Thursday, August 28, 2008

മാമ്പൂ കണ്ടും കവിതകള്‍ കണ്ടും...

ഇടി, മിന്നല്‍, മഴ
ഇവയിലേതാണ്‌
ഇടിവെട്ടാതെ
മിന്നലേല്‍ക്കാതെ
മഴനനയാതെ
വീടു പറ്റുന്ന കുട്ടി?

2010ലെ ഒരു കവിത
2000ത്തിലെ ഒരു കവിതയോടിങ്ങനെ ചോദിച്ചാല്‍
അവര്‍ തമ്മില്‍
ഇടിയും
മിന്നലും
പേമാരിയും
ഉടലെടുത്താല്‍

തീവണ്ടികള്‍ക്കുമേല്‍ പെയ്യുന്ന മഴകള്‍
ഒരു നാടോടിയെയും നനയ്ക്കാറില്ല
എന്നു കള്ളം പറഞ്ഞ്

കേട്ടുകേള്‍വിയെക്കുറിച്ച്‌ തര്‍ക്കിച്ച്‌
വസ്തുതകളെക്കാള്‍
രംഗസജ്ജീകരണത്തില്‍ ഭ്രമിച്ചതാണ്‌
നിങ്ങള്‍ക്കു പറ്റിയ പറ്റ്‌
എന്നു ശകാരിച്ച്‌

എനിക്കു തന്നെ ബോധ്യമാകാത്ത
ന്യായങ്ങളില്‍
അവരെ രണ്ടുപേരെയും
വീട്ടിലേക്ക്‌ കൂട്ടിയാല്‍

ഒരായിരം തീവണ്ടികള്‍
രഹസ്യമായി ചിരിക്കുമോ?
ആ ചിരിയിലെ പരിഹാസം
മഴയറിയാതെ വഴിയറിയാതെ നില്‍ക്കുന്ന
2008ലെ എന്നെ
തിരിച്ചുവന്ന്‌ വേട്ടയാടുമോ?

നൂലഴിച്ചുവിട്ടേക്കാം
ഈ കുരുത്തംകെട്ട വിത്തുകളെ
ഭാവിയിലെ ചോദ്യങ്ങളുമായി
പോയിനോക്കിയിട്ടു വരെട്ടെ
അവറ്റകള്‍
ഭൂതകാലത്തിലെ
ഇടിയെ, മിന്നലിനെ, മഴയെ

Saturday, August 16, 2008

വി/ജനത

1

ഒരു വളവിന്‌ ഇരുപുറം നനഞ്ഞു
കിടക്കുന്ന റോഡ്‌

രാത്രി പത്തുമണിയുടെ വെട്ടത്തില്‍
ആടിയും ഓടിയും കടന്നുപോകുന്ന നിഴലുകള്‍ ഒഴിച്ചാല്‍,
ദൂരെനിന്നു നോക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം
നനഞ്ഞ്‌ ചിറകൊതുക്കി നില്‍ക്കുന്ന
പ്രാവിന്റെ തൂവലില്‍ നിന്നും
തട്ടിത്തട്ടി താഴേക്കിറങ്ങുന്ന
ജലകണിക പോലെ
അതിസാധാരണമായ വിജനത

പെട്ടന്നൊരു കാര്‍
വളവു തിരിഞ്ഞെത്തുന്നതുവരെ
ഡിവൈഡറില്‍ തട്ടി
ഹരേ കൃഷ്ണാ ഹരേ രാമാ
എന്ന്‌ അടിമുടിയുലഞ്ഞ്‌
പുകപടര്‍ത്തി
ശാന്തമാകുന്നതുവരെ
അതിസാധാരണമായ വിജനത

2

ഇലവീണ തടാകം
ഇക്കിളിപ്പെടുന്നതുപോലെ
പതറുന്ന കാലടികളില്‍
കാറില്‍ നിന്ന്‌ നിരങ്ങിയിറങ്ങിയ
അഞ്ചുപേര്‍
പെട്ടന്നൊരു ജനതയാവും
കാത്തിരിപ്പിന്റെ മുഷിപ്പ്‌
അവരുടെ ഭാഷയാവും

വെള്ളംതേടിപ്പോയി
പരീക്ഷണങ്ങളില്‍
ശുദ്ധിവരുത്തി
അവര്‍ വളവിലേക്ക്‌ തിരിച്ചുവരും

ഏതോ റോക്ക് ബാന്‍ഡിനെ ഓര്‍മിപ്പിച്ച്‌
അഞ്ചുകോണില്‍ കുത്തിയിരുന്ന്‌
രാജ്യമാവും

3

ഒരു പെണ്ണ്‌ ആ കാറിനു പുറത്ത്‌
കിടപ്പുണ്ട്‌ ഇപ്പോഴും,
പൂര്‍ത്തിയാവാത്ത
ബലാത്സംഗം അവളിലേക്ക്‌
ഏതുനിമിഷവും തിരിച്ചുവരും

ദൂരെ നിന്ന്‌ നോക്കുന്ന ഒരാള്‍ക്ക്‌
അവളെയെളുപ്പത്തില്‍ വിവരിക്കാം

അതിസാധാരണമായ വിജനത എന്ന്‌

Thursday, August 14, 2008

ഒരു പൂച്ച : -

കറങ്ങിത്തിരിഞ്ഞു തിരിഞ്ഞ്‌
എന്റെ മുറിക്കുചുറ്റും

ഇതേവരെ തീപെരുക്കിയിട്ടില്ലാത്ത
വിശക്കുമ്പോള്‍ ഹോട്ടലുകളിലേക്ക്‌
നടന്നുപോകുന്ന
തിന്നതിന്റെ മണം മാഞ്ഞുപോയതിനു ശേഷം
ഉറങ്ങാനായി തിരികെയെത്തുന്ന
മുറിക്കുചുറ്റും

ഒരു പൂച്ച

കുറേ സിഗരറ്റ്‌ കുറ്റികളല്ലാതെ
ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒന്നും
കിട്ടാനില്ല എന്നറിഞ്ഞിട്ടും
പാഠപുസ്തകത്തിലില്ലാത്ത ഏതോ ഭാഷയില്‍
സ്നേഹമെന്ന്‌ നമ്മള്‍ വിവര്‍ത്തനം
ചെയ്തെടുക്കുന്ന വാല്‍
താളത്തിലാട്ടിക്കൊണ്ട്‌

മിസ്കോളുകള്‍ പോലുമില്ലാത്ത
എന്റെ പോക്കുവരവുകളെ
അതിന്റെ പരിഗണന
അലസമലസം അലോസരപ്പെടുത്തുന്നു

നീ കാഴ്ചബംഗ്ലാവിലേക്ക്‌ പോകൂ
എനിക്ക്‌ മരുന്നുകഴിക്കാന്‍ സമയമായി
എന്ന്‌ ദേഷ്യപ്പെടുന്നതിനിടയിലും
അത്ഭുതം തികട്ടി നില്‍ക്കുന്നു - :

പെണ്‍ പൂച്ചയാകുമോ?

Tuesday, August 12, 2008

ദുരൂഹം

ഒരു നോട്ടം പോലെ ദുരൂഹമായി
മറ്റൊരു നോട്ടമല്ലാതെ ഒന്നുമില്ല

ഗൂഢസ്മിതത്തിനു പിന്നാലെ
ഉള്ളില്‍ നിന്നൊരാള്‍ ഇറങ്ങിനടക്കും
ഏതെങ്കിലും വളവില്‍വച്ച്‌
തലവെട്ടിച്ചു നോക്കുമ്പോള്‍
'എനിക്കറിയാമായിരുന്നു' എന്ന്‌
തിരിച്ചുപിടിക്കും

ഒരു ദുരൂഹതയെ മറ്റൊരു
ദുരൂഹത കൊണ്ട്‌
പരിഹരിക്കാന്‍ ശ്രമിച്ചു ശ്രമിച്ചാണ്‌
പദപ്രശ്നങ്ങളിലെ പൂച്ചക്കുട്ടി
ഒരിക്കലും വീടെത്താതെ
പോയത്‌;
ഒരു നോട്ടത്തിനിരുപുറം നമ്മള്‍
നീലനീലാംബരം
മറന്നിരുന്നു പോയത്‌

Tuesday, August 5, 2008

സങ്കടം

ആയിരം കാലുകളിലൊരു കാട്‌
നടന്നുവരുമ്പോള്‍
പച്ചത്തട്ടമിട്ട പാടത്തൊരു കിളി
കടലുകൊത്തി പറന്നിറങ്ങുമ്പോള്‍
തിരിഞ്ഞുനോക്കിനോക്കി
നടന്നകലുന്നതിനിടെ,
തിരിച്ചുവരുവാനുള്ള
ആന്തലിനെ അടക്കുവാന്‍

നീ

എന്തുമാത്രം
സങ്കടപ്പെട്ടിട്ടുണ്ടാവണം

ദൂരെനിന്നുകണ്ട
ഒരുവന്‍
നടന്നുചെന്ന്‌
പച്ചക്കുന്നിന്റെ മുകളില്‍ നിന്ന്‌
ഏണിവച്ചുകയറിയാല്‍
ആകാശമാകില്ല
എന്നു തിരിച്ചറിയുന്നതുപോലെ

ഞാനും

എന്തോരം
സങ്കടപ്പെട്ടിട്ടുണ്ടാവണം

പഴയകഥകള്‍ പറയുന്നതിനിടെ
പഴയവര്‍ മാത്രമായ നമ്മള്‍
കരഞ്ഞുപോകണമെങ്കില്‍
ഒരുവാക്കുപോലും മിണ്ടാതെ
ഇത്രകാലം കഴിച്ചുകൂട്ടിയ

നമ്മള്‍

എത്രമേല്‍
സങ്കടപ്പെട്ടിട്ടുണ്ടാവണം

Monday, July 21, 2008

ഒരേ സമയത്ത്‌ നടന്ന മൂന്ന്‌ സാമാന്യ സംഭവങ്ങളുടെ അത്ഭുത വിവക്ഷകള്‍

അനിതാ ദേശ്പാണ്ഡേ

ആറാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും
ഒരു കാക്ക മുകളിലേക്ക്‌ പറന്നുപോകുന്നു

അടുക്കളയില്‍ പാല്‍ തിളച്ചു തൂവുന്നു

അവിവിവാഹിതയും മൗനിയുമായ ഒരുവളുടെ
കിടക്കയില്‍ നിന്നും അറ്റംപൊട്ടിയ ഒരു കോണ്ടം
വേലക്കാരന്‍ കണ്ടെടുക്കുന്നു

ദാമോദരന്‍ വി വി

ഏഴാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റിന്റെ
അല്‍പമുയര്‍ത്തിവച്ച കണ്ണാടിച്ചില്ലിനിടയിലൂടെ
പുകഞ്ഞുതീര്‍ന്ന ഗോള്‍ഡ്‌ ഫ്ലേക്ക്‌ താഴേക്ക്‌ പോകുന്നു

അടുക്കളയില്‍ പാല്‍ തിളച്ചു തൂവുന്നു

വിവാഹിതനും ചെയിന്‍ സ്മോക്കറുമായ ഒരുവന്റെ
കിടക്കയില്‍ ബലാത്സംഗം ചെയ്യപ്പെടാന്‍ തയാറായി
വേലക്കാരി കാലുകള്‍ അകത്തിവയ്ക്കുന്നു

അനിതാ ദേശ്പാണ്ഡെ

ഏഴാം നിലയിലെ മൂന്നാം ഫ്ലാറ്റില്‍ നിന്നും
താഴേക്ക്‌ വീണ ഒരു പെണ്‍ലമ്പടന്‍
സ്വിമ്മിംഗ്‌ പൂളില്‍ കിടന്ന്‌ ആറാം നിലയിലെ
മൂന്നാം ഫ്ലാറ്റിലേക്ക്‌ നോക്കുന്നു

തിളച്ചു തൂവുന്ന പാല്‍ അടുക്കളയില്‍ നിന്നും
താഴേക്ക്‌ ഒഴുകുന്നു

ആറാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും
തൂവിയൊഴുകുന്ന പാലില്‍ ഏഴാം നിലയിലെ
മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും വന്ന പാല്‍ കൂട്ടിമുട്ടുന്നു

ദാമോദരന്‍ വി വി

എല്ലാ ദിവസവും രാവിലെയുണര്‍ന്ന്‌ പൂന്തോട്ടം നനയ്ക്കുന്ന
ഒരുവന്റെ നിസംഗതയോടെ ഇലവേറ്റര്‍
മുകളിലേക്കു പോകുന്നു

അഞ്ചാമത്തെ നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍
പാല്‍ തിളച്ചു തൂവുന്നതു കേട്ട്‌
പൂന്തോട്ടം നനയ്ക്കുന്നതു നിര്‍ത്തി ഒരാള്‍
സ്കൂളിലേക്കു പോകുന്ന കുട്ടികളെ കൈവീശുന്നു

മറ്റൊരു സിഗരറ്റിന്‌ തീകൊളുത്തുന്നു

--- സ്ഥലകാലങ്ങളുടെയും മുന്‍ധാരണകളുടേയും ഉടയാടകളില്‍ ഞാനിനി എത്രകാലം ഒളിച്ചിരിക്കുമെന്ന്‌, പുറകോട്ട്‌ പറക്കുന്ന മുടിയിഴകള്‍ വകഞ്ഞൊതുക്കിക്കൊണ്ട്‌ ചിന്തിക്കാനായി, കുട്ടികള്‍ സ്കൂളിലേക്ക്‌ പോയതിനു ശേഷമുള്ള സമയം മാറ്റിവയ്ക്കാം എന്ന്‌ ആലോചിച്ചുകൊണ്ട്‌, അടുക്കളയിലേക്ക്‌ നടന്നു വരികയായിരുന്നു ഇതേ സമയം മൈഥിലി. കാണ്ഡങ്ങളിലും കാനനങ്ങളിലും ഇനിയെത്ര നാള്‍ ബാക്കിയുണ്ട്‌ എന്നറിയാന്‍ അവള്‍ അതിനിടയില്‍ കലണ്ടറില്‍ ഒളിഞ്ഞു നോക്കുകയും ചെയ്തു. ഉള്ളിലെന്തോ ചലിക്കുന്നതിന്റെ അലോസരത്തില്‍ 'കുസൃതി നിര്‍ത്തുക മഹാമുനേ' എന്ന്‌, അവളൊരായിരം പുംബീജങ്ങളെ ശാസിച്ചു ---

നാലാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ തിളച്ചുകൊണ്ടിരിക്കുന്ന പാല്‍
അഞ്ചാം നിലയിലെ മൂന്നാമത്തെ ഫ്ലാറ്റില്‍ നിന്നും പാലെത്തിയില്ലല്ലോ
എന്നയക്ഷമയില്‍ പുറത്തേക്ക്‌ തലതല്ലിത്തെറിച്ചത്‌,
കോണ്ടം പൊട്ടിയ കാണ്ഡത്തിലേക്ക്‌ അപ്പോള്‍ പ്രവേശിച്ച
അവള്‍ അറിഞ്ഞില്ല

അതിനാല്‍, മൂന്നാം നിലയിലെ മൂന്നാം ഫ്ലാറ്റില്‍...

Friday, July 18, 2008

വളരെപ്പഴയൊരു സൈക്കിള്‍, കപ്പല്‍ എന്നിവയുടെ ഇതിഹാസം

ഉച്ചയൂണു കഴിഞ്ഞ്‌ എല്ലാവരും മയങ്ങുമ്പോള്‍
ഉറക്കം വരാതിരിക്കാന്‍
സൈക്കിള്‍ നന്നാക്കുന്ന ഒരാളെ എനിക്കറിയാം
ഡൈനാമോ, ബെല്‍, ബ്രേക്ക്‌ എന്നിങ്ങനെ
അയാളില്‍ പല ഊര്‍ജ ശാസ്ത്രജ്ഞര്‍
ഉണ്ണാതെയും ഉറങ്ങാതെയും.

ഒരുറപ്പുമില്ലാത്ത ഒരുകൂട്ടം ആളുകള്‍ക്ക്‌
ചായയും വടയും പാന്‍പരാഗും വിറ്റാണ്‌
അയാളുടെ സൈക്കിള്‍ ഓടുന്നത്‌.

ആദ്യമായി ചായ കടംപറഞ്ഞ ദിവസം
അയാളുടെ ഡൈനാമോ എന്റെ രാത്രികളില്‍
ഒരു സ്പാനീഷ്‌ പടക്കപ്പലിന്‌ വഴിതെളിച്ചു.

പിന്നോട്ടുപിന്നോട്ട്‌ പോകുമ്പോള്‍,
ചുവപ്പുകണ്ട്‌ ഏതോ അതിവിദൂര
സമത്വസുന്ദരഭാവിയിലേക്ക്‌
കൊമ്പുകുടഞ്ഞ പോരുകാളയെയും
കളിമണ്‍ കോര്‍ടുകളെയും ഒരായിരം
പൂച്ചകളെയും അയാളോര്‍മിപ്പിച്ചു

അയാളെ ആദ്യമായി സാന്റിയാഗോ
എന്നുവിളിച്ചത്‌ ഞാനാണ്‌
അയാളുടെ പെട്ടിക്കടയിരിക്കുന്ന ദ്വീപില്‍
ലാറ്റിനമേരിക്കന്‍ സുന്ദരികളുടെ ബിക്കിനികള്‍
ചിതറിക്കിടക്കുന്നത്‌ കണ്ടത്‌ ഞാനാണ്‌.

അയാളെ സാന്റിയാഗോ മാര്‍ട്ടിന്‍ എന്നു വിളിച്ചത്‌ ഞാനല്ല
പക്ഷേ, ആ കൂട്ടിച്ചേര്‍ക്കലിലെ ക്രൂരത
എന്റെ പഴയ കപ്പിത്താനെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചത്‌
ആഴക്കടലില്‍നിന്ന്‌ രൂപകങ്ങള്‍ കോര്‍ത്ത ചൂണ്ടയില്‍
ഇതിഹാസങ്ങള്‍ കൊരുത്തെടുത്ത ആ മഹാവൃദ്ധനോടുള്ള
അമ്പരപ്പ്‌ ഞാനിപ്പോള്‍ ചിരിച്ചുതീര്‍ക്കുന്നു

പിന്നീടൊരു രാത്രി, കഞ്ചാവുപാടങ്ങള്‍ കത്തിയവെളിച്ചത്തില്‍
ചന്ദ്രനില്‍ നിന്ന്‌ ഭൂമിയിലേക്ക്‌ എന്റെ വാഹനം തിരികെ വരുമ്പോള്‍
പൊട്ടാറായ ടയറിനോട്‌ മല്ലടിച്ച്‌ അയാളുടെ ഡൈനാമോ
കറങ്ങിത്തിരിഞ്ഞുവരുന്നു
അയാളെ ഞാനിപ്പോളറിയില്ല
പാന്‍പരാഗ്‌ ചവച്ച്‌ ചാവുകടല്‍ പുറത്തേക്ക്‌ തുപ്പിയ വകയിലുള്ള
ഇരുനൂറു രൂപയുടെ കടപ്പാടില്‍
എനിക്കയാളെ കണ്ടെന്നു നടിക്കാനാവില്ല

കടംകൊടുക്കാനുള്ളവരുടെ ഇതിഹാസങ്ങള്‍
എന്നെയിപ്പോള്‍ ഹരംകൊള്ളിക്കാറുമില്ല