Tuesday, March 24, 2009

എനിക്കും വേറെ പണിയുണ്ടെന്ന് പരമാവധി വളച്ചുകെട്ടി പറയുന്നു

ജനല്‍പ്പടിമേല്‍ കമഴ്ത്തിവച്ച ഗ്ലാസിനപ്പുറം
നിവര്‍‍ത്തിവച്ച കിണറിനുള്ളിലേക്ക്‌
ജലനൂലുകളിലാടിയിറങ്ങി
'ആഴമുണ്ട്‌, ഉടനെയെങ്ങും വറ്റില്ല' എന്നുറപ്പിച്ച്‌
പതിയെ മുകളിലേക്ക്
മടങ്ങിപ്പോകുന്നു ആകാശം

വളവിനപ്പുറം
പൊട്ടുപോലെ മഴക്കാര്‍ മായുംവരെ
'നീ പെയ്തില്ലെങ്കിലും വറ്റില്ല
നീയിനി വന്നില്ലെങ്കിലും കുഴപ്പമില്ല'
എന്നൊക്കെ
വളരെ നേരം കൈവീശി നില്‍ക്കും
ആരുമറിയാതെ
നിറഞ്ഞുകൊണ്ടിരിക്കുന്ന ഉറവകള്‍

ആകാശത്തിന്‌ അതൊന്നും
അറിയേണ്ട കാര്യമില്ല

കുണ്ടും കുഴികളും ഇടവഴികളും
പച്ചക്കാടുകളും പാമ്പിന്‍പൊത്തുകളും
താണ്ടിയതിന്റെ ക്ഷീണമുണ്ട്‌
തിരിച്ചുവന്നതിന്റെ സന്തോഷത്തിലാണ്‌
സന്തോഷംകൊണ്ട്‌ ഇടിവെട്ടിപ്പോകും,ചിലപ്പോള്‍

ജനലരികില്‍ ഖേദത്തോടെ കമഴ്ന്നിരിക്കുന്ന ഗ്ലാസ്
താഴേക്ക്‌ വീണുചിതറും, ചിലപ്പോള്‍
‘എത്രപെയ്തിട്ടും നിറയ്ക്കാതെ പോയല്ലോ എന്നെ
ഉള്ളിലില്ലല്ലോ നിന്നെവേണ്ടാത്ത ഉറവകള്‍‘

ആകാശത്തിന്‌ അതും
അറിയേണ്ട കാര്യമില്ല

അടുത്തതവണയും വരും
കിണറിലേക്ക്‌ മാത്രം ഇറങ്ങിനോക്കും
വയലുകളിലും താഴ്ച്ചകളിലും
താമസിക്കുന്നവരുടെ വീടുപോലെയുള്ള
ആഗ്രഹങ്ങള്‍ മുക്കിക്കളയും

പ്രളയത്തിലപ്പോള്‍
തുരുത്തുതേടിയോടുന്നതിന്‍മുമ്പ്‌
മൂത്തമകന്റെ ചരിത്രഗ്രന്ഥവും
ഭര്‍ത്താവിന്റെ അടിവസ്ത്രവും
പെറുക്കിക്കൂട്ടുന്നതിനിടയില്‍
വേണോ വേണ്ടയോയെന്നു സംശയിച്ച്‌
ഒരു വീട്ടമ്മ ആദ്യത്തെ പ്രേമലേഖനം
തപ്പിയെടുത്തേക്കും, ചിലപ്പോള്‍

നിറഞ്ഞും വരണ്ടും
എല്ലാ വീട്ടമ്മമാരുടേയും ഭൂതകാലം
എന്നുവേണമെങ്കില്‍ പറഞ്ഞുതീര്‍ക്കാം
മറ്റൊരു ഭ്രാന്തന്‍ കമഴ്ത്തിവച്ച
അതിമോഹങ്ങളുടെ ഈ കാലന്‍കുടയെ

അതും ആകാശത്തിന്
അറിയേണ്ട കാര്യമില്ല,

എനിക്കും

Wednesday, March 18, 2009

ഭീരുത്വത്തെക്കുറിച്ച് രഹസ്യത്തിന്റെ ഭാഷയില്‍

ആഹാ നീ വന്നുവോ
കാത്തിരിക്കുകയായിരുന്നു
അകത്തേക്ക്‌ വരേണ്ട
പുറത്തുതന്നെ നില്‍ക്കൂ
ഈ മുറിയില്‍ നിറയെ രഹസ്യങ്ങളാണ്‌
പലതരം മനോരോഗങ്ങളില്‍ ഒന്നല്ല
ഈ മുറിയും അതിന്റെ രഹസ്യ സഞ്ചാരങ്ങളും
എന്നൊക്കെ പിന്നീട് തര്‍ക്കിക്കാം
നീ വന്നതിനെക്കുറിച്ച് ആലോചിച്ചിട്ടാകാം

പുറത്തേക്കൊരു കസേര എടുത്തിട്ടാല്‍
തീരുന്ന പ്രശ്നങ്ങളേയുള്ളൂ എന്നൊക്കെയാണെങ്കില്‍
നീ വന്നതു തന്നെ ഒരു രഹസ്യമല്ലേ
അധികനേരം പുറത്തുനിന്നാല്‍
പുറത്തായിപ്പോകില്ലേ
അകത്തുള്ള മുറി പോലും

ഇങ്ങനെയൊന്നുമായിരുന്നില്ല
എല്ലാം തീരുമാനിക്കപ്പെട്ടിരുന്നത്‌
പഴയ കഥകള്‍ വീണ്ടും പറയുകയാണെങ്കില്‍

- - - 11 മണിക്ക്‌ നമ്മുടെ ആര്‍ എക്സ്‌-100ല്‍ ആല്‍ത്തറ ജംഗ്ഷനില്‍ നിന്ന്‌ ജോണ്‍ പുറപ്പെടുന്നു. 11.10ന് ആന്‍ഡ്രിയ ബാറില്‍ നിന്നും ചിറിതുടച്ച്‌ പുറത്തേക്കു വരുന്ന വനജ ബൈക്കിന്‌ കൈകാട്ടുന്നു. 11.20ന്‌ ജോണും വനജയും തെക്കുനിന്നു വന്ന ഏതോ ട്രക്കുമായി കൂട്ടിയിടിക്കുന്നു. ട്രക്കില്‍ നിന്ന്‌ പുറത്തിറങ്ങിയ ലാസര്‍ ആര്‍ എക്സ്‌ 100ല്‍ രക്ഷപ്പെടുന്നു. രണ്ട്‌ പേരെ ഇടിച്ചുകൊന്ന്‌ ബൈക്കുമായി കടന്നവന്റെ പിന്നാലെ പൊലീസ്‌ പായുമ്പോള്‍ യഥാര്‍ഥ നമ്മള്‍ രംഗത്തുവരുന്നു - - -

പക്ഷേ, രഹസ്യങ്ങളുടെ
ഒരു കുഴപ്പമെന്താണെന്നു ചോദിച്ചാല്‍
വെളിച്ചത്തിലേക്ക്‌ പെട്ടന്ന്‌ പൊട്ടിവീഴുമ്പോള്‍
അവയൊന്ന്‌ പകയ്ക്കും
കുറച്ചു നേരം ചുറ്റും നോക്കും
അഞ്ചു മിനുറ്റ്‌ ചിലപ്പോള്‍
അഞ്ചു മിനുറ്റ്‌ വൈകിയേ എത്തുകയുള്ളൂ

അഞ്ചു മിനുറ്റിന്റെ വ്യത്യാസത്തില്‍
എല്ലാം ഇപ്പോഴും
അതേപോലെ തന്നെ നിലനില്‍ക്കുന്നു
യഥാര്‍ഥ നമ്മളിപ്പോഴും
ജോണും വനജയും ലാസറും
ആന്‍ഡ്രിയ ബാറുമൊക്കെയായി ഒളിവിലാണ്‌,
ഈ മുറി നിറയെ വേഷം മാറിയ
നമ്മുടെ മനോരോഗങ്ങളാണ്‌

വൈകിയോടുന്ന രഹസ്യങ്ങളുടെ ഈ മുറി
യാത്രക്കാരില്ലാത്ത രാത്രിവണ്ടിപോലെ
ശുദ്ധശൂന്യമാകുന്ന അന്ന്‌
മറ്റെന്തിലേക്കോ തെറ്റിദ്ധരിപ്പിക്കപ്പെട്ട്‌
എല്ലാവരും എല്ലാവരുടേയും പിറകേ പായുമ്പോള്‍
യഥാര്‍ഥ നമ്മള്‍ വീണ്ടും വരും

അതുവരെ നീ തിരിച്ചു പൊയ്ക്കൊണ്ടേ ഇരിക്കുക

Monday, March 2, 2009

ഇനിയില്ല

ജലത്തിനു മുകളിലെ കുടമാകയാല്‍
ഇടയ്ക്കിടയ്ക്ക്‌ മുങ്ങുകയും
ഇടയ്ക്കിടയ്ക്ക്‌ പൊങ്ങുകയും

മുങ്ങുന്നതിനു മുമ്പ്‌
പുഴയരികിലെ പൂവ്‌
മീന്‍ പിടിക്കുന്നതിനു
തൊട്ടുമുമ്പത്തെ പൊന്‍മാന്‍
പണിയില്ലാപ്പിള്ളേരുടെ
ഉന്നംപിടിക്കലുകള്‍

മുങ്ങിക്കഴിയുമ്പോള്‍
ആഴങ്ങളിലെ തണുപ്പ്‌
നാലു മീനുകള്‍ക്ക്‌ വീട്‌
പൂവിന്റെയും പൊന്‍മാന്റെയും
ഉന്നം തെറ്റിയ ഓര്‍മകള്‍

തുടക്കത്തില്‍ മാത്രമല്ല
ഒടുക്കത്തിലും
ഒന്നുമില്ലായ്മ മാത്രമാണെന്ന്‌
തലയറഞ്ഞ്‌ ചിരിച്ചിരുന്നു
അതിനിടയിലിടയ്ക്കിടെ
എന്റെ പ്രണയബുദ്ധന്‍

എന്നിട്ടുമെന്നിട്ടുമെന്നിട്ടും
തലപൊക്കി നോക്കുകയാണ്‌
ഒന്നിലധികം ആഴങ്ങള്‍
എന്റെ കുടത്തില്‍ നിന്നിപ്പോള്‍

വറ്റിയ പുഴയരികില്‍ നിന്നു പൂവു കൊത്താന്‍
ചത്ത മീനിന്റെ കണ്ണുപൊത്താന്‍
നഷ്ടബോധത്തിന്റെ പൊന്മാന്‍
വരുന്നതിനു മുമ്പ്
പറഞ്ഞിട്ടു താഴുന്നു

ഒന്നുമില്ലായ്മ പോലെയല്ല
നീയില്ലായ്മ

Saturday, February 28, 2009

നല്ല സുന്ദരന്‍ സലീം കുമാര്‍ പ്രഭാതം

കണ്ണുതിരുമി ചുറ്റും നോക്കുമ്പോള്‍
നല്ല സുന്ദരന്‍ പ്രഭാതം
ജനലിലൂടെ പുറത്തേക്ക്‌ നോക്കിയപ്പോള്‍
പുഴയ്ക്കുമേലെ ആരോ തെന്നിച്ചുവിട്ട
ചില്ലുചീളുപോലെ
വഴിയരികിലെ മഴവെള്ളത്തില്‍
ഒരു പെണ്‍പാദം

നല്ല സുന്ദരന്‍ പെണ്‍പ്രഭാതം
ഉമ്മവയ്ക്കാന്‍ തോന്നി
മേല്‍ത്തരം മടിതോന്നി
ഇന്നിനി ഒന്നും ചെയ്യേണ്ട
എന്നു തീരുമാനിച്ചു

ടി വിയില്‍ നസീര്‍ ഷീലയ്ക്കു പിറകേ പോകുന്നു
ഷീല ദേഷ്യം പിടിക്കുന്നു
നസീര്‍ വീണ്ടും പിറകേ പോകുന്നു
ഈ സിനിമയില്‍ ഷീലയുടെ പേര്‌ എന്തായിരിക്കും
നസീര്‍ ഏതു മതത്തിലായിരിക്കും
ഞാനതാലോചിക്കുമ്പോള്‍
നസീര്‍ ഷീലയെ കളിയാക്കുന്നു
ഷീലയുടെ നെഞ്ച്‌ ഉയര്‍ന്നു താഴുന്നു
ഷീലയുടെ മുല കൊള്ളാം മനസ്സില്‍ കിടക്കട്ടെ,
എപ്പോഴെങ്കിലും ഉപകരിക്കും

വരാന്തയിലേക്കിറങ്ങി നോക്കി കൊള്ളാം നല്ല കാറ്റ്‌
സുന്ദരന്‍ പ്രഭാതം
മുറ്റത്തേക്ക്‌ പാളി നോക്കിയപ്പോള്‍
ബീഡിവലിച്ച്‌ ഒരരുകില്‍
കുത്തിയിരിക്കുന്നു സലീം കുമാര്‍
മൊത്തത്തില്‍ മുഷിഞ്ഞിട്ടുണ്ട്‌
ഉള്ളിലേക്കു വിളിച്ചാലോ
കട്ടന്‍കാപ്പി കൊടുത്താലോ
കുറേ നേരം അയാളെത്തന്നെ നോക്കിയിരുന്നു
ഒന്നും മിണ്ടിയില്ല

മുറിയിലെത്തി നോക്കുമ്പോള്‍
സലീം കുമാര്‍ ഷീലയ്ക്കു പിറകേ പോകുന്നു
നസീര്‍ സലീം കുമാറിനു പിറകേ പായുന്നു

ബീഡികളഞ്ഞ്‌ ഉള്ളില്‍ വന്നിരിക്കൂ
ഷീലയെ പിന്നീട്‌ പിടിക്കാം
നസീറിനെപ്പോലെ ഒരു മണ്ടനെ ആരെങ്കിലും പേടിക്കുമോ
സലീം കുമാര്‍ ആണത്രെ സലീം കുമാര്‍
എന്നൊക്കെ പുറത്തുചെന്ന്‌ പറയണം എന്നുതോന്നി

അപ്പോള്‍ വേറൊരു പാട്ടില്‍ നസീര്‍
വേറെയൊരു പെണ്ണിനു പിറകേ പോകുന്നു
ഈ സിനിമയില്‍ നസീറിന്റെ ജാതി എന്തായിരിക്കും
പുറത്തിരിക്കുന്ന സലീം കുമാറിന്റെ
ഇപ്പോഴത്തെ പേരെന്തായിരിക്കും

അപ്പോള്‍ അവളുടെ മെസേജ് വന്നു
ടി വിയില്‍ കാണുന്നതു പോലെയല്ല
കാര്യങ്ങള്‍ എന്ന്
മടിയന്മാരോടൊത്തുള്ള ജീവിതം
ദുസ്സഹമാണെന്ന്

പുറത്തിറങ്ങി നോക്കിയപ്പോള്‍
സലിം കുമാര്‍ ഇല്ല
ടി വിയില്‍ കാണുന്നതുപോലെയായിരിക്കില്ല
കാര്യങ്ങള്‍
ഷീലയും നസീറും
ഒന്നുമായിരിക്കില്ല ജീവിതം

ബീഡിവലിച്ച് മറ്റൊരു പ്രഭാതത്തില്‍
ജീവിതം ഇതുവഴി വീണ്ടും
വന്നേക്കും

Monday, February 16, 2009

കാഫ്കയുണ്ട് സൂക്ഷിക്കുക

കഴിഞ്ഞ കുറേ ദിവസങ്ങളായി
കാരണരഹിതമായ
സന്തോഷത്തില്‍ പെട്ട്
ഉഴലുകയായിരുന്നു

- - എപ്പോഴൊക്കെയോ ഉണരുകയും
എപ്പോഴൊക്കെയോ ഉറങ്ങുകയും
എപ്പോഴൊക്കെയോ ഇണചേരുകയും - -

കാരണരഹിതമായ സന്തോഷം
അപകടം പിടിച്ച വളവുപോലെ
മാത്രം സുന്ദരമാണ് എന്നു പറഞ്ഞത്
ഫ്രാന്‍സ് കാഫ്കയാണ്,
പലപ്പോഴായി കണ്ട
സ്വപ്നങ്ങളില്‍

ഉണര്‍ന്നപ്പോള്‍
‘മാത്രം സുന്ദരമായ വളവിനെ‘ക്കുറിച്ച്
ആലോചിച്ചു
മാത്രം സുന്ദരം ഒരു തമിഴ് സിനിമാനടിയല്ലേ
വളവിനപ്പുറം മാത്രം സുന്ദരം ഉണ്ടെന്നാണോ
വീണ്ടും വീണ്ടും ആലോചിച്ചു

ഗതികെട്ടു

മാത്രം സുന്ദരത്തെ
കാണാനിറങ്ങി നടന്നു

പാവം നിങ്ങളും പെട്ടു

എപ്പോഴൊക്കെയോ എന്തൊക്കെയോ
ചെയ്തുകൊണ്ടിരുന്ന എന്നെ
ബുദ്ധാ എന്നു വിളിക്കാനുള്ള മടികൊണ്ട്,
വെറും ഈഗോ കൊണ്ട്
‘എല്ലായ്പ്പോഴും’ എന്ന വാക്കിനെ
ഉറക്കത്തില്‍ കൊണ്ടു തട്ടിയിട്ട്
പോയവനാണ്
ഈ ഫ്രാന്‍സ് കാഫ്ക

എന്തും ചെയ്യാന്‍ മടിക്കാത്തവനാണ്

Wednesday, February 11, 2009

എല്ലാ അക്ഷരങ്ങളും തെറികളായി മാറുന്ന ഇടവേളകളേ എന്നെക്കുടി കൊണ്ടുപോകണേ

ചുവന്ന വെളിച്ചം
ഇരുട്ടുകായാനിറങ്ങിയ
പ്രേതയാമത്തില്‍
ബാറുകളില്‍ നിന്ന്
ശബ്ദങ്ങളുടെ ശവപേടകത്തില്‍
കടല്‍ മുറിച്ചു കടന്നു പോകുന്നു
എന്റെയും നിന്റെയും
പ്രണയശയ്യയില്‍, പണ്ട്
പാമ്പും പഴുതാരയുമായിരുന്ന
അക്ഷരങ്ങള്‍

- - - - അ - - - -
- - ആ - - - - - -
- - - - ഇ - - - -
ഈ - - - - - - - -
- - ഉ - ഊ - - - - -
- - - - - -ഉ - ഊ -

Monday, February 9, 2009

ഉള്ളി ജീവിതം

പാതിരാത്രിക്ക്‌
പുല്ലുതിന്നാനിറങ്ങിയ
കുതിരകള്‍

അവയ്ക്കുമേല്‍
സിഗരറ്റ്‌ വലിച്ചിരിക്കുന്ന
പടയാളികള്‍

ചത്തകാലത്തിനു പുറത്ത്‌
സിഗരറ്റ്‌ പുകയുന്നുവെന്നും പ്രഭാതത്തിന്റെ
കുളമ്പടിയൊച്ച ആസന്നമെന്നും
ഒരാള്‍ കവിതയിലെഴുതുന്നു

എഴുത്തുകാരെ മാത്രം ധിക്കരിക്കാറില്ല
കുതിരകളുടെ ശീലം

പ്രഭാതത്തിനു മുമ്പെത്താന്‍ കുതിരകള്‍
ഇരുട്ടിന്‌ വിപരീത ദിശയിലോടുന്നു

2

ഉറവപോലുരുണ്ട്‌
ഉള്ളിലുള്ളതെല്ലാം ഉരഞ്ഞ്‌
ഉരഗമായലയും ഉറക്കമേ
ഉണര്‍ച്ചയില്‍നിന്നേ,തൂയലില്‍
ഉയിര്‍വെച്ചുയരും നിന്റെ
ഉള്ളി ജീവിതമൊ,ളിപ്പിച്ചുവയ്ക്കും
സുപ്രഭാതങ്ങളുടെ സ്വപ്നാന്തര നടനം?


എന്ന താളത്തില്‍ വേറൊരു
കവിതകൂടെഴുതി
എഴുത്തുകാരന്‍ ഉറങ്ങാന്‍ കിടക്കുന്നു

3

കുതിരകള്‍ ആഞ്ഞോടുന്നു
വ്യാകുലമാതാവ്‌ മുകളില്‍ നിന്ന്‌ നോക്കുന്നു