ഉള്ളിലൊരു വെരുക് പെട്ടുപോയി
എന്നു പറയുമ്പോള്‍
ആവര്‍ത്തനം കൊണ്ട്,
സൂചിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട
ഒരു പ്രയോഗം
എപ്പോഴും ചുറ്റിലുമുണ്ട്
അതിനിടയില്‍ നിന്ന്,
പ്രയോഗങ്ങളെ
അര്‍ഥങ്ങളായി ചിത്രീകരിക്കുന്നതിന്
ചില ഒറ്റമൂലികളാണ്
ഞാന്‍ ചിന്തിക്കുന്നത്
മൃഗശാലയില്‍,
വന്യതയാര്‍ന്ന കാട് ഉള്ളില്‍പ്പേറുന്ന
കാട്ടുപൂച്ചകളെ ചുമക്കുന്ന
കൂടിനെയോര്‍ത്തു നോക്കൂ
പുറത്തേക്ക് പുറത്തേക്ക്
എന്നയസ്വസ്ഥത
നഖങ്ങളില്‍ നാരകമുള്ളു പോലെ
പൊള്ളുമ്പോള്‍
ശരീരത്തിന്റെ ഭിത്തികളിലേക്ക്
തിരമാല പോലെ വന്നടിച്ച്
ചിതറുന്ന കാട്ടുപൂച്ചകള്‍,
അവയുടെ കൂട്
ആ പ്രയോഗം ഫലിച്ചാലും
ഇല്ലെങ്കിലും ഒന്നുറപ്പ് : -
വാക്കുകളെ കഥാപാത്രങ്ങളായി കരുതിയാല്‍
പല പ്രയോഗങ്ങളിലേക്കും
രസത്തെയും ധ്വനിയെയും തിരിച്ചെത്തിക്കാം
ഉദാഹരണത്തിന്
വെരുക് - പി രാമകൃഷ്ണന്‍
കൂട് - മറിയാമ്മ ജോസഫ്
അല്ലെങ്കില്‍ വെരുക് - മറിയാമ്മ ജോസഫ്
കൂട് - പി രാമകൃഷ്ണന്‍
കൂട്ടില്‍ കിടക്കുന്ന കൂടിന്റെ കാടെവിടെ
മുറിയോളം മുറിയില്ല മറ്റൊരു മുറിവും
എന്നിവ ഞാനുണ്ടാക്കിയ പ്രയോഗങ്ങളാണ്
കഥാപാത്രങ്ങളെ
നിങ്ങള്‍ തീരുമാനിച്ചു കൊള്ളുക
65 comments:
thakarthu
പുറത്തേക്ക് പുറത്തേക്ക്
എന്നയസ്വസ്ഥത
നഖങ്ങളില്‍ നാരകമുള്ളു പോലെ
പൊള്ളുമ്പോള്‍
ശരീരത്തിന്റെ ഭിത്തികളിലേക്ക്
തിരമാല പോലെ വന്നടിച്ച്
ചിതറുന്ന കാട്ടുപൂച്ചകള്‍,
അവയുടെ കൂട്
ഹൌ!
കുറേനാളായിരുന്നു നിന്നെ ഇങ്ങനെ വീണ്ടും വീണ്ടും വായിച്ചിരുന്നിട്ട് ! :)
One of your best dude!
ഹൌ! ഞാന്‍ പുകയെടുക്കാന്‍ പഠിച്ചു തുടങ്ങിയിരിക്കുന്നു!
കൂട്ടില്‍ കിടക്കുന്ന കൂടിന്റെ കാടെവിടെ!
കൂടിന്റെ കാടെവിടെ!
കാടെവിടെ!
:)
ട്രാക്കിലേക്ക് തിരിച്ചുകയറിയതില്‍ സന്തോഷം.കവിതയുടെ തലക്കെട്ടു തന്നെ ഒരു സംഭവമാണ്.. :)
1
വന്യതയാര്‍ന്ന കാട് ഉള്ളില്‍പ്പേറുന്ന
കാട്ടുപൂച്ചകളെ ചുമക്കുന്ന
കൂട്
2
പുറത്തേക്ക് പുറത്തേക്ക്
എന്നയസ്വസ്ഥത
നഖങ്ങളില്‍ നാരകമുള്ളു പോലെ
പൊള്ളുമ്പോള്‍
ശരീരത്തിന്റെ ഭിത്തികളിലേക്ക്
തിരമാല പോലെ വന്നടിച്ച്
ചിതറുന്ന കാട്ടുപൂച്ചകള്‍
3
മുറിയോളം മുറിയില്ല മറ്റൊരു മുറിവും
ഇങ്ങനെ മൂന്ന് കവിതകളെ പേറുന്നു ഈ ഒറ്റക്കവിത... :)
കഥാപാത്രങ്ങളെ സങ്കല്പിച്ചു വായിച്ചു...:)
ഹെന്റെ!
നിനക്കൊരുമ്മ
ഹമ്പടാ!
ഗുപ്തന്‍: നീ അവിടെത്തന്നെ ഇരിക്കരുത്. എണീറ്റു പോ :)
മെലേത്തില്‍: നന്ദി, വളരെ.
പാമരന്‍: പുകയരുത് :)
നജൂസ്, വിഷ്ണൂ: :)
കാല്‍വിന്‍: എന്നിട്ട്?
ഗി, മഹി, തകര്‍ത്തിട്ടുപോയ അനോണിമസ് എന്നിവര്‍ക്ക് നന്ദി.
ഡിങ്കന്റെ പെട സ്വീകരിച്ചിരിക്കുന്നു :)
തകര്‍ത്തു ന്ന് മാത്രം പറഞ്ഞാല്‍ മതിയാവൂല്ല, തകര്‍ത്തു തരിപ്പണമാക്കിയില്ലേ!
(അനോണി ഓപ്ഷന്‍ വീണ്ടും അനുവദിച്ചതില്‍ സന്തോഷം.. അല്ലെങ്കില്‍ ഇതിന് ഒരു ഹാ! പറയാതെ എങ്ങനെ പോകുംന്ന് വിഷമിച്ചേനെ) :)
കൂടും കൂട്ടിലെ ബന്ധിയും കൂടിന്റെ പാറാവു കാരനും ഒന്നു തന്നെ..അത് മറ്റാര്?
വളരെ ശക്തമായി തന്നെ ധ്വനിപ്പിച്ചിരിക്കുന്നു
അനോണിമസ് രണ്ടാമന്‍: ഈ അനോണിമസ് ഓപ്ഷന്‍ ഭയങ്കര സംഭവമാണ്. സാങ്കേതിക കാരണങ്ങളാല്‍ ആ ഓപ്ഷന്‍ കുറേനാള്‍ ഇല്ലാതിരുന്നതില്‍ ക്ഷമ ചോദിക്കുന്നു :) നന്ദി.
താരകന്‍, ഹാരീസ്: നന്ദി. തുടര്‍ന്നും വരിക.
ha! enthinu anony aakanam?
ഞാനിങ്ങനെ വെറുതേ വെറുതേ വന്നു വായിക്കും
മനസ്സിലാകാനുള്ള സാധ്യത
അടുത്തകാലത്തൊന്നുമില്ലെങ്കിലും.
ലതീഷ് മോഹന്റെ മാത്രം ചില പ്രയോഗങ്ങള്‍
വെറുതേ വായിക്കാനിഷ്ടമാണ്.
ശരിക്കും പൊള്ളിച്ചു,ദുഷ്ടൻ!
കുറച്ചൂസായി ഇവിടെ വരുമ്പോൾ ഒരു നീരസം ഉള്ളിലിങ്ങനെ പുകയുന്നുണ്ടായിരുന്നു.അതു മുഴുവൻ ഉരുകിയൊലിച്ചു പോയി.
എടാ, ഇപ്പൊഴാണ് ഇടക്കിടക്ക് നിന്നെ തെറിവിളിക്കാൻ തോന്നുന്നതിന്റെ കാരണം മനസ്സിലായത്...ഇനി ആ തോന്നൽ വരുമ്പോ തീർച്ചയായും വിളിക്കാം...
ഉഗ്രൻ തന്നെ... മഹാ ഉഗ്രൻ..
മൂന്നമത്തെ അനോണിമസും അനോണിമസ് ഓപ്ഷനും എന്ന് വിഷയത്തില്‍ ഒരു പഠനം വേണ്ടിവരും :)
ലേഖ: ഇതില്‍ കൂടുതല്‍ എനിക്കെന്ത് ആനന്ദം !! മനസ്സിലാകാതിരിന്നിട്ടും വായിക്കുക. അതില്‍ കൂടുതല്‍ എന്ത്? നന്ദി, ചെറുപ്പക്കാരീ, നന്ദി :)
വി.ശി: എനിക്കുമുണ്ടായിരുന്നു അതേ നീരസം. അതിപ്പോഴും പക്ഷേ, മാറിയിട്ടില്ല :(
രാഷ്ടീയം എന്ന പേരില്‍ ഒരു വ്യക്തിയോ? വ്യക്തിവാദമോ? :) തെറി പോരട്ടെ, അതില്ലെങ്കില്‍ പിന്നെ എന്തിന്?
എല്ലാവര്‍ക്കും നന്ദി.
പല തവണ വായിക്കേണ്ടി വന്നു പഹയാ.
എന്തൊരെഴുത്താ ഇത്.ആ പുതിയ പ്രയോഗങ്ങള്‍ ഗലക്കി ട്ടോ.
കത്തിക്കാത്ത സിഗരട്ട് വെച്ച് പുകവലിക്കുന്ന ആളല്ലേ.ഞാനും ഇറക്കുന്നു ഒരു പ്രയോഗം:“പുകവലിക്കണമെങ്കില്‍ സിഗരട്ട് കത്തിക്കണമെന്നില്ല.”
എപ്പടി???
മൂന്നുതവണ ഞാൻ ഈ കവിത വായിച്ചു. മനസിലാകാഞ്ഞിട്ടല്ല, ഒരുപാടൊരുപാട് മനസിലാകുന്നത്കൊണ്ട്.
അഭിജിത്: തീയില്ലാതെ പുകയുണ്ടാവില്ല എന്ന പ്രയോഗത്തിന്റെ മുകളിലേക്കാണ് കയറുന്നത് എന്നോര്‍ക്കണം :) പുതിയ പ്രയോഗങ്ങളുമായി വീണ്ടും വരിക. നന്ദി.
ഹാരീഷ്: നന്ദി, വളരെ.
"മൃഗശാലയില്‍,
വന്യതയാര്‍ന്ന കാട് ഉള്ളില്‍പ്പേറുന്ന
കാട്ടുപൂച്ചകളെ ചുമക്കുന്ന
കൂടിനെയോര്‍ത്തു നോക്കൂ
പുറത്തേക്ക് പുറത്തേക്ക്
എന്നയസ്വസ്ഥത
നഖങ്ങളില്‍ നാരകമുള്ളു പോലെ
പൊള്ളുമ്പോള്‍
ശരീരത്തിന്റെ ഭിത്തികളിലേക്ക്
തിരമാല പോലെ വന്നടിച്ച്
ചിതറുന്ന കാട്ടുപൂച്ചകള്‍,
അവയുടെ കൂട് "
കൂടു പൊട്ടിച്ചു പുറത്തു ചാടട്ടെ കൂടുതൽ കവിതകൾ..ആശംസകൾ....!
ഈ കവിതേടെ താഴെ ഒരു കൊച്ചു പ്രതികരണമെഴുതുന്നത് മാപ്പര്‍ഹിക്കാത്ത ഔദ്ധത്യമാവും. ഇത് പിറുപിറുക്കലാണ്. “മുറിയോളം മുറിയില്ല മറ്റൊരു മുറിവും“ എന്നത് അടുത്തകാലത്തുവായിച്ച ഏറ്റവും നല്ല കാഴ്ചയാവും. വാക്കുകള്‍ക്ക് ധാരാളിത്തം കൊണ്ട് വിലയില്ലാതാക്കുന്ന പ്രവണതക്ക് (എന്റേം കൂടെ കാര്യാണ്.) ഇതിലും വല്യ മറുപടിയുണ്ടാവില്ല. എത്ര വരിയുണ്ട്, ആകെ? എന്തെല്ലാം കാര്യങ്ങളാ മാഷേ ഇത്രേം വരികളില്‍? ഞാന്‍ വെരുകായി സഹ്യന്റെ മകനെ തീരുമാനിച്ചു, കുറച്ചു നേരം. എന്റമ്മേ. കവിയും, സാഹിത്യനിരൂപകനും ഒക്കെ താന്‍ തന്നെയായാലോ? വണങ്ങി പിന്മാറുന്നു. (ഉപന്യസിക്കാനുള്ള അടിസ്ഥാനചോദന ശരീരത്തിന്റെ ഭിത്തികളില്‍ വന്നിടിച്ച് ചിതറുന്നത് പ്രതിരോധിച്ചു കൊണ്ട്.)
നല്ല ഊക്കനിടി
നീ കവിതയില
ഹെവിവെയ്റ്റ്
ബോക്സര്‍
അയ്യേ ഇതാണോ ജനം ബഹളം വയ്ക്കുന്ന ലതീഷ് മോഹന്‍റെ കവിത???
ഷമിക്കണം. എനിക്കു വിവരമില്ലാഞ്ഞിട്ടായിരിക്കും...
അല്ല ഈ കവിതയെക്കുറിച്ച് കവിക്കൊന്നു വിശദീകരിക്കാമോ? അറിയാനുള്ള ആഗ്രഹം കൊണ്ടാ... ചുമ്മാ വന്ന് കൊള്ളൂല്ലെന്നു പറഞ്ഞാല്‍ ശരിയാവില്ലല്ലോ. വല്ലതുമുണ്ടോ എന്നറിയണമല്ലോ. മറ്റാരെങ്കിലും പറഞ്ഞു തന്നാലും മതി
അയ്യേ ഇതാണോ ജനം ബഹളം വയ്ക്കുന്ന ലതീഷ് മോഹന്‍റെ കവിത??? ഷമിക്കണം. എനിക്കു വിവരമില്ലാഞ്ഞിട്ടായിരിക്കും...
“ആയിരിക്കും“ എന്ന സംശയം വേണ്ട അനോണീ, ആ കാര്യം ഉറപ്പിക്കാം.
എന്നാല്‍ പിന്നെ ചേട്ടായി ഒന്നു പറഞ്ഞു താ. ഇദെന്തോന്നാ ഇത്?
അനോണിക്ക്,
1.
ഉതാ ത്വ പശ്യാന്‍ ന ദദര്‍ശ വാചം,
ഉതാ ത്വ ശൃണ്വാന്‍ ന ശ്രോതി എണാം,
ഉതോ ത്വസ്മൈ തണ്വാം വീ സാസ്രേ
ജയേവ പാത്യാ ഉസാതീ സുവാസാ:
[അക്ഷരത്തെറ്റ് കാണും. ക്ഷമി.]
(One man hath ne'er seen Vak, and yet he seeth: one man hath hearing but hath never heard her.
But to another hath she shown her beauty as a fond well-dressed woman to her husband)
പിടി കിട്ടിയോ? ഹൃഗ്വേദമാണ്. വാക് ചിലരുടെ മുമ്പില്‍ പതിവ്രതയായ ഭാര്യ തന്റെ സുന്ദരമായ ശരീരം വെളിപ്പെടുത്തന്നപോലെ, സ്വയം വെളിപ്പെടും.
2. കവിത മനസിലാക്കാന്‍ നടക്കുന്നത് കള്ളവെടിവെക്കാന്‍ പോണ പോലെയൊന്നുമല്ലല്ലോ? പിന്നെന്തിനാ തലയില്‍ മുണ്ടിട്ട് അനോണിയായി?
latheesh, old pal, Sorry for the nonsense. I couldn't resist it.
ചേട്ടായിക്കു വെളിപ്പെട്ടോ? വെളിപ്പെട്ടെങ്കില്‍ അതൊന്നു പറഞ്ഞു തരാന്‍ പറഞ്ഞേന് ഋഗ്വേദവും മന്ത്രവാദവുമൊക്കെ വിളമ്പേണ്ടതുണ്ടോ? ഒറ്റവാക്കില്‍ പറഞ്ഞാല്‍ മതി. എന്താണ് ഈ കവിതയുടെ സന്ദേശം? ഇല്ലെങ്കില്‍ വേണ്ട പോട്ടെ എന്താണിതിന്‍റെ അര്‍ത്ഥം? അതുമില്ലെങ്കില്‍ വേണ്ട എന്താണിതിന്‍റെ ആസ്വാദന തലം? അതുമില്ലേ എങ്കില്‍ വേണ്ട എന്താണിതിന്‍റെ കാലിക പ്രസക്തി? ഇതൊക്കെ പോട്ടെ കവി എന്തെങ്കിലുമൊന്ന് ഉദ്ദേശിച്ചിട്ടുണ്ടോ? അതോ ചുമ്മാ വായിക്കുന്നവന്‍ അവന്‍റെ സൌകര്യത്തിന് മനസ്സിലാക്കിക്കോട്ടെ എന്നതാണോ കവിയുടെ നിലപാട്?
അനോണിയായത് ചേട്ടായി പറഞ്ഞ പണിക്കു പോകാനല്ല. അനോണിയാകാമെങ്കില്‍ സത്യസന്ധമായി സാംസാരിക്കാം അതുകൊണ്ടാണ്. ചേട്ടന്‍റേതും ഒരു അനോണിപ്പേരു തന്നെയല്ലേ? അതോ ആ പണിക്കു പോകുമ്പോള്‍ ഇനിയും വേറേ പേരിടുമോ? ചോദിച്ചതിനു സമാധാനം പറയാതെ ഋഗ്വേദവും ഹസ്തരേഖാശാസ്ത്രവുമൊക്കെ പറയുന്നത് ഉരുണ്ടുകളിയല്‍ളേ ചേട്ടായീ? എനിക്ക് വേദവും വേണ്ട വേദാന്തവും വേണ്ട. ഈ കവിതയേക്കുറിച്ച് ഞാന്‍ മുകളില്‍ ചോദിച്ച ചോദ്യം ഒന്നു വിശദീകരിച്ചു തന്നാല്‍ മാത്രം മതി. അതും പച്ച മലയാളത്തില്‍. എന്താ പറ്റ്വോ?
ചെറുപ്പകാരേ,
വിശദീകരിക്കാന്‍ പറ്റില്ല. നമ്മളെല്ലാവരും പല ജീവിതങ്ങളാണ് ജീവിക്കുന്നത് എന്നതിനാല്‍, പല ഭാഷയാണ് സംസാരിക്കുന്നത് എന്നതിനാല്‍ വിശദീകരിച്ചതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ലാഞ്ഞിട്ടാണ്. ഒരു ഭാഷയില്‍ സംസാരിക്കുമ്പോള്‍ അതേ ഭാഷ സംസാരിക്കുന്നവര്‍ക്കു മാത്രമേ മനസിലാകാനിടയിള്ളൂ. നിങ്ങളുടെ ഭാഷ ഞാന്‍ സംസാരിക്കാറില്ല, സംസാരിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. നിങ്ങളുടെ ഭാഷ എനിക്ക് മനസ്സിലാകുന്നില്ല എന്ന് ഞാന്‍ പരാതിപ്പെടാത്തിടത്തൊളം കാലം, നമുക്കിടയില്‍ വിശദീകരണങ്ങളുടെ ആവശ്യമില്ല.
പ്രോഫറ്റേ: എന്തിനാണ്? തെറ്റും ശരിയും ബോധ്യപ്പെടുത്തലല്ലോ നമ്മുടെയൊക്കെ ജീവിതലക്ഷ്യം :) ആ വായനയ്ക്ക് വളരെ നന്ദി.
ദീപ,സുനില്‍ : നന്ദി. വീണ്ടും വരിക.
അനാവശ്യമായ കമന്റുകള്‍ ഞാന്‍ ഡിലിറ്റ് ചെയ്തിട്ടുണ്ട്. അതവിടെ കിടന്നാല്‍ എനിക്ക് ചിലപ്പോള്‍ വേറെ ഭാഷകള്‍ ഓര്‍മവരും അതുകൊണ്ടാണ്.
അപ്പോ ശരി :)
പുതിയ കവിതകളില്‍ പലതും എനിക്ക് മനസിലാകാറില്ല എന്നു ഞാന്‍ പറഞ്ഞാല്‍, പുതിയ കവികള്‍ എനിക്ക് മനസിലാകുന്നതു പോലെ എഴുതാന്‍ ബാധ്യതപ്പെട്ടവരാണ് എന്നും ഒരര്‍ത്ഥമുണ്ടാകുന്നു. "കുമാരനാശാനും വളളത്തോളും ചങ്ങന്പുഴയും എഴുതിയ കവിതകള്‍ വായിച്ചു പഠിച്ചിട്ടു പോരെ, കവിതയെഴുത്ത് എന്ന സാഹസത്തിനിറങ്ങാന്‍" എന്നു പരിഹസിക്കുന്പോള്‍, മലയാള ഭാഷയുടെ മേല്‍, മേല്‍ പറഞ്ഞ ചങ്ങായികള്‍ക്ക് എന്തോ വിശേഷാധികാരമുണ്ടെന്നും അതിനെ ആരാധിക്കുന്ന എനിക്കും ആ അധികാരമുണ്ടെന്നും കൂടിയാണ് ധ്വനിപ്പിക്കുന്നത്. യെനിക്കും യേമാനും കൂടെയുളള ശന്പളത്തിന്റെ കണക്കു പോലെ രസകരമാണ് ആ ധ്വനിപ്പിക്കല്‍...
മലയാള ഭാഷയുടെ മേല്‍ മഹാകവികള്‍ തുടങ്ങിയ ചങ്ങായിമാര്‍ക്കും ലതീഷിനും എനിക്കുമുളള അതേ അവകാശം തന്നെയാണ് മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ എന്ന കവിയ്ക്കും ഉള്ളത് എന്നും കൂടി ധ്വനിപ്പിച്ചില്ലെങ്കില്‍ ധ്വനിപ്പിക്കല്‍ എന്ന പ്രക്രിയ അപൂര്‍ണമായിപ്പോകും അല്ലേ....?
കവിത എന്താണ്?
അതൊരൊറ്റവാക്കില്‍ പറഞ്ഞു തരാന്‍ കഴിയുന്ന ഗുലാന്മാരാരെങ്കിലും ഉണ്ടോ?
വാക്കുകൾ സ്പടികതുല്യമാകണം കവിതകളിൽ എന്നാണ് ഞാൻ പടിച്ച രീതി.(എന്നൊരാള്‍ ഉറുമ്പുകടി ബ്ലോഗില്.)
-ഇതെന്തു രീതിയാണ്? ഇത് പഠിച്ചതെവിടുന്ന്? ഇതു പഠിപ്പിച്ച പഹയന്‍ ആര്?
സാധാരണരീതിയിലുള്ള കാര്യം പറയാന്‍ ഗദ്യം പോരേ, ( സ്ഫടികതുല്യം ഉള്ളിലുള്ളതെല്ലാം കാണാന്‍ പറ്റും ) അപ്പോള്‍ കവിതയേ വേണ്ട എന്നു പറയുന്നതല്ലേ ഉചിതം. ഇതിനൊരുത്തരം ആത്മാര്‍ത്ഥമായി ചിന്തിച്ചുണ്ടാക്കിയാല്‍ കവിത മനസ്സിലാവാത്തതിന്റെ കാരണവും പിടികിട്ടും. ആലോചിക്കണം പക്ഷേ.
പുച്ഛം മാറ്റി വയ്ക്കാം, ലതീഷു മാത്രമല്ലല്ലോ കവി. കക്കാട്, വിനയചന്ദ്രന്‍ എന്നിവര്‍ മലയാളത്തില്‍ പേരെടുത്തവരാണല്ലോ അവരെ വായിച്ചാല്‍ മനസ്സിലാവുമോ? മാധവിക്കുട്ടിയുടെ കവിതകള്‍ വായിച്ചാല്‍ മനസ്സിലാവുന്നുണ്ടോ? ടാഗോരിന്റെ എല്ലാ കവിതകളും മനസ്സിലാകുന്നതാണോ? നിക്കന്വോര്‍ പാറയുടെയോ ഒക്റ്റോവിയോ പാസിന്റെയോ കവിതകള്‍ മനസ്സിലാകുന്നുണ്ടോ? പോട്ടേ പതിനാറോ പതിനേഴോ നൂറ്റാണ്ടില്‍ മലയാളത്തില്‍ തന്നെയുണ്ടായ ഏതെങ്കിലും വരികള്‍ അര്‍ത്ഥം തിരിച്ചു മനസ്സിലാക്കിച്ചു തരാന്‍ പറ്റുമോ? ഇതെല്ലാം കഴിയുന്ന കുറച്ചുപേരാണ് കലപില കൂട്ടുന്നതെങ്കില്‍ തീര്‍ച്ചയായും ലതീഷ് ചെയ്യുന്നത് അക്രമമാണെന്ന് നമുക്ക് ഒരേ സ്വരത്തില്‍ പറയാം. പണ്ട് ചങ്ങമ്പുഴയോട് ചെയ്തതുപോലെ ലതീഷ് കവിത എഴുത്തു നിര്‍ത്തണം എന്നും പറഞ്ഞ് പ്രമേയം പാസ്സാക്കുകയും ചെയ്യാം. എന്താ?
ലോകത്ത് എന്തെല്ലാം കാര്യങ്ങളുണ്ട് നമുക്കു മനസ്സിലാവാത്തത്. അത് നമ്മുടെ തന്നെ പരിമിതിയല്ലേ? അത്രയും മനസ്സിലാക്കാനുള്ള കിളി നമ്മുടെ തലയില്‍ ഇല്ലാതെ പോയതിന് വല്ലവന്റേയും നെഞ്ചത്തോട്ട് കയറുമ്പോള്‍ ആരു ചീത്തയായി?
പക്ഷേ അമ്മയാണേ പറഞ്ഞിട്ടു ഒരു കാര്യവുമില്ലാ....
പുറത്തേക്ക് പുറത്തേക്ക്
എന്നയസ്വസ്ഥത
നഖങ്ങളില്‍ നാരകമുള്ളു പോലെ
പൊള്ളുമ്പോള്‍
ശരീരത്തിന്റെ ഭിത്തികളിലേക്ക്
തിരമാല പോലെ വന്നടിച്ച്
ചിതറുന്ന കാട്ടുപൂച്ചകള്‍,
പണ്ട് കാടു കാണാന്‍ പോയപ്പോള്‍ ഒരു മലയണ്ണാനെ കുടുക്കി. പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടി ടെന്റിന്റെ തൂണില്‍ കെട്ടിയിട്ടു. കയറെന്ത് കെട്ടെന്ത് എന്നറിയാത്ത മലയണ്ണാന്‍ കയര്‍ദൂരത്തോളം കുതിച്ചുകൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ പാവം തോന്നി അതിനെ അഴിച്ചു വിട്ടു.
ശരീരത്തിന്റെ ഭിത്തികളിലേക്ക്/
തിരമാല പോലെ വന്നടിച്ച്/
ചിതറുന്ന കാട്ടുപൂച്ചകള്‍, ആ മലയണ്ണാന്റെ കുതിപ്പുകളെ ഓര്‍മ്മിപ്പിക്കുന്നു.
വിഷമിക്കാതിരിക്ക്. ആരെങ്കിലും എന്നെങ്കിലും തുറന്നു വിടാതിരിക്കില്ല.
ഒരു കാര്യം ലതീഷിനോട് പറയാൻ വന്നതാ.
ലതീഷ്,
താങ്കളുടെ കവിതകൾ എന്റേതായ തലത്തിൽ മനസ്സിലാക്കുന്ന ഒരാളാണു ഞാൻ.ബ്ലോഗിൽ കവിത വായിക്കാനുള്ള താല്പര്യം അൽപ്പമെങ്കിലും എന്നിൽ നിലനിർത്തുന്നത് താങ്കളുടെ ബ്ലോഗടക്കമുള്ള അപൂർവ്വം ബ്ലോഗുകളാണ്.കഴിഞ്ഞ ദിവസം ഇവിടെ വന്നപ്പോൾ പ്രത്യേകക്ഷണിതാക്കൾക്കേ കയറാൻ പറ്റൂ എന്നു കണ്ടു.ഒന്നുകിൽ എന്നെ പ്രത്യേകക്ഷണിതാവാക്കുക;അല്ലാത്ത പക്ഷം അത് ആവർത്തിക്കരുത്:)
ബാക്കി നോൺസെൻസുകളുടെ ചർച്ചയിൽ പങ്കെടുക്കാൻ താൽപര്യമില്ല.
അവന്‍റെ കട്ടിലിനേക്കാള്‍ വലുതാണവരുടെ ഉടലുകളെങ്കില്‍,
അരിഞ്ഞു തള്ളും അവന്‍റെ കത്തിക്കവരുടെ കയ്യും കാലും..
അവന്‍റെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ആത്മാവെങ്കില്‍,
അടിച്ചു നീട്ടും ചുറ്റിക കൊണ്ടവനവ..
തീക്ഷണമായ രചന...ലതീഷ് താങ്കള്‍ ഒരു സം ഭവം തന്നെ
ഇനിയെങ്കിലും ആ സിഗററ്റ് ഒന്ന് കത്തിക്കെടോ!
ഈ അടുത്ത കാലത്ത് വായിച്ചതില്‍
എനിക്കേറെ ഇഷ്ട്ടപെട്ട ഒരു കവിത.
നിന്‍റെ ഒറ്റ മൂലികളില്‍ കവിത മുറിവുണക്കുന്ന
കാലം വരും..(വന്നാല്‍ കവിതയ്ക്ക് നന്ന് :) )
മനസ്സിലായില്ല എന്ന ആരോപണം മനസ്സിലാക്കാനുള്ള ഒരു ശ്രമം എന്ന നിലയില്‍ ദയ അര്‍ഹിക്കുന്നു.മനസ്സിലായില്ല എന്നതിന്റെ പേരില്‍ എഴുത്തുകാരനെ തെറി വിളിക്കുന്നവര്‍ കൂടുതല്‍ ദയ അര്‍ഹിക്കുന്നു.
പക്ഷേ ഈ വായനക്കാരൊക്കെ എങ്ങനെയാണിത്ര കടും പിടുത്തക്കാരാവുന്നത്?ലതീഷ് ഓ.എന്‍.വി കുറുപ്പിനെപ്പോലെ കവിതയെഴുതിയാല്‍ മതിയോ?അപ്പോള്‍ എല്ലാ പ്രശ്നവും തീരുമോ?(എന്തൊരു ബോറായിരിക്കും അത്...)
;) നിനക്ക് ഞാന്‍ വച്ചിട്ടുണ്ട്
ലതീഷാണിപ്പോ ഹോട്ട്‌ടോപ്പിക്ക്. മാഷിനെ തെറിവിളിച്ച് ഒരു പോസ്റ്റിട്ടാലോന്നാലോചിക്കുവാ. ആളു കേറാതെ ഒഴിഞ്ഞു കിടക്കുന്ന എന്‍റെ ബ്ളോഗിലൊരു അനക്കമുണ്ടാവട്ടെ!
ഇപ്പഴാണ് ശരിക്കും എനിക്ക് മനസ്സിലായത്..ഇനി ആവര്‍ത്തിക്കില്ല
ഈ വെരുകിനേയും ഈ കൂടും കൂട്ടിലിട്ട വെരുകിന്റെയുള്ളിലെ കാടിനേയും ഞാന്‍ കണ്ടിട്ടുണ്ട്...
ലതീഷിന്റെ കവിതകള്‍ വായിക്കാറുണ്ട്. ഇഷ്ടവും ആണ്. എന്റെ വായനയില്‍ മനസിലായത് കമന്റായി എഴുതാന്‍ കഴിയാറില്ലാത്തതിനാല്‍ തിരിച്ച് പോകാറാണ്. പതിവ്.
എനിക്ക് ഇഷ്ടപ്പെട്ടു, ഈ കവിതയും.
എനിക്കിഷ്ടപ്പട്ടതൊക്കെയും മറ്റൊരാള്‍ക്ക് അതേ പോലെ പറഞ്ഞ് ഇഷ്ടപ്പെടുത്താന്‍ അറിയില്ല, നിര്‍ബന്ധം പിടിക്കരുത്.
നല്ല സുന്ദരന്‍ പ്രഭാതങ്ങളും, അതിലേറെ ധ്വനിപ്പിയ്ക്കുന്ന സുന്ദരന്‍ പ്രയോഗങ്ങളും ആസ്വദിയ്ക്കാറുണ്ടിവിടെ. പലതും മനസ്സിലാകാതെയിരുന്നിട്ടുണ്ട്. പാറപൊട്ടിച്ച് ഉറവ കണ്ടെത്തുന്ന പോലെ അര്‍ത്ഥങ്ങളും അര്‍ത്ഥഭേദങ്ങളും വായിച്ചെടുക്കാന്‍ മെനക്കെട്ടിട്ടുണ്ട്. അതിലെ ജയവും തോല്‍വിയും എന്റെ അനുഭവപരിചയത്തിന്റെ ഏറ്റക്കുറച്ചിലെന്നേ കരുതാറുള്ളു.
ഈ കവിത വായിച്ചു, ഓരോ വായനയിലും കൂടുതല്‍ അനുഭവങ്ങളുടെ 'ചിതറല്‍' കണ്ടു. ഇനിയുമുള്ള വായനയില്‍, മറ്റൊരു തലം കൂടി വെളിപ്പെട്ടുകൂടെന്നില്ല. ഇതുകൊണ്ടൊന്നും കവിമനസ്സ് അപ്പാടെ മനസ്സിലാക്കിയെടുത്തുവെന്ന് ചിന്തിയ്ക്കുന്നേയില്ല.
'പുറത്തേയ്ക്ക്, പുറത്തേയ്ക്കെന്ന അസ്വസ്ഥത' ഇനിയുമിനിയും വരികളാവട്ടെ, ആഞ്ഞടിയ്ക്കുന്ന തിരമാലകളായിത്തന്നെ.
അങ്ങിനെ ധ്വനിപ്പിച്ചു ധ്വനിപ്പിച്ചാണല്ലേ കവിതയുണ്ടാകുന്നത്. പുറത്തേക്ക് പുറത്തേക്ക് എന്ന് ആ വെരുകവിടെ കിടന്നു ഉരുകുന്നുണ്ടാകും. വെരുക് - കവിത, കൂട് - ലതീഷ്, അപ്പോള്‍ കൂടിനുള്ളിലെ കാടെവിടെ?
ഓ.ടോ. ഇവിടെ എന്തോ കത്തിയെന്നോ, പുകഞ്ഞെന്നോ ഒക്കെ കേട്ടു,ഒള്ളതാണോ?
ആ പ്രയോഗം ഫലിച്ചാലും
ഇല്ലെങ്കിലും ഒന്നുറപ്പ് : -
വാക്കുകളെ കഥാപാത്രങ്ങളായി കരുതിയാല്‍
പല പ്രയോഗങ്ങളിലേക്കും
രസത്തെയും ധ്വനിയെയും തിരിച്ചെത്തിക്കാം
നൂറ് പ്രാവശ്യം സത്യം!
ഇതടച്ചു വെച്ചതാരെപ്പേടിച്ചാണ് ?
അനുവാചകരെയും വായനക്കാരെയും ഇഷ്ട കവി തിരിച്ചറിഞ്ഞില്ലെ ഇതു വരെയും ?
മനം മടുത്താലും ബ്ലോഗ് പൂട്ടുകയല്ല വേണ്ടത്.
അതങ്ങു കത്തിക്ക്
ആ സിഗരറ്റ് :)
കവിയായിരുന്നവന്‍ ഇപ്പൊ ‘ലതീഷ് മോഹാ നേതാവേ‘ എന്നായല്ലോ!!!!!
കൊള്ളാം!
കവിത അവിടെ നിക്കട്ടെ - നീയൊരു വലിയ സംഭവമാണെന്ന് മനസിലായി.
ലതീഷേ നാളെ മുതല്‍ നീ അനോണിമാഷിന്റെ ഈ 10 കല്‍പ്പനകള്‍ അനുസരിച്ച് നടന്നോണം.അല്ലേ എല്ലാ കവി പയലുകളേമ്ം നമ്മള്‍ ശര്യാക്കിക്കളയും. നീയൊക്കെ ഞങ്ങള്‍ പറയണ പോലെ എഴുത്യാ മതി. നിനക്ക് ഈ കമന്റൊന്നും കിട്ടുന്നത് ഞങ്ങള്‍ക്ക് സഹിക്കണില്ല ചെല്ലാ.നുമ്മേക്ക ഒരു കവിത എഴുതിയാല്‍ 115 പേര്‍ക്ക് ലിങ്കം കൊടുത്താല്‍ ഒരുത്തന്‍ വന്ന് കമന്റിടും. നീയൊന്നും അങ്ങനെ ഞെളിഞ്ഞ് നടക്കല്ലും, കേട്ടോടേയ് ?
1.ഡെയ്ലി ഇഞ്ചതേച്ച് കുളി വേണം.
2.കുട്ടിക്യൂറ പൗഡറിടണം.
3.ഇലാസ്റ്റിക്കുള്ള അണ്ടര്‍ വെയര്‍ ധരിക്കണം.
4.പുകവലി, മദ്യപാനം, മൂക്കുപ്പൊടി, മുറുക്കാന്‍, കഞ്ചാവ്, കള്ളക്കടത്ത്, വ്യഭിചാരം, ചീട്ടുകളി, എന്നീ ദുശ്ശീലങ്ങള്‍ തീരെ പാടില്ല.
5.ആറടി രണ്ടിഞ്ച് ഉയരവും ഒത്ത പൊക്കവും വേണം.
6. എഴുതുന്ന കവിതകള്‍ക്ക് മിനിമം പന്ത്രണ്ടിഞ്ച് നീളവും ഒത്ത വീതിയും ഉണ്ടായിരിക്കണം.
7.എഴുതുന്ന എല്ലാ വാക്കുകളിലും പ്രാസമുണ്ടായിരിക്കണം. (ദാ ഇതു പോലെ. )
8.ചങ്ങമ്പുഴയുടെ അദ്ധ്യാത്മരാമായണോ എഴുത്തച്ഛന്റെ വീണപൂവോ സാഗര്‍ കോട്ടപ്പുറത്തിന്റെ ഒരു ഗസറ്റഡ് യക്ഷിയോ നിര്‍ബന്ധമായും വായിച്ചിരിക്കണം.
9.വീണുയർന്നു വളരണം കണ്ണു രണ്ടും തെളിയണം, പൂവിരിഞ്ഞ വഴികളിൽ മുള്ളു കണ്ടു നീങ്ങണം
10.ഉവ്വാവു മാറുവാൻ നാമം ജപിക്കേണം നല്ലവനാകേണം.
ലതീഷേ ബ്ലോഗ് പൂട്ടിക്കളയല്ലേ. വികടശിരോമണിയുടെ കാര്യം പോലെ ഞാനും എപ്പോഴും വന്നു നോക്കുന്ന ബ്ലോഗാണിത്. ഇനി എപ്പോഴെങ്കിലും പൂട്ടണമെന്ന് തോന്നിപ്പോയാല്‍ sunishks@gmail.com ഇതിലേക്ക് ഒന്ന് ക്ഷണിക്കാമോ?
കോട്ടയത്തിനും തിരുവല്ലയ്ക്കും ഇടയ്ക്ക് ഇല്ലാതായിപ്പോയ ഒരു ചങ്ങനാശ്ശേരിക്കാരന്‍.
വെറും പത്രംവായനയാണു കവിതാവായനയെന്നു
വിശ്വസിക്കുന്നവരുടെ
കൂട്ടം കാണിക്കുന്ന കോപ്രായം കണ്ട് ലതീഷെ
ബ്ലോഗു പൂട്ടല്ലെ.
ഈ കവിത നല്ലതല്ലെങ്കില്‍ മലയാളത്തില്‍
പിന്നെയേതാണാവൊ നല്ലത്.
അതല്ലെങ്കില്‍ കവിത തട്ടേണ്ടിടത്ത് തട്ടിയതിലുള്ള
ചൊറിച്ചിലൊ അതല്ലെങ്കില്‍ നുള്ളിക്കളയാനുള്ള
പടപ്പുറപ്പാടൊ. രണ്ടായാലും ലതീഷിനെപ്പോലുള്ളവരുടെ
കവിതകള്‍ തന്നെയാണു നാളേകളില്‍
വായിക്കപ്പെടാന്‍ പോകുന്നത്.
ലതീഷിനെ അടുത്തകാലത്താണ് അറിഞ്ഞത്.....ഈ കവിതയിലൂടെയാണ് കവിത്വം മനസ്സിലായത്.... അതും എന്റെ പരിമിതികളോടെ മാത്രം.....എന്തൊക്കെ പറഞ്ഞാലും ഈ കവിത എനിക്കു വളരെ ഇഷ്ടമായി.ആശംസകള്‍
ഒന്നും അറിയാത്തവൻ എത്ര സമാധാനമായിരിക്കുന്നു..!!!
ഞാൻ ഇതൊക്കെ ഇപ്പോഴാ അറിയുന്നത് :)
ഓഹ്..അടുത്തകാലത്ത് ഇതുപോലെ അര്‍മാദിച്ചിട്ടില്ല. പല പോസ്റ്റുകളും കമന്റുകളും അടികളും കണ്ട് ചിരിച്ചൊരു പരുവമായി. എന്റെ ജീവിതം ധന്യമായെന്നാണ് തോന്നുന്നത്; അങ്ങേയറ്റം ദുര്‍ബലമായ ന്യായങ്ങളില്‍ ജീവിക്കുന്ന ഒരു മണ്ടന്‍ സമൂഹത്തെ പ്രകോപിക്കാന്‍ കഴിയുക എന്നതിനെക്കാള്‍ വലിയ എന്താണ് എന്റെ മടിയന്‍ ജീവിതത്തിന് ചെയ്യാനാവുക?
കവിതയെ ഉദ്ധരിച്ച് കഴിയുമ്പോള്‍, അതിന് തുനിഞ്ഞിറങ്ങിയവര്‍ ചാക്യാര്‍ കൂത്ത്, കാക്കാരശി നാടകം തുടങ്ങിയ കലാരൂപങ്ങളിലും കൈവയ്ക്കും എന്നു കരുതുന്നു. അവിടങ്ങളിലും കടുത്ത മൂല്യച്യുതിയാണ് ;)
Thanx everybody. I had a gala time !
വി ശി, സുനീഷ്: അനാവശ്യ വിവാദങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട എന്നു കരുതിയാണ് ബ്ലോഗ് പൂട്ടിവച്ചത്. നമ്മള്‍ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ആള്‍ക്കാര്‍ സ്വയം പോത്സാഹിച്ചോളും എന്ന് വ്യക്തമായി :)
ഇനിയങ്ങനെ ഉണ്ടാകില്ല.
നമ്മള്‍ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ആള്‍ക്കാര്‍ സ്വയം പോത്സാഹിച്ചോളും എന്ന് വ്യക്തമായി :)
ഇതിന്റെ അര്‍ത്ഥമൊന്നു പറഞ്ഞു തരാമോ?
എനിയ്ക്ക് മനസ്സിലായില്ല :)
ഈ കവിത ഞാൻ പ്രിന്റ് ചെയ്തു വെച്ചു... വളരെ കഷ്ടപെട്ടു... പലതും ഇപ്പോളും മനസ്സിലായില്ല... സത്യം
അനിലാ കവിയേയും കവിതയേയും ആണിയടിച്ച് ഡിസക്ട് ചെയ്യാന്‍ കത്തിയുമെടുത്തിരിക്കുന്നവരുടെ കാര്യമായിരിക്കണം.
ഭാഗ്യം കഥയ്ക്കും നോവലിനുമൊന്നും വൃത്തം വേണ്ടാത്തത്. :)
പ്രിയപ്പെട്ട ലതീഷ്,
തീര്‍ന്നു എന്നുകരുതി തിരിച്ചു പോരുമ്പോള്‍
ഒന്നുകൂടി പൊട്ടി ഞെട്ടിച്ചുകളയുന്ന പടക്കം പോലെ തോന്നി
വായിച്ചപ്പോള്‍! ജീവിതത്തിന്‍റെ അര്‍ത്ഥന്തരന്യാസങ്ങള്‍ക്കിടയില്‍
പെട്ടുറവയെടുക്കുന്ന വ്യഥകളെ അര്‍ത്ഥ പൂര്‍ണ്ണമാക്കുന്നുവരികള്‍.
ഒരു പരാതിയുണ്ട് താങ്കളുടെ ഈ കവിതയോടനുബന്ധിച്ചു നടന്ന
കോലാഹലങ്ങളെ, അര്‍ത്ഥപൂര്‍ണമായ ഒരു ചര്‍ച്ചയിലേക്ക് താങ്കള്‍
തിരിച്ചു വിടേണ്ടതായിരുന്നു
നന്മകള്‍
ലതീഷിന്റെ കവിതയ്ക്കു ശേഷം നടന്ന ചര്‍ച്ച വായിച്ചിട്ട് അതിന് തീ കൊളുത്തിയ കവിത
തേടി വന്നതാണ്. ഈ കവിതയിലെ എല്ലാമൊന്നും എനിക്ക് മനസ്സിലായില്ല.
പക്ഷെ
"കൂട്ടില്‍ കിടക്കുന്ന കൂടിന്റെ കാടെവിടെ
മുറിയോളം മുറിയില്ല മറ്റൊരു മുറിവും"
ഈ വരികള്‍ ഒന്നും അവിടെ അരും പറഞ്ഞു കണ്ടില്ല എന്നോര്‍മ്മ വന്നു.
ഭാവുകങ്ങള്‍.
Post a Comment