകൊണ്ട്‌ മറ്റേസഭക്കാരനൊരുത്തന്‍
പരിഗണിച്ചിട്ടു പോയ ഇടവേളയില് എന്നയിരുന്നു എഴുതേണ്ടത്

ഗുപ്തന്‍ said...

കുരിശടി, അന്തിച്ചോപ്പ്‌, വാൾതല, കുരിശടിത്തുമ്പിൽ കുരുങ്ങിപ്പോയ പട്ടം....

പിന്നിൽ ആയിരം കാമുകിമാരുള്ള ഒരുവനും കന്യകയും വിശുദ്ധയുമായ ഒരുവളും...

പ്രണയവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കുഴച്ചാൽ സോപ്പ്‌ ഓപറമാത്രമല്ല സാധ്യത എന്ന് നീ വീണ്ടും :)

umbachy said...

'അതിലൊരു കാമുകന്‍ പട്ടം
അവന്റെ പെണ്ണ്‌ പൊട്ടിപ്പോയ വഴിയിലേക്കു നോക്കി'
കന്യകയും സുന്ദരിയൂമായ കവിതയേ
നിന്‍റെ എന്‍റെ കാല സാധ്യതകള്‍ ഇതാ
ഇവന്‍ കണ്ടെത്തുന്നു...

ഹാരിസ് said...

പറഞ്ഞതില്‍ നിന്നും പറയാത്തതിലേക്ക് കുന്നു കയറിപോകുന്നുണ്ട് ഒരു ചെറിയ ചരല്‍‌പാത നിന്റെ വരികള്‍ക്കോടുവില്‍

prabha said...

wah bhai wah!!