Monday, March 11, 2013
ശിവന്‍ കോവില്‍ തെരുവ് : പരിപൂര്‍ണ വിവരണം
46 കെട്ടിടങ്ങള്‍ മൊത്തം
30 വീടുകള്‍
പത്ത് കടകള്‍
ഒരു ആശുപത്രി
രണ്ട് മദ്യക്കട
മൂന്ന് അമ്പലങ്ങള്‍
മൊത്തം ജനസംഖ്യ 600
അറുപതിലധികം കഴുതകള്‍
പൊടി
പൊടിഞ്ഞ വഴികള്‍
കുമ്മായം പൂശിയ ഭിത്തികള്‍
ഓലമേഞ്ഞ വീടുകളിലാളുകള്‍
ഓടിട്ട വീടുകളില്‍ ദൈവങ്ങള്‍
ആസ്ബറ്റോസ് കെട്ടിടങ്ങളില്‍ കഴുതകള്‍
ഇടയിലൊറ്റയ്‌ക്കൊരു മരം
മരത്തിലസഖ്യം കിളികള്‍
കിളികള്‍ക്കിടയില്‍ രാത്രി
ഉറക്കത്തില്‍ സ്വപ്നങ്ങള്‍
ഒരേ ഉറക്കം ; ഒരേ ഉണര്‍ച്ച
ഒരേ രോഗങ്ങള്‍
ആരും മറുപടി പറയാനില്ലാത്ത അലര്‍ച്ചകള്‍
തെരുവുനായ്ക്കള്‍
കൊയ്തുകഴിഞ്ഞ നമുക്കുമീതേ
പറന്നിറങ്ങുന്ന പകലുകള്‍
നമ്മളറുന്നൂറുപേര്‍
നമ്മുടെ ദൈവം, ലിംഗം
നമ്മുടെ തെരുവില്‍
കണക്കില്ലാതെ ആമകള്‍
ആമയുടെ തെരുവിലും
നമ്മളറുന്നൂറുപേര്‍
അറുപതാം വയസ്സില്‍
നമ്മളില്‍ നിന്നില്ലാതാവുന്നു
നമ്മുടെ ദൈവം
അറുന്നൂറാം വയസ്സില്‍
ആമയില്‍ നിന്നും പോകുന്നു
നമ്മുടെ ദൈവം
ഒരിക്കലും പോകാതെ
നമ്മളിലെപ്പോഴും
ആമയുടെ ദൈവം, ശവം
Friday, August 31, 2012
മരണാനന്തരം ദിവാകരന്‍ നീറുകളുടെ കൊട്ടാരത്തില്‍
എന്തുകൊണ്ടുണര്‍ന്നില്ല ഇതേവരെ
എന്ന് ജനലിലൂടെ
വന്നു ചോദിക്കും
വെയിലിനോട്
ഉണരുന്നില്ല ഇനിയെന്നു ചിരിച്ച്
നിറയെ നദികള്‍ നീന്തിയ
പാടുകള്‍
നെടുകെ വരഞ്ഞ
ശരീരത്തില്‍
ഇലകള്‍ കോര്‍ത്തുകെട്ടിയ
പച്ചക്കൂട്ടിനുള്ളില്‍
ഉണര്‍ച്ചയിലാര്‍ക്കും കണ്ടെത്താന്‍
കഴിയാത്ത ഇടവേളയില്‍
പുറത്തേക്കു മാത്രം നിലച്ച്
ജനലിലൂടെ പിണങ്ങി
വെയില്‍ മടങ്ങിയതിന്
ശേഷവും
മരിച്ചുകിടക്കുന്നു
വളരെയധികം കാലമായി
ദിവാകരന്‍
മരിച്ചവരുടെ സ്വപ്നങ്ങളില്‍
ചുവന്ന തൂവലുകള്‍
നെയ്തു ചേര്‍ക്കുന്നവര്‍
കൊടുംകാറ്റത്ത് തലപ്പുലയുമ്പോള്‍
മണ്ണിലേക്ക് മുറുകുന്ന വേരുകള്‍ പോലെ
പുറകോട്ടു വലിഞ്ഞ്
ഇലകള്‍ വളച്ച് ഉറക്കത്തില്‍ ദിവാകരനില്‍
നീറുകള്‍ പണിത
കൊട്ടാരത്തിനുള്ളിലൂടെ
വീശിവരുമ്പോള്‍
അതാ കിടക്കുന്നു
കോഴിവാലുള്ള എലികള്‍
ഉപ്പനെപ്പോലെ നീണ്ട കോഴികള്‍
ക്ഷ വലിക്കുന്ന കുതിരകള്‍
: അറ്റുപോകുന്നതിന്‍ മുമ്പ്
പരിസരം മറന്നനുകരിച്ചതിന്‍
ബാക്കികള്‍ :
പിന്നെക്കുറേക്കാലം കഴിഞ്ഞ്
ദിവാകരന്‍ ഉണര്‍ന്ന്
പഴയ കുതിരകളെ ചവുട്ടിയുണര്‍ത്തി
പുറപ്പെടാന്‍ തയ്യാറായി നോക്കുമ്പോള്‍
ജീവിച്ചിരുന്നപ്പോളോര്‍മയില്‍
ചുറ്റിത്തിരിഞ്ഞവയില്‍
നിന്നടര്‍ത്തിയെടുത്ത
ദുസ്വപ്നങ്ങളിലെല്ലാം
ചുവന്ന തൂവലുകള്‍
എത്രകാലം കഴിഞ്ഞാണെങ്കിലും
എവിടെ നിന്നാണെങ്കിലും
ഉണര്‍ന്നുവരുമ്പോള്‍
സമര്‍ത്ഥമായ കുറ്റബോധങ്ങളെ
തനിക്കായി കാത്തുവെയ്ക്കുന്നവരെ
ഒന്നുകൂടി നോക്കി ചിരിച്ച്
മനോഹരമായി മരിച്ചുകിടക്കാന്‍
മറ്റിടങ്ങള്‍ തേടി
പൊയ്ക്കാലന്‍ കുതിരകള്‍ വലിക്കുന്ന
ചൂരല്‍വണ്ടിയില്‍
പാഞ്ഞുപോകുന്നു ദിവാകരന്‍
പിന്നാലെ പോകുന്നു സ്വപ്നങ്ങള്‍
സ്വപ്നങ്ങളിലെ അതിഥികള്‍
ചുവന്ന തൂവലുകള്‍
Monday, March 5, 2012
വിലാപകാവ്യം :(
നീ മരിക്കുമ്പോള്‍
ഞാന്‍ മറക്കാതെയെഴുതും
വിലാപകാവ്യം
അന്യായ അഴകായിരുന്നു
അടങ്ങാത്ത കൊതിയായിരുന്നു
അവിടെയും ഇവിടെയും
എപ്പോഴും തൊട്ടുനോക്കുമായിരുന്നു
അടിപൊളിയായിരുന്നു
എന്നൊക്കെ കാച്ചും
വിനോദകാവ്യം
എന്നു പേരിടും
ഞാന്‍ മറക്കാതെയെഴുതും
വിലാപകാവ്യം
അന്യായ അഴകായിരുന്നു
അടങ്ങാത്ത കൊതിയായിരുന്നു
അവിടെയും ഇവിടെയും
എപ്പോഴും തൊട്ടുനോക്കുമായിരുന്നു
അടിപൊളിയായിരുന്നു
എന്നൊക്കെ കാച്ചും
വിനോദകാവ്യം
എന്നു പേരിടും
Monday, February 13, 2012
കപ്പത്തോട്ടത്തില്‍ വഴിതെറ്റിയവരുടെ ന്യായങ്ങള്‍
/ വിഷം തീണ്ടുക എന്നതാണിപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം
: പൊഴിഞ്ഞതിനു ശേഷം കൈതത്തലപ്പില്‍ തൂങ്ങിക്കിടക്കുന്ന പടത്തില്‍ നിന്ന്, വെളിച്ചംമങ്ങിയതിന് ശേഷം മടങ്ങിവരുമ്പോള്‍ ഉപ്പൂറ്റിയില്‍ പിടിച്ച പല്ലുകളില്‍ നിന്ന്, മഞ്ഞപ്പൊടിപ്പൊതികള്‍ തുറന്ന് വായുവിലേക്ക് വീശിവീശിയെറിയുന്ന തീരെച്ചെറിയ കൈകളില്‍ നിന്ന്, വായിലേക്ക് കിനിഞ്ഞിറങ്ങിപ്പോകുന്ന പച്ചിലകളുടെ കയ്പ്പില്‍ നിന്ന്, നല്ലചൂടുള്ള ദിവസം ചെറിയ കാറ്റുള്ള കപ്പത്തോട്ടത്തിലൂടെ ദൂരേക്ക് നടന്നു പോകുമ്പോള്‍ ആരുമില്ലാത്ത ഒരിടത്ത് എത്തിപ്പെട്ടതിന്റെ തോന്നലില്‍ നിന്ന് :
പ്രതീതികള്‍ ഫലിച്ചില്ലെങ്കിലൊടുവില്‍
പൊടിതിന്നിഴയുന്ന പാമ്പില്‍ നിന്ന് /
എല്ലാവരില്‍ നിന്നും പിണങ്ങുക എന്നതായിരുന്നു കുറച്ചു മുമ്പുവരെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. മനുഷ്യരില്‍ നിന്നും നായ്ക്കളില്‍ നിന്നും പൂച്ചകളില്‍ നിന്നും പൂവുകളില്‍ നിന്നും ഉപ്പിലിട്ട ഉണ്ണിമാങ്ങയില്‍ നിന്നും രുചിയില്‍ നിന്നും ലഹരിയില്‍ നിന്നും കണ്ണുകൊണ്ടും ഭാഷകൊണ്ടും കാണാവുന്ന എല്ലാത്തില്‍ നിന്നും പിണങ്ങിയതിന് ശേഷമാണ് ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായി അത് വളര്‍ന്നു വന്നത്. പുല്ലിലോ പുഴുവിലോ മനുഷ്യനിലോ കൊള്ളാതെ ഭാഷയിലോ ചിത്രത്തിലോ പാട്ടുകളിലോ ഏറ്റവും പ്രീയപ്പെട്ടവയുടെ വിവരണങ്ങളിലോ ഒതുങ്ങാതെ ഏതാണെന്നറിയാതെ ഒന്നിലും ഒതുങ്ങാതെ വീണ്ടും എല്ലാവരില്‍ നിന്നും തിരിച്ചിറങ്ങാന്‍ തുടങ്ങുമ്പോള്‍ പിണക്കത്തിനോ ഇണക്കത്തിനോ വഴങ്ങാതെ ഒന്നിനെയും കൂസാതെ ആരാണ് ആരിലാണ് എന്നറിയാതെ ഞാന്‍ എന്ന നിഴല്‍ വീണ്ടും. കടുത്ത ശാഠ്യക്കാരെ ആര്‍ക്കാണ് അധികകാലം സഹിക്കാന്‍ കഴിയുക?
അതിനാല്‍ വിഷം തീണ്ടുക
മറ്റ് വഴികളില്ലാത്തതിനാല്‍, ഇനി
ഭൂമിയില്‍ സാധ്യമല്ലാത്ത ചിലതിന്റെ ഭാഷയിലെ നിലനില്‍പ്പ് എല്ലായ്‌പ്പോഴും ചിണുങ്ങുന്നതിനിടയിലും നമ്മുടെ ശാഠ്യക്കാരനെ രസിപ്പിച്ചിരുന്നു. ഉദാഹരണത്തിന്, കൈതത്തുമ്പത്ത് പടം പോലെ പാറുന്ന ഉറയൊഴിഞ്ഞുപോയ പാമ്പില്‍ നിന്ന് എന്താണ് സാധ്യമാകുക, ഭാഷയിലെ തീണ്ടലുകള്‍ അല്ലാതെ ? ഇത്രത്തോളം വന്ന സ്ഥിതിക്ക് പിണങ്ങാതെ തിരിച്ചുപോകാന്‍ കഴിയില്ല എന്നിരിക്കെ ഭാഷയിലെ മാളങ്ങളിലെല്ലാം കയ്യിട്ടു നോക്കി
നീല : നീല : നീല : നീലയാകും നീ
ഇന്നു തീരും നിന്റെ ശാഠ്യജീവിതം
എന്ന് കണ്ണടച്ചിരിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ല - കണ്ണു തുറക്കുമ്പോള്‍ പറഞ്ഞു പറ്റിക്കപ്പെട്ടതിന്റെ ജാള്യതയോടൊപ്പം എന്തുകൊണ്ടാണ് ഇത്രകാലം ശ്രമിച്ചിട്ടും പിണങ്ങാന്‍ പറ്റാത്തത് എന്നതിന്റെ വിശദീകരണം ഓര്‍മ്മവരികയും ചെയ്യും എന്നിരിക്കെ ഒരു കാര്യവുമില്ല.
കാര്യത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചു കഴിഞ്ഞു എന്നത് വലിയ ആശ്വാസമുള്ള കാര്യമാണ്. ഇനിയാണ്, നടപടിക്രമങ്ങള്‍... ഏറ്റവും അടുത്തെത്തിയ ശ്രമത്തെ ഓര്‍ത്തെടുക്കുക എന്നതാണ് നടപടിയുള്ള ആദ്യത്തെ ക്രമം. ഓര്‍ത്തെടുക്കുക എന്നാല്‍ ഭാഷയിലെ മാളത്തിലേക്ക് വലതു കൈപ്പത്തി വീണ്ടും തിരികെ കേറ്റുക എന്നാണര്‍ഥമെന്ന് താങ്കള്‍ പറയുന്നത് ശരിയായിരിക്കാന്‍ ഇടയുണ്ട്. പക്ഷേ, അങ്ങനെയല്ലാതെയും ഉണ്ട് എന്ന ന്യായത്തില്‍ അവിടുന്നു തന്നെ തുടങ്ങാം
ആദ്യത്തെ പാമ്പ് വൃത്തിയായി പതിഞ്ഞിട്ടുണ്ട്. സന്ധ്യയ്ക്ക് കലുങ്കില്‍ നിന്ന് താഴേക്ക് പോകുന്ന സൂര്യനെ കാത്തുനിന്ന് തോട്ടിലേക്ക് തലകുത്തി വീണ വെളിച്ചം തീര്‍ന്നു പോകുന്നതിനു മുമ്പ് മണ്ണെണ്ണവിളക്ക് പിടിക്കാന്‍ പാഞ്ഞു പോകുന്നതിനിടയിലാണ്, ആദ്യത്തെ പാമ്പ്, അണലിയോളം സുന്ദരന്‍.
അവനെ പ്രതീക്ഷിച്ച് നമ്മള്‍ ഭാഷയില്‍ നിന്ന് പറത്തു കടക്കുന്നു. ഇവിടെ ഇപ്പോഴാരുമില്ലാത്ത ഈ വിശാലമായ പാടത്ത് സൂര്യനെപ്പോലെ ഒറ്റയ്ക്ക് കാത്തു നില്‍ക്കുന്നു. നൈരാശ്യത്തിന്റെ സായന്തനങ്ങളില്‍ എന്തൊരു സുഖമുള്ള കുളിരായിരുന്നു എന്ന് വിരസത വിരിച്ചിട്ട ആവര്‍ത്തനങ്ങളില്‍ കുളിച്ച് തലതോര്‍ത്തി പോരുന്നതിനിടയില്‍ വെറുതേ കുസൃതി കുതിച്ചു കയറിവരുന്നതു പോലെ അതിസുന്ദരാ നിന്നെ പ്രതീക്ഷിച്ചിവിടെ, ഭാഷയില്‍ നിന്നെ മലര്‍ത്തിയടിച്ചതിന് പ്രതികാരമര്‍ഹിച്ച് കുറ്റബോധത്തിന്റെ കുടുസുമുറികളില്‍ നിന്നിറങ്ങി നേരിട്ട്.
ആദ്യത്തെ വിമതയെ സ്ത്രീലിംഗത്തിലേക്കും ആദ്യത്തെ ഒറ്റുകാരനെ ആണിലേക്കും നിര്‍ബന്ധിച്ചതിനു ശേഷം കെട്ടുകഥകളുടെ ഭാണ്ഡവുമായി ആട്ടിന്‍പറ്റങ്ങള്‍ക്കു പിന്നാലെ പായുന്നവര്‍ പോലും കാണാനിടയില്ല, അകലെയീ പാടത്ത് ആഞ്ഞൊന്നു പിണങ്ങാന്‍ കൊതിച്ച് പരസ്പരമറിയാത്ത എല്ലാ ജീവികള്‍ക്കുമിടയില്‍, അപ്രസക്തതയുടെ പ്രകടനങ്ങള്‍.
അല്‍പം വിഷം പോലും വേണ്ട സമയത്ത്
കൈമാറാന്‍ കഴിയാത്തതിനാല്‍ മാത്രമുള്ള പിന്‍വാങ്ങലുകള്‍
Friday, February 3, 2012
കുതന്ത്രങ്ങളില്‍ കാറ്റ് / കാറ്റാടികള്‍
കാറ്റിനെത്തിരക്കി നടക്കുകയാണ്
കാറ്റിവിടെയെത്തിയോ എന്നു ചോദിച്ച്
കാറ്റെത്താനിടയുള്ള
ഇടങ്ങളില്‍ നിന്നിടങ്ങളിലേക്ക്
കാറ്റിനെത്തിരക്കി
കയ്യിലൊരോല കാറ്റാടിയുമായി
കാലങ്ങളായൊരൊഴിഞ്ഞ കോണില്‍
കാറ്റിനെകാത്തുനില്‍ക്കുന്ന കുട്ടി
അയാളോടുതന്നെ ചോദിച്ചു : -
കണ്ടോ കാറ്റിനെ?
ഒഴിഞ്ഞൊഴിഞ്ഞൊന്നുമില്ലാത്ത
പാത്രം പോലെ ശുദ്ധശൂന്യം ഈ കുട്ടി
അവനുചുറ്റും നിശ്ചലതപസ്സില്‍ ഇലകള്‍
അവനുപിന്നില്‍
കയ്യിലോല കാറ്റാടിയേന്തിയ ഒരു കുട്ടിയുടെ ചിത്രം
മേല്‍ക്കൂരകളില്ലാത്ത ഭിത്തികള്‍
- : മണ്ണുതേച്ച് ഏതോ യുദ്ധകാലത്തിനു മുമ്പ്
നാണമില്ലാതെ ശരീരത്തിലേക്ക്
കൂപ്പുകുത്തുവാന്‍
ആണും പെണ്ണും കെട്ടിപ്പൊക്കിയ ഭിത്തികള്‍ : -
വെറും ഭിത്തികള്‍
ജീവനെയും ജീവജാലങ്ങളേയും
തിരിച്ചെടുത്ത്
എല്ലാം നന്നായിരിക്കുന്നെന്നു കണ്ട്
ജൂതരുടെ ജാലവിദ്യക്കാരന്‍ ദൈവം
ഏഴാം വരിയിലൊരു പായ്ക്കപ്പലില്‍
വിശ്രമിക്കാന്‍ പോയതിനുശേഷം
ബാക്കിയായ ഭിത്തികള്‍
ബാക്കിയായ കുട്ടി, ബാക്കിയായ കാറ്റാടി
അവരോടാണ് തത്വവിചാരം
: - ആണിയടിച്ചുറപ്പിച്ച ചിത്രമേ
ആടാതെപാടില്ലേ നിനക്ക്
കാറ്റിലെന്തിരിക്കുന്നു
കാറ്റുണ്ടെങ്കിലുണ്ടോ ഇരിക്കപ്പൊറുതി?
അല്ലെങ്കില്‍ വേണ്ട, നിങ്ങളിരിക്കൂ
ഹെലികോപ്റ്ററുകളുടെ കഥ കേള്‍ക്കൂ
ഹെലികോപ്റ്ററോളം
ഭ്രമിച്ചുപോയൊരാളുടെ കഥ
കേള്‍ക്കൂ
രണ്ട് ചിതല്‍പ്പുറ്റുകളിലൊന്നിന്റെ നട്ടുച്ചയില്‍ നിന്ന്
താഴേക്ക് ചാടുവാന്‍
തയ്യാറെടുത്തു നില്‍ക്കുന്നൊരാള്‍
വളരെവളരെ പഴയ ഒരാള്‍
അയാളുടെ കഥ
രൂപകാതിശയോക്തി അയാള്‍ക്ക് ജീവിതം
രണ്ട് ഉയര്‍ച്ചകള്‍ക്കിടയിലെപ്പോഴും
ആഴത്തിലയാളെ പ്രലോഭിപ്പിച്ച്
കണ്ണെത്താത്ത താഴ്ച
താഴ്ചയിലേക്ക്
ശ്ര്‍ര്‍ എന്നൊരുകുട്ടി എയ്തുവിട്ട
കടലാസ്‌റോക്കറ്റുകള്‍ക്കു പിന്നാലെ
ആര്‍ത്തിയോടെ പായുന്ന കാറ്റ്
രണ്ട് ചിതല്‍പ്പുറ്റുകള്‍ക്കിടയില്‍
അക്കരെയിക്കരെ ഒഴുകിപ്പോകുന്ന
ഇരിക്കപ്പൊറുതിയില്ലായ്മ അയാള്‍ക്കു നിമിഷങ്ങള്‍
നായകന്മാരുടെ രക്തം കുതറിയൊഴുകുന്ന
ഞരമ്പുകള്‍ അയാളുടെ പ്രതലം
ഒരു തുമ്പില്‍ നിന്ന് അങ്ങേത്തുമ്പിലേക്ക്
പറക്കാനയാളില്‍ വെമ്പുന്നു ഹെലികോപ്റ്ററുകള്‍
ഒരു കാല്‍ കൂടുതല്‍ ശക്തിയായി ഊന്നി
ഒരു കൈ ഇടുപ്പില്‍ കുത്തി
ആകാശത്തേക്ക് നോക്കി
അയാളാജ്ഞാപിക്കുന്നു
വരട്ടെ രണ്ട് തുമ്പുകള്‍ക്കിടയ്ക്ക്
കണ്ണെത്താത്ത കഞ്ചാവുതോട്ടം
വരട്ടെ കൂര്‍ത്ത പാദുകങ്ങള്‍
ഇരട്ടക്കുഴല്‍ തോക്കുകള്‍
പടരട്ടെ ഞാന്‍, എന്നില്‍നിന്നനവധി
നായകന്മാരുടെ ഞരമ്പുകള്‍
കുതന്ത്രങ്ങളില്‍ കാറ്റ് അയാളെ നോക്കിയിരുന്നു
എന്റെ കുട്ടീ, ഇപ്പോള്‍ നിന്നെയെന്നപോലെ
മറ്റൊരു മരത്തിന്റെ പിന്നില്‍
ചുണ്ടിലൊരു പുകക്കുഴലുമായി
കാറ്റ് അയാളെത്തന്നെ നോക്കിയിരുന്നു
രണ്ട് ചിതല്‍പ്പുറ്റുകള്‍ക്കിടയില്‍,
കഞ്ചാവിലകളില്‍ പതുങ്ങിയിരിക്കുന്ന ഒച്ചുകളില്‍
അയാളുടെ ഹെലികോപ്റ്റര്‍ പറന്നിറങ്ങി വരുമ്പോഴെല്ലാം
അയാളെത്തന്നെ നോക്കിയിരുന്നു
കയ്യിലൊരോല കാറ്റാടിയുമായി കാറ്റ്
ചുണ്ടില്‍ നിന്ന് ബീഡികളഞ്ഞ് പിന്നെയൊരു ദിവസം
കാറ്റ് എണീറ്റുവന്നു
കൂര്‍ത്ത പാദുകവും ഇരട്ടക്കുഴല്‍ തോക്കും
പ്ലാവിലത്തൊപ്പിയില്‍ പക്ഷിത്തൂവലും ധരിച്ചു
പറക്കുന്നവയിലെല്ലാം കാറ്റ്
താഴ്ചയിലുമുയര്‍ച്ചയിലും കാറ്റ്
ചില ചെരുവുകള്‍ ചെത്തിയെടുക്കുമ്പോള്‍
അയാളുടെ ഹെലികോപ്റ്റര്‍
ഹൂറേ ഹൂറേ എന്നാര്‍ത്തു വിളിച്ചു
അനേകായിരം തുമ്പികളില്‍
കാറ്റ് പിന്നാലെ പറന്നു
മറ്റൊരു ചെരിവില്‍വച്ച്
കാറ്റ് അയാളെ പണിതു
കാറ്റിനുമാത്രമറിയാവുന്ന
ഭൂമിയിലെ മാളങ്ങളില്‍ നിന്നെലികള്‍
അയാളിലേക്കിറങ്ങി വന്നു
അയാള്‍ക്കു പിറകില്‍
കഞ്ചാവുതോട്ടങ്ങള്‍ക്കു മുകളില്‍ പാറുന്ന
ഹെലികോപ്റ്ററിന്റെ ചിത്രം
തൂക്കിയിട്ട്
വീഴ്ത്തിക്കളഞ്ഞവയുടെ ചിത്രങ്ങള്‍
മറ്റിടങ്ങളില്‍ തൂക്കാന്‍ കാറ്റുപോയി
കാറ്റിനെത്തിരക്കി നടക്കുകയാണ്, അന്നുമുതല്‍
കാറ്റിവിടെയെത്തിയോ എന്നു ചോദിച്ച്
കാറ്റെത്താനിടയുള്ള
ഇടങ്ങളില്‍ നിന്നിടങ്ങളിലേക്ക്
കാറ്റിനെത്തിരക്കി
- : കണ്ടുകിട്ടിയാല്‍ തീര്‍ത്തുകളയും
പൊടിക്കാറ്റുകൊണ്ടുപോയ മേല്‍ക്കൂരകള്‍
കൂട്ടത്തോടലറുന്നത്
കഥതീരുമ്പോളയാള്‍ക്കു കേള്‍ക്കാം
നിറഞ്ഞ സദസ്സിന് നടുവില്‍
മുകളിലേക്ക് കൈവിരിച്ചയാള്‍ നില്‍ക്കുമ്പോള്‍
മുഴങ്ങുന്ന ആരവം കേള്‍ക്കാം
ജാലവിദ്യക്കാരുടെ ദൈവം
ഞരമ്പുകളിലേക്ക് തിരിച്ചുവരുന്നതിന്റെ
ഒച്ച കേള്‍ക്കാം
അതേ നിമിഷത്തില്‍
അതേ ചിത്രത്തില്‍ നിന്ന്
ഇടങ്കണ്ണിട്ടു നോക്കി
കുട്ടി
അയാളോടു തന്നെ ചോദിച്ചു
: - കണ്ടോ കാറ്റിനെ?
Friday, January 27, 2012
നമ്മള്‍ പറഞ്ഞുവന്ന രാത്രിയില്‍
നമ്മള്‍, നമ്മള്‍ രണ്ടുപേര്‍
പറഞ്ഞിട്ടു വന്ന രാത്രിയില്‍
പുല്ലുചെത്തിയൊരുക്കി
ഇഷ്ടികയ്ക്കുമേല്‍ ഇഷ്ടികവച്ച്
പൂന്തോട്ടവും നീന്തല്‍ക്കുളവും വരച്ച്
നമ്മള്‍ പറഞ്ഞുവരുത്തിയ രാത്രിയില്‍
ഇതേരാത്രിയിലല്ലെങ്കില്‍
മറ്റേതു രാത്രിയില്‍ അയാള്‍ വായിക്കും
എന്നെപ്പിടിക്കൂ എന്നെപ്പിടിക്കൂ
എന്നൊരഴകന്‍ പച്ചത്തവള
എപ്പോഴും കരയുന്ന
ഉദാസീനരുടെ ഉറക്കം പോലെ
ആഴമുള്ള ഈ കിണറിനെ
കൊയ്തുകഴിഞ്ഞ പാടത്തേക്ക്
കയ്യില്‍ മൂന്നു ബാറ്ററിയുടെ ടോര്‍ച്ചുമായി
തവളയെത്തേടി പാതിരാത്രിയില്‍
പുറപ്പെടുന്നൊരാള്‍, അയാള്‍
ഉരഗം അയാളുടെ മൃഗം
കടിച്ചുപിടിച്ചൊരു കമ്പില്‍
കടിച്ചുപിടിച്ചുകിടക്കുന്ന അയാളെ
പറത്തിക്കൊണ്ടു പോകുന്നു
ഉരിയാടാതൊരുപാടുകാലമായി
വായുവില്‍ പറക്കുന്ന പക്ഷികള്‍
പകല്‍ വെയില്‍ തളര്‍ത്തിയ
മരത്തിന് കീഴില്‍
നമ്മള്‍ പറഞ്ഞു വരുത്തിയ
മെഴുകുതിരികള്‍
നമ്മളൂതി വിടുന്ന പുക
നമ്മളെ പഠിക്കാന്‍
മിന്നാമിനുങ്ങുകളില്‍ നിന്നെത്തിയ
പണ്ഡിതര്‍
അതിനിടയില്‍ നിന്ന് അയാള്‍ പോകുന്നു
ഉദാസീനരുടെ ഉറക്കത്തെ വായിക്കാന്‍
പാമ്പില്‍ നിന്നും തവളയില്‍ നിന്നും പിടിവിട്ട്
പക്ഷികളില്‍ നിന്ന് താഴേക്ക്
അയാള്‍ പോകുന്നു
നമ്മള്‍ പറഞ്ഞു വരുത്തിയ ഈ രാത്രിയില്‍
നമ്മള്‍ എന്ന പ്രയോഗത്തില്‍
നീയും ഞാനും തനിച്ച്
നമുക്കുചുറ്റം
ചെത്തിത്തേയ്ക്കാത്ത ഇഷ്ടികകള്‍
പൂവില്ലാത്ത പൂന്തോട്ടം
നീന്താനറിയാത്തവരുടെ കുളങ്ങള്‍
നമ്മള്‍ക്കു മുമ്പും നമ്മള്‍ക്കു ശേഷവും
പലനിറങ്ങളില്‍ മണ്ണ്, മണ്ണിലുള്ളവ
പാളിപ്പോയ വസ്തുസങ്കല്‍പ തന്ത്രം
നമ്മള്‍ എന്ന പ്രയോഗം
നമ്മള്‍ പറഞ്ഞുവരുത്തിയ രാത്രിയില്‍
പറഞ്ഞിട്ടു വന്ന രാത്രിയില്‍
പുല്ലുചെത്തിയൊരുക്കി
ഇഷ്ടികയ്ക്കുമേല്‍ ഇഷ്ടികവച്ച്
പൂന്തോട്ടവും നീന്തല്‍ക്കുളവും വരച്ച്
നമ്മള്‍ പറഞ്ഞുവരുത്തിയ രാത്രിയില്‍
ഇതേരാത്രിയിലല്ലെങ്കില്‍
മറ്റേതു രാത്രിയില്‍ അയാള്‍ വായിക്കും
എന്നെപ്പിടിക്കൂ എന്നെപ്പിടിക്കൂ
എന്നൊരഴകന്‍ പച്ചത്തവള
എപ്പോഴും കരയുന്ന
ഉദാസീനരുടെ ഉറക്കം പോലെ
ആഴമുള്ള ഈ കിണറിനെ
കൊയ്തുകഴിഞ്ഞ പാടത്തേക്ക്
കയ്യില്‍ മൂന്നു ബാറ്ററിയുടെ ടോര്‍ച്ചുമായി
തവളയെത്തേടി പാതിരാത്രിയില്‍
പുറപ്പെടുന്നൊരാള്‍, അയാള്‍
ഉരഗം അയാളുടെ മൃഗം
കടിച്ചുപിടിച്ചൊരു കമ്പില്‍
കടിച്ചുപിടിച്ചുകിടക്കുന്ന അയാളെ
പറത്തിക്കൊണ്ടു പോകുന്നു
ഉരിയാടാതൊരുപാടുകാലമായി
വായുവില്‍ പറക്കുന്ന പക്ഷികള്‍
പകല്‍ വെയില്‍ തളര്‍ത്തിയ
മരത്തിന് കീഴില്‍
നമ്മള്‍ പറഞ്ഞു വരുത്തിയ
മെഴുകുതിരികള്‍
നമ്മളൂതി വിടുന്ന പുക
നമ്മളെ പഠിക്കാന്‍
മിന്നാമിനുങ്ങുകളില്‍ നിന്നെത്തിയ
പണ്ഡിതര്‍
അതിനിടയില്‍ നിന്ന് അയാള്‍ പോകുന്നു
ഉദാസീനരുടെ ഉറക്കത്തെ വായിക്കാന്‍
പാമ്പില്‍ നിന്നും തവളയില്‍ നിന്നും പിടിവിട്ട്
പക്ഷികളില്‍ നിന്ന് താഴേക്ക്
അയാള്‍ പോകുന്നു
നമ്മള്‍ പറഞ്ഞു വരുത്തിയ ഈ രാത്രിയില്‍
നമ്മള്‍ എന്ന പ്രയോഗത്തില്‍
നീയും ഞാനും തനിച്ച്
നമുക്കുചുറ്റം
ചെത്തിത്തേയ്ക്കാത്ത ഇഷ്ടികകള്‍
പൂവില്ലാത്ത പൂന്തോട്ടം
നീന്താനറിയാത്തവരുടെ കുളങ്ങള്‍
നമ്മള്‍ക്കു മുമ്പും നമ്മള്‍ക്കു ശേഷവും
പലനിറങ്ങളില്‍ മണ്ണ്, മണ്ണിലുള്ളവ
പാളിപ്പോയ വസ്തുസങ്കല്‍പ തന്ത്രം
നമ്മള്‍ എന്ന പ്രയോഗം
നമ്മള്‍ പറഞ്ഞുവരുത്തിയ രാത്രിയില്‍
Wednesday, September 14, 2011
വിചാരമാതൃകകളില്‍ രഹസ്യാന്വേഷകര്‍
'അമ്മയെക്കാണാന്‍ കുന്നുകളിറങ്ങി നടന്നുവന്നിരുന്ന വൈകുന്നേരങ്ങള്‍' എന്ന വരിയിലെവിടെയോ വച്ചാണ് സുജാത നഷ്ടപ്പെട്ടത്. കണ്ണെത്താവുന്ന ദുരത്ത് മാത്രമുണ്ടായിരുന്ന നഗരം വായുവില്‍ നിന്ന് ചുഴഞ്ഞിറങ്ങുന്നൊരു പുള്ളുവന്‍ പരുന്തിന്റെ വേഗതയില്‍, ക്രോസ്ബാറിനിടയിലൂടെ കാലിട്ട് ചവുട്ടി ചരല്‍ക്കുന്നുകളിറങ്ങി വന്നിരുന്ന തന്റെ പഴയ ഗ്രാമത്തെ റാഞ്ചിയതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ്, തലയ്ക്കുമീതേ പറന്നിറങ്ങുന്ന കൂറ്റന്‍ വിമാനങ്ങളുടെ ഇരമ്പലില്‍ 'അമ്മയെക്കാണാന്‍ കുന്നുകളിറങ്ങി നടന്നുവന്നിരുന്ന വൈകുന്നേരങ്ങള്‍' എന്ന വരി ഒരു വഴിയായി വളഞ്ഞുപുളഞ്ഞ് തന്റെ മുന്നിലോടൊഴുകിയിറങ്ങിപ്പോകുന് നതിനിടെയിലെവിടെയോ സുജാത നഷ്ടപ്പെട്ടത്. തടഞ്ഞു തടഞ്ഞൊഴുകുന്നൊരു അരുവിയില്‍ ഒഴുക്കിനൊത്ത് കിടന്നുകൊടുക്കുന്ന കാട്ടുതാറാവിന്‍ കൂട്ടത്തില്‍ നിന്ന് വേര്‍പെട്ടുപോയവരായിരിക്കണം താനും ഈ വഴിയുമെന്നവള്‍.
ഞങ്ങളവളെ തിരഞ്ഞു പോകുന്നു
ഞാന്‍
മഞ്ഞ നിറം
അവധൂതന്‍ എന്ന പട്ടിക്കുട്ടി
ഒരുറപ്പിന്, സ്റ്റാലിനെ ഞാനെടുക്കുന്നു. മഞ്ഞനിറത്തില്‍ നിന്ന് ചുരണ്ടിയെടുത്ത നാരുകളിലേക്ക് കൊരുക്കുന്നു. എന്റെ കഴുത്ത് എന്റെ നിറങ്ങള്‍ എന്റെ മാല എത്ര അത്യാഗ്രഹമുള്ള ലോക്കറ്റ്: സ്റ്റാലിനെ, സ്റ്റാലിനെ മാത്രം ഞാനെടുക്കുന്നു
മനുഷ്യരില്‍ നിന്ന് ആരെയുമെടുക്കാന്‍ എത്രശ്രമിച്ചിട്ടും അവധുതന്‍ തയ്യാറാകുന്നില്ല. വളരെപ്പഴക്കം തോന്നിക്കുന്ന മനുഷ്യരുമായി കുന്നിറങ്ങുന്ന ചെമ്മരിയാടുകളുടെ വേഗതയില്ലായ്മയില്‍ ഉറങ്ങിക്കിടക്കുന്ന നിനക്ക് ബുദ്ധനെയെങ്കിലും എടുക്കാവുന്നതാണ്, മനുഷ്യരില്‍ നിന്നല്ലെന്ന് കരുതാവുന്നതാണ്
കൊയ്തുകഴിഞ്ഞ് പെണ്ണുങ്ങള്‍ പോകുമ്പോള്‍
പാടത്തേക്ക് പാളിവീഴുന്ന
തത്തക്കൂട്ടത്തിന്റെ നിഴല്‍
അവനെടുക്കുന്നു
ഇലകളുടെ അടിയില്‍
കൂട്ടത്തോടെഇണചേരുന്ന
കുഞ്ഞുജീവികളില്‍ നിന്ന്
'ചെത്ത്' എന്ന വാക്കിനെയെടുക്കുന്നു
കുരുത്തക്കേടുകള്‍ എല്ലാമെടുക്കുന്നു
തണുത്തുവിറച്ച പച്ചിലകളിലൂടെ
ഒച്ചുകള്‍
അനന്തതയിലേക്ക് വലിഞ്ഞുണ്ടായ
വഴികളില്‍ നിന്നുപോലും
ഒന്നുമെടുക്കുന്നില്ല
പെട്ടന്നുള്ള പ്രതികരണങ്ങള്‍
ഭീതിനിറഞ്ഞ സന്ദര്‍ഭങ്ങളെ
സൃഷ്ടിക്കുമെന്ന തിരിച്ചറിവിനാല്‍
മഞ്ഞനിറം
ഞങ്ങളവളെ തിരഞ്ഞു പോകുന്നു
ഉടനടി പെണ്‍കുട്ടികളെ ഓര്‍മിപ്പിക്കുന്നത്ര വൃത്തിയുള്ളൊരു കൂറ്റന്‍ കുളിമുറിയുടെ ഒത്തനടുക്ക്, കാലുകളിലേക്ക് കുനിഞ്ഞിരിക്കുന്ന ഒരാളെന്നപോലെ പിങ്ക് നിറമുള്ള ഒരു യൂറോപ്യന്‍ ക്ലോസറ്റ് എന്നന്നേക്കുമായി ഉപേക്ഷിക്കപ്പെട്ടതിനെക്കുറിച് ചുള്ള ആവര്‍ത്തിച്ചുള്ള ദൃശ്യങ്ങള്‍. ഒന്നുകൂടി തലപൊക്കി നോക്കി കേള്‍വിക്കാരുടെ അഭാവത്തെ ഗൗനിച്ച് സുജാത തുടര്‍ന്നു: ഇന്ത്യയില്‍ ഉപയോഗിക്കുന്ന വിധത്തിലുള്ള ക്ലോസറ്റുകളില്‍ അരഭാഗംവച്ച് മുറിച്ചു മാറ്റപ്പെട്ട ഒരാള്‍ ഇരിക്കുന്നതുപോലെ.
: (സ്വപ്നങ്ങളെക്കുറിച്ചുള്ള ഒരു പ്രധാനപ്പെട്ട കണ്ടുപിടുത്തം 1989ല്‍ സുജാത നടത്തിയിരുന്നു. ഒരു മേഖലയിലുള്ള മൂന്ന് വീടുകളിലെ വിവിധ മുറികളില്‍ മാറിമാറിയിരുന്ന് ഏറെക്കുറെ നാല് മാസത്തോളം സമയമെടുത്താണ് 1989 തന്നെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു വര്‍ഷമായി സുജാത മാറ്റിയെടുത്തത്. സുജാതയുടെ സിദ്ധാന്തപ്രകാരം, സ്വപ്നങ്ങള്‍ അന്തരീക്ഷത്തില്‍ ഉണ്ട്. കിടപ്പുമുറി, വരാന്ത, കുളിമുറി എന്നിങ്ങനെ മുറികളെ വിഭജിക്കുകയാണെങ്കില്‍ മൂന്ന് വീടുകളിലേയും കിടപ്പുമുറികള്‍ ഒരേദിവസം കാണുന്ന സ്വപ്നങ്ങള്‍ ഏറെക്കുറെ ഒരുപോലെയായിരിക്കും. വരാന്തകളില്‍ സ്വപ്നങ്ങള്‍ കുറവാണെങ്കിലും കുളിമുറികളെപ്പോലെ തന്നെ അവയിലും ഏറെക്കുറെ ഒരേ സ്വപ്നങ്ങളാണ് ഓടുന്നത് : )
അങ്ങനെ നോക്കുമ്പോള്‍, സുജാത തുടര്‍ന്നു, 'ഉപേക്ഷിക്കപ്പെട്ട ക്ലോസറ്റ്' എന്ന അതീവ വൃത്തിയുള്ള സ്വപ്നം തന്നെക്കൂടാതെ ഈ മേഖലയിലെ നിരവധി ആളുകള്‍ കണ്ടിരിക്കണം. 1989ലെ ഒരു സിദ്ധാന്തം, അത് തന്റേതാണെങ്കില്‍ കൂടി, കാലഹരണപ്പെട്ടിരിക്കാതിരിക്കാനു ള്ള ഒഴിവുകഴിവുകള്‍ തിരയുന്നതിനിടയില്‍, സുജാത, അമ്മയെക്കാണാന്‍ കുന്നുകളിറങ്ങി നടന്നുവന്നിരുന്ന വൈകുന്നേരങ്ങളില്‍ പരിചയമില്ലാത്ത കൈവഴികള്‍ എവിടേക്കാണ് പോകുന്നത് എന്നന്വേഷിച്ചു പോകാനുള്ള കൗതുകം പഴയതോ പുതിയതോ അല്ലാത്ത കൂറ്റന്‍ ഹോട്ടലുകളുടെ കുളിമുറികളെന്നപോലെ തന്നെ പ്രലോഭിപ്പിക്കുമായിരുന്നുവെന് ന് കൈകള്‍ വായുവിലേക്കെറിഞ്ഞ് എണീറ്റുനിന്നു. വിഷക്കൂണുകള്‍ കൂട്ടത്തോടെ വളര്‍ന്നു നില്‍ക്കുന്ന പൊത്തുകളില്‍ നിന്ന് പുറത്തേക്ക് തലയെത്തിച്ചു നോക്കുന്ന മെലിഞ്ഞ പാമ്പുകളെപ്പോലെ വായുവിലേക്ക് പകച്ചുനില്‍ക്കുന്ന ഞരമ്പുകള്‍. വരികള്‍ വഴിതെറ്റിയ വരികള്‍. സുജാത പിറുപിറുക്കുന്നു: അതേ മറ്റു മൂന്നുപേര്‍കൂടി. ഇതേ ഞരമ്പുകള്‍ക്കിടയില്‍ വഴിതെറ്റിയ മൂന്നുപേര്‍ കൂടി.
അടവുകള്‍ തെറ്റിത്തുടങ്ങിയ മാന്ത്രികര്‍ക്ക് മുയല്‍ക്കൂട്ടങ്ങളെ വിറ്റ് ജീവിച്ചിരുന്ന ഒരാള്‍ ഇലപ്പടര്‍പ്പുകള്‍ക്കിടയിലൂടൊരു ഇരട്ടക്കുഴല്‍ തോക്കിന്റെ തുഞ്ചത്ത് തന്നെ കണ്ടുരസിക്കുന്നുണ്ടിപ്പോള്‍ എന്ന് സുജാത ഓര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉന്നം തെറ്റിയ ഒരു വെടിയുണ്ട, പാദസരങ്ങളുടെ ശബ്ദത്തില്‍ ചിലച്ച് രണ്ടു തൂവലുകള്‍ തെറിപ്പിച്ച് മൂളിപ്പോകുന്നൊരു വണ്ടുപോലെ അവളെയൊഴിഞ്ഞ് ആഴമില്ലാത്ത അരുവിയിലെ പാറക്കല്ലുകളില്‍ തട്ടിച്ചിതറുന്നു. അതീവ വൃത്തിയുള്ള ഒരു പടിഞ്ഞാറന്‍ ക്ലോസറ്റില്‍ പെട്ടുപോയ കാട്ടുതാറാവിന്‍ കൂട്ടത്തില്‍ നിന്ന് വേര്‍പെട്ടുപോയവരായിരിക്കണം താനും ഈ വഴിയുമെന്നവള്‍.
അവളെ തിരഞ്ഞു പോകുന്നതിനിടയില്‍ ഞങ്ങള്‍
മറ്റു വിനോദങ്ങളിലേക്ക് പിന്മാറുന്നു
വീടുകളെക്കാള്‍ വലിപ്പമുള്ള കുളിമുറികള്‍ എന്തുകൊണ്ട് വീടുകളെക്കാള്‍ വലിപ്പമുള്ള കുളിമുറികള്‍ എന്ന ആശയത്തോളം തന്നെ എണ്ണത്തില്‍ കുറഞ്ഞ് കാണപ്പെടുന്നു എന്ന് തര്‍ക്കിക്കുന്നു.
ഞാന്‍ സ്റ്റാലിന്‍
അവധൂതന്‍ എന്ന ചെത്ത് പട്ടിക്കുട്ടിയുടെ നിഴല്‍
മഞ്ഞ നിറം
മറ്റു വിനോദങ്ങളില്‍ ഞങ്ങള്‍ അവളെത്തിരയുന്നു
Subscribe to:
Posts (Atom)