Saturday, September 20, 2008

ചെവികള്‍ ചെമ്പരത്തികള്‍ :-

Love is like chess: Any fool can go and make the first move
But only experience makes the player
(Zvonimir Berkovicന്റെ Rondo എന്ന ചിത്രത്തിന്റെ സബ് ടൈറ്റിലില്‍ നിന്നും)
.
.
വിചിത്രവും വിരൂപവുമായ രൂപങ്ങളില്‍ കൌതുകത്തിന്‌ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത്‌
ചെവികളിലാണെന്ന്‌ തെളിയിക്കാനായാണ്‌, കണ്ണട (കണ്ണട, വൈചിത്രത്തിന്റെ പരമ്പരകള്‍) താഴ്ത്തിവച്ച്‌ പഴയൊരു പാട്ടുകാരന്റെ വിചിത്രശീലങ്ങളെക്കുറിച്ച്‌ അയാളുടെ ഭാര്യ
ചെറുപ്പക്കാരനായ ഒരുവനോട്‌ സംസാരിച്ചു തുടങ്ങിയത്‌

:- അപ്പോഴാണ്‌ പഴയ ഫോട്ടോകള്‍

ആ മുറിയുടെ തെക്കേകോണിലുള്ള ഫോട്ടോ എന്തിനാണ്‌
ഈ മുറിയുടേയും തെക്കേകോണില്‍ തന്നെ തൂക്കിയിരിക്കുന്നത്‌?
അല്ല, വരാന്തയിലുമുണ്ടല്ലോ തെക്കേ കോണില്‍. എന്തിനാണ്‌ എന്താണ്‌ എന്തുകൊണ്ടാണ്‌?

കേള്‍ക്കാന്‍ വന്നവന്‍ ചോദ്യങ്ങളില്‍ ആസക്തനാകുന്നത്‌ തീര്‍ച്ഛയായും തെറ്റാണ്‌. നിരുപദ്രവങ്ങളായ അന്ധവിശ്വാസങ്ങളല്ല; കൂട്ടംതെറ്റി നില്‍‍ക്കുന്ന വിചിത്രശീലങ്ങളാണ്‌ നാഗരികതയുടെ പോരായ്മയെന്ന്‌ പാട്ടുകാരന്റെ ഭാര്യ.

ചെമ്പരത്തിപ്പൂ ചെമ്പരത്തിപ്പൂ :-

ചെവിയില്‍ ചെമ്പരത്തിപ്പൂ ചൂടി നില്‍ക്കുന്ന ഒരുവന്റെ ഫോട്ടോയില്‍ നിന്നുമാണ്‌ എന്റെ വാദങ്ങള്‍ തുടങ്ങുന്നത്‌.
സുമംഗലികളുടെ നെറ്റിവേര്‍പാടിലെ സിന്ദൂരക്കുറിപോലെ പ്രത്യക്ഷത്തില്‍ ഒരാഭരണം എന്ന നിലയിലല്ലാതെ ചെവിയിലെ
ചെമ്പരത്തിക്ക്‌ മറ്റ്‌ അര്‍ഥങ്ങളൊന്നുമില്ല, അപരിചിതനായ ഒരാളില്‍. പരിചിതനായ ഒരാളാണ്‌,എല്ലായ്പ്പോഴുമെന്നപോലെ,
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്‌. ചെവി, ചെമ്പരത്തി, സിന്ദൂരം, സുമംഗലി എന്നിങ്ങനെ അയാള്‍ പെട്ടന്ന്‌ ഭയന്നുമാറുന്നു.

അപായത്തിന്റെ ഈ സൂചനകള്‍ എല്ലാ തെക്കേകോണുകളിലും
ചിലന്തിവലകള്‍ പോലെയുണ്ട്‌ എന്നിരിക്കെ,
ചെവികള്‍ മാത്രമെങ്ങനെ മാറിനില്‍ക്കും എന്നല്ലേ?

:- അതേ, അതുതന്നെയാണ്‌

ചിലന്തിവലകളെ അനുസ്മരിപ്പിക്കുന്ന ആകൃതി‍ മാത്രമല്ല അതിനെ
പിടിതരാത്ത ഒരു വിചിത്രജന്തു ആക്കുന്നത്‌.
ഏറ്റവുമടുത്ത ഒരാളെ എല്ലായ്പ്പോഴും ആദ്യമറിയുന്നത്‌ ചെവികളാണ്‌. അപരിചിതരായവരെ ആഴങ്ങളില്‍
പരിചിതരാക്കുന്നത്‌ ചെവികളാണ്‌. അടുത്തടുത്തുവരുന്ന നിശ്വാസം, ചെറിയ ചെറിയ പിടച്ചിലുകള്‍,
ചുംബനം പോലെ അപകടകരമായ ഒരു സന്ദേശം. ചെവി ഒരു കുമ്പസാരക്കൂട്‌:
അത്രമേല്‍ ഗാഢമായ തിരിച്ചറിവ്‌:
ഞാന്‍ ചിലപ്പോള്‍ നിന്നെ സ്നേഹിച്ചുപോയേക്കും എന്ന്‌ അപ്പുറത്തുനിന്ന്‌ ഒരു കുറ്റസമ്മതം. ആദ്യത്തെ സ്പര്‍ശനം.
അവിടെ മാത്രം ഉമ്മവയ്ക്കല്ലേ,
അവിടെ മാത്രം ഉമ്മവയ്ക്കല്ലേ എന്ന്‌ നീട്ടിത്തരുന്ന ഉന്‍മാദം.

പക്ഷേ ഫോട്ടോകള്‍ :-

പഴയൊരു പാട്ടുകാരന്റെ പഴയ ചിത്രങ്ങളല്ലേ
തെക്കേമൂലകളില്‍. അല്ലേ?
അല്ല, അയാളുടെ ചെവികള്‍ ചെമ്പരത്തിപ്പൂവുകള്‍ തന്നെയാണെല്ലോ?
അയാള്‍ക്ക്‌ എന്തായിരുന്നു?
എവിടെയാണ്‌ അയാളിപ്പോള്‍?

പാട്ടുകാരന്റെ ഭാര്യക്ക്‌ ബോറടിക്കുന്നു.
ഈ ചെറുപ്പക്കാരുടെ ഒരു കാര്യം.
അവര്‍ക്കെല്ലാം അറിയണം

Sunday, September 14, 2008

ഒരുമ്മകൊണ്ട്‌ താണ്ടാനാവില്ല തണുപ്പുകാലം

നട്ടുച്ചയ്ക്ക്‌
ഭ്രാന്തിന്റെ
വെയില്‍ സ്വപ്നങ്ങള്‍
പൊഴിഞ്ഞു വീഴുന്ന
ഇടവേളയില്‍

തലയ്ക്കുമീതെ പായുന്ന
ഇലക്ട്രിക്‌ ലൈനിന്റെ
നിഴല്‍
ഭൂമിയില്‍
കണ്ട്‌
ഭയക്കുന്നു

ഒരു ഓട്ടോ
കൈകാണിച്ചു നിര്‍ത്തി
മഞ്ഞുകാലത്തിലേക്ക്‌
രക്ഷപ്പെടുന്നു

ആവശ്യത്തിന്‌ ഒന്നുമെടുത്തിരുന്നില്ല
ഒന്നും തികഞ്ഞില്ല
തികയാത്തവന്റെ തണുപ്പിന്‌
മരിച്ചവളുടെ പുതപ്പ്‌ പാകമാകില്ല

പതുങ്ങിപ്പതുങ്ങി
വെയില്‍കാലത്തിലേക്ക്‌
തിരിച്ചുപോകുന്നു

Thursday, August 28, 2008

മാമ്പൂ കണ്ടും കവിതകള്‍ കണ്ടും...

ഇടി, മിന്നല്‍, മഴ
ഇവയിലേതാണ്‌
ഇടിവെട്ടാതെ
മിന്നലേല്‍ക്കാതെ
മഴനനയാതെ
വീടു പറ്റുന്ന കുട്ടി?

2010ലെ ഒരു കവിത
2000ത്തിലെ ഒരു കവിതയോടിങ്ങനെ ചോദിച്ചാല്‍
അവര്‍ തമ്മില്‍
ഇടിയും
മിന്നലും
പേമാരിയും
ഉടലെടുത്താല്‍

തീവണ്ടികള്‍ക്കുമേല്‍ പെയ്യുന്ന മഴകള്‍
ഒരു നാടോടിയെയും നനയ്ക്കാറില്ല
എന്നു കള്ളം പറഞ്ഞ്

കേട്ടുകേള്‍വിയെക്കുറിച്ച്‌ തര്‍ക്കിച്ച്‌
വസ്തുതകളെക്കാള്‍
രംഗസജ്ജീകരണത്തില്‍ ഭ്രമിച്ചതാണ്‌
നിങ്ങള്‍ക്കു പറ്റിയ പറ്റ്‌
എന്നു ശകാരിച്ച്‌

എനിക്കു തന്നെ ബോധ്യമാകാത്ത
ന്യായങ്ങളില്‍
അവരെ രണ്ടുപേരെയും
വീട്ടിലേക്ക്‌ കൂട്ടിയാല്‍

ഒരായിരം തീവണ്ടികള്‍
രഹസ്യമായി ചിരിക്കുമോ?
ആ ചിരിയിലെ പരിഹാസം
മഴയറിയാതെ വഴിയറിയാതെ നില്‍ക്കുന്ന
2008ലെ എന്നെ
തിരിച്ചുവന്ന്‌ വേട്ടയാടുമോ?

നൂലഴിച്ചുവിട്ടേക്കാം
ഈ കുരുത്തംകെട്ട വിത്തുകളെ
ഭാവിയിലെ ചോദ്യങ്ങളുമായി
പോയിനോക്കിയിട്ടു വരെട്ടെ
അവറ്റകള്‍
ഭൂതകാലത്തിലെ
ഇടിയെ, മിന്നലിനെ, മഴയെ

Saturday, August 16, 2008

വി/ജനത

1

ഒരു വളവിന്‌ ഇരുപുറം നനഞ്ഞു
കിടക്കുന്ന റോഡ്‌

രാത്രി പത്തുമണിയുടെ വെട്ടത്തില്‍
ആടിയും ഓടിയും കടന്നുപോകുന്ന നിഴലുകള്‍ ഒഴിച്ചാല്‍,
ദൂരെനിന്നു നോക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം
നനഞ്ഞ്‌ ചിറകൊതുക്കി നില്‍ക്കുന്ന
പ്രാവിന്റെ തൂവലില്‍ നിന്നും
തട്ടിത്തട്ടി താഴേക്കിറങ്ങുന്ന
ജലകണിക പോലെ
അതിസാധാരണമായ വിജനത

പെട്ടന്നൊരു കാര്‍
വളവു തിരിഞ്ഞെത്തുന്നതുവരെ
ഡിവൈഡറില്‍ തട്ടി
ഹരേ കൃഷ്ണാ ഹരേ രാമാ
എന്ന്‌ അടിമുടിയുലഞ്ഞ്‌
പുകപടര്‍ത്തി
ശാന്തമാകുന്നതുവരെ
അതിസാധാരണമായ വിജനത

2

ഇലവീണ തടാകം
ഇക്കിളിപ്പെടുന്നതുപോലെ
പതറുന്ന കാലടികളില്‍
കാറില്‍ നിന്ന്‌ നിരങ്ങിയിറങ്ങിയ
അഞ്ചുപേര്‍
പെട്ടന്നൊരു ജനതയാവും
കാത്തിരിപ്പിന്റെ മുഷിപ്പ്‌
അവരുടെ ഭാഷയാവും

വെള്ളംതേടിപ്പോയി
പരീക്ഷണങ്ങളില്‍
ശുദ്ധിവരുത്തി
അവര്‍ വളവിലേക്ക്‌ തിരിച്ചുവരും

ഏതോ റോക്ക് ബാന്‍ഡിനെ ഓര്‍മിപ്പിച്ച്‌
അഞ്ചുകോണില്‍ കുത്തിയിരുന്ന്‌
രാജ്യമാവും

3

ഒരു പെണ്ണ്‌ ആ കാറിനു പുറത്ത്‌
കിടപ്പുണ്ട്‌ ഇപ്പോഴും,
പൂര്‍ത്തിയാവാത്ത
ബലാത്സംഗം അവളിലേക്ക്‌
ഏതുനിമിഷവും തിരിച്ചുവരും

ദൂരെ നിന്ന്‌ നോക്കുന്ന ഒരാള്‍ക്ക്‌
അവളെയെളുപ്പത്തില്‍ വിവരിക്കാം

അതിസാധാരണമായ വിജനത എന്ന്‌

Thursday, August 14, 2008

ഒരു പൂച്ച : -

കറങ്ങിത്തിരിഞ്ഞു തിരിഞ്ഞ്‌
എന്റെ മുറിക്കുചുറ്റും

ഇതേവരെ തീപെരുക്കിയിട്ടില്ലാത്ത
വിശക്കുമ്പോള്‍ ഹോട്ടലുകളിലേക്ക്‌
നടന്നുപോകുന്ന
തിന്നതിന്റെ മണം മാഞ്ഞുപോയതിനു ശേഷം
ഉറങ്ങാനായി തിരികെയെത്തുന്ന
മുറിക്കുചുറ്റും

ഒരു പൂച്ച

കുറേ സിഗരറ്റ്‌ കുറ്റികളല്ലാതെ
ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒന്നും
കിട്ടാനില്ല എന്നറിഞ്ഞിട്ടും
പാഠപുസ്തകത്തിലില്ലാത്ത ഏതോ ഭാഷയില്‍
സ്നേഹമെന്ന്‌ നമ്മള്‍ വിവര്‍ത്തനം
ചെയ്തെടുക്കുന്ന വാല്‍
താളത്തിലാട്ടിക്കൊണ്ട്‌

മിസ്കോളുകള്‍ പോലുമില്ലാത്ത
എന്റെ പോക്കുവരവുകളെ
അതിന്റെ പരിഗണന
അലസമലസം അലോസരപ്പെടുത്തുന്നു

നീ കാഴ്ചബംഗ്ലാവിലേക്ക്‌ പോകൂ
എനിക്ക്‌ മരുന്നുകഴിക്കാന്‍ സമയമായി
എന്ന്‌ ദേഷ്യപ്പെടുന്നതിനിടയിലും
അത്ഭുതം തികട്ടി നില്‍ക്കുന്നു - :

പെണ്‍ പൂച്ചയാകുമോ?

Tuesday, August 12, 2008

ദുരൂഹം

ഒരു നോട്ടം പോലെ ദുരൂഹമായി
മറ്റൊരു നോട്ടമല്ലാതെ ഒന്നുമില്ല

ഗൂഢസ്മിതത്തിനു പിന്നാലെ
ഉള്ളില്‍ നിന്നൊരാള്‍ ഇറങ്ങിനടക്കും
ഏതെങ്കിലും വളവില്‍വച്ച്‌
തലവെട്ടിച്ചു നോക്കുമ്പോള്‍
'എനിക്കറിയാമായിരുന്നു' എന്ന്‌
തിരിച്ചുപിടിക്കും

ഒരു ദുരൂഹതയെ മറ്റൊരു
ദുരൂഹത കൊണ്ട്‌
പരിഹരിക്കാന്‍ ശ്രമിച്ചു ശ്രമിച്ചാണ്‌
പദപ്രശ്നങ്ങളിലെ പൂച്ചക്കുട്ടി
ഒരിക്കലും വീടെത്താതെ
പോയത്‌;
ഒരു നോട്ടത്തിനിരുപുറം നമ്മള്‍
നീലനീലാംബരം
മറന്നിരുന്നു പോയത്‌

Tuesday, August 5, 2008

സങ്കടം

ആയിരം കാലുകളിലൊരു കാട്‌
നടന്നുവരുമ്പോള്‍
പച്ചത്തട്ടമിട്ട പാടത്തൊരു കിളി
കടലുകൊത്തി പറന്നിറങ്ങുമ്പോള്‍
തിരിഞ്ഞുനോക്കിനോക്കി
നടന്നകലുന്നതിനിടെ,
തിരിച്ചുവരുവാനുള്ള
ആന്തലിനെ അടക്കുവാന്‍

നീ

എന്തുമാത്രം
സങ്കടപ്പെട്ടിട്ടുണ്ടാവണം

ദൂരെനിന്നുകണ്ട
ഒരുവന്‍
നടന്നുചെന്ന്‌
പച്ചക്കുന്നിന്റെ മുകളില്‍ നിന്ന്‌
ഏണിവച്ചുകയറിയാല്‍
ആകാശമാകില്ല
എന്നു തിരിച്ചറിയുന്നതുപോലെ

ഞാനും

എന്തോരം
സങ്കടപ്പെട്ടിട്ടുണ്ടാവണം

പഴയകഥകള്‍ പറയുന്നതിനിടെ
പഴയവര്‍ മാത്രമായ നമ്മള്‍
കരഞ്ഞുപോകണമെങ്കില്‍
ഒരുവാക്കുപോലും മിണ്ടാതെ
ഇത്രകാലം കഴിച്ചുകൂട്ടിയ

നമ്മള്‍

എത്രമേല്‍
സങ്കടപ്പെട്ടിട്ടുണ്ടാവണം