Wednesday, June 30, 2010

പഴയൊരു മുന്‍ധാരണയുടെ ദൈവം മനസ്സു തുറക്കുന്നു

അഭ്യൂഹങ്ങള്‍ കുഴിച്ചിട്ട്
വെള്ളമൊഴിച്ച് കാത്തിരിക്കുന്ന
ഒരു വൃദ്ധനുണ്ടായിരുന്നു
നമ്മള്‍ നില്‍ക്കുന്നിടത്തു നിന്നും
വളരെ വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞ്

പണ്ടു പണ്ട് ചിലര്‍
പാട്ടുകളിലും ചിത്രങ്ങളിലും
കുഴിച്ചിട്ട പലതും
മണ്ണില്‍ പരതുകയാവണം അയാള്‍

അയാള്‍ക്ക് തൊട്ടടുത്തുള്ള നഗരത്തിലൂടെ
വിജനമായ മലയിറങ്ങിവരുന്ന
അതിവേഗ തീവണ്ടിയുടെ
പടിവാതിലില്‍
കുളിച്ചൊരുങ്ങി കൂളിംഗ് ഗ്ലാസും വെച്ച്
ചാഞ്ഞുവീശുന്ന നേര്‍ത്ത മഴക്കാറ്റിനെയൊഴിഞ്ഞ്
എരിഞ്ഞുതീരുന്നൊരു സിഗരറ്റില്‍
കുറിയും തൊട്ടിരിക്കുന്നു
കുറച്ചു ദിവസം മുമ്പ് ഉപേക്ഷിക്കപ്പെട്ട
കാമുകി

പതിവിലധികം നിലകളുള്ള
കെട്ടിടം കയറുകയും ഇറങ്ങുകയും ചെയ്യുന്ന
ഒരുകൂട്ടമുറുമ്പുകള്‍
അവളെയോര്‍ക്കുന്നു :-

നടത്ത മത്സരങ്ങളില്‍ പങ്കെടുക്കുന്ന
മെല്ലിച്ച പെണ്‍കുട്ടികളുടെ
ഭയം കലര്‍ന്ന സൂക്ഷ്മതയില്‍
ഓട്ടത്തിനു മുമ്പുള്ള നടത്തത്തിന്റെ
വലിച്ചുനീട്ടപ്പെട്ട അറ്റം
പതിനേഴാം നിലയില്‍നിന്ന്
താഴേക്കും മുകളിലേക്കുമുള്ള
അവളുടെ എരിപൊരി സഞ്ചാരങ്ങള്‍

പത്തുമണിക്ക് വരാമെന്നേറ്റ
ഒരാളെകാണാന്‍
വീടിനടുത്തുള്ള പാര്‍ക്കിലേക്ക്
എട്ടുമണിക്കുതന്നെ
പുറപ്പെട്ട ഒരാള്‍
പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കാനില്ലാത്ത
രണ്ടു മണിക്കൂറിന്റെ
അനിശ്ചിത സ്വാതന്ത്ര്യത്തില്‍
ഉറുമ്പുകളെ ഓര്‍ക്കുന്നതുപോലെ
അഭ്യൂഹങ്ങള്‍ കുഴിച്ചിട്ട് കാത്തിരിക്കുന്ന
വൃദ്ധന്‍
പിറുപിറുക്കുന്നു : -

അലസസഞ്ചാരികള്‍
നിങ്ങളലസസഞ്ചാരികള്‍
നടത്തത്തിനു തൊട്ടുപുറകിലുള്ള
വലിച്ചു നീട്ടപ്പെട്ട
കപടയോട്ടങ്ങള്‍ നിങ്ങളുടെ വണ്ടികള്‍

4 comments:

Unknown said...

തലക്കെട്ട്‌ വായിക്കുമ്പോള്‍ ഒരു കല്ലുകടി. ഒരു സുഖമില്ലായ്മ.
മുന്‍ ധാരണയോടെ -- എന്നതാവുമോ..?
എന്തായാലും കവിത ആസ്വദിച്ചു.

Sanal Kumar Sasidharan said...
This comment has been removed by the author.
Sanal Kumar Sasidharan said...

വലിച്ചുനീട്ടപ്പെട്ട കപടകവിത എന്ന് ആദ്യവായനയിൽ തോന്നി.. കുഴപ്പം എന്റെതാവും അടുത്തവായനയിൽ മാറിയേക്കാം :(

Unknown said...

idu bhayankara kavithayanallo!!!
:-)