Showing posts with label ആത്മഭാഷണം. Show all posts
Showing posts with label ആത്മഭാഷണം. Show all posts

Monday, March 1, 2010

പ്രളയത്തിനുമീതേ പൊങ്ങുതടികള്‍ കാക്കകള്‍

ഒരു നിലയുള്ള വീട്ടില്‍ നിന്നും ആയിരത്തൊന്ന് നിലകളുള്ള വീട്ടിലേക്ക് കയറി താമസിച്ചതിന്റെ അന്നുമുതല്‍, എത്രകാലത്തേക്ക് സഹിക്കാന്‍ കഴിയും 'എത്ര ഉയരത്തില്‍ പറക്കാന്‍ കഴിയും എനിക്ക്, കാക്കകള്‍ക്ക്' എന്ന ചോദ്യത്തെ?

അലട്ടലൊഴിഞ്ഞിട്ട് പോകാന്‍ കഴിയില്ല എങ്ങും എന്നായപ്പോള്‍, കഥപറഞ്ഞുപറഞ്ഞ് ഉറങ്ങിപ്പോയവളെ അവിടത്തന്നെയുപേക്ഷിച്ച് ആയിരത്തിരണ്ട്, മൂന്ന് എന്നിങ്ങനെ വീണ്ടും പണിതുതുടങ്ങി, നിലകള്‍

പണിതുപണിത് എണ്ണം തെറ്റി
ജലമോഹം വെടിഞ്ഞ് തലകീഴ്
ധ്യാനത്തില്‍ നമുക്കുചുറ്റും,
വേരുകള്‍

ഇപ്പോള്‍ സൂര്യനെ ഞരമ്പിലെക്കടല്‍ കാട്ടിക്കൊടുക്കാം. മേഘങ്ങളില്‍ മേയാനിറങ്ങുന്ന ദൈവങ്ങളെ നടുവിരലുയര്‍ത്തിക്കാട്ടാം. അനന്തവും അജ്ഞാതവും വര്‍ണനീയമായ അവസ്ഥയില്‍ പറക്കാന്‍ കഴിയാത്ത കൈവിരിപ്പില്‍ ഒതുക്കത്തോടെ, വളരെ വളരെ മുകളില്‍.

കാക്കകള്‍, അതിനും മുകളില്‍, കാക്കകള്‍
പ്രളയത്തിനുമീതേ
പൊങ്ങുതടികള്‍, കാക്കകള്‍

തലയ്ക്കുമീതെ, തലേവരയ്ക്കു മീതെയൊരു
ഒറ്റയാന്‍ പരുന്തിനെ കൂട്ടംചേര്‍ന്ന്
തുരുത്തുന്നു, ഉറക്കത്തില്‍ കാക്കകള്‍
തോറ്റുപോയ ദൈവത്തിന്റെ അസ്വാസ്ഥ്യം
എണ്ണമില്ലാത്ത നിലകളില്‍ നിന്ന്
താഴേക്കോടിയിറങ്ങുന്നു
ഉറക്കംതെറ്റിയ രാത്രികളില്‍

ഉള്ളവയ്ക്ക് പകരമാവുകയില്ല
ഏച്ചുകെട്ടലുകള്‍,
തോറ്റുതളര്‍ന്ന് ഫ്‌ളൈ ഓവറിനു കീഴെയുള്ള
ബാറില്‍
താഴേക്ക് വളരുന്ന
ബിയര്‍ കുപ്പിയെയും
ഏതോപാട്ടില്‍ മുടിനീളത്തില്‍
കറങ്ങിയെത്തുന്ന പെണ്ണിനെയും
'അത്ഭുതം തന്നെ' എന്ന്
നോക്കിയിരിക്കുന്നു

അപ്പോള്‍,

എതിര്‍ സീറ്റിലിരുന്ന്
'കൈവെള്ളയിലെ രേഖകളെക്കാള്‍
വിചിത്രമായി എന്തുണ്ട്?
അത്രയടുത്ത് അറിയാമായിരുന്നിട്ടും
മറ്റുള്ളവരാല്‍ വിശദീകരിക്കപ്പെടേണ്ട
ഇന്നലെയും നാളെയുമാണ് അതെന്നു വരുമ്പോള്‍
കൈവെള്ളയിലെ രേഖകളെക്കാള്‍ വിചിത്രമായി
എന്തുണ്ട്'
എന്ന് ബിയറിരമ്പും കണ്ണിറുക്കുന്നു
അതിശയോക്തി ഒട്ടുമില്ലാത്ത ഒരു കാക്ക

നാല്‍പത് ഡിഗ്രിയില്‍ പഴുക്കുന്ന
നമുക്കെല്ലാം അറിയുന്ന നമ്മുടെയീ നഗരത്തില്‍
നമ്മള്‍ക്കാര്‍ക്കുമറിയാത്ത ഒരു റഫ്രിറജറേറ്റര്‍ കട
ഒളിച്ചിരിപ്പുണ്ടെന്ന് അതിനുശേഷമാണ് ഞാന്‍ പറഞ്ഞു തുടങ്ങിയത്
ഇരുന്നുപഴകിയ ആ കടയ്ക്കുള്ളില്‍ ഒരു നാലുവയസ്സുകാരി
പതുങ്ങിയിരിപ്പുണ്ടെന്നും ഞാന്‍ പറയാറുണ്ട്
അതിശൈത്യം വരുന്നു, അതിശൈത്യം വരുന്നു
എന്ന് ഫ്‌ളൈഓവറിന് കീഴെയുള്ള ബാറില്‍ നിന്നും
ഞാനിറങ്ങിയോടിയെന്നതും സത്യം തന്നെ

പുതിയ സത്യങ്ങളൊന്നുമില്ലേ ഇപ്പോള്‍
എന്നു പരിഭവിക്കരുത്

ചിറകുമുളച്ചുകാണണം അതിനുശേഷം

Monday, August 3, 2009

സാധ്യതയുടെ ബൈബിള്‍

ഭക്ഷണത്തോടുള്ള സ്വാഭാവിക പ്രതികരണം
നിലവില്‍
അസാധ്യമായ ഒന്നാണെങ്കില്‍
(ചൂണ്ടയില്‍ പുളയുന്ന മണ്ണിരയില്‍
ആനന്ദം തിരഞ്ഞ മത്സ്യം
മുദ്രമോതിരം വിഴുങ്ങിയിട്ടുണ്ടെങ്കിലെന്ത്
ഇല്ലെങ്കിലെന്ത്)
അസാധ്യതയുടെ ബൈബിള്‍
ഇപ്പോളെഴുതി,തുടങ്ങണം

സ്വാഭാവികമായി സാധ്യമല്ലാത്തതിനെക്കുറിച്ച്
ലീല, രാജപ്പന്‍, പുഷ്പാംഗദന്‍
തുടങ്ങിയവരുടെ ദൃക്‌സാക്ഷി വിവരണം
ചേര്‍ത്ത് തുടങ്ങാം

സ്വാഭാവികമായി എല്ലാം അസാധ്യമാണെന്നും
അസ്വാഭാവികമായി എല്ലാം സാധ്യമാണെന്നും
പാസ്റ്റര്‍ ജോണിന് വെളിപാടുണ്ടാകുന്നതിന്റെ
വീഡിയോ, അടക്കിപ്പിടിച്ച ചിരികള്‍
എന്നിവയും ചേര്‍ക്കാം

പതിയെ പതിയെ
ഏത് ചേര്‍ക്കണം
ഏത് ഒഴിവാക്കണം
എന്ന് തര്‍ക്കമുണ്ടാവും
അതിനു ശേഷവും ആലോചിച്ചാല്‍
ആലോചന ഒര,സാധ്യത
എന്തോ വലുത്
ഇനിയും കിട്ടാനുണ്ടെന്ന
വൃഥാവ്യഗ്രത

അസാധ്യതയുടെ ബൈബിള്‍ എല്ലാത്തിനെയും ഉള്‍ക്കൊള്ളും
ഏതുവേണം ഏതുവേണ്ട എന്ന തര്‍ക്കത്തെപ്പോലും

Friday, January 2, 2009

മുറിച്ചു കടക്കുമ്പോള്‍

അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഇരുട്ടല്ലാതെ ഒന്നുമില്ലാത്ത, ഒരു ശരീരത്തിലാണ്‌ നമ്മളെല്ലാവരും ഉണര്‍ച്ചയിലാണെന്നു ഭാവിച്ച്‌ ഉറങ്ങുകയും ഇടയ്ക്കിടെ ദുസ്വപ്നങ്ങള്‍ കാണുകയും ചെയ്തത്‌ എന്ന്‌ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ട്‌ ഒരാള്‍ പ്രവേശിക്കുമ്പോള്‍, വെളിച്ചമുണ്ടായിട്ടും ഒന്നുമില്ല എന്നു പറയുന്നോ, ഭ്രാന്ത്‌ എന്നു വീണ്ടും പുറത്തേക്കു തന്നെ നോക്കി നമ്മളിരിക്കുകയാണെങ്കില്‍, 'അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഇരുട്ടല്ലാതെ ഒന്നുമില്ലാത്ത ഈ ശരീരം' എന്ന രൂപകത്തിന്‌ സംഭവിക്കാവുന്ന വിധിവൈപരീത്യത്തെക്കുറിച്ചോര്‍ത്ത്‌ ഈ എഴുത്ത്‌ ഇവിടെ അവസാനിപ്പിച്ചോലോ എന്ന്‌ നൂറു തവണ ആലോചിച്ചിരുന്നു എന്ന്‌, ഇന്നലെ രാവിലെ റോഡു മുറിച്ചു കടക്കാന്‍ നില്‍ക്കുമ്പോള്‍ കൈ വെള്ളയില്‍ ഈ കുറിപ്പ്‌ ബലമായി വെച്ചു തന്നിട്ടു പോയ ആള്‍ പറഞ്ഞത്‌ ഇപ്പോഴും ചെറുതായി ഓര്‍മയുണ്ട്‌

അങ്ങനെയൊരു കുറിപ്പ്‌ ഈ കൈവെള്ളയില്‍ തന്നെ വെച്ചുതരേണ്ട കാരണത്തെക്കുറിച്ച്‌ ആലോചിച്ചാലോചിച്ച്‌ ഓര്‍മ പിഞ്ചിപ്പിഞ്ചി ഇന്നലെ രാവിലെ റോഡു മുറിച്ചു കടക്കാന്‍ നിന്നിരുന്നുവോ എന്നതിനെക്കുറിച്ചു തന്നെ സംശയം വന്നപ്പോള്‍,

ഹാ വിടളിയാ
എത്ര റോഡുകള്‍ എത്ര കുറിപ്പുകള്‍
വഴിയരികലെത്രയോ ഭ്രാന്തന്‍മാര്‍

എന്നുറപ്പിച്ച്‌ തിരിച്ചു കയറുമ്പോള്‍ പടിവാതില്‍ക്കല്‍ നിന്ന്‌ ഒരാള്‍
'എന്റെ കുറിപ്പ്‌ തിരിച്ചുതിരിക' എന്ന്‌ കൈനീട്ടുന്നു

Saturday, December 27, 2008

നടപ്പുദോഷങ്ങള്‍

കാത്തുനില്‍ക്കുന്നവളുടെ
ഇരുപ്പും കിടപ്പും
എന്തുചെയ്യുന്നുണ്ടാവും
എന്നു ചിന്തിച്ച്‌
നിന്നു പോയതിനാലാണ്‌
വൈകിയത്‌

എന്തു ചെയ്താലെന്ത്
എന്നുറപ്പിച്ച്‌
ഓടിയെത്തുമ്പോഴേക്കും
നടപ്പ്‌
അവളില്‍
പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു

ഇനി ഇരുന്ന്
ചിന്തിക്കാമെന്നിരിക്കെ
ഓടിച്ചിട്ടു പിടിക്കാന്‍
തോന്നുന്നതിന്റെ
കിടപ്പു വശമെന്ത്‌?

Saturday, June 28, 2008

കടിഞ്ഞൂല്‍ പൊട്ടന്‍

കുറച്ചുകൂടി ക്ഷമിച്ചിരുന്നുവെങ്കില്‍,
വേറൊരു ബീജത്തിന്
അവസരം നല്‍കിയിരുന്നുവെങ്കില്‍

ഇങ്ങനെയാകുമായിരുന്നില്ല
ഇത്രയ്ക്ക് അലയുമായിരുന്നില്ല

തന്തേ, തള്ളേ
നിങ്ങളുടെ തിടുക്കത്തില്‍ തടഞ്ഞ്
ദേ കിടക്കുന്നു
പൂര്‍ത്തിയാക്കാന്‍ കഴിയാത്ത
സ്വപ്നങ്ങളുടെ

ബീജഗണിതം

Friday, February 29, 2008

കടല്‍

ഇത്രനേരം
നോക്കിയിരുന്നാല്‍
വീട്ടിലേക്ക് കൂട്ടുപോരും

അത്രവലിയൊരു
അതിഥിക്ക്
വിരുന്നൊരുക്കാന്‍

ഏതു മത്സ്യമാണ്
നിന്റെ അക്വേറിയത്തില്‍?