രാത്രിയിലിടവഴിയിലൂളിയിട്ടു നീങ്ങും
ഇരുട്ടില്‍ നിന്ന്, വെളുപ്പിന്റെ,കറുപ്പല്ലാത്ത മറ്റനേകം നിറങ്ങളുടെ
വെളുപ്പുമാത്രമായ മറ്റനേകം നിറങ്ങളുടെ
ഭാവിജീവിതത്തിലേക്ക്
ഒരാള്‍ വഴുതിവീഴുന്നു
അയാള്‍ക്കുചുറ്റിലും അപരിചിതം ലോകം
വെളുപ്പിലാരോ വരച്ചുവെച്ച ആള്‍ക്കൂട്ടങ്ങള്‍
പശുക്കള്‍, കശുമാവിന്‍ തോട്ടങ്ങള്‍
അയാള്‍ക്കുള്ളിലപ്പോള്‍ ഇരുട്ടുപരക്കുന്നു
ഉള്ളിലെ തിരശ്ശീലയില്‍ നിന്ന്
പാവനാടകം മാഞ്ഞു പോകുന്നു
ചുറ്റിലും ചുറ്റിപ്പിണയുന്ന ആള്‍വൃത്തം
പെരുത്തുപെരുത്ത് മൈതാനങ്ങളെക്കാള്‍
വലുതാകുമ്പോളയാള്‍
കൈകാലുകള്‍ വിടര്‍ത്തി
മറ്റൊരേകാംഗനൃത്തനാടകം തുടങ്ങുന്നു
ഇരുട്ടിനെ അഭിനയിച്ചു കാട്ടിയവന്‍
വെളുപ്പിനെ വെളുത്ത് പല്ലുതേക്കാതിരുന്നവന്‍
കള്ളന്‍, കൊടുവാളിന്റെ കാമുകന്‍
ആള്‍വൃത്തത്തിന് വാല്‍ പെരുകുന്ന,തിലേറെ
തെരുവുകള്‍ മുറിച്ച് കടന്നുപോകുന്നു
പഴയ ഗുണനപ്പട്ടിക
പഴയ ക്ലാസിലെ പിന്‍ബഞ്ചില്‍
കുനിച്ചിരിക്കുന്നു തല
ദൂരെ, ദൂരെനിന്ന് നോക്കുമ്പോള്‍
പൊട്ടുപോലെയിരുട്ട് ഇളകുന്നു
വളരെവൈകിയാണെത്തിയത്
വളരെ ദൂരെയാണ്, ചലിക്കാറുണ്ട്
എന്നൊക്കെ കേട്ടറിവേയുള്ളുവെങ്കിലും
വെളിച്ചത്തിലിടവഴിയിലൂളിയിട്ടുനീങ്ങും
പകലില്‍ നിന്ന് ഇപ്പോള്‍
തെറിച്ചുവീണ ആരുടേയോ പകപ്പല്ലേ
കാടുകള്‍, കൊള്ളക്കാര്‍?